ഒബാമയുടെ യാത്രാമൊഴി

അമേരിക്കന്‍ പ്രസിഡന്‍റ് പദവിയില്‍നിന്നു വിരമിക്കുന്ന ബറാക് ഒബാമ ബുധനാഴ്ച ഷികാഗോയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം അദ്ദേഹത്തിന്‍െറയും രാജ്യത്തിന്‍െറയും നയനിലപാടുകള്‍ക്കുനേരേ പിടിച്ച കണ്ണാടിയായി. 2008ല്‍ പ്രഥമപൗരനായി ജൈത്രയാത്രക്ക് തുടക്കം കുറിച്ചിടത്തുതന്നെ നടത്തിയ യാത്രാമൊഴിയില്‍ പിന്നിട്ട നാളുകളെക്കുറിച്ച ഏറ്റുപറച്ചിലുണ്ട്, അവകാശവാദങ്ങളുണ്ട്, ഭാവിയെക്കുറിച്ച പ്രതീക്ഷയും ആശങ്കയുമുണ്ട്. ലോകത്തെ വന്‍ശക്തിരാജ്യത്തെ രണ്ടു ഊഴത്തില്‍ നയിച്ച ഒബാമ ആഭ്യന്തരരംഗത്തും അന്താരാഷ്ട്രീയതലത്തിലും അനുകൂലികളെയും പ്രതിയോഗികളെയും സൃഷ്ടിച്ച നിരവധി നീക്കങ്ങള്‍ നടത്തി. വാഗ്ദാനങ്ങള്‍ പലതു നല്‍കി. കുറെ നടപ്പാക്കി, കുറേയേറെ പാഴാക്കി. എല്ലാം കഴിഞ്ഞ് എട്ടു വര്‍ഷത്തെ ഭരണകാലത്തെ അവലോകനം ചെയ്യുമ്പോള്‍ തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്ന പ്രതീതിയാണ് അദ്ദേഹത്തിന്. മാറ്റത്തിനുവേണ്ടി വോട്ടു ചോദിച്ച് 2008ല്‍ ജയിച്ചപ്പോള്‍ ഒബാമ പറഞ്ഞത്, തന്‍െറ വിജയം മാറ്റമല്ല, അതിനുള്ള വഴിയാണെന്നായിരുന്നു. 2017ല്‍ രണ്ടു വട്ടം പ്രസിഡന്‍റ് സ്ഥാനത്ത് തികച്ച് പടിയിറങ്ങുമ്പോള്‍ പങ്കുവെക്കുന്ന അനുഭവബോധ്യവും ഇങ്ങനെയൊക്കെ തന്നെ. ഭരണഘടനയല്ല, പൗരസഞ്ചയമാണ് ജനാധിപത്യത്തെ കൊണ്ടുനടത്തുന്നതെന്നാണ് ഷികാഗോയില്‍ ഒബാമ പറഞ്ഞത്. രാഷ്ട്രനായകന്‍ എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തനിര്‍വഹണത്തിലൂടെ രാജ്യത്തുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ഊറ്റംകൊള്ളുമ്പോഴും അമേരിക്ക പരമ്പരാഗതമായി കൊണ്ടുനടക്കുന്ന ജീര്‍ണതകളെ തൊടാനായില്ല എന്ന കുറ്റബോധം അദ്ദേഹം പങ്കുവെക്കുന്നു. ഇത്തരമൊരു അമേരിക്ക ഡോണള്‍ഡ് ട്രംപ് എന്ന പിന്‍ഗാമിയുടെ കൈകളില്‍ വരുമ്പോള്‍ സംഭവിക്കാവുന്ന അനര്‍ഥങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്നു.

മാറ്റത്തിനുവേണ്ടി വിധിയെഴുതിയ ജനതയെ നിരാശപ്പെടുത്തുന്നതായിരുന്നു ഒബാമയുടെ ആദ്യനാളുകള്‍. 80 വര്‍ഷത്തെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് സാമ്പത്തികരംഗം കൂപ്പുകുത്തി. എന്നാല്‍, എട്ടുവര്‍ഷം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ 113 ലക്ഷം തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിച്ച് തൊഴിലില്ലായ്മ പത്തില്‍ നിന്ന് 4.7 ശതമാനമാക്കി കുറച്ചു. തന്‍െറ പേരിലുള്ള ‘ഒബാമ കെയര്‍’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴി ദശലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസം നല്‍കി. ഈ നേട്ടങ്ങളുടെയെല്ലാം തെളിച്ചം കെടുത്തുന്നതാണ് അമേരിക്ക മേനിനടിക്കുന്ന ജനാധിപത്യ, മാനവികമൂല്യങ്ങളില്‍ രാജ്യം കൂടക്കൂടെ പിറകോട്ടു പോകുന്ന വര്‍ത്തമാനകാഴ്ചകള്‍. രണ്ടടി മുന്നേറുമ്പോള്‍ ഒരടി പിറകോട്ടാണെന്ന തോന്നലാണുണ്ടാവുന്നതെന്ന് ഒബാമ തന്നെ ഏറ്റുപറയുന്നു.

2008ല്‍ രാജ്യത്തെ ആദ്യ കറുത്ത വംശക്കാരനായ പ്രസിഡന്‍റായി ഒബാമ സ്ഥാനമേല്‍ക്കുമ്പോള്‍  വംശീയവെറിക്ക് അയവുവരുത്താന്‍ അതിടയാക്കുമെന്ന് കറുത്തവരെങ്കിലും ധരിച്ചു. എന്നാല്‍, രണ്ടാമൂഴം പൂര്‍ത്തീകരിക്കുന്ന വര്‍ഷത്തിലും പൊലീസുമായും ബ്ളാക് ലൈവ്സ് മാറ്റര്‍ മൂവ്മെന്‍റ് പോലുള്ള വംശീയഭ്രാന്തരുമായുമുള്ള ഏറ്റുമുട്ടലില്‍ പ്രമുഖരായ പത്തുപേരടക്കം നിരവധി അമേരിക്കന്‍ ആഫ്രിക്കക്കാര്‍ കൊല്ലപ്പെട്ടു. കറുത്തവര്‍ നേരിടുന്ന വിവേചനം മറ്റെന്നത്തേക്കാളും മോശമായ അവസ്ഥയിലാണ്. ഒടുവില്‍ വംശവെറി മുഖമുദ്രയാക്കിയ ഭരണ, സൈനികതലങ്ങളിലൊന്നും പരിചയമില്ലാത്ത ഒരാള്‍ രാജ്യഭരണം കൈയേല്‍ക്കുന്നതിലത്തെി കാര്യങ്ങള്‍. കറുത്തവരോടും മുസ്ലിംകളോടും കുടിയേറ്റക്കാരോടുമുള്ള വെളുത്തവരുടെ മേക്കിട്ടുകയറ്റം അവസാനിക്കുന്നില്ളെന്നു ഒബാമ ചൂണ്ടിക്കാട്ടി. ജനസംഖ്യാനുപാതത്തില്‍ സാരമായ മാറ്റം വന്നുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വെള്ളക്കാരന്‍െറ അസ്വസ്ഥതകള്‍ കറുത്തവരുടെയും വംശീയന്യൂനപക്ഷങ്ങളുടെയും ദുരിതമാക്കി മാറ്റുന്ന അവസ്ഥ മാറണമെന്ന് നിര്‍ദേശിക്കുന്നു. വര്‍ണ, വംശവിവേചനത്തിനു മാറ്റംവരുത്താന്‍ നിയമങ്ങള്‍ക്കല്ല, മനസ്സുകള്‍ക്കേ കഴിയൂ എന്നു പറഞ്ഞ അദ്ദേഹം ന്യൂനപക്ഷങ്ങള്‍ ഒച്ചവെക്കുന്നത് പ്രത്യേക പരിഗണനക്കല്ല, പൂര്‍വപിതാക്കള്‍ വാക്കുകൊടുത്ത അവസരസമത്വത്തിനാണെന്ന് അമേരിക്കക്കാരെ ഓര്‍മപ്പെടുത്തുന്നു. ജനാധിപത്യത്തെക്കുറിച്ച് ലോകത്തിനു മുന്നില്‍ വാചാലരാകുകയും അതേചൊല്ലി ദേശങ്ങളിലേക്ക് അധിനിവേശപ്പട നയിക്കുകയും ചെയ്ത അമേരിക്ക ഇനിയും സ്വന്തമാക്കേണ്ട പ്രാഥമികമര്യാദയാണ് അതെന്നും ജനാധിപത്യമെന്നാല്‍ ഏകപക്ഷീയതയല്ല, ഇതരരോടുള്ള ഐക്യപ്പെടലാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.

