നമ്മുടെ കുട്ടികളെ തോൽപിക്കുന്നതാരാണ്?

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കുന്നതിന് ഹൈസ്കൂൾ തലത്തിലെ ഓൾ പാസ് സമ്പ്രദായം അവസാനിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. എട്ടിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഒമ്പതാം ക്ലാസിലേക്ക് വിജയിക്കണമെങ്കിൽ ഈ അധ്യയന വർഷം മുതൽ നിരന്തര മൂല്യനിർണയത്തിലെ മാർക്കിനൊപ്പം എല്ലാ വിഷയത്തിലുമുള്ള എഴുത്തുപരീക്ഷയിൽ മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാണ്.

നിരന്തര മൂല്യനിർണയ രീതിയിലും സമഗ്രമായ അഴിച്ചുപണിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ, നീണ്ട സംവാദങ്ങൾക്കും വിവാദങ്ങൾക്കും ശേഷം 2005 മുതൽ കേരളം നടപ്പാക്കുകയും 2009ലെ കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ഇടംപിടിക്കുകയും ചെയ്ത നിരന്തര മൂല്യനിർണയവും ഗ്രേഡിങ് സമ്പ്രദായവും മൗലികമായ തിരുത്തലുകൾക്ക് വിധേയമാവുകയാണ്.

കേന്ദ്ര സർക്കാർ തയാറാക്കിയ പുതിയ സ്കൂൾ പാഠ്യപദ്ധതി വിദ്യാർഥികളുടെ വൈജ്ഞാനിക നിലവാരം പരിശോധിക്കാതെ ഉയർന്ന ക്ലാസുകളിലേക്ക് പാസാക്കുന്നത് പഠനനിലവാരത്തെ ബാധിക്കുന്നു എന്ന് വിലയിരുത്തുകയും അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ കുട്ടികൾ നേടുന്ന മാർക്കനുസരിച്ചു മാത്രമേ വിജയിപ്പിക്കാവൂ എന്ന് തീരുമാനിക്കുകയുമുണ്ടായിട്ടുണ്ട്. അതിന്‍റെ ഭാഗമായി 2009ലെ വിദ്യാഭ്യാസ അവകാശനിയമം 2019ൽ മോദി സർക്കാർ ഭേദഗതി വരുത്തുകയും ചെയ്തു. 19 സംസ്ഥാനങ്ങൾ കേന്ദ്ര നയത്തിനനുകൂലമായി മാറിയപ്പോൾ വിദ്യാർഥികളുടെ മികവ് മെച്ചപ്പെടുത്താനുത്തമം നിരന്തര മൂല്യനിർണയ രീതിയും ഗ്രേഡിങ് സമ്പ്രദായവുമാണെന്ന പക്ഷത്താണ് കേരളം നിലകൊണ്ടിരുന്നത്. ഒടുവിലിപ്പോൾ ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും ശാസ്ത്രസാഹിത്യപരിഷത്ത് അടക്കമുള്ള ഇടതു സാംസ്കാരിക സംഘങ്ങളുടെയും വിമർശനങ്ങൾ അവഗണിച്ചുകൊണ്ട് കേരളവും ദേശീയ സമീപനത്തിന് വഴങ്ങുകയാണ്.

നമ്മുടെ പൊതു സ്കൂൾ വിദ്യാഭ്യാസ നിലവാരം ഏറെ ദുർബലമായിരിക്കുന്നുവെന്നത് നിസ്തർക്കമായ കാര്യമാണ്. എല്ലാവരെയും പാസാക്കിവിടുന്ന രീതിക്കെതിരെ വിദ്യാഭ്യാസ വിചക്ഷണർ മാത്രമല്ല, ഒരുവേള പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ രംഗത്തുവന്നിരുന്നു. മത്സരപ്പരീക്ഷകളിൽ സംസ്ഥാന സിലബസ് പഠിക്കുന്ന വിദ്യാർഥികൾ പിന്നാക്കമാകുന്നുവെന്ന് കണ്ടെത്തുന്ന പഠനങ്ങളുമുണ്ട്. കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ പകുതിയിലധികം പേർക്കും മലയാളം വായിക്കാനോ ശരിയായി മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്ന് എൻ.സി.ഇ.ആർ.ടിയുടെ 2022ലെ നിപുൺ മിഷൻ സർവേ റിപ്പോർട്ടും പ്രഥം എന്ന എൻ.ജി.ഒ നടത്തിയ അസർ സർവേ പ്രകാരം അഞ്ചാം ക്ലാസിലെ 35.3 ശതമാനം കുട്ടികൾക്കും എട്ടിലെ 16.3 ശതമാനം കുട്ടികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം പോലും ശരിയായി വായിച്ചു മനസ്സിലാക്കാനാകുന്നില്ല എന്ന കണ്ടെത്തലും നമ്മുടെ വിദ്യാഭ്യാസ നിലവാരത്തകർച്ചയുടെ വിചാരണ അനിവാര്യമാക്കുന്നു.

