കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ ജനരോഷം തുടരുകയാണ്. പി.ജി രണ്ടാം വർഷ ട്രെയിനിയായ ഡോക്ടർ ജോലിസമയത്ത് മെഡിക്കൽ കോളജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഈ സംഭവം മാത്രമല്ല, അതിനോട് പശ്ചിമബംഗാൾ സർക്കാർ സ്വീകരിച്ച സമീപനവും വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്. മെഡിക്കൽ കോളജ് സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലാണ്; ആരോഗ്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി മമത ബാനർജിക്കും. ആശുപത്രിയിൽ നടന്ന കുറ്റകൃത്യത്തിൽ നടപടിയെടുക്കേണ്ട പൊലീസും മുഖ്യമന്ത്രി നയിക്കുന്ന ആഭ്യന്തര വകുപ്പിന് കീഴിലാണ്. ആദ്യഘട്ടത്തിൽ സംഭവം മറച്ചുവെക്കാനും കുറ്റവാളികളെ രക്ഷപ്പെടുത്താനും ശ്രമമുണ്ടായതായി ആരോപണമുണ്ട്. കൊല്ലപ്പെട്ട ഡോക്ടറുടെ ബന്ധുക്കൾക്ക് രണ്ട് ഫോൺ സന്ദേശങ്ങളാണ് കിട്ടിയത്. ഡോക്ടർക്ക് സുഖമില്ലെന്ന് ആദ്യത്തേത്, ആത്മഹത്യ ചെയ്തു എന്ന് രണ്ടാമത്തേത്. കൊലപാതകമാണെന്ന കാര്യത്തിൽ ഡോക്ടർമാർക്ക് ഒരു സംശയവുമുണ്ടാകാനിടയില്ലാത്തപ്പോഴാണ് ഇത്തരം വ്യാജവിവരങ്ങൾ പുറത്തുപോകുന്നത്. അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമമുണ്ടായതായി ആരോപണമുണ്ട്. സംഭവത്തിന് ദേശീയതലത്തിൽ പ്രാധാന്യം കൈവന്നശേഷമാണ് അന്വേഷണം കാര്യമായി ചലിക്കുന്നത്. സംഭവം നടന്ന ആഗസ്റ്റ് ഒമ്പതിന് പൊലീസ് അറസ്റ്റ് ചെയ്തയാൾ ഒരു ‘പൊലീസ് വളന്റിയറാ’ണ്. കൊൽക്കത്ത പൊലീസിലെ ഉന്നതരുമായി ബന്ധമുള്ളയാളാണത്രെ സഞ്ജയ്റോയ് എന്ന ഇയാൾ. മുമ്പേ ആരോപണവിധേയനും മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. സന്ദീപ്ഘോഷിനും ഭരണത്തിൽ വൻ സ്വാധീനമുണ്ട്.
സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കളടക്കം പരാതിപ്പെട്ടതിനുപിന്നാലെ കേസ് സി.ബി.ഐക്ക് കൈമാറാൻ കൽക്കത്ത ഹൈകോടതി ഉത്തരവിട്ടു. സന്ദീപ്ഘോഷ് രാജിവെച്ചെങ്കിലും സർക്കാർ അദ്ദേഹത്തെ ഉടൻ തന്നെ കൽക്കത്ത നാഷനൽ മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പലാക്കി. ഇതും വമ്പിച്ച ജനരോഷമുയർത്തി. സന്ദീപ്ഘോഷിനെ ദീർഘകാല അവധിയെടുപ്പിച്ച് മാറ്റിനിർത്താൻ കോടതി ഇടപെടുന്നിടത്തോളം കാര്യങ്ങളെത്തി. ഇതിനെല്ലാം ശേഷമാണ് മുഖ്യമന്ത്രി സംഭവത്തിൽ ധാർമികരോഷം പ്രകടിപ്പിച്ച് രംഗത്തെത്തുന്നതും കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് പ്രസംഗിക്കുന്നതും. എന്നാൽ, അഴിമതിക്കും നെറികേടിനും കുറ്റവിധേയനായിട്ടും സന്ദീപ്ഘോഷിനെ സർക്കാർ ഇത്രയുംകാലം സംരക്ഷിച്ചുവന്നത് അനിഷേധ്യമാണ്. സഹപ്രവർത്തകനായിരുന്ന അഖ്തർ അലി മുമ്പ് ഘോഷിനെതിരെ വിജിലൻസിന് പരാതി കൊടുത്തിരുന്നു; പക്ഷേ, അഖ്തർ അലി സ്ഥലംമാറ്റപ്പെടുകയായിരുന്നു. ആർ.ജി കർ മെഡിക്കൽ കോളജിൽ മുമ്പ് രണ്ടുതവണ സ്ഥലംമാറ്റം കിട്ടിയപ്പോഴും സന്ദീപ്ഘോഷ് ഇതേ ലാവണത്തിൽ തിരിച്ചെത്തി. ഈ ദുഃസ്വാധീനത്തിന്റെ വ്യാപ്തി കൽക്കത്ത ഹൈകോടതിയുടെ വിമർശനത്തിനുവരെ വിധേയമായി.
ഇതെല്ലാമിരിക്കെ തന്നെ, ഈയൊരു സംഭവത്തിൽ ചില കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്ന ധാർമികരോഷത്തിനുപിന്നിലെ കാപട്യവും ശ്രദ്ധിക്കണം. പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി ബി.ജെ.പി ഈ വിഷയത്തെ കൈകാര്യം ചെയ്യുമ്പോൾ അവർ ഗുരുതരമായ കുറ്റകൃത്യത്തെ ചെറുതാക്കുകയാണ്. പീഡനവും കൊലപാതകവും ഇന്ത്യൻ സമൂഹത്തെ ബാധിച്ച മഹാരോഗമാണ്. സംസ്ഥാന സർക്കാറുകൾ മാത്രമല്ല യൂനിയൻ സർക്കാറും ഇത് തടയുന്ന കാര്യത്തിൽ വലിയ പരാജയമാണ്. കൊൽക്കത്ത സംഭവത്തിൽ നടുക്കവും രോഷവും പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രി തന്നെ, നൂറുകണക്കിന് പീഡനങ്ങൾ നടത്തിയതായി പറയുന്ന പ്രജ്വൽ രേവണ്ണക്കുവേണ്ടി വോട്ടുചോദിച്ചിട്ടുണ്ട്. യു.പിയിലെ ഫാഥറസിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്ന കുറ്റവാളികൾക്ക് ഭരണകൂട പിന്തുണ നന്നായി കിട്ടി. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരെ താരങ്ങൾ പരസ്യമായി വിരൽ ചൂണ്ടിയപ്പോഴും സർക്കാറുകൾ കുറ്റാരോപിതന്റെ പക്ഷത്ത് നിലകൊണ്ടു. ബിൽക്കീസ് ബാനുവിനെ കൂട്ടമാനഭംഗത്തിനിരയാക്കിയതിന് കോടതി ശിക്ഷിച്ച 11പേരെ തടവിൽ നിന്ന് മോചിപ്പിക്കാൻ മോദി ഭരണകൂടം ഒത്താശചെയ്തു. ഇതേ പ്രധാനമന്ത്രി, കൊൽക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ‘കുറ്റവാളികളെ ശിക്ഷിക്കേണ്ടത് സർക്കാറിലും ജുഡീഷ്യറിയിലും പൗരസമൂഹത്തിലും വിശ്വാസം വീണ്ടെടുക്കാൻ അത്യാവശ്യമാണെ’ന്ന് പ്രസംഗിക്കുമ്പോൾ എന്തു വിശ്വാസ്യതയാണ് ബാക്കിയുള്ളത്? തൂക്കിക്കൊലവരെ ഉണ്ടായാലേ കുറ്റവാളികൾക്ക് ഭയമുണ്ടാകൂ എന്ന് മമതയെപ്പോലെ മോദിയും പ്രസംഗിക്കുമ്പോൾ ഭരണ സ്വാധീനത്തിന്റെ ബലത്തിൽ പൊതുസ്വീകരണം ഏറ്റുവാങ്ങിയ കുറ്റവാളികൾ മുതൽ ശിക്ഷാ കാലാവധിക്കുമുമ്പേ തടവിൽനിന്ന് വിട്ടുപോന്നവർവരെ ഊറിച്ചിരിക്കുന്നുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.