നടിയെ ആക്രമിച്ച കേസ് കേരളത്തെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ മലയാള സിനിമ ലോകത്ത് വനിതകൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് അന്വേഷിച്ച് റിപ്പോർട്ടും ശിപാർശകളും സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി നൽകിയ അന്വേഷണ റിപ്പോർട്ട് നാലുവർഷക്കാലം ശീതഭരണിയിൽ സൂക്ഷിച്ച ശേഷം വിവരാവകാശ കമീഷന്റെ ഉത്തരവിനെ തുടർന്ന് സർക്കാർ ഭാഗികമായി പുറത്തുവിട്ടതോടെ ആരംഭിച്ച വാദകോലാഹലങ്ങൾ വൻ പൊട്ടിത്തെറിയിൽ കലാശിച്ചിരിക്കുന്നു. അതിന്റെ അനുരണനങ്ങളാണ് കുറച്ചുദിവസങ്ങളായി ജനജീവിതത്തെ പിടിച്ചുകുലുക്കുന്നത്.
മലയാള താര സംഘടനയായ ‘അമ്മ’യുടെ പുതുതായി സ്ഥാനമേറ്റ ജനറൽ സെക്രട്ടറിക്കെതിരെ ഒരു നടി ഉന്നയിച്ച ഗൗരവതരമായ ലൈംഗികാക്രമണ ആരോപണങ്ങൾ അക്ഷരാർഥത്തിൽ സമൂഹത്തെയാകെ ഞെട്ടിച്ചു. തുടർന്ന്, കൂടുതൽ നടിമാർ കൂടുതൽ പ്രമുഖർക്കെതിരെ തത്തുല്യമായ ആരോപണങ്ങളുമായി രംഗത്തുവന്നു. പശ്ചിമ ബംഗാളിൽനിന്നുള്ള ഒരു പ്രമുഖ നടി സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷനെതിരെ ഉന്നയിച്ച ആരോപണം കൂടിയായപ്പോൾ സിനിമക്കാർ മാത്രമല്ല, സർക്കാറും പ്രതിക്കൂട്ടിലായി. അക്കാദമി ചെയർമാനും അമ്മ ജനറൽ സെക്രട്ടറിയും രാജിവെക്കുകയല്ലാതെ ഗത്യന്തരമില്ലെന്നായി. സ്ഥിതിഗതികൾ പഠിക്കാനും പരിശോധിക്കാനും ഏഴംഗ സമിതിയെ നിയോഗിച്ച് തൽക്കാലം തടിയൂരാൻ സർക്കാർ ശ്രമിച്ചുവെങ്കിലും കൂടുതൽ കൂടുതൽ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി സിനിമ പ്രവർത്തകർ പുറത്തുവരുകയും ഒപ്പം പ്രതിപക്ഷം പ്രശ്നത്തെ രാഷ്ട്രീയാക്രമണത്തിന് ആയുധമാക്കുകയും ചെയ്തിരിക്കെയാണ് തുടക്കം തൊട്ടേ മൗനത്തിന്റെ വല്മീകത്തിലൊളിച്ചിരുന്ന അമ്മ പ്രസിഡന്റ് രാജി പ്രഖ്യാപിച്ചിരിക്കുന്നതും സംഘടനയുടെ പതിനേഴ് അംഗ എക്സിക്യൂട്ടിവ് പിരിച്ചുവിടാൻ തീരുമാനിക്കേണ്ടിവന്നതും. രണ്ടുമാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നും അതുവരെ സംഘടനയുടെ സേവനപ്രവർത്തനങ്ങൾ തുടരാൻ താൽക്കാലിക സംവിധാനം ഏർപ്പെടുത്തുമെന്നുമാണ് പറയുന്നതെങ്കിലും പരസ്പര വിഴുപ്പലക്കലും ചേരിതിരിഞ്ഞ തമ്മിലടിയും അതെത്ര സുഗമമാക്കുമെന്ന് കണ്ടറിയണം.
