ജനങ്ങളെ തോൽപിക്കുന്ന തെരഞ്ഞെടുപ്പു കമീഷൻ


മേഹം എന്ന അതിസാധാരണ ഹരിയാനാ ഗ്രാമത്തെക്കുറിച്ച് മലയാളികളടക്കം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ജീവിക്കുന്നവർ അറിഞ്ഞതും ഇന്നും ഓർത്തിരിക്കുന്നതും 1990 ഫെബ്രുവരി 27ന് അവിടെ നടന്ന ഉപതെരഞ്ഞെടുപ്പിലെ ബൂത്ത് പിടിത്തത്തിന്‍റെയും അനുബന്ധ ആക്രമണങ്ങളുടെയും പേരിലാണ്. ലോക്ദൾ രാഷ്ട്രീയത്തിലെ കാരണവൻമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ചൗധരി ദേവിലാലിന്‍റെ മകനും ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ഓം പ്രകാശ് ചൗതാല മത്സരിച്ച തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്കാർ വ്യാപക ആക്രമണം അഴിച്ചുവിട്ട് വോട്ടിങ് പ്രക്രിയ കൈയേറുകയായിരുന്നു. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ മാഞ്ഞുപോകാത്ത കറയായിരുന്നു ആ സംഭവം. ആ തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും ചെയ്തു.

34 വർഷങ്ങൾക്കുശേഷം ആ സംഭവം ഓർമയിലെത്തിച്ചത് 18ാം ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അപമാനകരമായ ജനാധിപത്യ ധ്വംസനങ്ങളാണ്. രാജ്യത്തെ ഭരണകക്ഷിക്ക് സഹായകമാവുന്ന വിധത്തിൽ ഒന്നിലേറെ ലോക്സഭ മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ പത്രികകൾ തള്ളപ്പെടുകയോ പിൻവലിക്കപ്പെടുകയോ ഉണ്ടായി; ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കേണ്ടതിന് ആഴ്ചകൾ മുമ്പുതന്നെ സൂറത്ത് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാനിറങ്ങിയ സ്ഥാനാർഥിയുടെ പത്രിക അസാധുവാക്കിയെന്നും ആഭ്യന്തരമന്ത്രി മത്സരിക്കുന്ന മണ്ഡലത്തിൽ എതിർസ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തുന്നവരെ ഉന്നതപൊലീസ് ഉദ്യോഗസ്ഥർ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും രേഖാമൂലം പരാതിയുയർന്നു. ബി.ജെ.പി ശക്തികേന്ദ്രങ്ങളിലും ആ പാർട്ടി കടുത്ത വെല്ലുവിളി നേരിടുന്ന ഇടങ്ങളിലും ദലിത്-മുസ്‍ലിം വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് വെട്ടിനീക്കിയതായുള്ള പരാതികൾ വേറെ.

മേൽപറഞ്ഞ സംഭവങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ അതിഭയാനകമാം വിധം ലംഘിച്ചതും വർഗീയതയും വിദ്വേഷവും വിഭാഗീയതയും വളർത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും പോളിങ് ബൂത്തിന് പുറത്തുവെച്ചാണെങ്കിൽ പോളിങ് ദിനങ്ങളിൽ ബൂത്തുകൾക്കുള്ളിൽ പഴയ മേഹം സംഭവത്തെ അനുസ്മരിപ്പിക്കുന്ന ഒട്ടനവധി അഴിഞ്ഞാട്ടങ്ങളുണ്ടായി. യു.പിയിലെ ഫാറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിൽ ബി.ജെ.പിക്കാരനായ ഗ്രാമമുഖ്യന്‍റെ, വോട്ടിങ് പ്രായം പോലുമായിട്ടില്ലാത്ത മകൻ വോട്ടർമാരുടെ സ്ലിപ്പുകൾ പിടിച്ചുവാങ്ങി തന്‍റെ ഇഷ്ട പാർട്ടിയുടെ ചിഹ്നമായ താമരക്ക് എട്ടു തവണ വോട്ടു ചെയ്യുകയും അതു മുഴുവൻ സ്വയം വിഡിയോയിൽ പകർത്തുകയും ചെയ്തു. പോളിങ് നടപടികൾ സുഗമമായി നടത്താൻ നിയോഗിക്കപ്പെട്ട പൊലീസുകാരനും ഈ അട്ടിമറി പ്രക്രിയക്ക് സഹായം നൽകാൻ കൂടി. വിഡിയോ ലീക്കാവുകയും വിവിധ കോണുകളിൽനിന്ന് ഒച്ചപ്പാടുകളുയരുകയും ചെയ്തപ്പോൾ ആ ബൂത്തിൽ മാത്രം റീപോളിങ് നടത്താൻ ദിവസങ്ങൾക്കു ശേഷം തയാറായി തെരഞ്ഞെടുപ്പ് കമീഷൻ.