പഠിക്കാനും പാഠ്യ പാഠ്യേതര പ്രക്രിയകളിൽ ഏർപ്പെടാനും സവിശേഷമായ പ്രചോദനമോ സമ്മർദമോ വിദ്യാർഥികൾക്കില്ലെന്നും പഠിച്ചാലും ഇല്ലെങ്കിലും വിജയിക്കുമെന്ന ധാരണ പഠനത്തോടുള്ള മനോഭാവത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ സാക്ഷി പറയുന്നു. ഈ അധ്യയന വർഷത്തിൽ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കും സ്വകാര്യസ്കൂളുകളിലെ അഡ്മിഷനിലെ വർധനവും ഇതിന്‍റെ പ്രകടമായ അനുരണനമാണ്.

പരീക്ഷാ സമ്പ്രദായത്തിലെ മിനിമം മാർക്ക് കൊണ്ടുവരുന്നതിലൂടെ മാത്രം സ്കൂൾതല വിദ്യാഭ്യാസത്തിന്‍റെ നിലവാരത്തകർച്ച പരിഹരിക്കപ്പെടുമെന്ന് കരുതുന്നത് വങ്കത്തമാണ്. വിദ്യാഭ്യാസത്തിന്‍റെ ഊന്നൽ വിദ്യാർഥിയിൽ ആയിരിക്കണം. ഓരോ കുട്ടിയും പഠിക്കുകയും മികവാർജിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ അതിന് അനിവാര്യമാണ്. പാഠപുസ്തകങ്ങളിൽ നിന്ന് അക്ഷരബോധവും സംഖ്യാവബോധവും ശാസ്ത്രീയചിന്തയും ആർജിച്ചെടുക്കാൻ അവർക്ക് കഴിയുമ്പോഴാണ് വിദ്യാഭ്യാസം സാർഥകമാകുക.

സാമൂഹിക വേർതിരിവുകളെക്കുറിച്ചുള്ള ശരിയായ ബോധ്യങ്ങൾ, മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള ശേഷി, ജയിക്കാനും തോൽക്കാനുമുള്ള സന്നദ്ധത, സ്ഥിരോത്സാഹം തുടങ്ങിയവ കൈവരിക്കുന്നതിലൂടെയാണ് ജീവിതത്തിലെ വിഭിന്നാവസ്ഥകളെ അഭിമുഖീകരിക്കാനുള്ള കരുത്താർജിക്കാൻ അവർക്ക് സാധിക്കുക. വിദ്യാഭ്യാസത്തിന്‍റെ ഗുണപരത, മാനുഷികത എന്നിവ പുതിയ തലമുറക്ക് കൈമാറുന്നതിൽ പരാജയപ്പെട്ട ശേഷം അക്ഷരമാല തിരിച്ചുകൊണ്ടുവരുക, പരീക്ഷ രീതികൾ മാറ്റുക, മിനിമം മാർക്ക് നിർബന്ധമാക്കുക തുടങ്ങിയ ചെറുവിദ്യകൾകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.

കുട്ടിയുടെ അവകാശമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ തോറ്റുപോകാതിരിക്കാനുള്ള പ്രഥമ പടി നാം അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസത്തകർച്ചയുടെ ആഴം എത്രയും വേഗത്തിൽ തിരിച്ചറിയുക എന്നതാണ്. അതിലേക്കുള്ള വെളിച്ചങ്ങളും വഴികളുമായി കോവിഡാനന്തരം നടന്ന പാഠ്യ പ്രവർത്തന പഠനങ്ങളും അന്വേഷണങ്ങളും തെളിഞ്ഞുനിൽക്കുന്നുണ്ട്.

Tags:    
News Summary - Who is defeating our children?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT