ധർമയോദ്ധാ

കരിമ്പിന്​ കമ്പ്​ കേട്​ എന്നു പഴമക്കാർ മൊഴിഞ്ഞത്​ മലപ്പുറം വളാ​േ​ഞ്ചരി കാട്ടിപ്പരുത്തി കൂരിപ്പറമ്പിൽ തെക്കുമ്പാട്ട്​ ജലീലി​െന കണ്ടല്ല എന്നതു കട്ടായം. ക​േമ്പാ കൊ​േമ്പാ ജലീലിനു കേട്​ എന്ന്​ അടുത്തിടപഴകുന്നവർക്കും സംശയം. നാവിൽ കളിയാടിയ സരസ്വതിയുടെ അനുഗ്രഹത്തിൽ അധികാര രാഷ്​ട്രീയത്തിലേക്ക്​ അടിവെച്ചടിവെച്ച്​ കയറിയതാണ്​​.

അതി​െൻറ അർമാദത്തിലെവിടെയോ സരസ്വതി കൈവിട്ടുപോയി. പകരം കയറിപ്പറ്റിയത്​ ഗുളികൻ. ഗുളിക​െൻറ ദോഷം ചില്ലറയല്ല. മന്ദരയുടെ നാവിൽ ലവൻ കയറിയതുമൂലമാണ്​ ശ്രീരാമനും സീതക്കും വനവാസത്തിനു പോകേണ്ടിവന്നത്​. നാവിൽ ഗുളികനായാൽ ആൾ ക്ഷിപ്രകോപിയാകുമെന്നാണ്​ ജ്യോതിഷമതം. ചെറിയ രീതിയിൽപോലും മറ്റുള്ളവർ പ്രകോപനമുണ്ടാക്കിയാൽ പെ​െട്ടന്ന്​ കോപത്തോടെ പ്രതികരിക്കും.

എത്ര ഉന്നതവിദ്യാഭ്യാസമോ കാര്യനിർവഹണശേഷിയോ ഉണ്ടെങ്കിലും ആശയവിനിമയത്തിൽ പരാജയപ്പെടും. നാവിൽ ഗുളികൻ നിന്നാൽ മറ്റുള്ളവർ പ്രകോപനമുണ്ടാക്കണമെന്നില്ല. സ്വയം പ്രകോപിതരായി സംസാരിക്കും. ഇത്തരക്കാർക്ക് പലരുമായുള്ള ആത്മബന്ധങ്ങളും നഷ്​ടമാകും. ഗുളിക​െൻറ കൂടെ വല്ല ശുഭഗ്രഹമോ ശുഭദൃഷ്​ടിയോ ഉ​െണ്ടങ്കിൽ ദോഷത്തിന്​ അയവുവന്നേക്കാം. എന്നാൽ, പാപഗ്രഹങ്ങൾ കൂടെ നിൽക്കു​േമ്പാൾ ഇൗ അവസ്​ഥ കൂടുതൽ കഠിനമാകുമെന്നാണ്​ വെപ്പ്​.

കവടി നിരത്തുന്ന സഖാക്കൾ ലക്ഷണമുറപ്പിച്ചി​െട്ടന്ത്, ഒന്നും ഉന്നതമന്ത്രിയുടെ തലയിൽ കയറില്ല. ത​െൻറ തലേലെഴുത്ത്​ ധർമയുദ്ധമാണെന്നാണ്​ അങ്ങേരുടെ ഒരിത്​. പണ്ടുപണ്ട്​ ഇങ്ങനെ സ്വയം ജാതകം കുറിച്ച്​ ഇറങ്ങിത്തിരിച്ച ഒരു ധർമയോദ്ധാവുണ്ടായിരുന്നു സ്​​െപയിനിൽ. പേര്​ അലൻസോ. നാട്ടിൻപുറത്തുനിന്നു മന്ത്രവാദികളുടെയും അതിസാഹസികരുടെയും കഥകൾ വായിച്ചു അതിലെ കഥാപാത്രങ്ങൾ ബാധയായി കയറിക്കൂടി പടക്കിറങ്ങി​.

