ഗസ്സയിൽ യുദ്ധവിരാമത്തിന് അമേരിക്കൻ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രമങ്ങൾ അനിശ്ചിതത്വത്തിൽ നിൽക്കെ തന്നെ യുദ്ധം കൂടുതൽ വിപുലപ്പെടുത്താനുള്ള ഇസ്രായേൽ ദുർമോഹത്തിന്‍റെ സൂചനകൾ നേരത്തേ പ്രകടമായതാണ്. മേഖലയിൽ തീയാളിയാൽ അത് ഇസ്രായേലിനെ മാത്രമല്ല, അമേരിക്കയടക്കമുള്ള പശ്ചാത്തല ശക്തികളെകൂടി ബാധിക്കുമെന്ന തിരിച്ചറിവും യുദ്ധവിരാമ ചർച്ചകൾ തകൃതിയായതിന് പിന്നിലുണ്ട്.
എന്നാൽ, മുമ്പെന്നത്തെയുംപോലെ തന്നെ മനുഷ്യത്വത്തിന്‍റെയും ധാർമികതയുടെയും അടിത്തറയിലുള്ള രാഷ്ട്രാന്തരീയ മര്യാദകളൊന്നും തങ്ങൾക്കു ബാധകമല്ലെന്നു തീരുമാനിച്ചുറച്ച സയണിസ്റ്റ് രാഷ്ട്രം പുതിയ ആക്രമണമുഖങ്ങൾ തുറക്കുകയാണ്. അതിന്‍റെ ഒടുവിലെ ഉദാഹരണമാണ് ഞായറാഴ്ച പുലർച്ച ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ശക്തമായ ബോംബിങ്. ഹിസ്ബുല്ല കമാൻഡർ ഫുആദ് ശുക്റിനെ വധിച്ചതിന് പ്രതികാരം ചോദിക്കുമെന്ന് വ്യക്തമാക്കിയിരിക്കെ, ലബനാനിൽനിന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ട ആക്രമണത്തെ മുൻകൂർ ചെറുക്കുകയായിരുന്നു എന്നാണ് കടന്നാക്രമണത്തിന് തെൽഅവീവ് പറഞ്ഞ ന്യായം. ഞായറാഴ്ച വെളുപ്പിന് അഞ്ചിന് ഹിസ്ബുല്ല ആക്രമണം നടത്തുമെന്ന് ഇസ്രായേൽ-യു.എസ് ഇൻലിജൻസിന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അതിനു മുമ്പേ നൂറു ഫൈറ്റർ ജറ്റുകൾ തെക്കൻ ലബനാനിലെ 40 ലോഞ്ചിങ് കോമ്പൗണ്ടുകളിൽ മുൻകൂർ ആക്രമണങ്ങൾ നടത്തുകയായിരുന്നുവത്രെ.
