ഉത്തർപ്രദേശിലെ ഹാഥറസിൽ ജൂലൈ രണ്ടിന് 123 മനുഷ്യജീവൻ അപഹരിച്ചുകൊണ്ട് നാടിനെ നടുക്കിയ ദുരന്തത്തിന്റെ അലയൊലികൾ ഇപ്പോഴും തുടരുന്നു. ഭോലെബാബ എന്ന് ആരാധകർ വിളിക്കുന്ന സൂരജ്പാൽ എന്ന നാരായൺ സാകാർ വിശ്വഹരി എന്ന ആൾദൈവത്തെ പിടികൂടാൻ യോഗി ആദിത്യനാഥിന്റെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെങ്കിലും അയാളുടെ സത്സംഗിന്റെ സംഘാടക മുഖ്യരിൽ ആറുപേരെ നിസ്സാര കുറ്റങ്ങൾ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു സർക്കാർ. റിട്ടയേഡ് ജഡ്ജി ജസ്റ്റിസ് ശ്രീവാസ്തവയും രണ്ട് മുൻ ഐ.എ.എസ് ഓഫിസർമാരുമടങ്ങുന്ന കമീഷന്റെ കാലാവധി രണ്ട് മാസമാണ്. സ്വാഭാവികമായും ആവശ്യപ്രകാരം അത് പിന്നെയും നീട്ടിക്കൊണ്ടുപോവും.
പിന്നീടെപ്പോഴോ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചാലും അതിലെ ശിപാർശകൾ അംഗീകരിച്ച് നടപ്പാക്കാൻ സർക്കാർ സന്നദ്ധത കാണിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. കാരണം, തൽക്കാലം പ്രതിഷേധവും ഒച്ചപ്പാടും അടക്കാനുള്ള മുട്ടുശാന്തി എന്നതിൽ കവിഞ്ഞ പരിഗണനയൊന്നും ഇത്തരം അന്വേഷണ കമീഷനുകളുടെ റിപ്പോർട്ടുകൾക്കും ശിപാർശകൾക്കും ഉണ്ടാവാറില്ല. ഇതാവട്ടെ യു.പിക്കുപുറമെ ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും അനുയായികളുള്ള ബാബയുടെ ആരാധക സാമ്രാജ്യത്തെ ബാധിക്കുന്നതാണ്. സാധാരണ പൊലീസ് കോൺസ്റ്റബിളായി ജീവിതമാരംഭിച്ച ഹരിനാരായൺ, മരണപ്പെട്ട ഒരു പതിനാറു വയസ്സുകാരിയെ പുനർജീവിപ്പിച്ചു എന്നവകാശപ്പെട്ട് ഒരു ശ്മശാനത്തിൽ ബഹളമുണ്ടാക്കിയതിന്റെ പേരിൽ മറ്റു ആറുപേരോടൊപ്പം 2000ത്തിൽ അറസ്റ്റിലായ ചരിത്രമുണ്ട്. പ്രശസ്തിയും സ്വീകാര്യതയുമാവട്ടെ പതിന്മടങ്ങ് വർധിക്കുകയും ചെയ്തു. ചൊവ്വാഴ്ചതോറും സംഘടിപ്പിക്കപ്പെടുന്ന ബാബയുടെ സത്സംഗിൽ ഉദ്യോഗസ്ഥരുടെ പടതന്നെ പങ്കെടുക്കാറുണ്ട്. ഒരാളെയും സർക്കാർ നിയോഗിക്കുന്നതല്ല.