ഈ ഉദ്ബോധനങ്ങള്‍ ഒബാമയെ തന്നെ തിരിഞ്ഞുകുത്തുന്നുണ്ട്. അധിനിവേശത്തിന്‍െറ ആശാനായ ജോര്‍ജ് ഡബ്ള്യു. ബുഷിനുശേഷം വരുന്ന ഒബാമയെ അമേരിക്കന്‍ ആധിപത്യക്കെടുതിക്കിരയായ രാജ്യങ്ങളടക്കം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. ഇറാഖ്, അഫ്ഗാന്‍ പിന്മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടാനും ഗ്വണ്ടാനമോ തടങ്കല്‍പാളയം അടച്ചുപൂട്ടാനുമുള്ള പ്രഖ്യാപനങ്ങള്‍, ആദ്യനാളുകളില്‍തന്നെ കൈറോയില്‍ പറന്നിറങ്ങി അറബ് മുസ്ലിം നാടുകളുമായുള്ള മാറ്റം വരുത്തുമെന്ന വാഗ്ദാനം എന്നിവ ആ പ്രതീക്ഷയെ ത്വരിപ്പിച്ചു. എന്നാല്‍, 2016 ല്‍ മാത്രം സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍, ലിബിയ, യമന്‍, സോമാലിയ, പാകിസ്താന്‍ ഏഴു രാജ്യങ്ങളിലായി 26,171 ബോംബുകള്‍ ഒബാമ ഭരണകൂടം വര്‍ഷിച്ചെന്നാണ് കണക്ക്. ഇറാനും ക്യൂബയുമായുള്ള ശാത്രവം അവസാനിപ്പിച്ചതിന്‍െറ അകംനേട്ടങ്ങള്‍ പുറത്ത് വലിയ വിശ്വാസനഷ്ടമാണുണ്ടാക്കിയത്. മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകളുടെ സംരക്ഷകനായതും അവസാനനാളില്‍ ഫലസ്തീനിലെ ഇസ്രായേല്‍ കോളനിനിര്‍മാണത്തിനെതിരായ യു.എന്‍ പ്രമേയത്തിനനുകൂലമായി വിട്ടുനിന്നതുമൊഴിച്ചാല്‍ എണ്ണിപ്പറഞ്ഞ ‘പരമ്പരാഗതരോഗങ്ങ’ളില്‍ നിന്നു മുക്തനായിരുന്നില്ല അദ്ദേഹവും. ആ രോഗം അമേരിക്കയെ എത്രകണ്ട് ഗ്രസിച്ചു എന്നാണ് ഒബാമ  വ്യക്തമാക്കിയത്. മറയേതുമില്ലാതെ, ഈ രോഗങ്ങളെല്ലാം അലങ്കാരമാക്കി മാറ്റിയ അല്‍പബുദ്ധികള്‍ അധികാരത്തിലേക്ക് അണിഞ്ഞൊരുങ്ങുമ്പോള്‍ ലോകത്തിന് നടുക്കമേറ്റുന്നതാണ് ഒബാമയുടെ വാക്കുകള്‍.

Tags:    
News Summary - Obama's farewell speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.