ക്രിമിനൽ നടപടിക്രമങ്ങളിൽ ജാമ്യമാണ് നിയമമെന്നും ജയിൽ അപവാദമാണെന്നുമുള്ള നിയമതത്ത്വം പരേതനായ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ്​ 1977ലെ ഒരു വിധിയിൽ എടുത്തുപറഞ്ഞത്​. സുപ്രീംകോടതി ഈയടുത്ത്​ പുറപ്പെടുവിച്ച രണ്ടു വിധികൾ ഈ തത്ത്വം വീണ്ടും ചർച്ചയിൽ വരാൻ നിമിത്തമായിരിക്കുന്നു. ജസ്റ്റിസുമാരായ അഭയ് എസ്. ഓകയും അഗസ്റ്റിൻ ജോർജ് മസീഹും ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയാണ്​ ഒന്ന്. കർശന വ്യവസ്ഥകളുള്ള യു.എ.പി.എ ചാർജ് ചെയ്ത കേസുകളാണെങ്കിലും അനാവശ്യ തടങ്കലും ജാമ്യ നിഷേധവും ഭരണഘടനയുടെ 21ാം അനുച്ഛേദത്തിൽ പറഞ്ഞ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി തറപ്പിച്ചുപറഞ്ഞു. പ്രോസിക്യൂഷന്‍റെ ആരോപണങ്ങൾ എത്ര ഗുരുതരമാണെങ്കിലും നിയമമനുസരിച്ച് ജാമ്യത്തിന്​ അർഹതയുണ്ടോ എന്ന പരിശോധന കോടതിയുടെ ചുമതലയാണെന്ന് ഊന്നിപ്പറഞ്ഞാണ് പാറ്റ്ന ഹൈകോടതിയുടെ വിധി റദ്ദാക്കി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വീടിന്റെ മുകൾനില വാടകക്ക്​ കൊടുത്തതിന് യു.എ.പി.എ അടക്കമുള്ള നിയമത്തിന്‍റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ ബിഹാർ സ്വദേശിക്ക് ജാമ്യം നൽകിക്കൊണ്ടാണ് പരമോന്നത കോടതിയുടെ മേൽ പരാമർശങ്ങൾ. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഫയൽ ചെയ്ത കേസിൽ, 2022ൽ പ്രധാനമന്ത്രിയുടെ ബിഹാർ സന്ദർശനം അട്ടിമറിക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെ കുറ്റങ്ങൾ ആരോപിക്കപ്പെട്ട റിട്ടയേഡ് പൊലീസ് കോൺസ്റ്റബിൾ ജലാലുദ്ദീൻ ഖാൻ വീടിന്‍റെ മുകൾ നിലയിൽ പി.എഫ്.ഐ യോഗം സംഘടിപ്പിക്കാൻ സഹായിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. എന്നാൽ, പി.എഫ്.ഐയുമായി ബന്ധമില്ലെന്നും വീടിന്‍റെ ഭാഗം വാടകക്ക് നൽകുക മാത്രമേ ചെയ്‌തിട്ടുള്ളൂവെന്നുമായിരുന്നു ഖാന്‍റെ വാദം. ആരോപിക്കാവുന്ന തരത്തിൽ കുറ്റകൃത്യത്തിലോ ഗൂഢാലോചനയിലോ പങ്കാളിയായെന്നതിന് തെളിവില്ലെന്ന്​ കോടതി വിലയിരുത്തി. ഖാൻ ഏതെങ്കിലും ഭീകരസംഘടനയിൽ പങ്കാളിയായതായി തെളിയിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

മുസ്‍ലിം അടിച്ചമർത്തലിനെതിരെ അക്രമം നടത്താൻ പി.എഫ്​.ഐ പദ്ധതിയിട്ടിരുന്നുവെന്നും അതിന് 2022 ജൂലൈയിൽ പരിശീലനം സംഘടിപ്പിച്ചുവെന്നുമുള്ള ആരോപണമായിരുന്നു ഖാന്‍റെ മേൽ ചുമത്തിയത്​. അതിനാൽ എൻ.ഐ.എ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതിനെതിരെ നൽകിയ അപ്പീൽ പാറ്റ്ന ഹൈ​കോടതിയും തള്ളി. അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ നൂറുദ്ദീൻ ജംഗിയും അറസ്റ്റിലായി. ഖാനു വേണ്ടി വാദിച്ചതിലൂടെ ആരോപിത സംഘടനക്ക് സഹായം നൽകിയെന്നതായിരുന്നു കുറ്റം. നിരോധിത സംഘടനകൾക്ക് നിയമ സഹായം നൽകുന്നത് യു.എ.പി.എ യിൽ പറഞ്ഞ കുറ്റങ്ങളുടെ നിർവചനത്തിൽ വരില്ലെന്നുപറഞ്ഞ് അഭിഭാഷകന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.

