കരൾ പറിച്ചു കൊടുത്തവരെ കവർന്നു തിന്നുേമ്പാൾ

കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ (കെ.​എം.​എ​സ്.​സി.​എൽ) സംസ്ഥാന സർക്കാറിന്‍റെ ആരോഗ്യ പരിരക്ഷ മരുന്നുകളുടെയും ഉൽപന്നങ്ങളുടെയും ക്രയവിക്രയങ്ങൾ നിർവഹിക്കുന്ന കമ്പനിയാണ്. 600 കോടിയിലധികം രൂപയുടെ മരുന്നുകളും വ്യത്യസ്ത തരത്തിലുള്ള നൂറുകണക്കിന് മെഡിക്കൽ ഉപകരണങ്ങളും അവർ പ്രതിവർഷം സർക്കാറിനുവേണ്ടി വാങ്ങി വിതരണം നടത്തുന്നുണ്ട്. സുപ്രധാനമായ ഈ സർക്കാർ സംവിധാനം കോവിഡിന്‍റെ അസാധാരണ സാഹചര്യത്തെ മറയാക്കി തീവെട്ടിക്കൊള്ള നടത്തുകയായിരുന്നുവെന്നാണ്​ ധനകാര്യവകുപ്പിന്‍റെ അന്വേഷണത്തിൽ പുറത്തുവരുന്ന വിവരങ്ങൾ. മരുന്നുകമ്പനികളറിയാതെ അവരുടെ പേരിൽ കൃത്രിമമായ പർച്ചേസ് രേഖകൾ നിർമിച്ചു കോടികൾ തട്ടിയതുമുതൽ സുപ്രധാന ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർ തല്ലിപ്പടച്ചുണ്ടാക്കിയ കമ്പനികളിൽനിന്ന് ഫേസ് ഷീൽഡുകളും മാസ്കുകളും അമിത വില നൽകി വാങ്ങിയതടക്കമുള്ള ഗുരുതര സാമ്പത്തിക തട്ടിപ്പാണ് മെഡിക്കൽ സർവിസസ് കോർപറേഷനിൽ സംഭവിച്ചിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് ഏറ്റവും സ്തുത്യർഹമായ സേവനമനുഷ്ഠിച്ചുവെന്ന് പുകൾ​െപറ്റ, ബഹുമതികൾ സ്വന്തമാക്കിയ ആരോഗ്യവകുപ്പിനാണ് ഈ അഴിമതിയിൽ മുഖം നഷ്ടപ്പെട്ടിരിക്കുന്നത്. വകുപ്പിലെ കെടുകാര്യസ്ഥതയും നിഗൂഢതകളും കൂടുതൽ തുറന്നുകാണിക്കുന്നതാണ്, കൂനിൻമേൽ കുരുവെന്നപോലെ അഞ്ഞൂറോളം ഫയലുകൾ അപ്രത്യക്ഷമായ സംഭവം. എപ്പോഴാണ്, ഏതൊക്കെ ഫയലുകളാണ് കാണാതായതെന്ന ഒരു വിവരവും വകുപ്പിലില്ലെന്ന് ആരോഗ്യമന്ത്രിതന്നെ തുറന്നു സമ്മതിക്കുന്നു. അടിയന്തരമായി 'ജീവൻരക്ഷാ' ഇടപെടൽ നടത്തിയിട്ടില്ലെങ്കിൽ നമ്മുടെ ആരോഗ്യമേഖല വെന്‍റിലേറ്ററിലാകാൻ അധികസമയം വേണ്ടിവരില്ലെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.

വിവരാവകാശ രേഖകൾ പറയുന്നത്, കോവിഡുമായി ബന്ധപ്പെട്ട് മരുന്നുകളും വ്യത്യസ്ത ഉൽപന്നങ്ങളും വാങ്ങുന്നതിനായി കഴിഞ്ഞ ആഗസ്റ്റ് വരെ 224 കമ്പനികൾക്കായി 781 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ്. എന്നാൽ, ഇവയിൽ പലതും കടലാസുകമ്പനികളാണത്രെ. ശരിയായ ടെന്‍ററുകളോ നടപടിക്രമങ്ങളോ പാലിക്കാതെ അമിതവില നൽകിയാണ് പല മെഡിക്കൽ ഉപകരണങ്ങളും വാങ്ങിക്കൂട്ടിയിരിക്കുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യനാളുകളിൽ ഗ്ലൗസ്, പി.പി.ഇ കിറ്റ്, മാസ്ക്, തെർമോ മീറ്റർ തുടങ്ങിയ ഒട്ടുമിക്ക മെഡിക്കൽ ഉപകരണങ്ങളുടെയും പർച്ചേസിൽ വ്യാപകമായ ക്രമക്കേടുകളാണുണ്ടായിരിക്കുന്നത്.

