വിവാഹപ്രായത്തിന്‍റെ പേരിലുള്ള നാടകങ്ങൾ

പാർലമെൻറിനെ നോക്കുകുത്തിയാക്കിയും പരിഹസിച്ചും തങ്ങളുടെ അജണ്ടകൾ നടപ്പാക്കിയെടുക്കുക എന്നത് കേന്ദ്ര സർക്കാർ ഒരു ശീലമായി സ്വീകരിച്ചിട്ട് കാലം കുറച്ചായി. 'ബില്ലുകൾ ചുട്ടെടുക്കുക' എന്ന പ്രയോഗം അക്ഷരാർഥത്തിൽതന്നെ നടപ്പാക്കപ്പെടുന്ന അവസ്ഥയാണ്. തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനാവശ്യമായ നിയമനിർമാണങ്ങളും നിയമഭേദഗതികളും എങ്ങനെയെങ്കിലും നടപ്പാക്കുക എന്നതാണ് രീതി. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കി മാറ്റാൻ ലക്ഷ്യംവെച്ചുള്ള നിയമഭേദഗതി പക്ഷേ, അങ്ങനെ ചുട്ടെടുത്തിട്ടില്ല. പകരം, സബ്ജക്ട്​ കമ്മിറ്റിക്ക് വിടുകയാണ് ചെയ്തിരിക്കുന്നത്. ബിൽ സബ്ജക്ട്​ കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കുകവഴി കേന്ദ്രം ഉന്നതമായ ജനാധിപത്യസംസ്​കാരം ഉയർത്തിപ്പിടിച്ചുവെന്നൊക്കെ ബി.ജെ.പിക്ക് വാദിക്കാം. എന്നാൽ, സത്യത്തിൽ അതാണോ കാര്യം എന്ന് പരിശോധിക്കേണ്ടതുണ്ട്.

ലോകത്ത് മഹാഭൂരിപക്ഷം രാജ്യങ്ങളിലും 18 ആണ് സ്​ത്രീകളുടെ വിവാഹപ്രായം. സ്​ത്രീശാക്തീകരണത്തിൽ മുൻപന്തിയിലുള്ളത് എന്ന് കരുതപ്പെടുന്ന പടിഞ്ഞാറൻ മുതലാളിത്ത രാജ്യങ്ങളിലും അതുതന്നെയാണ് അവസ്ഥ. എന്നാൽ, ഇന്ത്യയിലെ സ്​ത്രീകളുടെ ശാക്തീകരണത്തി​െൻറ പുതുവഴിയായി കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന ആശയമാണ് വിവാഹപ്രായം 21 ആക്കി ഉയർത്തുക എന്നത്. അത് എങ്ങനെയാണ് സ്​ത്രീകളെ ശക്തിപ്പെടുത്തുക എന്നത് പക്ഷേ, യുക്തിപൂർവം ഇതുവരെയും വിശദീകരിക്കപ്പെട്ടിട്ടില്ല. നിയമ കമീഷനും ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചിട്ടില്ല. എന്നാൽ, പുരുഷന്മാരുടെ വിവാഹപ്രായം 21ൽനിന്ന് 18ലേക്ക് താഴ്ത്തണമെന്ന് ശിപാർശ ചെയ്ത വിദഗ്ധരുണ്ടുതാനും. രാജ്യത്തെ പ്രധാനപ്പെട്ട സ്​ത്രീവാദ പ്രസ്ഥാനങ്ങളും വിവാഹപ്രായം 21 ആയി ഉയർത്തുന്നതിന് എതിരാണ്. പിന്നെ എന്തിനാണ് കേന്ദ്രസർക്കാർ ഈ നാടകം കളിക്കുന്നത്? അതിന് പലതുണ്ട് കാരണങ്ങൾ.

സ്​ത്രീകളുടെ വിവാഹപ്രായം ഉയർത്തുകവഴി മുസ്​ലിംകളെ പ്രഹരിക്കാൻ സാധിക്കുമെന്നാണ് ബി.ജെ.പിയും കേന്ദ്രസർക്കാറും വിചാരിക്കുന്നത്. നിയമഭേദഗതിക്കെതിരെ മുസ്​ലിം സമുദായത്തിൽനിന്ന് വലിയ എതിർപ്പ് ഉയരുമെന്നും അതിലൂടെ വർഗീയ മുതലെടുപ്പ് ഉണ്ടാക്കാമെന്നും അവർ കരുതുന്നു. അങ്ങനെയുണ്ടാകുന്ന വർഗീയ അന്തരീക്ഷം വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാമെന്നും അവർ കണക്കു കൂട്ടുന്നുണ്ട്. ഒരുവെടിക്ക് പല പക്ഷികളാണ് ലക്ഷ്യം. ഒരുവശത്ത് വർഗീയത, മറുവശത്ത് പുരോഗമന വാദികളെന്ന പ്രതിച്ഛായ. പ്രതിപക്ഷം ബില്ലിനെ എതിർത്താൽ മുസ്​ലിംകൾക്ക് വേണ്ടി സ്​ത്രീവിരുദ്ധവും പിന്തിരിപ്പനുമായ നിലപാട് സ്വീകരിക്കുന്നുവെന്ന് പ്രചരിപ്പിക്കാം. ഇങ്ങനെ പല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ബാലവിവാഹ നിരോധന ഭേദഗതി നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ടുവന്നത്.

എങ്ങനെയും ബില്ല് പാസാക്കിയെടുക്കുക എന്ന തങ്ങളുടെ പതിവുരീതി എന്തുകൊണ്ടായിരിക്കും വിവാഹപ്രായ ബില്ലി​െൻറ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കാതിരുന്നത്? വിവാഹപ്രായം വർധിപ്പിക്കുന്നതിൽ സംഘപരിവാരത്തിനകത്ത് ഏകാഭിപ്രായം ഇ​െല്ലന്നതാണ് വാസ്​തവം. വിവാഹപ്രായം വർധിപ്പിക്കുന്നത് ഏറ്റവും ദോഷകരമായി ബാധിക്കുക ഹിന്ദുസമൂഹത്തെയാണ് എന്ന് വിചാരിക്കുന്നവർ സംഘപരിവാരത്തിനകത്തുതന്നെയുണ്ട്. മുസ്​ലിംകളുടേത് മാത്രമായി വിവാഹപ്രായം വർധിപ്പിക്കാൻ നിയമപരമായി പറ്റില്ലല്ലോ. അപ്പോൾ പിന്നെ, ബില്ല് വരുന്നേ എന്ന ബഹളമുണ്ടാക്കിയും ബില്ല് അവതരിപ്പിച്ചും തങ്ങളുടെ പുരോഗമന താൽപര്യം നാട്ടുകാരെ ബോധ്യപ്പെടുത്തുക. മുസ്​ലിംകളും പ്രതിപക്ഷവുമാണ് നാട്ടിലാകെ കുഴപ്പങ്ങളുണ്ടാക്കുന്നതെന്ന് പ്രചരിപ്പിക്കുക. ബിൽ സെലക്ട്​ കമ്മിറ്റിക്ക് വിടുകവഴി തങ്ങൾ ഉത്തമ ജനാധിപത്യവാദികളാണ് എന്ന് കൊട്ടിഘോഷിക്കാനും പറ്റും. അതേസമയം, ബില്ല് പാസാക്കാത്തതുവഴി സംഘപരിവാരത്തിനകത്തെ വിയോജിപ്പുള്ളവരെ കൂടെനിർത്താനുമാവും. അങ്ങ​െന എല്ലാനിലക്കും മികച്ചൊരു രാഷ്​​ട്രീയ ആയുധം എന്നനിലക്കാണ് ബി.ജെ.പി വിവാഹപ്രായവുമായി ബന്ധപ്പെട്ട നിയമനിർമാണത്തെ കാണുന്നത്. ഇതൊന്നും മനസ്സിലാക്കാത്ത പ്രതിപക്ഷം ഇതിനകത്ത് എന്ത് നിലപാടെടുക്കണം എന്നകാര്യത്തിൽ വരെ ഇരുട്ടിൽതപ്പുകയാണ്.

ലഖിംപുർ വിഷയത്തിൽ പ്രതിപക്ഷ എം.പിമാർ സഭക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കവെയാണ് ബില്ലി​െൻറ പകർപ്പ് എം.പിമാർക്ക് കിട്ടുന്നതും ബില്ല് അവതരിപ്പിക്കാൻ പോവുകയാണ് എന്ന് അറിയുന്നതും. വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നകാര്യത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് ഒരു തീർപ്പിലെത്താൻപോലും പറ്റിയിരുന്നില്ല. സബ്ജക്ട്​ കമ്മിറ്റിക്ക് വിടുക എന്ന ഒറ്റ പോയൻറിലാണ്​ അവർ ഊന്നിയത്. പുരോഗമന വിരുദ്ധരായി ചാപ്പകുത്തപ്പെടുമോ എന്നഭീതിയാണ് കൃത്യമായ നിലപാടെടുക്കുന്നതിൽനിന്ന് അവരെ തടഞ്ഞത്. ഈ ആശയക്കുഴപ്പങ്ങളെ നന്നായി മുതലാക്കാൻ ബി.ജെ.പിക്ക് സാധിക്കുകയും ചെയ്തു.

Tags:    
News Summary - Plays on the age of marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.