വയനാടിനെ ഗ്രസിച്ച, കേരളത്തെ ഒന്നാകെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്തം നടന്നിട്ട് മൂന്നാഴ്ച പിന്നിട്ടു. മരണവീടിന്റെ മരവിപ്പിൽനിന്ന് പതിയെപ്പതിയെ വിടുതൽ നേടിവരുന്നതേയുള്ളൂ ദുരന്തമേഖല. വീടുകൾ നഷ്ടപ്പെട്ട് റിലീഫ് ക്യാമ്പുകളിൽ താമസിച്ചിരുന്നവർ വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിക്കൊണ്ടിരിക്കുന്നു. സ്വന്തമായിരുന്നതെല്ലാം ഭൂമുഖത്തുനിന്ന് മാഞ്ഞുപോയ അവർക്ക് പ്രിയപ്പെട്ടവരുടെ വിയോഗവും വിലപ്പെട്ട സമ്പാദ്യങ്ങളുടെ നഷ്ടവും സൃഷ്ടിച്ച അന്യതാബോധത്തിൽനിന്ന് മുക്തരാക്കി ജീവിതം അന്തസ്സോടെ പുതുക്കിപ്പണിയാൻ സമ്പൂർണ പിന്തുണ നൽകുകയാണ് നമുക്കിനി ചെയ്യാനുള്ളത്. ഈ കടമ നിറവേറ്റാൻ സുമനസ്സുകളായ വ്യക്തികളും ജീവകാരുണ്യ കൂട്ടായ്മകളും വ്യവസായ സംരംഭകരുമെല്ലാം സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷാനിർഭരം തന്നെ.
വയനാട് ദുരന്തം വരുത്തിവെച്ച നഷ്ടം എത്രയെന്നത് സംബന്ധിച്ച തിട്ടപ്പെടുത്തൽ നടക്കുന്നതേയുള്ളൂ. കുറ്റമറ്റ പുനരധിവാസത്തിനും പുനർനിർമാണത്തിനും അത് നിർണായകമാണ്. സാറ്റലൈറ്റ് സർവേയിലൂടെ ജിയോമാപ്പിങ് നടത്തിയും ദുരിതബാധിതരുമായി നേരിട്ട് സംസാരിച്ചും സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ ദുരന്ത നിവാരണ -ജൈവവിജ്ഞാന രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാഥമിക പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മരിച്ചയാളുകൾ, ദുരന്തപ്രദേശത്ത് പൂർണമായി നശിച്ച വീടുകൾ, വാസയോഗ്യമല്ലാത്ത വീടുകൾ, അവിടങ്ങളിൽ താമസിച്ച ആളുകളുടെ വിവരങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ അതുവഴി പൊതുമണ്ഡലത്തിൽ ലഭ്യമായിരിക്കുന്നു. സർക്കാറിനും സർക്കാരേതര സംഘങ്ങൾക്കും ആശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഗവേഷകർക്കും വിദ്യാർഥികൾക്കും പഠന ആവശ്യത്തിനും സാമാന്യ ജനത്തിന് ദുരന്ത തീവ്രത മനസ്സിലാക്കുന്നതിനും ഇത് പ്രയോജനകരമാവും. വ്യാപാരികൾക്കും ഈ ദുരന്തത്തിൽ കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്. 78 വ്യാപാരസ്ഥാപനങ്ങളാണ് നശിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ കണക്കെടുപ്പിൽ 25 കോടിയുടെ നഷ്ടമാണ് കണ്ടെത്തിയത്.
691 കുടുംബങ്ങൾക്ക് പതിനയ്യായിരം രൂപ വീതവും വ്യാപാര സ്ഥാപനങ്ങൾ പൂർണമായി നഷ്ടപ്പെട്ട 40 പേർക്ക് അര ലക്ഷം രൂപ വീതവും നൽകുന്നതുൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നൂറു കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാനും മേഖലയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാനും അവർ തയാറെടുക്കുന്നു. 50 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാനും 50 കുടിവെള്ള, സ്വയം തൊഴിൽ പദ്ധതികൾ സജ്ജമാക്കാനും കേരള നദ്‍വത്തുൽ മുജാഹിദീൻ തീരുമാനിച്ചിട്ടുണ്ട്. ദുരിതബാധിതർക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളടക്കം ഏർപ്പെടുത്തുന്നതടക്കം പത്തുകോടി രൂപയുടെ ആദ്യഘട്ട പുനരധിവാസ പദ്ധതി ജമാഅത്തെ ഇസ്‍ലാമിയും പ്രഖ്യാപിച്ചിരുന്നു. നൂറു വീടുകളും ദുരന്തബാധിത കുടുംബങ്ങൾക്കെല്ലാം 9500 രൂപ വീതം സഹായവുമാണ് കേരള കാത്തലിക് ബിഷപ്സ് മിഷൻ (കെ.സി.ബി.സി) പ്രഖ്യാപിച്ചിരിക്കുന്നത്. 50 വീടുകൾ നിർമിച്ചു നൽകുമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഉറപ്പുനൽകിയിട്ടുണ്ട്. ഇവയുൾപ്പെടെ ആയിരത്തിലേറെ വീടുകളും അനുബന്ധ സംവിധാനങ്ങളും ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ജനങ്ങളുടെയും സംഘടനകളുടെയും സന്നദ്ധതകളെ ശരിയാംവിധം വിനിയോഗിക്കാനുള്ള സൗകര്യങ്ങൾ സുതാര്യമായി ഒരുക്കിനൽകുകയാണ് സർക്കാർ ചെയ്യേണ്ടത്.
