നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വതസിദ്ധ ശൈലിയിൽ നടത്തിയ പ്രകോപന പ്രസ്താവനകളിൽ അവസാനത്തേത് ബ്രിക്സ് രാഷ്ട്രവേദിയിലെ അംഗരാജ്യങ്ങളായ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, യു.എ.ഇ, ഇത്യോപ്യ എന്നിവർ ചേർന്ന് ഡോളറിനെ ഇടിച്ചു (ഡി-ഡോളറൈസേഷൻ) സ്വന്തമായ ഒരു വിനിമയ കറൻസി സ്ഥാപിക്കാൻ നടത്തുന്നതായി പറയുന്ന ശ്രമങ്ങൾക്കെതിരെയായിരുന്നു.
ഏതെങ്കിലും രാജ്യം ഡോളറിനു പകരം മറ്റൊരു നാണ്യം കൊണ്ടുവരാൻ ശ്രമിച്ചാൽ അമേരിക്ക അവരുടെ മേൽ 100 ശതമാനം ഇറക്കുമതിചുങ്കം ചുമത്തും, അവർക്കുപിന്നെ യു.എസ് വിപണിയോട് യാത്ര പറഞ്ഞുപിരിയാം എന്നായിരുന്നു ട്രംപിന്റെ ഭീഷണി.
അത്രക്കൊന്നും മുന്നോട്ടുപോയിട്ടില്ലെങ്കിലും അന്താരാഷ്ട്ര ഇടപാടുകളിലും കറൻസി മേഖലയിലും ഡോളറിന്റെ മേധാവിത്വം മറികടന്ന് ഒരു ബദൽ സംവിധാനത്തെക്കുറിച്ചുള്ള മന്ത്രങ്ങൾ അമേരിക്കൻ ചേരിയിൽ ഒട്ടിനിൽക്കാത്ത വികസ്വര രാജ്യങ്ങളിൽ പലരും അന്യോന്യം നടത്തുന്നുണ്ട്. ചരിത്രപരമായി ഡോളറിന് ഇന്നുള്ള പ്രാമാണ്യം കൈവന്നത് രണ്ടാം ലോകയുദ്ധ ശേഷം 1944ൽ ബ്രെട്ടൺ വുഡ്സിൽ വെച്ചുണ്ടായ 44 രാജ്യങ്ങളുടെ കരാർ മുതലാണ്. അന്താരാഷ്ട്ര ഇടപാടുകൾക്ക് ക്രമവും ചിട്ടയുമുണ്ടാവാനുദ്ദേശിച്ച തീരുമാനങ്ങളുടെ കൂട്ടത്തിൽ രാജ്യാന്തര ഇടപാടുകളിലെ വിവിധ കറൻസികളുടെ മൂല്യം ഡോളറുമായും ഡോളറിന്റേത് സ്വർണവുമായും ബന്ധിപ്പിച്ചു. ഡോളറിനു സ്വർണവുമായുള്ള ഈ വിനിമയ മൂല്യം 1971ൽ നിക്സൺ ഭരണകൂടം എടുത്തുകളഞ്ഞു. എന്നാൽ, അന്നുമുതൽ ഇന്നുവരെ മറ്റൊരു നാണ്യത്തിനും പകരം നിൽക്കാൻ കഴിയാത്ത വിധം രാജ്യങ്ങളെല്ലാം അവരുടെ കരുതൽ ധനവും ഇറക്കുമതി കയറ്റുമതികളും ഡോളറിൽ തന്നെയാണ് നടത്തുന്നത്. സമ്പദ്വ്യവസ്ഥയുടെ ശക്തി നോക്കിയാൽ യൂറോപ്യൻ സമ്പന്ന രാജ്യങ്ങൾ ഏകീകരിച്ച് നടപ്പാക്കിയ യൂറോയും പിൽക്കാലത്ത് സാങ്കേതിക വിദ്യയിലും ഉൽപാദനമേഖലയിലും കുതിപ്പ് നടത്തിയ ചൈനയുടെ യുവാനും (റെൻമിമ്പി) ശക്തമായ കറൻസികൾ തന്നെയാണ്. ഡോളറിനു കൽപിക്കപ്പെടുന്ന അന്താരാഷ്ട്ര സ്വീകാര്യതയാണ് അവക്കില്ലാത്തത്.