ജനജീവിതത്തെ വ്യാപകമായി സ്വാധീനിക്കുന്നതും അനേകായിരം സ്ത്രീപുരുഷന്മാർക്ക് തൊഴിൽ നൽകുന്നതും പൊതുഖജനാവിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നുമാണ് സിനിമ വ്യവസായം. അത് ആരോഗ്യകരമായി നിലനിൽക്കേണ്ടതും വികസിക്കേണ്ടതുമായ മേഖല തന്നെയാണ്. കേവലം ഒരു വിനോദോപാധിയല്ല, യുവതലമുറയെ അഗാധമായി സ്വാധീനിക്കുന്ന ശക്തമായ ബോധവത്കരണ മാധ്യമം കൂടിയാണത്. അവരുടെ സംസ്കാരവും ജീവിതശൈലിയും രൂപവത്കരിക്കുന്നതിൽ ചലച്ചിത്രത്തിന് അനിഷേധ്യ പങ്കുണ്ട്. അതുകൊണ്ടാണ് ദേശീയതലത്തിലും പ്രാദേശിക തലങ്ങളിലും സിനിമരംഗത്തെ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാൻ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ സിനിമ താരങ്ങൾ മത്സരിക്കുന്നതും ജയിച്ചുകയറുന്നതും ചലച്ചിത്രത്തിന്റെ ജനകീയത തെളിയിക്കുന്നതാണ്. സാങ്കേതിക വിദ്യയുടെ ശീഘ്രഗതിയിലുള്ള വളർച്ച സിനിമക്ക് നവംനവങ്ങളായ മാനങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ വേണം ചലച്ചിത്ര മേഖലയിലെ അപഥ സഞ്ചാരത്തെയും അസാന്മാർഗിക പ്രവണതകളെയും നോക്കിക്കാണാൻ.
സിനിമയുടെ അവിഭാജ്യഘടകമായ അഭിനേത്രികൾ ഉൾപ്പെടെയുള്ള കലാകാരികളെ സുരക്ഷിതവും സ്വസ്ഥവും വിവേചനരഹിതവുമായ അന്തരീക്ഷത്തിൽ ജോലിചെയ്യാൻ അനുവദിക്കാത്ത സാഹചര്യം ഒട്ടുമേ പൊറുപ്പിക്കാവതല്ല. പുറത്തുവന്നുകൊണ്ടിരിക്കുന്ന വിലാപങ്ങളും പ്രതികരണങ്ങളും അസ്വാസ്ഥ്യജനകവും അപലപനീയവും സത്വര നടപടികൾ ആവശ്യപ്പെടുന്നതുമാണ്. സിനിമയിൽ പ്രവർത്തിക്കുന്ന പുരുഷന്മാരെല്ലാം ക്രിമിനലുകളും വഷളന്മാരുമാണെന്ന് ആരും വാദിക്കാനിടയില്ല. പുഴുക്കുത്തുകൾ മറ്റെല്ലായിടങ്ങളിലുമെന്നപോലെ ചലച്ചിത്രമേഖലയിലും സ്വാഭാവികമാണ്. പക്ഷേ, സ്ത്രീയുടെ അന്തസ്സും ആത്മാഭിമാനവും അടിയറവെച്ചാൽ മാത്രമേ ജോലിയും കൂലിയും പരിഗണനയും ലഭിക്കൂവെന്നുവന്നാൽ അത് സമൂഹത്തിനാകെ അപമാനകരമാണ്, അംഗീകരിക്കാനാവാത്തതാണ്. കുടുംബജീവിതത്തെ താളംതെറ്റിക്കുന്നതും തലമുറകളെ അപഥസഞ്ചാരത്തിലേക്ക് വഴിതെറ്റിക്കുന്നതുമാണ് ലൈംഗികാരാജകത്വം.
പുരോഗമന ചിന്തയുടെ ഭാഗമെന്ന നാട്യേനെ അസാന്മാർഗികതയുടെ വിളനിലമാക്കി സിനിമരംഗത്തെ മാറ്റരുത്. അത് സംസ്കാരമല്ല, സംസ്കാരശൂന്യതയാണ്. മലയാള ചലച്ചിത്രലോകത്തുനിന്ന് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന അപസ്വരങ്ങൾ അപസ്വരങ്ങളായിത്തന്നെ കാണണം. എല്ലാറ്റിനെയും രാഷ്ട്രീയവത്കരിച്ച് സർക്കാറും പ്രതിപക്ഷവും തമ്മിലെ പതിവ് യുദ്ധമാക്കി മാറ്റാതെ മലയാളി സമൂഹത്തെ ആഴത്തിൽ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അപഥസഞ്ചാര പ്രവണതകളെ ചെറുത്തുതോൽപിക്കാനാവണം സർവരുടെയും ശ്രമം. പരസ്പരം വിഴുപ്പലക്കിയും ഉള്ളതോ ഇല്ലാത്തതോ ആയ കൊള്ളരുതായ്മകൾ വിളിച്ചുകൂവാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ചും നടക്കുന്ന അധാർമികയുദ്ധം അവസാനിപ്പിക്കാൻ സർക്കാറിനും പ്രതിപക്ഷത്തിനും സമൂഹത്തിനാകെയും എത്രവേഗം സാധിക്കുന്നുവോ അത്രയും വേഗത്തിലേ കേരളത്തിന്റെ സാംസ്കാരിക പ്രതിച്ഛായ വീണ്ടെടുക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.