സാൻഫാർമ എന്ന കമ്പനിയിൽനിന്ന് മൂന്നിരട്ടി വിലക്ക് പി.പി.ഇ കിറ്റും മാസ്കും വാങ്ങിയത് കോർപറേഷന്‍റെ രേഖയിൽതന്നെയില്ല. വിദേശ കമ്പനിയുടെ പേരിലും കോടിക്കണക്കിനു രൂപയുടെ മാസ്ക് തട്ടിപ്പ് അരങ്ങേറിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. വിപുലമായ അന്വേഷണത്തിലൂടെ മാത്രമേ ഈ അഴിമതിയുടെ ആഴമറിയാനാകൂ. ശരിയായ കള്ളന്മാരെ പിടികൂടാൻ ധനകാര്യവകുപ്പിന്‍റെ ഫിനാൻസ് ഇൻസ്പെക്ഷൻ വിങ് അന്വേഷണം അപര്യാപ്തമാ​െണന്ന് ചുരുക്കം.

മെഡിക്കൽ സർവിസസ് കോർപറേഷനിൽ നടന്ന സാമ്പത്തിക തട്ടിപ്പ് വിജിലൻസ് അടക്കമുള്ള വിപുലമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിടേണ്ടതുണ്ട്. ധനകാര്യവകുപ്പ്​ അന്വേഷണം ഉദ്യോഗസ്ഥ ക്രമക്കേടുകളിലും അതിലൂടെയുണ്ടായ നഷ്ടകണക്കിലും പരിമിതപ്പെട്ട് ഗുരുതരമായ അഴിമതി മൂടിവെക്കപ്പടാനാണ് സാധ്യത. വ്യാജ കമ്പനികളുടെ യഥാർഥ മുതലാളിമാരിലേക്കും ഇത്രയും വലിയ വെട്ടിപ്പ് നടത്താൻ ഉദ്യോഗസ്ഥർക്ക് പ്രചോദകരായ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിക്കേണ്ടതുണ്ട്​; വിജിലൻസി​േന്‍റതടക്കമുള്ള വിപുലമായ അന്വേഷണം പ്രഖ്യാപിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും സർക്കാറും മുഖ്യമന്ത്രിയും മുന്നോട്ടു വരേണ്ടതാണ്.

കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​നി​ലെ അഴിമതിയുടെ വൈറസ് ശരിക്കും പ്രഹരിച്ചിരിക്കുന്നത്, കോവിഡ്​കാലത്ത് മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനങ്ങൾക്ക് കാതോർത്തിരുന്ന, അദ്ദേഹത്തിന്‍റെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ഉപജീവനത്തിനുള്ള ആടുകളെ വിറ്റ് ചങ്ക് പറിച്ചുനൽകിയ സുബൈദ ഉമ്മമാരുടെ നിഷ്കളങ്ക കരുതലിന്‍റെ നിശ്വാസത്തിൻമേലാണ്, കാശുകുടുക്ക പൊട്ടിച്ച്​ ദുരിതാശ്വാസ നിധിയിലേക്കയച്ച കുഞ്ഞുമക്കൾ അർപ്പിച്ച വിശ്വാസത്തിൻമേലാണ്​. ഖജനാവിൽനിന്ന് ചോർന്ന സാമ്പത്തികമായ നഷ്ടത്തേക്കാളുപരി ഈ കുംഭകോണം വിൽപനക്കുവെച്ചത് കെടുതികളുടെ മഹാ പ്രവാഹകാലത്ത് ജീവിതത്തെ തിരിച്ചുപിടിക്കാൻ ഒാരോ മലയാളിയേയും ചേർത്തുനിർത്തിയ അമൂല്യമായ സഹജീവി സ്നേഹത്തെയാണ്.

കോവിഡ് കാലത്തെ വെട്ടിപ്പിന്‍റെ അവസരമാക്കിയവർ പ്രളയത്തെയും പകർച്ചവ്യാധിയേയും അതിജീവിക്കാൻ പ്രാപ്തമാക്കിയ നമ്മുടെ പാരസ്പര്യത്തിന്‍റെ നാരായവേരിലാണ് കത്തിയാഴ്ത്തിയത്. അതുകൊണ്ട്, ഇതിന്‍റെ കുറ്റക്കാരും സൂത്രധാരരും അവരുടെ സംരക്ഷകരും പരിവാരകരുമെല്ലാം ജനമധ്യത്തിൽ വിചാരണക്ക് വിധേയരാകേണ്ടതുണ്ട്. ഈ അഴിമതി മൂടി​െവക്കപ്പെടുകയും കുറ്റക്കാർ രക്ഷപ്പെടുകയും ചെയ്താൽ സർക്കാരിനും ഒരു സമൂഹമെന്ന നിലക്ക് മലയാളികൾക്കും നഷ്ടപ്പെടുക, തിരിച്ചുപിടിക്കുക എളുപ്പമല്ലാത്ത വിശ്വസ്തത എന്ന മൂല്യമാണ്.

Tags:    
News Summary - Madhyamam editorial on Corruption in medical service corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.