ഇന്ന് ആഗോള നാണ്യനിക്ഷേപങ്ങളുടെ 60 ശതമാനവും ഡോളറിലാണെന്നാണ് കണക്ക്. രാജ്യങ്ങളുടെ സെൻട്രൽ ബാങ്ക് നിക്ഷേപങ്ങളും കരുതൽ വിദേശ നാണ്യവും ഡോളറിൽ തന്നെ. കൂടാതെ എഴുപതുകളിൽ എണ്ണയുൽപാദക രാജ്യങ്ങളുമായി അമേരിക്ക ഒപ്പിട്ട ധാരണയനുസരിച്ച് എണ്ണ വ്യാപാരം ഡോളറിലാണ്. അതിനാൽ ഇറക്കുമതി രാജ്യങ്ങൾക്ക് എണ്ണ വാങ്ങാൻ ഡോളർ വേണമെന്ന അവസ്ഥ വന്നു.
അതിനു പുറമെ അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്), ലോക ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ ഇടപാടുകളും മിക്കവാറും ഡോളറിലാണ്. അമേരിക്കക്കു പിന്നീട് അന്താരാഷ്ട്ര ധനവിനിമയങ്ങളെ നിയന്ത്രിക്കാൻ മറ്റൊരു ആയുധം കൂടി കിട്ടി-സ്വിഫ്റ്റ് എന്നറിയപ്പെടുന്ന ആഗോള സാമ്പത്തിക ഇടപാടു ശൃംഖല. വിവിധ രാജ്യങ്ങളിലെ ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഇതിന്റെ ഉടമകളെങ്കിലും ഇടപാടുകൾ നടക്കുന്നത് മിക്കതും ഡോളറിലാണെന്നു മാത്രമല്ല, അതിന്റെ നിയന്ത്രണം അമേരിക്കക്കാണ്.
സ്വിഫ്റ്റിൽ തന്നെയാണ് ചില രാജ്യങ്ങൾക്ക് അമേരിക്കൻ മേധാവിത്വത്തിന്റെ കടിയേറ്റതും. സ്വിഫ്റ്റിൽ തടസ്സം നേരിട്ടാൽ ഇടപാടുകൾ സ്തംഭിക്കും. ഈയിടെ അമേരിക്ക ഏകപക്ഷീയമായി റഷ്യയെയും ഇറാനെയും ഉപരോധത്തിന്റെ ഭാഗമായി സ്വിഫ്റ്റിൽ നിന്ന് നീക്കം ചെയ്തതും ആ ഫലമാണുണ്ടാക്കിയത്. സ്വിഫ്റ്റ് പോലുള്ളവയെ രാഷ്ട്രീയായുധമാക്കിയാൽ അത് ബദൽ സംവിധാനങ്ങളും കറൻസിയും കണ്ടെത്തുന്നതിന് അന്യരാജ്യങ്ങളെ നിർബന്ധിക്കും എന്നാണ് വിദഗ്ധർ അമേരിക്കക്ക് മുന്നറിയിപ്പ് നൽകുന്നത്. സംഭവിക്കുന്നതും അതുതന്നെ. ഡോളറിന്മേലുള്ള അധീശത്വം അമേരിക്ക ദുരുപയോഗം ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കാണെന്നതാണ് പ്രധാനം.
