വയനാട് ദുരന്തത്തിനുശേഷം പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് സംസ്ഥാനം കടക്കുകയാണ്. ഭരണസംവിധാനങ്ങളും സന്നദ്ധ സംഘടനകളും കഠിനാധ്വാനം ചെയ്യുമ്പോഴും തകർന്ന ജീവിതങ്ങൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും ആരംഭദശയിലാണ്. അയ്യായിരത്തോളം കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അവരെ താൽക്കാലികമായി പാർപ്പിക്കാൻ വാടകവീടുകൾ വേണ്ടത്ര ലഭ്യമായിട്ടില്ല. ഉരുൾപൊട്ടൽ മേഖലയിൽ 310 ഹെക്ടർ സ്ഥലത്തെ കൃഷി പാടേ നശിച്ചു. കാർഷിക ഉപകരണങ്ങളും നശിച്ചു. ദുരന്ത മേഖലയിലെ വലിയ ഭാഗം ആളുകൾ തോട്ടം തൊഴിലാളികളും മറ്റുമായ സാധാരണക്കാരായിരുന്നു. അവർക്ക് സ്വന്തം വീടും സ്വത്തും മാത്രമല്ല ജീവിതമാർഗവും നഷ്ടപ്പെട്ടിരിക്കുന്നു. പുനരധിവാസത്തിന് മാത്രമായി 2000 കോടി രൂപ ആവശ്യമാണെന്ന് കണക്കാക്കിയിരിക്കുന്നു. എന്നാൽ, പൂർണമായി ജീവിതങ്ങൾ വീണ്ടെടുക്കാൻ ഇതിലുമെത്രയോ കൂടുതൽ ആവശ്യമാണ്. സംസ്ഥാനത്തിന് മാത്രം താങ്ങാനാവുന്നതല്ല ഇത് എന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയത്. പരിപാടിയിട്ടതിലേറെ സമയം പ്രധാനമന്ത്രി വയനാട്ടിൽ ചെലവിട്ടു. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ആകാശനിരീക്ഷണം നടത്തി. തകർന്നടിഞ്ഞ മുണ്ടക്കൈയും ചൂരൽമലയും സന്ദർശിച്ചു. മേപ്പാടിയിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവരെ കണ്ടു. ആശ്വാസവാക്കുകൾ പറഞ്ഞു. ഒപ്പമുണ്ടെന്നും സാമ്പത്തികക്കമ്മി മൂലം ഒന്നും മുടങ്ങില്ലെന്നും ഉറപ്പുനൽകി. ഈ ഉറപ്പ് അധികൃതർക്കും ജനങ്ങൾക്കും പ്രത്യാശ പകരുന്നുണ്ട്.
മൂർത്തമായ പാക്കേജ് ഒന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സർക്കാറിന് അദ്ദേഹം വാഗ്ദാനം ചെയ്തു. യൂനിയൻ സർക്കാറും മൊത്തം രാജ്യം തന്നെയും സംസ്ഥാനത്തെ ജനങ്ങൾക്കും സർക്കാറിനുമൊപ്പമുണ്ടെന്ന് മാധ്യമങ്ങളോടും അദ്ദേഹം പറഞ്ഞു. വിശദമായ നിവേദനം സമർപ്പിക്കാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും താൽക്കാലിക ധനസഹായ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചവർ നിരാശയിലാണ്. ആവശ്യങ്ങളുടെ വിശദാംശങ്ങൾ നൽകുന്ന മുറക്ക് അതിനെപ്പറ്റി അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഇപ്പോൾ കരുതുന്നത്. വയനാട്ടിലെ ദുരന്തമുണ്ടാക്കിയ ആഘാതം വളരെ വലുതാണെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും കഴിഞ്ഞദിവസം ജില്ല സന്ദർശിച്ച കേന്ദ്രസംഘം വിലയിരുത്തിയിട്ടുണ്ട്. വിശദവും വിദഗ്ധവുമായ പഠനങ്ങൾക്ക് സമയമെടുക്കും. അടിയന്തര സഹായത്തിനുവേണ്ടി അത്രയും കാത്തുനിൽക്കാനാകില്ലല്ലോ. കേന്ദ്രസഹായം അർഹിക്കുന്ന, അതീതീവ്ര നാശനഷ്ടങ്ങളുണ്ടായ ദുരന്തമെന്ന നിലക്ക് താൽക്കാലിക പാക്കേജ് ആവശ്യമാണ്. ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കായി യൂനിയൻ ബജറ്റിൽ 11,500 കോടി രൂപ നീക്കിവെച്ചിരുന്നു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള പാക്കേജ് ഉദ്ദേശിച്ചാണ് ഈ നീക്കിവെപ്പ്. ആൾനാശവും സ്വത്തുനാശവും നോക്കുമ്പോൾ വയനാടിനും അത്തരം ആശ്വാസപാക്കേജിന് അർഹതയുണ്ടെന്നാണ് ദുരിതാശ്വാസ ഏകോപനത്തിന്റെ ചുമതലയുള്ള മന്ത്രിസഭാ സമിതി പറയുന്നത്. വീടുകളുടെ പുനർനിർമാണം, ഉപജീവനമാർഗം കണ്ടെത്തൽ, വിദ്യാർഥികളുടെ പഠനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങളാണ്. ദുരിതബാധിതർക്കായി ലോകനിലവാരത്തിൽ ടൗൺഷിപ് നിർമിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ദേശീയ ദുരന്തമായി വയനാട് ദുരന്തത്തെ പ്രഖ്യാപിക്കണമെന്ന ആവശ്യം പരക്കേ ഉയർന്നിട്ടുണ്ട്. അതിന് സാങ്കേതിക തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. സാങ്കേതികതയും ചട്ടവും മനുഷ്യരുടെ അത്യാവശ്യങ്ങൾ നിർവഹിക്കുന്നതിന് തടസ്സമായിക്കൂടാത്തതാണ്. നിയമം മനുഷ്യനുവേണ്ടിയാണല്ലോ. കേന്ദ്രത്തിന്റെ പതിവ് വിഹിതത്തിൽ വന്നിട്ടുള്ള കമ്മി നികത്തപ്പെടേണ്ടതുമുണ്ട്. കേന്ദ്ര ദുരന്ത പ്രതിരോധനിധിയിൽനിന്ന് കേരളത്തിനുള്ള വിഹിതമായി കഴിഞ്ഞവർഷം മുന്നൂറുകോടിയിൽ കുറവാണ് ലഭിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ തുകയിലും വർധനയുണ്ടാകണം. ധനസഹായം തേടുന്നതിലെ ജാഗ്രതയും വേഗവും പുനർനിർമാണ പ്രവർത്തനങ്ങളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കേരള സർക്കാറാണ്. പുത്തുമല ദുരന്തം നടന്നിട്ട് അഞ്ചുവർഷമായിട്ടും പുനരധിവാസം പൂർത്തിയായിട്ടില്ലെന്ന ആരോപണം ഉണ്ടല്ലോ. ഇപ്പോഴത്തെ ദുരന്തത്തിൽ പെട്ടവർക്കുള്ള പുനരധിവാസത്തെപ്പറ്റിയും ടൗൺഷിപ്പിനെപ്പറ്റിയും പറയുമ്പോഴും യോജിച്ച സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജില്ലക്ക് പുറത്തുള്ള സ്ഥലങ്ങൾ പരിഗണനയിൽ വന്നിട്ടില്ല. പുനരധിവാസം പോലെ പ്രധാനമാണ് ദുരന്ത പ്രതിരോധവും. കാലാവസ്ഥാ പ്രതിസന്ധിയും അമിത ‘വികസന’വും കാരണം ഉണ്ടാകാവുന്ന ആപത്തുകളെ അതിജീവിക്കാനുള്ള പദ്ധതികൾ ആലോചനയിലുണ്ടാകണം. പരിസ്ഥിതി സൗഹൃദ ജീവിതം വെറുമൊരു മുദ്രാവാക്യത്തിനപ്പുറം നയമായി ഏറ്റെടുക്കേണ്ട സമയമായിരിക്കുന്നു. ഇതെല്ലാം ചേർത്തുവെക്കുമ്പോൾ യൂനിയൻ സർക്കാറും സംസ്ഥാന സർക്കാറും സന്നദ്ധ സംഘടനകളും തദ്ദേശ ഭരണകൂടങ്ങളും ഉൾക്കൊള്ളുന്ന ബൃഹത്തായ ഒരു ദീർഘകാലപദ്ധതി കൂടി അടിയന്തര ആവശ്യമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.