ഭരണകൂടങ്ങൾക്ക്​ ഹിതാനുസാരം ജയിലിലടക്കാനും ജാമ്യം നിഷേധിക്കാനുമുള്ള വകുപ്പുകൾ ഉൾച്ചേർന്നതാണ് യു.എ.പി.എ. അതുപയോഗിച്ചു കൊണ്ടുതന്നെയാണ് സർക്കാറുകൾ പലരുടെയും പേരിൽ കുറ്റങ്ങൾ ചാർത്തുന്നതും ജാമ്യം നിഷേധിച്ച്‌ പീഡിപ്പിക്കുന്നതും. ഫലത്തിൽ നീണ്ടുപോകുന്ന നിയമനടപടികൾ പ്രതികൾക്ക് ശിക്ഷയായി ഭവിക്കും. കുറ്റങ്ങൾ ഇല്ലെങ്കിലും തങ്ങൾക്ക്​ അനഭിമതരായവരെ ദീർഘകാലം അടിച്ചമർത്താൻ നിയമം ഒരുപകരണമാക്കി മാറ്റും. യു.എ.പി.എ ചാർത്തപ്പെടുന്ന ഭൂരിഭാഗം പ്രതികളും നിരപരാധികളായി വിട്ടയക്കപ്പെട്ടതായാണ് അനുഭവം. ഈ പശ്ചാത്തലത്തിലാണ് നിയമപ്രക്രിയ തന്നെ ആരോപിതർക്ക് ശിക്ഷയായി മാറുന്നത്. ഭരണഘടന പൗരർക്ക് ഉറപ്പു നൽകുന്ന സ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെ അവിടെ ചവിട്ടിമെതിക്കപ്പെടുന്നു. മൗലികാവകാശങ്ങൾ കുറ്റവാളികൾക്കും രാജ്യദ്രോഹികൾക്കും ഉള്ളതല്ല എന്നാണ്​ ഇതിന്​ ഭരണകൂട വക്താക്കളുടെ മറുന്യായം. എന്നാൽ, കുറ്റങ്ങൾ ആരോപിക്കുന്നിടത്ത് തന്നെയാണ് അനീതി ആരംഭിക്കുന്നത്​. കേട്ടാൽ ഞെട്ടിപ്പോകുന്ന ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അവക്ക് മേലൊപ്പ് ചാർത്തി അന്യായ തടവുകളുടെ ഇരകൾക്ക് ജാമ്യം നിഷേധിക്കുന്ന കോടതികളുടെ രീതിയെയാണ്​ ചൊവ്വാഴ്‌ച വിധിയിലൂടെ നീതിപീഠം തിരുത്തിയിരിക്കുന്നത്.

ഇതോട് ചേർത്തുവായിക്കേണ്ടതാണ് കഴിഞ്ഞ വ്യാഴാഴ്ച, ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയക്ക് 17 മാസത്തെ ജയിൽ വാസത്തിനുശേഷം ജസ്റ്റിസുമാർ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് അനുവദിച്ച ജാമ്യവും. മദ്യനയത്തിൽ ആരോപിക്കപ്പെട്ട അഴിമതിയുടെ പേരിൽ കേന്ദ്ര ഏജൻസികളായ ഇ.ഡിയും സി.ബി.ഐയും ഫയൽ ചെയ്ത കുറ്റങ്ങളുടെ പേരിലാണ് അദ്ദേഹം ഇത്ര നാൾ അറസ്റ്റിൽ കഴിഞ്ഞത്. സമർപ്പിക്കപ്പെട്ട ജാമ്യാപേക്ഷ വിവിധ ഘട്ടങ്ങളിൽ തള്ളിപ്പോയി-അതിൽ ചിലത് സുപ്രീം കോടതിയിൽ തന്നെ. കഴിഞ്ഞ വർഷം ഒക്ടോബറിൽ വിചാരണ നീണ്ടുപോകുന്ന വിഷയത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത് വിചാരണ ആറ്-എട്ട് മാസങ്ങൾക്കകം പൂർത്തിയാക്കുമെന്നായിരുന്നു. ഇല്ലെങ്കിൽ അദ്ദേഹത്തിന് വീണ്ടും ജാമ്യത്തിന് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഈ വാദം മുഖവിലക്കെടുത്ത് തൽക്കാലം ജാമ്യം നിഷേധിച്ചതും ജൂലൈ മൂന്നിനുമുമ്പ് കുറ്റപത്രം സമർപ്പിക്കുമെന്നുപറഞ്ഞത് അംഗീകരിച്ച് കരുതൽ തടങ്കൽ നീട്ടാൻ കോടതി സമ്മതിച്ചതും നിയമവിദഗ്​ധരുടെ വിമർശനത്തിന്​ ​വിധേയമായിരുന്നു.

അനന്തമായ തടവും ജാമ്യനിഷേധവും പൗരാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നത് അംഗീകരിച്ചതാണ് വിധിയുടെ മർമം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തി​ന്റെ (പി.എം.എൽ.എ) കർശന വ്യവസ്ഥകളൊന്നും മൗലികാവകാശങ്ങൾ നിഷേധിക്കുന്നതിന് ന്യായമായിക്കൂടാ എന്നതും ഇതിനു അടിവരയിടുന്നു. ജാമ്യം നിഷേധിക്കാൻ കാരണമായ പ്രതി ഒളിവിൽ പോകാനോ തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യത ഇല്ലാത്തിടത്തോളം ജാമ്യമാണ് നിയമമെന്നും ഒരു പ്രത്യേക സ്റ്റാറ്റ്യൂട്ടും ഇത് ലംഘിക്കാൻ കാരണമായിക്കൂടാ എന്നും കോടതി തീർപ്പുകൽപിച്ചു എന്നത്​ പൗരാവകാശ വക്താക്കൾക്ക്​ സന്തോഷം പകരുന്നതാണ്​. 

Tags:    
News Summary - Madhyamam editorial 2024 August 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.