123 പേരുടെ മരണത്തിലും നൂറുകണക്കിന് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും പരിക്കിലും കലാശിച്ച ഒടുവിലത്തെ പ്രാർഥനാ സംഗമത്തിലും പൊലീസുകാർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 80,000 ഭക്തകൾക്ക് സൗകര്യമൊരുക്കിയ സംഗമത്തിൽ മഹാഭൂരിപക്ഷവും സ്ത്രീകളടങ്ങിയ ജനക്കൂട്ടം തടിച്ചുകൂടി. അരമണിക്കൂർ നീണ്ട ചടങ്ങിനുശേഷം ബാബ പുറത്തുകടന്ന് കാറിൽ കയറാൻ ഒരുങ്ങിയപ്പോൾ തന്റെ പാദസ്പർശമേറ്റ ‘പുണ്യമണ്ണ്’ ശേഖരിക്കാൻ അയാൾതന്നെ ആവശ്യപ്പെട്ടതനുസരിച്ചാണത്രെ ഭക്തജനം തിക്കും തിരക്കും കൂട്ടിയത്. അതിനിടെ പലരും വീണു, വീണവരുടെ മേൽ തുടരെത്തുടരെ ഭക്തർ പതിച്ചു. അങ്ങനെയാണ് ഇത്രയേറെ ഹതഭാഗ്യർ ചവിട്ടേറ്റും ശ്വാസം മുട്ടിയും ജീവൻ വെടിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും സൗകര്യങ്ങളില്ലായിരുന്നു. വൈകി കൊണ്ടുവന്നവരെ വേണ്ടവിധം പരിചരിക്കാൻ ആശുപത്രികളിലും സംവിധാനമുണ്ടായിരുന്നില്ല. ആൾദൈവമാകട്ടെ അനുശോചന സന്ദേശം നൽകിയതല്ലാതെ സ്ഥലം സന്ദർശിക്കാൻ പോലും കൂട്ടാക്കിയില്ലെന്നാണ് വിവരം. തൊഴിലോ പ്രാഥമിക ജീവിത സൗകര്യങ്ങളോ ഇല്ലാതെ മദ്യവും സ്ത്രീപീഡനവുമായി കഴിയുന്ന ഗ്രാമങ്ങളിലാണ് ഭോലെ ബാബയുടെ പ്രസാദത്തിനായി കാത്തുനിൽക്കുന്നവരിലധികവും. പീഡനങ്ങളിൽനിന്ന് രക്ഷ നേടാനാണത്രെ പാവം സ്ത്രീകൾ ഭോലെയുടെ ആരാധകരായി വരുന്നത്.
ഏറ്റവുമൊടുവിൽ ഇത്തരം വ്യാജ ദൈവങ്ങളെ തുറന്നുകാട്ടാനും അവർക്ക് ഭൂമിയോ മറ്റു സൗകര്യങ്ങളോ അനുവദിക്കരുതെന്ന് ആവശ്യപ്പെടാനും രംഗത്തിറങ്ങിയിരിക്കുന്നു അഖില ഭാരതീയ അഖാര പരിഷത്ത് എന്ന സംഘടന. കർണാടകയിലും മഹാരാഷ്ട്രയിലും പ്രാബല്യത്തിൽ വന്ന അന്ധവിശ്വാസ നിരോധന നിയമങ്ങളുടെ മാതൃകയിൽ ദേശീയതലത്തിൽ ഒരു നിയമം കൊണ്ടുവരണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടിരിക്കുന്നു. അന്ധവിശ്വാസ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സജീവ രംഗത്തുണ്ടായിരുന്ന ഡോ. നരേന്ദ്ര ദാഭോൽക്കർ 2013ൽ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിൽ അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദവും ഉന്മൂലനം ചെയ്യാനുള്ള നിയമം നിയമസഭ പാസാക്കി പ്രാബല്യത്തിൽ വന്നത്. ഗൗരി ലങ്കേഷിനെ പോലുള്ള സാമൂഹിക പ്രവർത്തകരുടെ രക്തസാക്ഷിത്വത്തെ തുടർന്ന് കർണാടകയിലും തുല്യനിയമം നിലവിൽവന്നു.
ബിഹാർ, ഝാർഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡിഷ, രാജസ്ഥാൻ, അസം എന്നീ സംസ്ഥാനങ്ങളിലുമുണ്ട് ദുർമന്ത്രവാദം ആരോപിച്ച് സ്ത്രീകളെ വേട്ടയാടി കൊല്ലുന്ന ക്രൂരതക്കെതിരെയുള്ള നിയമങ്ങൾ. എന്നാൽ, മനുഷ്യജീവനും സ്വത്തിനും സ്ത്രീകളുടെ മാനത്തിനും പൂർണ സംരക്ഷണവും വിശ്വാസപരമായ ചൂഷണത്തിന് കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന സമഗ്രമായ നിയമം ദേശീയതലത്തിൽ കേന്ദ്ര സർക്കാറും പാർലമെന്റും ഒട്ടും വൈകാതെ നിർമിച്ച് നടപ്പാക്കാൻ നടപടികളെടുക്കുക തന്നെയാണ് വ്യാജ ദൈവങ്ങളുടെയും സിദ്ധന്മാരുടെയും തേർവാഴ്ചയിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള യഥാർഥ പ്രതിവിധി. അതോടൊപ്പം മാനവികതയിലും യഥാർഥ ധാർമിക മൂല്യങ്ങളിലും വിശ്വസിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളും സംഘടനകളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ശക്തവും സമഗ്രവുമായ ബോധവത്കരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.