തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്ത് അവസരസമത്വവും സാമൂഹികനീതിയും നിഷേധിച്ച ഭരണകൂട അതിക്രമത്തിനെതിരായി ഉയർന്ന വിദ്യാർഥി യുവജന പ്രക്ഷോഭത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച ബംഗ്ലാദേശിലെ ശൈഖ് ഹസീനയുടെ അവാമിലീഗ് ഭരണകൂടം ഒടുവിൽ സ്ഥാനത്യാഗം ചെയ്തിരിക്കുന്നു.
സ്വാതന്ത്ര്യസമരസേനാനികളുടെ പിന്മുറക്കാർക്ക് തലമുറ കൈമാറി സർക്കാർ സർവിസിൽ 30 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ നിസ്സഹകരണ സമരമാരംഭിച്ച വിദ്യാർഥി പ്രസ്ഥാനം തിങ്കളാഴ്ച ധാക്ക മാർച്ചിന് തുടക്കമിടുകയും പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ ധാക്കയിലെ ഗണഭവനിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ, ശൈഖ് ഹസീന രാജ്യം വിടുകയായിരുന്നു. നൂറുകണക്കിന് പ്രക്ഷോഭകരെ ഭീകരരെന്നു വിളിച്ച് ക്രൂരമായ രീതിയിൽ വെടിവെച്ചുകൊല്ലുകയും നിഷ്ഠുരമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഉത്തരവിടുകയും ചെയ്തതിനു പിറകെയാണ് ഹസീനയുടെ ‘ഒളിച്ചോട്ടം’. ഇന്ത്യയിലേക്ക് ഹെലികോപ്ടറിൽ രക്ഷപ്പെട്ട അവർ ലണ്ടനിലേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സർക്കാറിനെതിരെ ആരംഭിച്ച പ്രതിഷേധസമരം അവാമിലീഗുകാർക്കെതിരായ അതിക്രമമായി കൈവിടുകയും പൊലീസിന്‍റെയും സൈന്യത്തിന്‍റെയും ഇടപെടലിന് പ്രതിപക്ഷവും സമാനരീതിയിൽ തിരിച്ചടി തുടങ്ങുകയും ചെയ്തതോടെ, തലസ്ഥാനത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ വാഖിറുസ്സമാൻ, എല്ലാ പാർട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഇടക്കാല ഗവൺമെന്‍റ് ഉടൻ നിലവിൽ വരുമെന്നും വിദ്യാർഥിപ്രക്ഷോഭത്തെ തുടർന്ന് നടന്ന കൊലകളിൽ അന്വേഷണം നടത്തി നീതി ഉറപ്പുവരുത്തുമെന്നും പ്രഖ്യാപിച്ചു. അതേ സമയം, ജനാധിപത്യം പിൻവലിച്ച് ബംഗ്ലാദേശിൽ പട്ടാളവാഴ്ച വരുന്നത് സ്വീകാര്യമല്ലെന്നും ഫാഷിസത്തെ പിന്തുണക്കുന്ന ഗവൺമെന്‍റിനെയും അംഗീകരിക്കില്ലെന്നും വിദ്യാർഥിപ്രക്ഷോഭത്തിന്‍റെ മുൻനിര നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയ വിദ്യാർഥിപ്രക്ഷോഭത്തിന് ജൂലൈ ആരംഭത്തിലാണ് തുടക്കം കുറിച്ചത്. രാജ്യത്തെ ഗവൺമെന്‍റ് ഉദ്യോഗങ്ങളിൽ 30 ശതമാനം 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ പിന്മുറക്കാർക്കായി നീക്കിവെക്കാനുള്ള തീരുമാനം പൊടിതട്ടിയെടുത്ത കോടതിയുത്തരവിനെ തുടർന്നാണ് കാമ്പസുകൾ വിക്ഷുബ്ധമായത്. കടുത്ത പ്രതിഷേധമുയർന്നതിനാൽ 2018ൽ റദ്ദാക്കിയ സംവരണമാണ് കോടതി വീണ്ടും പുനഃസ്ഥാപിച്ചത്. നാണയപ്പെരുപ്പവും രൂക്ഷമായ തൊഴിലില്ലായ്മയും കാരണം യുവാക്കൾ ഏറെ കഷ്ടപ്പെടുന്നതിനിടെയാണ് നിലവിൽ 50 ശതമാനം ഉദ്യോഗങ്ങളും സംവരണം വഴിയാക്കിയ ഭരണകൂടം അതിന്‍റെ മുക്കാൽ പങ്കും സ്വാതന്ത്ര്യസമരസേനാനികളുടെ പിന്മുറക്കാർക്ക് മാറ്റിവെക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്‍റെ പേരു പറഞ്ഞുള്ള ഈ സംവരണം, അതിന്‍റെ മുഖ്യ സംഘാടകരായിരുന്ന അവാമി ലീഗ് അണികളെ സർക്കാർ സർവിസിൽ തിരുകിക്കയറ്റാനുള്ള ഉപാധിയാക്കി മാറ്റുകയാണെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. നാലാമൂഴത്തിൽ ഭരണത്തിലിരിക്കുന്ന അവാമി കക്ഷിക്കാർ അനുഭവിക്കുന്ന ഭരണാനുകൂല്യങ്ങളും അവകാശങ്ങളും അതു ശരിവെക്കുന്നുമുണ്ട്. തൽഫലമായി ഭരണകക്ഷിയൊഴികെയുള്ളവരെല്ലാം വിദ്യാർഥി സമരത്തിന് പിന്തുണയുമായി രംഗത്തുവന്നു. അധ്യാപകർ, അഭിഭാഷകർ, വിവിധ ഉദ്യോഗസ്ഥർ, എഴുത്തുകാർ, കലാകാരന്മാർ എല്ലാവരും ഭരണകൂടത്തിന്‍റെ സ്വജനപക്ഷപാത തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഒരാഴ്ച കഴിയുമ്പോൾ സുപ്രീംകോടതി സംവരണനീക്കം തടഞ്ഞുവെങ്കിലും ഇത് എന്നെന്നേക്കുമായി കൈയൊഴിയണമെന്ന ആവശ്യവുമായി വിദ്യാർഥികൾ തെരുവ് നിറക്കുകയായിരുന്നു. അവർ പ്രക്ഷോഭത്തിലൂടെ രാജ്യം സ്തംഭിപ്പിച്ചു. പ്രക്ഷോഭകരുടെ ആവശ്യങ്ങൾക്ക് ചെവികൊടുക്കുന്നതിനു പകരം അവരെ പരിഹസിക്കാനും ഭീഷണിപ്പെടുത്താനും പട്ടാളത്തെയും പൊലീസിനെയും മാത്രമല്ല, സ്വന്തം വിദ്യാർഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗിന്‍റെ അണികളെ ഇളക്കിവിട്ട് അമർച്ച ചെയ്യാനുമാണ് ഹസീന ഭരണകൂടം മുതിർന്നത്. രാജ്യത്തെ ഇടതു ജനാധിപത്യ സഖ്യം ആരോപിച്ചതുപോലെ ഹസീന രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ടു എന്നു തന്നെ പറയാം. മുഖ്യപ്രതിപക്ഷ കക്ഷികളായി രംഗത്തുണ്ടായിരുന്ന ഖാലിദ സിയയുടെ ബംഗ്ലാ നാഷനലിസ്റ്റ് പാർട്ടിയെയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെയും എല്ലാത്തിനും പഴിചാരി രക്ഷപ്പെടാനായിരുന്നു ഹസീനയുടെ ശ്രമം.
