21ാം നൂറ്റാണ്ടിൽ സാങ്കേതികവിദ്യയിലുണ്ടായ അതിദ്രുത വളർച്ചയെ പലപ്പോഴും ‘നാലാം വ്യവസായ വിപ്ലവം’ എന്ന് വിശേഷിപ്പിക്കാറുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി), ജീൻ എഡിറ്റിങ്, റോബോട്ടിക്സ് മേഖലകളിലുണ്ടായ അതിവേഗ-അപ്രതീക്ഷിത കുതിപ്പ്, മാനവരാശിയുടെ സാങ്കേതികജ്ഞാനത്തെയും അതുവഴി ജീവിതനിലവാരത്തെയും നൂറ്റാണ്ടുകൾ മുന്നോട്ടുകൊണ്ടുപോയി എന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വർത്തമാനലോകത്തിന്റെ ഗതിവിഗതികൾ കാൽനൂറ്റാണ്ട് മുമ്പുള്ള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആർക്കും എളുപ്പത്തിൽ ബോധ്യമാകും ഇത്. ഇക്കൂട്ടത്തിൽ നമ്മുടെ ദൈനംദിന ജീവിതവുമായി ഏറ്റവും അടുത്തുനിൽക്കുന്ന സാങ്കേതികവിദ്യ ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ: നിർമിതബുദ്ധി അഥവാ എ.ഐ. അഞ്ചാം തലമുറ കമ്പ്യൂട്ടറുകൾക്ക് ‘ബുദ്ധിയും യുക്തിയും സാമാന്യബോധവും’ കൈവന്നതോടെ യാഥാർഥ്യമായ സാങ്കേതികവിദ്യയാണ് എ.ഐ. മൊബൈൽ ഫോണുകളിലടക്കം ഈ സാങ്കേതികവിദ്യയുടെ നിരവധി ആപ്ലിക്കേഷനുകൾ കാണാം. മനുഷ്യ ജീവിതത്തിന്റെ നിരവധി തുറകളിൽ നേരിട്ട് ഇടപെടുന്ന, പുതിയ കാലത്ത് മാനവരാശിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായും എ.ഐ മാറിയിട്ടുണ്ട്; എന്തിനേറെ, കലയിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം എ.ഐയുടെ ‘കൈകടത്തലു’കളുണ്ട്; ചില ഘട്ടങ്ങളിൽ മനുഷ്യനെ അപ്രസക്തനാക്കുംവിധമുള്ള ഇടപെടലുകളും കാണാം. ഈയർഥത്തിൽ, എ.ഐയുടെ സാധ്യതകൾ മാത്രമല്ല, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രതിസന്ധികളും സമൂഹത്തിന്റെ ചർച്ചാവിഷയമാണ്. അതുകൊണ്ടുതന്നെ, ഈ സാങ്കേതികവിദ്യയെ നമുക്ക് അഭിമുഖീകരിക്കാതെ തരമില്ല. ആ ദിശയിൽ ഏറെ ക്രിയാത്മകമായ ഇടപെടലാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പുതിയ അധ്യയനവർഷത്തിൽ നമ്മുടെ കുട്ടികൾ ഔപചാരികമായിത്തന്നെ ഈ സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കാനിരിക്കുകയാണ്.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് ഇത്തവണ നിർമിതബുദ്ധി പഠനം സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ.സി.ടി (ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി) പാഠപുസ്തകത്തിലെ പുതിയ മാറ്റങ്ങൾ ആദ്യഘട്ടത്തിൽ കേരളത്തിലെ നാല് ലക്ഷത്തിലധികം കുട്ടികൾക്ക് ലഭ്യമാകും. ഇന്ത്യയിൽതന്നെ ഇതാദ്യമായാണ് ഇത്തരമൊരു കാൽവെപ്പ്. പല സംസ്ഥാനങ്ങളിലും ചില സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വന്തം നിലയിൽ നിർമിതബുദ്ധി പഠനത്തിനായി പ്രത്യേക സിലബസുകൾ തയാറാക്കിയിട്ടുണ്ടെങ്കിലും പൊതുമേഖലയിൽ എ.ഐ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ, ഇതിനുപിന്നിൽ പ്രവർത്തിച്ച കേരള സംസ്ഥാന വിദ്യാഭ്യാസവകുപ്പും പരിശീലകരുമെല്ലാം അഭിനന്ദനമർഹിക്കുന്നു. കേവലമായി നിർമിതബുദ്ധിയെ സംബന്ധിച്ച അറിവ് പകരുകയല്ല, ഈ സാങ്കേതികവിദ്യയുടെ സാധ്യതകളിലേക്കു വെളിച്ചം വീശുന്ന തരത്തിലാണ് സിലബസ് രൂപകൽപന ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന്, ‘കമ്പ്യൂട്ടർ വിഷൻ’ എന്ന അധ്യായം നോക്കുക: മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന എ.