അങ്കം വെട്ടി എല്ലാം ശരിയാക്കിയിട്ടു തന്നെ കാര്യം. കാറ്റാടിയന്ത്രങ്ങളെ കണ്ട്​ രാക്ഷസന്മാരെന്നും ആട്ടിൻകൂട്ടത്തെ കണ്ട് പട്ടാളക്കാരെന്നും നിരൂപിച്ചു കടന്നാക്രമിച്ചു. അങ്ങനെ നിഴലുകളോടു തുടരത്തുടരെ പടവെട്ടി പരാജയപ്പെട്ടു ചരമമടഞ്ഞപ്പോൾ ഡോൺ ക്വിക്​സോ​ട്ട്​ എന്നു പേരുമാറ്റിയതു മാത്രമായിരുന്നു മിച്ചം.

പിണമായ ഡോൺ ക്വിക്​സോ​ട്ടും പിണറായി​മന്ത്രിസഭയിലെ പവനായ കെ.ടി. ജലീലും തമ്മിലെന്ത്​? വായിച്ചു തലതിരിഞ്ഞതായിരുന്നു ​ക്വിക്​സോ​ട്ടി​െൻറ പ്രശ്​നം​. എന്നാൽ, തലതിരിഞ്ഞ വായനയാണ്​ ജലീലിനു പറ്റിയതെന്ന്​ ജീവിത നാ​ൾവഴികൾ സാക്ഷി​. അതാണിപ്പോൾ എൻഫോഴ്​സ്​മെൻറി​െൻറയും എൻ.​െഎ.എയുടെയും കസ്​റ്റംസി​െൻറയുമൊക്കെ ആപ്പീസുകളിൽ പാത്തും പതുങ്ങിയും കയറിയിറങ്ങേണ്ട നിലയി​െലത്തിച്ചത്​.

സംസ്​ഥാന മന്ത്രിയാണ്​, മുഖ്യമന്ത്രിയുടെ സ്വന്തമാണ്​, ഇവിടത്തെയു​ം അവിടത്തെയും ശൈഖുമാരുടെ തോഴനാണ്​ എന്നതൊന്നും മതിയാവില്ല നയതന്ത്രകാര്യങ്ങളിൽ തലയിടാൻ. അതിന്​ ചട്ടവും പ്രോ​േട്ടാകോളുമുണ്ട്​. റമദാൻ കിറ്റായാലും ഖുർആൻ കോപ്പിയായാലും ഇൗത്തപ്പഴമായാലും അതിനൊരു നാട്ടുനടപ്പും നിയമവുമുണ്ട്​. അതൊന്നുമറിയാത്തയാളോ ഉന്നത വിദ്യാഭ്യാസമന്ത്രി എന്നാണ്​ എല്ലാവരും മൂക്കത്ത്​ വിരൽ വെക്കുന്നത്​.

1967 മേയ്​ 30ന്​ വളാഞ്ചേരിയിൽ ജനനം. കുറ്റിപ്പുറം ഗവ. ഹൈസ്​കൂളിൽ നിന്നു എസ്​.എസ്​.എൽ.സി. ചേന്ദമംഗല്ലൂർ ഇസ്​ലാഹിയ കോളജിൽ നിന്നു പ്രീഡിഗ്രി, തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജിൽ നിന്ന്​ ഡിഗ്രിയും പി.ജിയും. 2006ൽ കേരള സർവകലാശാലയിൽ നിന്നു പി.എച്ച്​.ഡി. ചരിത്രമായിരുന്നു എന്നും ഇഷ്​ടവിഷയം. രാഷ്​ട്രീയജീവിതത്തോടൊപ്പം കുടുംബവും കരുപ്പിടിപ്പിച്ചു. അധ്യാപികയായ ഫാത്തിമക്കുട്ടി ഭാര്യ. മൂന്നു മക്കൾ.

സ്വന്തം നില ഭദ്രമാക്കിയേ ഇന്നോളം എന്തും ചെയ്​തിട്ടുള്ളൂ. കാറ്റനുസരിച്ച്​ പാറ്റാനുള്ള ആ വൈദഗ്​ധ്യം ഒന്നു വേറെതന്നെ​. മുസ്​ലിംലീഗി​െൻറ കോട്ടയിൽ എം.എസ്​.എഫുകാരനായി. സ്​കൂളിൽനിന്നു കോളജിലെത്തിയപ്പോൾ 'മതരാഷ്​ട്ര വാദി'യായി​.

