മുസ്‍ലിം മത ധർമ സ്ഥാപനങ്ങളുടെ നിലനിൽപിനും സുരക്ഷക്കും വികസനത്തിനുമായി ഉദാരമതികളായ വിശ്വാസികൾ കാലാകാലങ്ങളിൽ നീക്കിവെക്കുന്ന സ്വത്തുക്കളാണ് വഖഫ് എന്ന് സാമാന്യമായി അംഗീകരിക്കപ്പെട്ടതാണ്. ഇന്ത്യ രാജ്യത്ത് അത്തരം അനേക സഹസ്രം കോടികളുടെ സ്വത്തുക്കൾ കാലങ്ങളായി നിലവിലുണ്ടെന്നതും സത്യമാണ്. പ്രസ്തുത വഖഫ് സ്വത്തുക്കളുടെ വിനിമയവും വിനിയോഗവും സംരക്ഷണവും വ്യവസ്ഥപ്പെടുത്തുന്ന നിയമങ്ങളും ബ്രിട്ടീഷ് ഭരണകാലം മുതൽ പ്രാബല്യത്തിലുള്ളതാണ്. 1937ലെ ശരീഅത്ത് ആക്ട് പ്രകാരമാണ് വഖഫ് സ്വത്തുക്കൾ ഭരിക്കപ്പെട്ടുവന്നത്. 1954ലെ വഖഫ് ആക്ട് 1995ൽ സമഗ്രമായി ഭേദഗതി ചെയ്യപ്പെട്ടു. 2013ലാവട്ടെ അത് അവസാന ഭേദഗതിക്കും വിധേയമായി. ഇപ്പോൾ നിലവിലിരിക്കുന്നത് പ്രസ്തുത വഖഫ് നിയമമാണ്. അതുപ്രകാരം സംസ്ഥാന വഖഫ് ബോർഡുകളാണ് പ്രാഥമികമായി വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നത്. അവക്കുമീതെ സെൻട്രൽ വഖഫ് ബോർഡും നിലവിലുണ്ട്. വഖഫ് ചെയ്തവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമായി മാത്രമേ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പാടുള്ളൂ; ലംഘനങ്ങൾ നടന്നാൽ ലംഘകർക്കെതിരെ കേ​സെടുക്കാനും സ്വത്തുക്കൾ വീണ്ടെടുക്കാനുമുള്ള അധികാരം വഖഫ് ബോർഡുകൾക്കുണ്ട്. എന്നുകരുതി ഏറ്റവും സത്യസന്ധമായും നിയമാനുസൃതമായും മാത്രമേ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ വഖഫ് ബോർഡുകൾക്ക് എപ്പോഴും കഴിയാറില്ല; വഖഫ് ബോർഡുകളുടെ പ്രവർത്തനം തീർത്തും കുറ്റമറ്റതും കണിശവുമാണെന്ന് വാദിക്കാനും പറ്റില്ല. പക്ഷേ, നിയമാനുസൃതമായി പരാതികൾക്ക് പരിഹാരം തേടാനുള്ള മാർഗങ്ങൾ തുറന്നുകിടക്കുന്നു.

