ഇസ്രായേൽ, ഈജിപ്ത്, ഖത്തർ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ കഴിഞ്ഞ ദിവസം മടങ്ങിയതും വെറുംകൈയോടെയാണ് എന്നു പറയണം. കഴിഞ്ഞ മേയിൽ അമേരിക്കൻ മുൻകൈയിൽ തുടക്കം കുറിച്ച ഗസ്സ വെടിനിർത്തലിനുള്ള ചർച്ചകൾ ഇനിയും എങ്ങുമെത്തിയിട്ടില്ല എന്നതാണ് ശരി. ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ അണിനിരത്തി അമേരിക്ക നടത്തുന്ന സമാധാനശ്രമങ്ങൾ പക്ഷേ, സംഘർഷത്തിലെ കക്ഷികളായ ഹമാസിനോ ഇസ്രായേലിനോ പൂർണസമ്മതമായ നിലയിലല്ല. ഏറ്റവുമൊടുവിൽ ഇസ്രായേൽ ഗസ്സക്കുമേൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാവുന്ന പുതിയ ഉപാധികൾ ഉന്നയിച്ചതോടെ, വെടിനിർത്തൽ കരാറിന്‍റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ഹമാസ് സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. സമാധാനസന്ധി വെച്ചുതാമസിപ്പിച്ച് ഇസ്രായേലിന് ഗസ്സയിലെ നരമേധം തുടരാനുള്ള മതിയായ സമയം അമേരിക്ക ഒരുക്കിക്കൊടുക്കുകയാണെന്ന് ഹമാസ് ആരോപണമുന്നയിച്ചിട്ടുണ്ട്. സ്കൂളുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെ ആക്രമണം തുടരുന്ന ഇസ്രായേലിന്‍റെ പൈശാചികവേട്ട ആരോപണത്തെ ശരിവെക്കുന്നുമുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച കരാറിനെ മാനിക്കാൻ തയാറാണെന്ന് കഴിഞ്ഞ ജൂലൈയിൽ തങ്ങൾ വ്യക്തമാക്കിയ ശേഷവും പുതിയ ഉപാധികൾ ഓരോന്നുന്നയിച്ച് അത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തുന്നു. നിലവിലെ സന്ധിസംഭാഷണത്തിൽ ഇസ്രായേൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഹമാസിന്‍റെ സാന്നിധ്യമില്ല. ഖത്തർ, ഈജിപ്ത് മാധ്യസ്ഥർ വഴി അവരെ വിവരങ്ങൾ ധരിപ്പിക്കുകയും അവരുടെ നിലപാടുകൾ തേടുകയുമാണ് ചെയ്യുന്നത്.
പത്തുമാസം മുമ്പ് ഹമാസിന്‍റെ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ ഗസ്സ യുദ്ധം ആരംഭിച്ചതിൽ പിന്നെ ഒമ്പതുവട്ടം ആന്‍റണി ബ്ലിങ്കൺ പശ്ചിമേഷ്യയിൽ സന്ദർശനത്തിനെത്തി. ഓരോ വട്ടവും അദ്ദേഹം വന്നു മടങ്ങിയത് വെറുംകൈയോടെയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ ഉന്നത ഹിസ്ബുല്ല കമാൻഡർ, ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ എന്നിവരുടെ രാഷ്ട്രീയ കൊലപാതകങ്ങളോടെ ഗസ്സ ആക്രമണം പശ്ചിമേഷ്യയിൽ ഒന്നടങ്കം വ്യാപിച്ചേക്കുമെന്ന് ആശങ്കയുയർന്നതോടെയാണ് ‘ഏറ്റവും ഒടുവിലത്തെ’ സമാധാനശ്രമത്തിന് അമേരിക്ക മുന്നിട്ടിറങ്ങിയത്. ഹനിയ്യയുടെ കൊലപാതകത്തിനു, പകരം ചോദിക്കുമെന്ന ഇറാന്‍റെ ഭീഷണിയും ഹിസ്ബുല്ലയുടെ മുന്നറിയിപ്പുകളും നിലനിൽക്കെ, പശ്ചിമേഷ്യ കലുഷമായാൽ അത് അമേരിക്കയെ സാരമായി ബാധിക്കും. അതിനാൽ വരുന്ന നവംബറിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്കു നീങ്ങാനിരിക്കെ, അതിനു മുമ്പേ, ഒരു സമാധാനസന്ധി രൂപപ്പെടുത്തിയെടുക്കാനാണ് വാഷിങ്ടൺ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. ആറാഴ്ച നീളുന്ന യുദ്ധവിരാമമാണ് പുതിയ സന്ധിയുടെ കാതൽ. അതിനിടെ ഇസ്രായേലി ബന്ദികളിൽ നിന്ന് സ്ത്രീകൾ, രോഗികൾ എന്നിങ്ങനെ പരിമിത എണ്ണം പേരെ ഹമാസ് വിട്ടയക്കും. പകരം ഇസ്രായേൽ ജയിലുകളിലുള്ള ഫലസ്തീൻ തടവുകാരിൽ ഗണ്യമായൊരു വിഭാഗത്തെ മോചിപ്പിക്കും, ഗസ്സയിലേക്കുള്ള ജീവകാരുണ്യ സഹായങ്ങൾ കൂടുതലായി അനുവദിക്കും