അതിൽ ഹരം കയറിയപ്പോൾ​​​ തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജിൽ സിമിക്കാരനായി​. ഇന്ത്യയുടെ മോചനം സിമി ഇസ്​ലാമിലൂടെ കണ്ടപ്പോൾ അതി​െൻറ നാവായി. ഇൻറഗ്രേറ്റഡ്​ ബിരുദാനന്തര കോഴ്​സുമായി ബന്ധപ്പെട്ട പ്രക്ഷോഭകാലത്ത്​ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയുടെ പൂമുഖത്തെ സിമിയുടെ നിത്യപ്രഭാഷകനായപ്പോൾ അടുത്ത യൂനിയൻ തെരഞ്ഞെടുപ്പിന്​ യൂനിവേഴ്​സിറ്റി കൗൺസിലിലേക്ക്​ പാർട്ടി കണ്ടുവെച്ചു.

എന്നാൽ, യു.യു.സിയുടെ ചെറ്റ സീറ്റിലല്ല, കാമ്പസ്​ ചെയർമാൻ സ്​ഥാനത്തായിരുന്നു യുവനേതാവി​െൻറ കണ്ണ്​​. പവറിനും പത്രാസിനും മോഹം മുള പൊട്ടിയപ്പോൾ സിമി​ വിട്ടു.​ നോക്കിലൊരു ലുക്കും നാക്കിനു ഉൗക്കുമുള്ളതിനാൽ കൂടെ കൂട്ടാൻ രാഷ്​ട്രീയക്കാർ പാഞ്ഞെത്തി. വായ്​ത്താരി കേട്ടു മുന്നിൽ അന്തിച്ചുനിൽക്കുന്നവരെല്ലാം ആരാധകരെന്നു കരുതി. അങ്ങനെ കൗരവപ്പടയോടെതിരിടാൻ അർജുനനായി സ്വയം കൽപിച്ചു സ്വതന്ത്രനായി മത്സരിച്ചു.

അടിതെറ്റി വീ​ണപ്പോൾ 'കുരുക്ഷേത്ര ഭൂമിയിൽ അർജുനൻ വീ​ണേ'യെന്നായിരുന്നു വിലാപം. അതോടെ ഇസ്​ലാമികരാഷ്​ട്രീയത്തി​െൻറ വിമോചന തത്ത്വശാസ്​ത്രമൊക്കെ അട്ടത്തുവെച്ച്​ അധികാരരാഷ്​ട്രീയത്തി​െൻറ ഗുണകോഷ്​ഠം പഠിക്കാനിറങ്ങി. അടിത്തട്ടിൽനിന്നു പ്രവർത്തനപരിചയത്തി​െൻറ പടവുകൾ കയറി അധികാരപദവിയിലെത്തുന്ന ആരോഹണക്രമ​മായിരുന്നില്ല, ആരുടെയും സേവ പിടിച്ചു മോന്തായം വഴി നേതൃപദവിയിലേക്ക്​ കുറുക്കുവഴിയായിരുന്നു എന്നും പഥ്യം.

കൈമെയ്​ മറന്ന്​ അധ്വാനിച്ച അണികൾ മുസ്​ലിംലീഗിൽ വെയിലത്തു വരിനിൽക്കെ പാണ​ക്കാട്ടുചെന്ന്​ തൊപ്പിയിടാൻ ശ്രമിച്ചത്​ കൈയോടെ പിടിച്ചപ്പോൾ തങ്ങൾ മടക്കിയയച്ചു, താഴെ പാർട്ടിയിൽ പ്രവൃത്തിപരിചയ പരീക്ഷ പാസായി അംഗത്വമെടുക്കാൻ. എന്നാൽ, അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറിയുടെ ഒൗദാര്യത്തിൽ കാര്യം നേടി. ഒറ്റ മയക്കുവെടിയിൽ അന്ന്​ ഒപ്പിച്ചെടുത്തത്​ രണ്ടു ​സ്​പെഷൽ ഒാർഡറുകൾ- തൊഴിലും നേതൃസ്​ഥാനവും ഒന്നിച്ച്​. പുത്തൻകൂറ്റുകാരന്​ ഒത്ത പരിഗണന കിട്ടാതെ വന്ന​പ്പോൾ വിലപേശൽ സാധ്യത ആരാഞ്ഞു.

പിന്നെയും വിൽപനക്കുവെച്ചപ്പോൾ വില പറഞ്ഞത്​ ഇടതുപക്ഷം. കുറ്റിപ്പുറത്ത്​ സ്വതന്ത്രവേഷം കെട്ടിച്ചുള്ള പരീക്ഷണത്തിൽ അന്ന്​ സമുദായം മുസ്​ലിംലീഗിന്​ ശിക്ഷ കൊടുക്കാനുറച്ചതിനാൽ എം.എൽ.എയായി ഭാഗ്യദശ തെളിഞ്ഞു. അത്​ നഷ്​ടപ്പെടാതെ നിലനിർത്താൻ പാർട്ടിയിൽ പിടിയുറക്കണം. സിമിയിൽനിന്നു ലീഗി​േലക്കു വന്നപ്പോഴെന്ന പോലെ അവിടെയും ഡയറക്​ട്​ അപ്പോയ്​ൻറ്​മെൻറിനുള്ള സ്​പെഷൽ ഒാർഡറാണ്​ തേടിയത്​.

കേരളയാത്രയിലൂടെ പിണറായിക്കുള്ളതു പിണറായിക്കും ദൈവത്തിനുള്ളത്​ ദൈവത്തിനും നൽകി അതും സാധിച്ചെടുത്തു. ഭരണത്തിലെത്തിയപ്പോൾ മന്ത്രിസഭയിലേക്കുയർത്തി. തദ്ദേശ സ്വയംഭരണം പോലെ മിന്നുന്ന വകുപ്പ്​ നൽകി. എന്നാൽ, ഭരണം വാചകമടിയിലൊതുങ്ങിയപ്പോൾ വകുപ്പു ചുരുക്കി ഉന്നത വിദ്യാഭ്യാസത്തിലൊതുക്കി. അവിടെ തൊട്ടതെല്ലാം വിവാദമായതും ഗുളിക​െൻറ കളിയെന്നേ പറയാനാവൂ.

ക്വിക്​സോട്ടിന്​ പേടി മറ്റു നിഴലുകളായിരുന്നെങ്കിൽ ജലീലിന്​ വിശ്വാസക്കുറവ്​​ സ്വന്തം നിഴലിനെ തന്നെ. രാഷ്​ട്രീയ ഋതുഭേദങ്ങൾക്കൊത്തു സാഹിബ്​ മാറിയും മറിഞ്ഞും സഖാവിലെത്തിയതാണ്​.

നിറം മാറ്റത്തി​െൻറ അതേ വേഗതയിൽ നിഴലും മാറിക്കിട്ടുന്നില്ലേ എന്ന്​ ഇടക്കിടെ സംശയം. അതിനു നിവൃത്തി വരുത്താൻ പഴയ വഴിയോടും വഴിക്കാരോടും സോഷ്യൽ ഡിസ്​റ്റൻസിങ്ങിലായി.​ അതും മതിയാവില്ലെന്നു തോന്നു​േമ്പാൾ ഇടക്കിടെ വന്ന വഴികളിലേക്കു തിരിഞ്ഞുനോക്കി ഒച്ചവെച്ചു. പഴയ ​ൈ​വറസ്​ ബാധയിൽനിന്ന്​ കൈകഴുകി കരകയറിയെന്നു തന്നെയും കൂറ്​ നിരീക്ഷിക്കുന്ന സകല പാർട്ടിക്കാരെയും ബോധ്യപ്പെടുത്തണമല്ലോ.

അങ്ങനെ കളിച്ചുകളിച്ച്​ ഇപ്പോൾ സാക്ഷാൽ ധർമയുദ്ധത്തിലെത്തിയിരിക്കുന്നു മന്ത്രി. പലരെയും പാഠം പഠിപ്പിക്കാനും അടച്ചുപൂട്ടിക്കാനുമൊക്കെ ഇറങ്ങിത്തിരിച്ചതാണ്​. അതിനിടയിലാണീ എട്ടി​െൻറ പണി. അതിനാൽ പഴയ കുരുക്ഷേത്രമൊക്കെ വിട്ട്​ ഇപ്പോൾ ഖുർആനും സകാത്തുമാണ്​ കരു. ഇസ്​ലാമോഫോബിയയും ഇരവാദവും പാകത്തിനും. എങ്ങനെയും ഇൗ ഡിപ്ലോമാറ്റിക്​ ബാഗേജ്​ ജിഹാദ്​ ജയിച്ചേ തീരൂ​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.