ഐ പ്രോഗ്രാമുകൾ കുട്ടികളെ സ്വയം തയാറാക്കാൻ പ്രാപ്തമാക്കുന്ന തരത്തിലാണ് അതിന്റെ ആവിഷ്കാരം. പഠനത്തിനൊടുവിൽ, ഓരോ കുട്ടിയും ഓരോ പ്രോഗ്രാമുകൾ തയാറാക്കുന്നു. ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴ് ഭാവങ്ങൾവരെ ആവിഷ്കരിക്കാൻ സാധിക്കുന്ന സോഫ്റ്റ്വെയർ ആണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഈ പാഠഭാഗങ്ങളിലൂടെ കുട്ടികളുടെ വിശകലനശേഷിയും പ്രശ്ന നിർധാരണശേഷിയുമെല്ലാം വർധിക്കുന്നു. സ്ക്രാച്ച് എന്ന സ്വതന്ത്ര സോഫ്റ്റ്വെയറിൽ വിഷ്വൽ പ്രോഗ്രാമിങ് എന്ന കമ്പ്യൂട്ടർ ഭാഷ ഇതിനകംതന്നെ കുട്ടികൾ പഠിക്കുന്നുണ്ട്; അതിന്റെ തുടർച്ചയിൽ ‘പിക്റ്റോ ബ്ലോക്’ എന്ന പാക്കേജിലുൾപ്പെടുത്തി പ്രോഗ്രാമിങ്, എ.ഐ, റോബോട്ടിക്സ് എന്നിവയിൽ പരിശീലനം നൽകുകയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം. വരും വർഷങ്ങളിൽ ഇതിന്റെ തുടർച്ചയുണ്ടായാൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഒരു വിദ്യാർഥിക്ക് എ.ഐ മേഖലയിൽ സാമാന്യ പരിജ്ഞാനം ഉറപ്പുവരുത്താനാകും.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനും ലോകക്രമത്തിനുമനുസരിച്ച് വിദ്യാഭ്യാസവും അതിന്റെ രീതികളും പരിഷ്കരിച്ചുകൊണ്ടേയിരിക്കുക എന്നത് സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അത്യന്താപേക്ഷിതമാണ്. നിലവിൽ, ലോകത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന ചാലകശക്തികളിലൊന്നായി എ.ഐയും റോബോസാപിയനുകളും മാറിയ സാഹചര്യത്തിൽ പാഠ്യപദ്ധതികൾ അവയെക്കൂടി ഉൾക്കൊള്ളുന്നതായിരിക്കുക എന്നത് കാലത്തിന്റെ ആവശ്യം മാത്രമല്ല, മാനവരാശിയുടെ അതിജീവനത്തിന്റെകൂടി ഉപാധിയാണ്. ഈ യാഥാർഥ്യത്തെ നമ്മുടെ അധികാരികൾ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. എ.ഐ സാങ്കേതികവിദ്യയുടെ വേഗവും വളർച്ചയും എന്നപോലെ, പാഠ്യപദ്ധതിയിലും ഈ പരിഷ്കരണങ്ങൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ തീരുമാനങ്ങൾക്ക് തുടർച്ചയുണ്ടാവണം.
ഒരു സാങ്കേതികവിദ്യ എന്ന നിലയിൽ നിർമിതബുദ്ധിയെ ആശങ്കയോടെയും വിമർശനബുദ്ധിയോടെയും കാണുന്നവരുമുണ്ട്. മാനവരാശിയുടെ സർവതോമുഖമായ കുതിപ്പിന് ഇത് വഴിവെക്കുമെന്നു പറയുമ്പോഴും, ഈ സാങ്കേതികവിദ്യ സൃഷ്ടിച്ചേക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വസ്തുതാപരവും യുക്തിപൂർവവുമായ ചില ആശങ്കകളും മുന്നിലുണ്ട്. എ.ഐയുടെ കൗതുകങ്ങളിലൂടെ സാങ്കേതികവിദ്യയെ പരിചയപ്പെടുത്തുന്ന നിലവിലെ രീതിശാസ്ത്രം ഒരിക്കലും ഈ ആശങ്കയെ അടയാളപ്പെടുത്തുന്നില്ല. അക്കാര്യംകൂടി കുട്ടികൾ അറിയേണ്ടതുണ്ട്. അപ്പോൾ മാത്രമേ, നിർമിതബുദ്ധി കേന്ദ്രിത സാങ്കേതികവിദ്യയും അതിന്റെ പ്രയോഗങ്ങളും സമൂഹത്തിന് പൂർണമായും ഗുണപരമായി ഭവിക്കൂ. അത്തരം ആലോചനകളിലേക്ക് കുട്ടികളെ നയിക്കുന്ന പാഠഭാഗങ്ങൾകൂടി അടുത്ത ഘട്ടത്തിൽ സിലബസിൽ വരേണ്ടതുണ്ട്. അപ്പോൾമാത്രമേ, ഇതിനെ സമ്പൂർണ മാതൃക എന്ന് വിശേഷിപ്പിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.