പ്രക്ഷോഭം മൂർച്ഛിച്ച ഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുകയും ചെയ്തു. എന്നാൽ, ഇതുകൊണ്ടൊന്നും വിദ്യാർഥി പ്രക്ഷോഭത്തെയും അതിനു ശക്തിപകർന്ന ജനരോഷത്തെയും അടക്കി നിർത്താനായില്ല. നേരത്തേ ഹസീനക്കൊപ്പമുണ്ടായിരുന്ന ഇടതുകക്ഷികളടക്കം നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ഗവൺമെന്‍റ് രാജിവെക്കുംവരെ തെരുവിലിറങ്ങാൻ തൊഴിലാളികളോടും സ്ത്രീകളോടും ആവശ്യപ്പെടുകയും ചെയ്തു. ഈ ഞായറാഴ്ച മാത്രം നൂറോളം പേരാണ് ധാക്കയിലും പ്രാന്തങ്ങളിലുമായി കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ധാക്കയിലേക്ക് മാർച്ച് ചെയ്യാനുള്ള വിദ്യാർഥിപ്രക്ഷോഭ നേതാക്കളുടെ പ്രസ്താവന ചെവിക്കൊണ്ട് ആയിരങ്ങൾ തലസ്ഥാനത്തേക്ക് നീങ്ങുന്നതിനിടെയാണ് ഹസീന രാജ്യം വിട്ടോടിയത്.
ജനാധിപത്യത്തിന്‍റെ പ്രതീകമായി ആഘോഷിക്കപ്പെട്ട ശൈഖ് ഹസീന ഊഴം മാറി അധികാരം സ്വന്തം വരുതിയിലുറപ്പിച്ചതോടെ, ഏകാധിപത്യവാഴ്ചയിലേക്ക് നീങ്ങുകയായിരുന്നു. പ്രധാനമന്ത്രി പദത്തിൽ അഞ്ചാം ഊഴത്തിലിരുന്ന അവർ തുടർച്ചയായ നാലാം ഊഴത്തിൽ ഇക്കഴിഞ്ഞ ജനുവരിയിൽ ജയം നേടിയത് പ്രതിപക്ഷ ബഹിഷ്കരണത്തിൽ നടന്ന വോട്ടെടുപ്പിലാണ്.
പ്രതിശബ്ദങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച് പോലെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ കടുത്ത വിമർശനം ഹസീന ഏറ്റുവാങ്ങിയതാണ്. രാഷ്ട്രീയ എതിരാളികളെ ഒന്നൊന്നായി ഭീകരമുദ്രയടിച്ച് ജയിലിലടച്ചും കടുത്ത പീഡനങ്ങൾക്കിരയാക്കിയും കംഗാരുകോടതികളുണ്ടാക്കി വധശിക്ഷ വിധിച്ചുമൊക്കെ മുന്നോട്ടുപോകുമ്പോഴൊക്കെ അന്താരാഷ്ട്രസമൂഹം അവർക്ക് മുന്നറിയിപ്പ് നൽകിയതാണ്. അധികാരത്തിൽ നില ഭദ്രമാക്കുകയെന്ന ഒറ്റ അജണ്ടയിലൊതുങ്ങി ഹസീനയുടെ വാഴ്ചക്കാലമെന്നു പറയുന്നത് ഭരണകക്ഷിക്ക് പുറത്തുള്ള സകലരുമാണ്. കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ സമരത്തിൽ മുങ്ങിയ വിവിധ തൊഴിൽമേഖലകൾ അതിനുള്ള തെളിവാണ്. ഈ അസ്വാസ്ഥ്യങ്ങൾക്കിടയിലും സർക്കാർ സർവിസ് സ്വന്തക്കാർക്ക് പണയം വെക്കാനുള്ള നീക്കം കൂടിയായപ്പോൾ പ്രക്ഷോഭത്തിന് അണപൊട്ടാൻ അതു വേണ്ടുവോളമായി. കണ്ടാലുടൻ വെടി ഉത്തരവ് നൽകി സൈന്യത്തെയും പൊലീസിനെയും ആയുധങ്ങളുമായി അഴിഞ്ഞാടാൻ അണികളെയും കയറൂരി വിട്ട് ഏകാധിപതികളുടെ പതിവു ശൈലി തന്നെ ഹസീന പയറ്റി. ഒടുവിൽ പതനത്തിലും അതേ വഴി തന്നെ അവർ പിന്തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.