എന്നിവയായിരുന്നു കഴിഞ്ഞ മേയിൽ അമേരിക്ക രൂപംകൊടുത്ത സമാധാന ഫോർമുലയിലെ സുപ്രധാന നിർദേശങ്ങൾ. കഴിഞ്ഞ നവംബറിലെ സന്ധിശ്രമം തകർന്നതുപോലെ ഇത്തവണ സംഭവിക്കരുതെന്ന് ഉറപ്പുവരുത്താനായി, മധ്യസ്ഥർ പുതിയ ഘട്ടം പരിപാടി നിർദേശിക്കുന്നതുവരെ വെടിനിർത്തൽ അനിശ്ചിതമായി നീട്ടുമെന്നും പുതിയ കരാറിൽ പറഞ്ഞിരുന്നു. ഹമാസ് കരാറിനെ മൊത്തത്തിൽ അംഗീകരിച്ചെങ്കിലും ഇക്കാര്യത്തിൽ അവസാനവാക്ക് പറയാൻ തയാറാകാത്ത ഇസ്രായേൽ, പുതിയ ഉപാധികൾ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതാകട്ടെ, ഹമാസിനു മാത്രമല്ല, ഇടനിലയിൽ പ്രവർത്തിക്കുന്ന ഈജിപ്തിനും സ്വീകാര്യമല്ല. ദക്ഷിണ ഗസ്സയെ ഗസ്സ സിറ്റിയിൽനിന്നു മുറിച്ചുമാറ്റി ഇസ്രായേൽ നിയന്ത്രണത്തിലുള്ള പുതിയ അതിരുപണിത നെത്സരീം കോറിഡോറിലും ഗസ്സ-ഈജിപ്ത് അതിർത്തിയിലെ ഫിലാഡെൽഫി കോറിഡോറിലും തങ്ങളുടെ സേന സ്ഥിരസാന്നിധ്യമുറപ്പിക്കുമെന്ന ഉപാധിയാണ് ഇസ്രായേൽ പുതുതായി ഉന്നയിച്ചത്. ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനികളുടെ നിരായുധീകരണത്തിനും ഹമാസിന്‍റെ പുനഃസംഘാടനം തടയുന്നതിനും ഈ സൈനിക നിയന്ത്രണം ആവശ്യമാണെന്നാണ് അവർ പറയുന്നത്. എന്നാൽ, ഗസ്സക്കുമേൽ നിയന്ത്രണം സ്ഥാപിച്ച് ഫലസ്തീന്‍റെ സമ്പൂർണ അധിനിവേശം ഉറപ്പുവരുത്താനുള്ള ഉപായമാണ് തെൽ അവീവിന്‍റേതെന്ന് ഹമാസ് ചൂണ്ടിക്കാട്ടുന്നു. ഈജിപ്ത് അതിർത്തിയിലുള്ള ഈ അഭ്യാസം സ്വീകാര്യമല്ലെന്ന് കൈറോയും വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസിന്‍റെ സമ്പൂർണ നാശവും ഫലസ്തീന്‍റെ പരമാവധി അധിനിവേശവും ലക്ഷ്യമിട്ട ഇസ്രായേൽ യുദ്ധം നിർത്താൻ തയാറല്ല. ഈ രണ്ടു ലക്ഷ്യവും നടപ്പില്ലെന്നു ഭരണമുന്നണിയിലെ തീവ്രവാദി നേതാക്കൾത്തന്നെ അടക്കം പറയുമ്പോഴും അതു പരസ്യമായി സമ്മതിക്കാൻ ബിന്യാമിൻ നെതന്യാഹു തയാറല്ല. മറുഭാഗത്ത് ഹമാസ് ആകട്ടെ, യുദ്ധവിരാമത്തിന് തുടക്കമിടുന്ന ഒരു വെടിനിർത്തലാണ് മുന്നിൽ കാണുന്നത്. വെടിനിർത്തൽ ഫലസ്തീൻ രാഷ്ട്രത്തിന്‍റെ അന്താരാഷ്ട്ര അംഗീകാരത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള തുടക്കമായിരിക്കണമെന്ന് ഒരു മുഴം മുന്നോട്ടെറിയുന്നുണ്ട് മാധ്യസ്ഥ്യത്തിന് മുന്നിൽ നിൽക്കുന്ന ഈജിപ്ത്. ഹമാസ് തടവിൽ പിടിച്ചവരുടെ എണ്ണവും വിലാസവും വെളിപ്പെടുത്തണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടെങ്കിലും അവർ എവിടെയെന്നോ, അവരുടെ സ്ഥിതിയെന്തെന്നോ യുദ്ധശേഷം തങ്ങൾക്ക് അറിവില്ലെന്നാണ് ഹമാസ് പറയുന്നത്. മറുഭാഗത്ത് മർവാൻ ബർഗൂതി അടക്കം തടവിലുള്ള സീനിയർ ഹമാസ്, ഫലസ്തീൻ നേതാക്കളെ വിട്ടയക്കാൻ ഇസ്രായേൽ വിസമ്മതം പ്രകടിപ്പിക്കുന്നുണ്ട്. സൈനിക പിന്മാറ്റത്തെക്കുറിച്ചും ഇസ്രായേലും ഹമാസും തമ്മിലും മാധ്യസ്ഥ്യരുമായും അഭിപ്രായ ഭിന്നതയുണ്ട്. ഇതൊക്കെ തീർത്തുവേണം സന്ധിയിലേക്ക് എത്തിച്ചേരാൻ. അതിനു കൂടുതൽ മുൻകൈ ഇസ്രായേൽ പക്ഷത്തുനിന്നാണ് വേണ്ടത്. തെൽ അവീവിനെ മെരുക്കിയെടുക്കാൻ അമേരിക്കക്ക് വിജയിക്കാനാവുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു യുദ്ധവിരാമസന്ധിയുടെ ഭാവി. അതിൽ കഴിഞ്ഞ ഒമ്പതു തവണയും പരാജയപ്പെട്ട ആന്‍റണി ബ്ലിങ്കണും പ്രസിഡന്‍റ് ജോ ബൈഡനും അവർ തന്നെ പറയുന്ന ഈ ‘അവസാനനിമിഷം’ വിജയിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.