അമേരിക്ക ആസ്ഥാനമായ ഓഹരി വിപണി ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഇന്ത്യയുടെ സാമ്പത്തികരംഗത്ത് നടക്കുന്ന തട്ടിപ്പിന്റെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്ന് വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു. രണ്ടു വർഷത്തിനിടയിൽ രണ്ടാം തവണയാണ് ഹിൻഡൻബർഗ് ഇത്തരം റിപ്പോർട്ട് പുറത്തുവിടുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയിലും ഭരണത്തിലും നിർണായക സ്വാധീനമുള്ള ഗൗതം അദാനിയുടെ അദാനി ഗ്രൂപ് വിദേശത്ത് കടലാസ് കമ്പനികൾ രൂപവത്കരിച്ച് അവയിലൂടെ ഇന്ത്യയിലെ സ്വന്തം കമ്പനികളുടെ ഓഹരികളിൽ കൃത്രിമ വിലക്കയറ്റമുണ്ടാക്കി എന്നായിരുന്നു ആദ്യ റിപ്പോർട്ട്. വില കയറിയ ഓഹരികൾ ഉപയോഗിച്ച് വീണ്ടും സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വലിയ വിവാദമാണ് റിപ്പോർട്ട് ഉണ്ടാക്കിയത്. 10 ലക്ഷം കോടിയിലധികം രൂപയുടെ മൂല്യത്തകർച്ച രാജ്യത്തെ ഓഹരി വിപണികളിലുണ്ടായി. ഗൗതം അദാനിയുടെ ശതകോടീശ്വര സ്ഥാനത്തിന് ഇടിവു തട്ടുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് പുതിയ റിപ്പോർട്ട്.
അദാനിക്കെതിരെയുള്ള ആദ്യറിപ്പോർട്ടിൽ മൂലധന വിപണിയുടെ സുതാര്യതയും കാര്യക്ഷമതയും നിരീക്ഷിക്കുകയും നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ ‘സെബി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അദാനിയെ ന്യായീകരിക്കുകയും സുപ്രീംകോടതിയിലടക്കം അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് ചെയ്തത്; ഹിൻഡെൻബർഗിന് നോട്ടീസുമയച്ചു. പൂർണമായും അദാനിയുടെ താൽപര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത്. ഹിൻഡൻബർഗിന് ഷോർട്ട് സെല്ലിങ് പോലെയുള്ള ലാഭ താൽപര്യങ്ങൾ ഉണ്ടെങ്കിലും പുറത്തുവിട്ട വിവരങ്ങൾ ഗൗരവത്തോടെ പരിശോധിക്കേണ്ടതു തന്നെയാണ്.
‘സെബി’ സ്വീകരിച്ച നയങ്ങളുടെ പിന്നാമ്പുറങ്ങൾ ചുരുളഴിക്കുന്നതാണ് പുതിയ റിപ്പോർട്ട്. ആരോപണവിധേയമായ അദാനി ഗ്രൂപ്പിന് ബന്ധമുള്ള വിദേശത്തെ കടലാസ് കമ്പനികളിൽ ‘സെബി’ ചെയർമാൻ മാധബി ബുച്ചിനും ഭർത്താവ് ദാവൽ ബുച്ചിനും നിക്ഷേപമുള്ളതായി പുതിയ റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപ വാർത്ത അദാനിയും സെബിയും മാധബിയും ഒരുപോലെ നിഷേധിച്ചിട്ടുണ്ടെങ്കിലും കൂടുതൽ തെളിവുകൾ പുറത്തുവിടുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത്. ഭർത്താവിന്റെ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകി, അനധികൃതമായി ഓഹരികൾ കൈവശം വെച്ചു തുടങ്ങിയ ആരോപണങ്ങളും മാധബി ബുച്ചിനുനേരെ ഹിൻഡൻബർഗ് ഉയർത്തുന്നുണ്ട്. 2018ൽ മുഴുവൻ സമയ ‘സെബി’ ഡയറക്ടറായ മാധബി ബുച്ചിനെ 2022ലാണ് കേന്ദ്ര സർക്കാർ ചെയർപേഴ്സണായി നിയമിച്ചത്. കേന്ദ്ര സർക്കാറിന്റെ നിയമന താൽപര്യം തന്നെ പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ സംശയമുനയിലാണ്. അദാനി ഗ്രൂപ്പിന് നേരെ കഴിഞ്ഞ വർഷം ഉണ്ടായ ഗുരുതര ആരോപണങ്ങളിൽ കേന്ദ്രവും സെബിയും സ്വീകരിച്ച നിലപാടും കൂടുതൽ ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യത്തെ ആയിരക്കണക്കിന് കോർപറേറ്റ് കമ്പനികളിൽ ഒന്നായ അദാനിക്കെതിരായ ആരോപണത്തിന് ബി.ജെ.പി വക്താവ് മറുപടി പറയുന്നതുതന്നെ അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചെയർപേഴ്സന് എതിരായ ആരോപണത്തിന് പോലും ‘സെബി’യോ സർക്കാറോ ആണ് മറുപടി പറയേണ്ടത്, ബി.ജെ.പിയല്ല.