2001 സെപ്റ്റംബർ പതിനൊന്നിനു നടന്ന ന്യൂയോർക് ഇരട്ട ഗോപുര സ്ഫോടനത്തിനുശേഷം രാജ്യാന്തര ഭീകരരെ സഹായിക്കുന്ന വിദേശ നാണ്യവിനിമയവും കള്ളപ്പണം വെളുപ്പിക്കലും തടയാനെന്ന പേരിൽ അമേരിക്ക ഒട്ടധികം നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അവ നടപ്പാക്കാനുള്ള കരാറിൽ ബലപ്രയോഗമെന്നോണം രാജ്യങ്ങളെക്കൊണ്ട് ഒപ്പുവെപ്പിച്ചു. ഒരുദാഹരണം, അമേരിക്കയുടെ ട്രഷറി ഡിപ്പാർട്മെന്റും വിവിധ വിദേശ ബാങ്കുകളുമായുള്ള കരാറാണ് ‘ഫാറ്റ്ക’. അതിന്റെ നിബന്ധനകൾ പാലിക്കുന്നു എന്നുറപ്പുവരുത്താനുള്ള വ്യക്തികളുടെ സാക്ഷ്യപത്രവും സത്യവാങ്മൂലവും വരെ അതിൽ പെടും.
ഇങ്ങനെ വിദേശരാജ്യങ്ങളിലെ സാമ്പത്തിക സംവിധാനങ്ങളിലേക്കു നുഴഞ്ഞുകയറാനും അവയെ നിയന്ത്രണങ്ങളിലൂടെ വരിഞ്ഞു മുറുക്കാനും അമേരിക്ക ഉദ്യുക്തമാവുമ്പോൾ ബദൽ സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇതര സാമ്പത്തിക-രാഷ്ട്രീയ ശക്തികൾ ശ്രമിക്കുക സ്വാഭാവികം മാത്രം. വിശിഷ്യ, രാഷ്ട്രീയ മേധാവിത്വത്തിൽതന്നെ മത്സരം മുറുകുമ്പോൾ. അങ്ങനെ ബ്രിക്സ് രാജ്യങ്ങളുടെ സംഘടിത വിലപേശൽ ശേഷിയും സാമ്പത്തിക ബലവും ഇത്തരത്തിൽ ഡോളറിനെതിരായ നീക്കത്തിന്റെ വേദിയായി. മാത്രമല്ല, റഷ്യ സ്വിഫ്റ്റിന് പകരം സ്വന്തമായി ധനവിനിമയ ശൃംഖല സ്ഥാപിക്കുകയും അതിനു ആഭ്യന്തര ഇടപാടുകളുടെ 30 ശതമാനം കൈകാര്യത്തിനു സാധിക്കുകയും ചെയ്തുവെന്നാണ് അനുമാനം. പക്ഷേ, അത് വിദേശ ഇടപാടിലേക്കു വ്യാപിപ്പിക്കാനായിട്ടില്ല.
വെല്ലുവിളികൾ നിലനിൽക്കുമ്പോഴും ഇടപാടുകളിലെ ഡോളർ കുത്തക തകർക്കണമെന്ന ആശയം പലകോണുകളിലും ഏകോപിച്ചുവരുന്നുണ്ട്. ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവരെ പോലെ, ഇന്ത്യ ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് പ്രകടിപ്പിക്കാതെ, സമവായ രീതിയോട് ആഭിമുഖ്യം കാണിക്കുന്നുണ്ടെങ്കിലും യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കൻ ഉപരോധം മറികടന്ന് റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ യുവാൻ, രൂപ, ദിർഹം തുടങ്ങിയ നാണ്യങ്ങളിൽ ഇടപാടുകൾ നടത്തിയിട്ടുണ്ട്. മൊത്തം ചലനങ്ങൾ വെച്ചുനോക്കുമ്പോൾ ഡോളറിനെ കേന്ദ്ര സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ കാര്യക്ഷമമായൊന്നും മുന്നോട്ടുപോയിട്ടില്ലെങ്കിലും, അതു നടക്കുന്നുവെന്നതിൽ സംശയമില്ല. ആഗോള സാഹചര്യങ്ങളും രാജ്യങ്ങളുടെ ഇച്ഛാശക്തിയുമാണ് ഇനി നിർണായകമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.