ദുരിതബാധിതർക്കായി വിഭാവനം ചെയ്യുന്ന പദ്ധതികൾ സംബന്ധിച്ച് പ്രാഥമിക വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തുവിട്ടിരുന്നു. സകല സൗകര്യങ്ങളുമടങ്ങുന്ന അത്യാധുനിക ടൗൺഷിപ് ഒരുക്കുമെന്നാണറിയിച്ചിരിക്കുന്നത്. അതിനനുയോജ്യമായ സ്ഥലങ്ങൾ ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലെ വിദഗ്ധസംഘം നിർദേശിച്ചിട്ടുണ്ട്. ഇനി തുടർനടപടികൾ വേഗത്തിലാക്കൽ സർക്കാറിന്റെ ഉത്തരവാദിത്തമാണ്. വയനാട് പാക്കേജ് തയാറാക്കുകയാണ് ആദ്യ ദൗത്യമെന്ന് പുതുതായി ചുമതലയേൽക്കുന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരനും അറിയിച്ചിട്ടുണ്ട്. തികച്ചും ശ്രമകരമായ ഉദ്യമം തന്നെയാവുമത്.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം നടത്തുന്നതിന് മുന്നോടിയായി സമാനമായ ദുരിതങ്ങളുണ്ടായ വേളയിൽ നടത്തിയ പ്രഖ്യാപനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നത് ഗുണകരമാവും. സമീപ വർഷങ്ങളിൽ ഉരുൾ ദുരന്തങ്ങളുണ്ടായ അമ്പൂരി, കവളപ്പാറ, പുത്തുമല, പെട്ടിമുടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അതിജീവിതർ ഇപ്പോൾ എങ്ങനെ ജീവിക്കുന്നുവെന്ന് ‘മാധ്യമം’ റിപ്പോർട്ടർമാർ അന്വേഷിച്ചിരുന്നു. കവളപ്പാറയിൽ സർക്കാർ ഉറപ്പുപറഞ്ഞ പുനരധിവാസം സാധ്യമാക്കാൻ കോടതി ഇടപെടൽ വേണ്ടിവന്നു. ദുരന്തത്തിൽ കൃഷിഭൂമി പൂർണമായി നഷ്ടപ്പെട്ട കർഷകരെ കാർഷിക വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തിയെന്ന പേരിൽ ജപ്തി ഭീഷണി മുഴക്കി ദുരിതത്തിലാക്കുകയാണ് ചില ബാങ്കധികാരികൾ. പെട്ടിമുടി ദുരന്തം നടന്ന് അഞ്ച് വർഷം കഴിഞ്ഞിട്ടും അവർക്കായി പ്രഖ്യാപിക്കപ്പെട്ട കേന്ദ്രസഹായം ലഭ്യമായിട്ടില്ല. പലർക്കും വീടുകളും ലഭിച്ചില്ല. ഒരുക്കിയ വീടുകളാവട്ടെ, തൊഴിലിടത്തിൽനിന്ന് കിലോമീറ്ററുകൾ മാറി ആയതിനാൽ പല ദുരിതബാധിതർക്കും ഇവ ഗുണപ്പെടുന്നുമില്ല. പുത്തുമല ദുരിതബാധിതർക്കായി സർക്കാർ നിർദേശിച്ച പ്ലാൻ പ്രകാരം ഒരുക്കിയ വീടുകൾ ചോർന്നൊലിക്കുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. നിർമാണവേളയിൽ പ്ലാനിന്റെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ ഗൗനിച്ചില്ല. അതിന്റെ ദുരിതം അനുഭവിക്കുന്നത് അതിജീവിതരാണ്. ഇക്കാര്യങ്ങൾ ഇപ്പോൾ പറയുന്നത് ആരെയെങ്കിലും കുറ്റപ്പെടുത്താനല്ല, തെറ്റുകൾ ആവർത്തിക്കാതിരിക്കാനാണ്. എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് എന്തെങ്കിലും തരത്തിലൊരു പകരം സംവിധാനമൊരുക്കി കടംകഴിക്കുക എന്നല്ല, നമ്മുടെ സഹോദരങ്ങളായ മനുഷ്യർ എന്ന രീതിയിലെ കടമ നിർവഹിക്കുകയാണ് പുനരവധിവാസ പദ്ധതികൾകൊണ്ട് അർഥമാക്കേണ്ടത്. കവളപ്പാറയിലെയും പുത്തുമലയിലെയും പെട്ടിമുടിയിലെയും ദുരിതബാധിതരുടെ പ്രയാസങ്ങൾ കാലഹരണപ്പെട്ടത് എന്നു പറഞ്ഞ് എഴുതിത്തള്ളാനാവില്ല. തെറ്റുതിരുത്താനുള്ള അവസരമാണിത്. മുൻകാല ദുരിതബാധിതരുടെ പുനരധിവാസത്തിൽ സംഭവിച്ച പാളിച്ചകൾ പരിഹരിക്കാനും മുണ്ടക്കൈയിലും ചൂരൽമലയിലുമുൾപ്പെടെ ഇനിയുള്ള പദ്ധതികളിൽ അത്തരം സ്ഖലിതങ്ങൾ സംഭവിക്കാതിരിക്കാനും സർക്കാറും സന്നദ്ധ സംഘടനകളും ജാഗ്രത കാണിക്കണം. അപ്പോൾ മാത്രമേ ‘ഞങ്ങളുണ്ട് കൂടെ’ എന്ന നമ്മുടെ പറച്ചിൽ സത്യസന്ധമാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.