അനുദിനം വളരുന്നതാണ് ഇന്ത്യയുടെ മൂലധന വിപണി. പുതുതായി ഓരോ മാസവും തുറക്കുന്ന പതിനായിരക്കണക്കിന് ഡീമാറ്റ് അക്കൗണ്ടുകൾ ഇതിനു തെളിവാണ്. ആഭ്യന്തര നിക്ഷേപകരിൽനിന്ന് വലിയതോതിൽ മൂലധനം വിപണിയിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ദേശീയ ഓഹരി വില സൂചിക നിഫ്റ്റിയും ബോംബെ ഓഹരി വില സൂചിക സെൻസെക്സും എല്ലാം വൻതോതിൽ ഉയർന്നതും ഇതിനാലാണ്. യുദ്ധം, മറ്റു രാജ്യങ്ങളിലെ അവസരങ്ങൾ, യു.എസിലെ പലിശനിരക്ക് വർധന തുടങ്ങി വിവിധ കാരണങ്ങളാൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂട്ടത്തോടെ നിക്ഷേപം പിൻവലിച്ചിട്ടും ഇന്ത്യൻ വിപണിയെ വലിയതോതിൽ ബാധിക്കാത്തതും ഇതിനാലാണ്.
നിക്ഷേപകരിലും സാമ്പത്തിക രംഗത്തും വലിയ ആശങ്ക ഉയർത്തുന്നതാണ് ‘സെബി’ മേധാവിക്കെതിരായ റിപ്പോർട്ട്. മത്സരത്തിൽ ഫൗളും അപാകതകളും നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ അമ്പയർ അല്ലെങ്കിൽ റഫറിതന്നെ ഏകപക്ഷീയമായി പക്ഷം ചേർന്നതായാണ് റിപ്പോർട്ട് ആരോപിക്കുന്നത്. റിപ്പോർട്ട് ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണെന്ന പതിവ് ന്യായമാണ് കേന്ദ്രവും മാധബിയും അദാനിയും ഉയർത്തുന്നത്. മാധബിയെ മാറ്റിനിർത്താനും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കാനും വിശ്വാസ്യത വീണ്ടെടുക്കാനും കേന്ദ്ര സർക്കാർ തയാറാവണം. സാമ്പത്തിക രംഗത്ത് സുതാര്യത നഷ്ടപ്പെടുന്നത് മുഴുവൻ സ്ഥാപനങ്ങളെയും സംശയത്തിലാക്കും. അത് സാമ്പത്തിക തകർച്ചക്കും ഇടയാക്കിയേക്കും. സാമ്പത്തികമേഖലയിൽ മാത്രമല്ല, ഏതു രംഗത്തെയും തട്ടിപ്പുകളും ക്രമക്കേടുകളും പുറത്തുവരുമ്പോൾ, അതിനെ രാജ്യസ്നേഹത്തിന്റെയും രാജ്യസുരക്ഷയുടെയും പേര് പറഞ്ഞ് മറച്ചുപിടിക്കുന്ന പ്രവണതയാണ് സമീപകാലത്ത് കണ്ടുവരുന്നത്. ആരോപിതർ സർക്കാറിനും ഭരണകക്ഷിക്കും താൽപര്യമുള്ളവരാണെങ്കിൽ തട്ടിപ്പ് പുറത്തു കൊണ്ടുവരുന്നവർക്ക് രാജ്യദ്രോഹ പട്ടവുമുറപ്പ്. എന്നാൽ, സത്യം എന്നും മൂടിവെക്കാനാവില്ലെന്നു ഈയിടെയായി കൂടുതൽ ദൃഢപ്പെടുന്നുണ്ട്. അതേസമയം, സത്യം പുറത്തുവരുന്നതുവരെ കാത്തുനിൽക്കുകയല്ല എത്രയും വേഗം വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലവലേശമെങ്കിലും സുതാര്യത അവശേഷിക്കുന്ന ഏതു ഭരണകൂടവും ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.