ഇപ്പോൾ വഖഫ് ചർച്ചാവിഷയമാവാൻ കാരണം 2013ലെ വഖഫ് ആക്ട് ഭേദഗതി ചെയ്യാൻ നരേന്ദ്ര മോദി സർക്കാറിന് പരിപാടി ഉണ്ടെന്നും പാർലമെന്റ് സമ്മേളനത്തിൽ സർക്കാറിന്റെ ഉദ്ദേശ്യങ്ങൾ ബിൽരൂപത്തിൽ അവതരിപ്പിക്കപ്പെടും എന്നുമുള്ള വിശ്വസനീയ വാർത്തകളാണ്. ഈ ആസൂത്രിത നീക്കം തീർത്തും ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് ഓൾ ഇന്ത്യ മുസ്‍ലിം പേഴ്സണൽ ബോർഡും മുസ്‍ലിം ലീഗും അസദുദ്ദീൻ ഉവൈസിയുടെ എ.​ഐ.എമ്മും വ്യക്തമാക്കിക്കഴിഞ്ഞു. ‘വഖഫ് സ്വത്തിന്റെ സ്വഭാവം മാറ്റുന്നതോ അത് ദുർവിനിയോഗം ചെയ്യാൻ സർക്കാറിനോ വ്യക്തികൾക്കോ അവസരം ഒരുക്കുന്നതോ ആയ ഒരുമാറ്റവും വഖഫ് നിയമത്തിൽ കൊണ്ടുവരാൻ അനുവദിക്കുന്ന പ്രശ്നമില്ലെന്നാണ് മുസ്‍ലിം പേഴ്സണൽ ബോർഡ് വക്താവ് എസ്.ക്യു.ആർ. ഇല്യാസ് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നത്. 2013ലെ വഖഫ് നിയമത്തിൽ നാൽപതോളം ഭേദഗതികൾ നിർദേശിക്കുന്നതാണ് നിർദിഷ്ട ബിൽ എന്നാണ് വിവരമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തലസ്ഥാന നഗരിയിലെ ഇരുപതോളം പള്ളികളും ദർഗകളും ശ്മശാനങ്ങളും വഖഫ് ബോർഡിന്റെ മേൽനോട്ടത്തിൽനിന്ന് മാറ്റി സർക്കാർ നിയന്ത്രണത്തിലായിട്ടുണ്ടെന്ന പരാതിയുടെ കൂടി പശ്ചാത്തലത്തിലാണ് വ്യക്തി നിയമ ബോർഡ് വക്താവിന്റെ പ്രസ്താവന. വഖഫ് സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരാനും വഖഫ് ബോർഡിനും കൗൺസിലിനുമുള്ള അധികാരങ്ങൾ വെട്ടിച്ചുരുക്കി സർക്കാർ നിയന്ത്രണം അടിച്ചേൽപിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുസ്‍ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീറും സഹ എം.പിമാരും കുറ്റപ്പെടുത്തുന്നു. നിലവിലെ വഖഫ് നിയമത്തിലെ സുപ്രധാനമായ ചില വകുപ്പുകൾ ദുർബലപ്പെടുത്തുന്നുവെന്ന മാധ്യമ റിപ്പോർട്ടുകളും ലീഗ് എം.പിമാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ വഖഫ് ബോർഡുകൾക്ക് അതിരുകവിഞ്ഞ അധികാരങ്ങൾ നൽകുന്നതും ബോർഡിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ നീതിന്യായ കോടതികളെപ്പോലും സമീപിക്കുന്നത് വിലക്കുന്നതുമാണ് പ്രാബല്യത്തിലുള്ള വഖഫ് ആക്ട് എന്നാണ് സർക്കാർ പക്ഷത്തുനിന്നുള്ള ആരോപണം. വഖഫ് ബോർഡുകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മുസ്‍ലിം ന്യൂനപക്ഷത്തിന് ഗുണകരമായ ഒരു നടപടിയും മോദിയുടെ ഹിന്ദുത്വ സർക്കാർ പത്തുവർഷക്കാലത്തിനിടയിൽ സ്വീകരിച്ചിട്ടില്ലെന്നിരിക്കെ നിർദിഷ്ട വഖഫ് നിയമ ഭേദഗതി മാത്രം സദുദ്ദേശ്യപൂർവമാണെന്ന് വിശ്വസിക്കാൻ സമുദായത്തിന് സാധ്യമല്ലെന്നത് സത്യമാണ്. ഇലക്​ഷൻ പ്രചാരണത്തിലുടനീളം പ്രധാനമന്ത്രി അവകാശപ്പെട്ടതും ഇപ്പോഴും ആവർത്തിക്കുന്നതുമായ മുത്തലാഖ് നിരോധ നിയമം പോലും സദുദ്ദേശ്യപരമല്ലെന്ന് സമുദായസ്നേഹികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മുത്തലാഖ് നിയമവിരുദ്ധമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചതോടെതന്നെ അക്കാര്യം അടഞ്ഞ അധ്യായമായിക്കഴിഞ്ഞതാണ്. പിന്നീട് മുത്തലാഖ് വഴി ഭാര്യയെ വിവാഹമോചനം ചെയ്ത മുസ്‍ലിം പുരുഷന് തടവുശിക്ഷ ഉറപ്പാക്കുന്ന നിയമം പാർലമെന്റ് പാസാക്കിയത്​ അനീതിയാണെന്നതാണ് സത്യം.

മറ്റൊരു സമുദായത്തിന്റെയോ രാജ്യത്തിന്റെയോ വ്യക്തി നിയമങ്ങളിൽ അത്തരം വ്യവസ്ഥ ഇല്ല താനും. 1947 ആഗസ്റ്റ് 15ന് ഓരോ സമുദായത്തിന്റെയും ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളുടെ പേരിൽ മറ്റൊരു വിഭാഗത്തിനും അവകാശവാദമുന്നയിക്കാൻ പാടില്ലെന്ന നിയമം നിലവിലിരിക്കെ വാരാണസിയിലെ ഗ്യാൻവ്യാപി മസ്ജിദിന്റെയും മധുരയിലെ ഈദ്ഗാഹ് മസ്ജിദിന്റെയും പേരിൽ ഹിന്ദുത്വവാദികൾ കോടതികളെ സമീപിച്ച് പ്രശ്നമുണ്ടാക്കുന്നതും മറ്റൊരുദാഹരണമാണ്. സർക്കാറാവട്ടെ, അതിനൊക്കെയും ചൂട്ടുപിടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ 1995ലെയും 2013ലെയും വഖഫ് ആക്ടിൽ ഭേദഗതി നിർബന്ധമാണെന്ന് സർക്കാർ ശഠിക്കുന്നുവെങ്കിൽതന്നെ മുസ്‍ലിം വ്യക്തി നിയമ ബോർഡ് അംഗമായ മൗലാന ഖാലിദ് റഷീദ് ഫറങ്കിമഹല്ലി നിർദേശിച്ചപോലെ ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ചുവേണം നിയമഭേദഗതി കൊണ്ടുവരാൻ. അതിനുപോലും തയാറല്ലെങ്കിൽ തീർത്തും ദുരുപദിഷ്ടമാണീ നീക്കമെന്നേ കരുതാനാവൂ.

Tags:    
News Summary - Madhyamam Editorial 2024 Aug 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.