ആക്രമണം നടന്നയുടൻതന്നെ കമാൻഡറുടെ കൊലക്ക് തിരിച്ചടിക്കുകയാണെന്ന് അറിയിച്ച ഹിസ്ബുല്ല, ഡസൻകണക്കിന് ഡ്രോണുകളും 320 കത്യൂഷ റോക്കറ്റുകളും ഇസ്രായേലിന്‍റെ സൈനിക ലക്ഷ്യങ്ങളിലേക്ക് തൊടുത്തു. തിരിച്ചടി വഴിതിരിച്ചുവിട്ടു എന്ന് സയണിസ്റ്റ് സേന അവകാശപ്പെട്ടെങ്കിലും ഓപറേഷൻ വിജയമാണെന്നാണ് ഹിസ്ബുല്ല ചീഫ് ഹസൻ നസ്റുല്ലയുടെ മറുപടി. ആക്രമണം മതിയാക്കുകയില്ലെന്നും ഹിസ്ബുല്ല കമാൻഡറെ ജൂലൈ 30ന് ബെയ്റൂത്തിൽ കൊലപ്പെടുത്തിയതിന് മതിയായ പ്രതികാരമായില്ലെന്ന് തോന്നിയാൽ ഇനിയും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും നസ്റുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളുടെ പ്രത്യാഘാതം വിലയിരുത്തി വരികയാണ്. ഇസ്രായേലിന്‍റെ കുടില രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കരുനീക്കുന്ന സൈനിക ഇന്‍റലിജൻസിനെ തകർക്കുകയാണ് ലക്ഷ്യമെന്നും ലബനാൻ പറയുന്നു. ഇസ്രായേൽ അതിർത്തി കടന്ന് 110 കിലോമീറ്റർ അകത്തുള്ള സൈനിക ഇന്‍റലിജൻസ് സംവിധാനങ്ങളെയാണ് തങ്ങൾ ഉന്നമിട്ടതെന്നും ജനങ്ങളെയോ അവരുടെ അടിസ്ഥാന സൗകര്യ ഉപാധികളെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും അതുകൊണ്ടാണ് തെൽഅവീവിലെ ബെൻഗൂറിയൻ വിമാനത്താവളത്തെ ഒഴിവാക്കിയതെന്നും പ്രസ്താവന വിശദമാക്കുന്നു. ആൾനാശം നന്നേ കുറവാണെങ്കിലും ഇരുഭാഗത്തും വൻ സ്വത്തുനാശമുണ്ടാകുകയും ഭീതിയിലായ ജനത്തിന്‍റെ കുടിയൊഴിഞ്ഞുപോക്കിന് ഇത് ഇടയാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഇസ്രായേലിന് വൻനാശനഷ്ടമുണ്ടായതായി മേഖലയിലെ നിരീക്ഷകരെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
വിജയമവകാശപ്പെട്ട തെൽഅവീവ് കഥ അവസാനിക്കുന്നില്ല എന്നു വ്യക്തമാക്കിയത് നഷ്ടം പുറത്തുവിടാതെയുള്ള ജാഗ്രതയുടെ സൂചനയായി കാണുന്നവരുണ്ട്. അമേരിക്കയുടെ പൂർണ അറിവോടെ, എന്നാൽ തനിച്ചാണ് തങ്ങളുടെ തിരിച്ചടി എന്നാണ് ഇസ്രായേൽ വാദം. അതേസമയം, ഏതു നേരവും ഹിസ്ബുല്ലയുടെയും ഇറാന്‍റെയും ആക്രമണം നേരിടേണ്ടിവരുമെന്ന ഭീതി ജനത്തെ ആശങ്കയിലാഴ്ത്തിയത് ബിന്യമിൻ നെതന്യാഹു സർക്കാറിനെ കുഴക്കുന്നുണ്ട്. അതു കണക്കിലെടുത്താവണം ഞായറാഴ്ച ആക്രമണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഗസ്സ യുദ്ധവിരാമചർച്ച തുടരാനുള്ള നീക്കങ്ങൾ തെൽഅവീവിന്‍റെ ഭാഗത്തുനിന്ന് സജീവമായത്. മാധ്യസ്ഥ്യ ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രായേൽ പ്രതിനിധികൾ ഞായറാഴ്ചതന്നെ സി.ഐ.എ ഡയറക്ടർ ബിൽ ബേൺസ്, ഖത്തർ പ്രധാനമന്ത്രി, ഈജിപ്ത് ഇന്‍റലിജൻസ് ചീഫ് എന്നിവരുമായുള്ള ചർച്ചക്കായി കെയ്റോയിലെത്തി. ദക്ഷിണ ലബനാൻ ആക്രമണം പൊടുന്നനെയുണ്ടായ ഒരു പ്രകോപനത്തിനുള്ള തിരിച്ചടിയായി മാത്രം കണ്ടാൽ മതിയെന്ന സന്ദേശം കൂടിയാണ് ഇതുവഴി തെൽഅവീവ് നൽകുന്നത്.
