രാജ്യസ്നേഹം വളര്‍ത്താന്‍ കോടതി കണ്ടുപിടിച്ച വഴി

പൗരന്മാരില്‍ രാജ്യസ്നേഹവും ദേശീയബോധവും അങ്കുരിപ്പിക്കുന്നതിന് സിനിമശാലകളില്‍ ഓരോ പ്രദര്‍ശനത്തിനു മുമ്പും നിര്‍ബന്ധമായും ദേശീയഗാനം കേള്‍പ്പിക്കുകയും ദേശീയപതാക  പ്രദര്‍ശിപ്പിക്കുകയും വേണമെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നു. ഉത്തരവ് ഒരാഴ്ചക്കകം നടപ്പാക്കണം. ദേശീയഗാനം കേള്‍ക്കുമ്പോള്‍ തിയറ്ററിലുള്ള മുഴുവനാളുകളും ആദരവോടെ എഴുന്നേറ്റുനില്‍ക്കണം. തത്സമയത്ത് സിനിമശാലകളുടെ വാതിലുകള്‍ അടച്ച് ജനങ്ങളുടെ പോക്കുവരവുമൂലമുള്ള ശല്യം ഒഴിവാക്കണമെന്നും ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ് ഘോഷും നിര്‍ദേശിച്ചു. സിനിമതിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതിന്‍െറ ആവശ്യകത ഊന്നിപ്പറഞ്ഞ ന്യായാസനം രാജ്യസ്നേഹമെന്താണെന്ന് വിശദീകരിക്കുന്നത് ഇങ്ങനെ:  ‘‘ഇതെന്‍െറ രാജ്യമാണെന്ന് ജനങ്ങള്‍ക്ക് തോന്നണം. ഇത് എന്‍െറ മാതൃരാജ്യമാണെന്നും. നിങ്ങള്‍ ആദ്യമായി ഒരിന്ത്യക്കാരനാണ്.

മറ്റു രാജ്യങ്ങളില്‍ അവരുടെ നിയന്ത്രണങ്ങള്‍ നിങ്ങള്‍ മാനിക്കുന്നുണ്ട്. ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഒരു നിയന്ത്രണവും ആവശ്യമില്ളേ?’’ ഒരാള്‍ ദേശീയഗാനത്തോടും ദേശീയപതാകയോടും ആദരവ് കാട്ടുമ്പോള്‍ മാതൃരാജ്യത്തോടുള്ള സ്നേഹവും ആദരവുമാണ് പ്രതിഫലിക്കപ്പെടുന്നത്. അതേസമയം, ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന മൗലിക കടമയുടെയും സ്വാതന്ത്ര്യത്തിന്‍െറയും വിഷയത്തില്‍ ആത്മനിഷ്ഠമായ ധാരണകളില്‍ അഭിരമിക്കുന്നവര്‍ ധാരാളമുണ്ടെന്നും അത് ഒഴിവാക്കേണ്ടതുണ്ടെന്നുമാണ് കോടതിയുടെ ഓര്‍മപ്പെടുത്തല്‍. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, ദേശീയഗാനവും പതാകയും വാണിജ്യ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശ്യാം നാരായണ്‍ ചൗക്സെ എന്നയാള്‍ കഴിഞ്ഞ ഒക്ടോബറില്‍ സമര്‍പ്പിച്ച റിട്ട് ഹരജി പരിഗണിക്കവെയാണ് ഇടക്കാല ഉത്തരവിലൂടെ ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന തീരുമാനമുണ്ടായത്. സിനിമശാലകളില്‍ ദേശീയഗാനം ആലപിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇതുവരെ ആരും നീതിപീഠത്തെ സമീപിച്ചിട്ടില്ല.