ഹൈദരാബാദ് മണ്ഡലത്തിലെ ബൂത്തുകളിൽ ഹിജാബ് ധരിച്ച് വോട്ടു ചെയ്യാനെത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയ ബി.ജെ.പി സ്ഥാനാർഥി മുഖപടം നീക്കിക്കാണിക്കാൻ ആവശ്യപ്പെട്ട് ബഹളം സൃഷ്ടിച്ചു. ഒരു സ്ഥാനാർഥിയുടെ അധികാര പരിധിയിൽ വരുന്നതല്ല ഇത്തരം കാര്യങ്ങൾ. ബി.ജെ.പി ഭരണത്തിലില്ലാത്ത സംസ്ഥാനമായതുകൊണ്ടാകാം അനാവശ്യ സ്വാധീനം ചെലുത്താൻ ശ്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വിവിധ സമൂഹങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതിനുമെല്ലാമെതിരെ കേസെടുക്കാൻ തയാറായി പൊലീസ്.

ഇപ്പറഞ്ഞതിനെല്ലാം അപ്പുറമാണ് മഹാരാഷ്ട്രയിലെ ബീഡ് ലോക്സഭ മണ്ഡലത്തിൽ വോട്ടിങ് ദിവസം അരങ്ങേറിയ സംഗതികൾ. മണ്ഡലത്തിന്റെ ഭാഗമായ പാർലി പട്ടണത്തിലെ സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ നിരവധി പേരെ വിരലിൽ അടയാള മഷി പുരട്ടിയ ശേഷം വോട്ടിങ് മെഷീനിൽ സ്പർശിക്കാൻ പോലും സമ്മതിക്കാതെ ഭീഷണിപ്പെടുത്തി മടക്കിയയച്ചു എന്നാണ് ആക്ഷേപമുയർന്നത്. ഇവരുടെ പേരിൽ മറ്റു ചിലർ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ബൂത്ത് കൈയേറ്റം എതിർത്ത പോളിങ് ഏജന്റുമാർക്ക് മർദനമേറ്റു.

പാർലി നിയമസഭ മണ്ഡലത്തിലെ 33 ഗ്രാമങ്ങളിലും കൈജ്, മജൽഗാവ് മണ്ഡലങ്ങളിലെ ഒന്നിലേറെ ഗ്രാമങ്ങളിലും ഇത്തരം ബൂത്തുപിടിത്തം അരങ്ങേറിയതായി എൻ.സി.പി (ശരദ്പവാർ വിഭാഗം) നേതാവ് ബജ്രംഗ് സോനാവൈൻ തെരഞ്ഞെടുപ്പ് കമീഷനയച്ച പരാതിയിൽ ആരോപണമുന്നയിച്ചിരുന്നു. പോളിങ് അലങ്കോലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും കമീഷനിലേക്ക് അയച്ചു കൊടുത്തു. എന്നാൽ, ബൂത്ത് പിടിത്തം നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും റീപോളിങ് ആവശ്യമില്ലെന്നുമുള്ള ബീഡ് ജില്ല കലക്ടറുടെ റിപ്പോർട്ട് മുഖവിലക്കെടുക്കുകയായിരുന്നു കമീഷൻ. ബൂത്തുകളിലെ വെബ്കാസ്റ്റിന്റെ ദൃശ്യങ്ങൾ പോലും പരിശോധിക്കാതെയാണ് കലക്ടർ റിപ്പോർട്ട് നൽകിയതെന്നാണ് ഏറെ ഖേദകരമായ വസ്തുത. ചുരുക്കത്തിൽ ഇവിടെ സ്വതന്ത്രമോ നീതിയുക്തമോ ആയ വോട്ടിങ് നടന്നുവെന്ന് പറയാനാവില്ല. മുഖ്യധാരാ മാധ്യമങ്ങളിൽ മിക്കവയും ഇതെല്ലാം മൂടിവെച്ചുവെങ്കിലും ജനങ്ങളും പൗരാവകാശ കൂട്ടായ്മകളും ചിത്രീകരിച്ച ദൃശ്യങ്ങൾ ഈ സത്യം പുറംലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്നു.

ആഴ്ചകൾ നീണ്ട പൊതുതെരഞ്ഞെടുപ്പ് ജൂൺ ഒന്നാം തീയതിയോടെ പൂർത്തിയാകും, നാലിന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സഖ്യകക്ഷിയെന്ന മട്ടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുലർത്തിയ കുറ്റകരമായ പക്ഷപാതവും അനാസ്ഥയും ജനാധിപത്യ ഇന്ത്യക്കേറ്റ മുറിപ്പാടായി നിൽക്കും. ഈ ക്ഷതവും വേദനയും എളുപ്പത്തിൽ മാഞ്ഞുപോവുകയില്ല തന്നെ.

Tags:    
News Summary - Madhyamam Editorial 2024 May 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.