അതേസമയം ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ വധിച്ചതിന് ഇറാൻ പ്രഖ്യാപിച്ച പ്രതികാരവും ഏതു നിമിഷവും സയണിസ്റ്റ് രാഷ്ട്രം പ്രതീക്ഷിക്കുന്നുണ്ട്. ഹിസ്ബുല്ലയുടെ ആക്രമണത്തിൽ ആവേശം പ്രകടിപ്പിച്ച ഇറാൻ ഇസ്രായേലിന്‍റെ കരുത്ത് ചോർന്നിരിക്കുകയാണെന്നും അമേരിക്കയടക്കമുള്ളവരുടെ സമഗ്ര പിന്തുണയുണ്ടായിട്ടും ഇസ്രായേലിന് തിരിച്ചടികളുടെ സമയവും സന്ദർഭവും പ്രവചിക്കാനാവുന്നില്ലെന്നും പരിഹസിച്ചു. ഇറാന്‍റെ ഭീഷണി കാര്യഗൗരവത്തിലെടുത്തു തന്നെ സംയുക്ത സൈനികനീക്കത്തിനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കുന്ന തിരക്കിലാണ് ഇസ്രായേലും അമേരിക്കയും.
അതുകൊണ്ടുതന്നെ ഇരുകൂട്ടരും അവസാനിപ്പിക്കാനല്ല, പുതിയ ആക്രമണത്തിന് മൂർച്ച കൂട്ടാനാണിടയെന്നാണ് മേഖലയിലെ നിരീക്ഷകർ പറയുന്നത്. സ്വയം രക്ഷക്കുവേണ്ടി ചെയ്ത ആക്രമണമെന്ന് ഇസ്രായേൽ പറഞ്ഞതും ഉദ്ദേശ്യം നിറവേറ്റി എന്ന ഹിസ്ബുല്ലയടെ ആദ്യ പ്രതികരണവും സംഘർഷം വിപുലമാക്കാൻ ഇരുകൂട്ടർക്കും ഉദ്ദേശ്യമില്ലെന്ന ശുഭാപ്തിയായി കാണുന്നവരുമുണ്ട്. അതുകൊണ്ട് ഗസ്സ യുദ്ധവിരാമ ചർച്ചകൾ ഇനിയും നല്ല നിലയിൽതന്നെ മുന്നോട്ടുപോകുമെന്നാണ് അവരുടെ പ്രതീക്ഷ. വെടിനിർത്തലുണ്ടായാൽ അതിർത്തികളിലെ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹിസ്ബുല്ല ഉറപ്പുപറഞ്ഞിട്ടുണ്ട്.
എന്നാൽ, ശുക്റന്റെയും ഹനിയ്യയുടെയും കൊലകൾക്കുള്ള പ്രതികാരം എപ്പോൾ, ഏത് അളവിൽ എന്നതിൽ അനിശ്ചിതത്വം നിലനിൽക്കുക തന്നെയാണ്. ഇസ്രായേൽ ആവട്ടെ, ഗസ്സ അധിനിവേശത്തെ തുടർന്ന് കൈവശപ്പെടുത്തിയ രണ്ടു ഇടനാഴികളിലും സാന്നിധ്യം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതാകട്ടെ, ഈജിപ്തിനും ഹമാസിനും സ്വീകാര്യമല്ലാത്തതിനാൽ സമാധാന ചർച്ചക്ക് ഉടക്കായി മാറാനുമിടയുണ്ട്. അങ്ങനെ ഫലസ്തീൻ യുദ്ധവിരാമം തന്നെ അഴിയാക്കുരുക്കായി തുടരുമ്പോൾ അത് കൂടുതൽ സങ്കീർണമാക്കുകയാണ് പിന്നെയും രൂക്ഷത പ്രാപിക്കുന്ന ഇസ്രായേൽ-ലബനാൻ സംഘർഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.