പൗരന്മാരില്‍, വിശിഷ്യാ പുതുതലമുറയില്‍ ദേശീയബോധവും രാജ്യസ്നേഹവും സന്നിവേശിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നതില്‍ പക്ഷാന്തരമില്ല. ദേശസ്നേഹം എന്നത് നിരര്‍ഥകമായ ആവേശപ്രകടനമല്ല. പ്രത്യുത, പൗരബോധത്തിന്‍െറ ഉള്‍പ്രേരണയാല്‍ സ്വരാജ്യത്തോടും രാജ്യവാസികളോടുമുള്ള ആത്മസമര്‍പ്പണത്തിനുള്ള സന്നദ്ധതയാണ്. മാതൃരാജ്യത്തിന്‍െറ ശ്രേഷ്ഠമായ പൈതൃകങ്ങളോടും പ്രതീകങ്ങളോടും പൗരന്‍െറ ഉള്ളിന്‍െറയുള്ളില്‍നിന്ന് ഉറവയെടുക്കുന്ന സ്നേഹാദരവുകളെയാണ്് രാജ്യസ്നേഹമെന്ന് നാം വിളിക്കുന്നത്. ആര്‍ക്കുമത് ആരുടെമേലും അടിച്ചേല്‍പിക്കാനാവില്ല. സുപ്രീംകോടതിയുടെ പുതിയ തീര്‍പ്പ് യുക്തിഭദ്രമല്ലാത്ത ഒരുതരം അടിച്ചേല്‍പിക്കലാണ്. എന്തുകൊണ്ട് സിനിമശാലകളില്‍ മാത്രം ദേശീയഗാനാലാപനം നിര്‍ബന്ധമാക്കണം? വാണിജ്യകേന്ദ്രങ്ങളിലും വാഹനങ്ങളിലും പൊതുപരിപാടികളിലുമെല്ലാം ഓരോ ദിവസത്തിന്‍െറയും തുടക്കവും ഒടുക്കവുമൊക്കെ ദേശീയഗാനംകൊണ്ടാകുമ്പോള്‍ എല്ലാ ജനവിഭാഗങ്ങളിലും രാജ്യസ്നേഹവും കര്‍ത്തവ്യബോധവുമൊക്കെ പടര്‍ന്നുപന്തലിക്കില്ളേ?  അധമവികാരങ്ങള്‍ ഉണര്‍ത്തുന്ന അശ്ളീലങ്ങളും ക്രൂരതകളും ബീഭത്സതകളും കാണാന്‍ ഇടവരുന്ന സാമാന്യജനത്തിന്‍െറ മനസ്സില്‍ പൗരബോധവും അതുവഴി രാജ്യഭക്തിയും സന്നിവേശിപ്പിക്കാന്‍ കോടതി, ഇത്തരമൊരു കുറുക്കുവഴി അല്ല, മറ്റു വല്ല മാര്‍ഗവുമാണ് കണ്ടുപിടിക്കേണ്ടിയിരുന്നത്. സിനിമശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ അവിടെ സന്നിഹിതരായവര്‍ മുഴുവന്‍ എഴുന്നേറ്റുനില്‍ക്കുന്നുണ്ടെന്ന് എങ്ങനെയാണ് ഉറപ്പുവരുത്തുക? അവശതകൊണ്ടോ മറ്റോ ആരെങ്കിലും എഴുന്നേറ്റുനില്‍ക്കാതിരുന്നാല്‍ ‘രാജ്യദ്രോഹി’യെ അടയാളപ്പെടുത്താന്‍ അതുമാത്രം മതിയാവില്ളേ? പ്രത്യേകിച്ചും, ദേശസ്നേഹ മുദ്രകള്‍ നെറ്റിത്തടത്തില്‍ പതിപ്പിച്ച് ധാര്‍ഷ്ട്യം കാട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ വാഴുന്ന ഇക്കാലത്ത്. കഴിഞ്ഞ ഒക്ടോബറില്‍ പനാജിയില്‍ എഴുത്തുകാരനും കവിയുമായ സലീല്‍ ചതുര്‍വേദി ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റുനില്‍ക്കാത്തതിന്‍െറ പേരില്‍ ആക്രമിക്കപ്പെട്ടത് ആരും മറന്നിട്ടില്ല.

സ്വാഭാവികമെന്നോണം, സുപ്രീംകോടതി വിധിയെ ബി.ജെ.പി നേതൃത്വം ഹൃദയംഗമമായി സ്വാഗതംചെയ്തിട്ടുണ്ട്. ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ ആശയത്തെയാണ് കോടതി ബലപ്പെടുത്തിയിരിക്കുന്നതെന്നാണ് പാര്‍ട്ടി നാഷനല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മ അഭിപ്രായപ്പെട്ടത്. എന്നാല്‍, വിധിക്കെതിരെ നിയമലോകത്തുനിന്ന് ശക്തമായ വിയോജിപ്പ് ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകാടതി അതിന്‍െറ പരിധി ലംഘിച്ച് നിയമനിര്‍മാണം നടത്തിയിരിക്കുകയാണെന്നും ബിജു ഇമ്മാനുവല്‍ കേസിലെ തീര്‍പ്പിനെ മറികടന്നാണ് ഇപ്പോഴത്തെ നടപടിയെന്നുമാണ് മുന്‍ അറ്റോണി ജനറല്‍ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടിയത്. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ ഈ വിധിയെ ‘കോണ്‍സ്റ്റിറ്റ്യൂഷനല്‍ പാട്രിയോട്ടിസം’ എന്നാണ് ഭരണഘടന വിദഗ്ധനായ രാജീവ് ധവാന്‍ അഭിപ്രായപ്പെട്ടത്. നീതിപീഠം, അധികാരപരിധി ലംഘിച്ചാണ് നിയമനിര്‍മാണത്തിന്‍െറ മേഖലയിലേക്ക് അധിനിവേശം നടത്തിയിരിക്കുന്നത്. ദേശീയതയെയും ദേശസ്നേഹത്തെയും സംബന്ധിച്ച, ഗഹനമായ ഒരു ബോധ്യത്തിന്‍െറ അടിസ്ഥാനത്തിലല്ല ജുഡീഷ്യറിയുടെ അനാവശ്യമായ ഈ സക്രിയതയെന്നും പ്രായോഗികതലത്തില്‍ അത് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രാഥമികമായി ആര്‍ക്കും വിലയിരുത്താനാവും. 

Tags:    
News Summary - national anthem at theater madhyamam editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT