ചരിത്രസന്ദർഭംകൊണ്ടും ആശയങ്ങളുടെ ഗാംഭീര്യംകൊണ്ടും പ്രാതിനിധ്യ സ്വഭാവംകൊണ്ടും ഏറെ ശ്രദ്ധേയമായി വത്തിക്കാനിൽ നടന്ന സർവമത സമ്മേളനം. 1924ൽ ആലുവയിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദിയിൽ മാനവിക ഐക്യത്തിന്റെ ആ സ്വരം കേരളത്തിൽനിന്ന് വിശ്വത്തോളമെത്തിയിരിക്കുന്നു. നൂറുവർഷം മുമ്പത്തെക്കാൾ ലോകം സാഹോദര്യത്തിന്റെ വാക്കുകൾ കേൾക്കാൻ വെമ്പൽകൊള്ളുന്ന സന്ദർഭമാണ് ഇന്നത്തേത്. വംശീയതയും മതവൈരവും വളർന്ന് യുദ്ധങ്ങൾക്കും കൂട്ടസംഹാരത്തിനും വഴിതുറന്നിരിക്കുന്നു. വിവിധദേശങ്ങളിൽ വംശീയ അതിക്രമങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു. പരമതവിദ്വേഷം ഭൂരിപക്ഷ തീരുമാനങ്ങളെപ്പോലും നിർണയിക്കുമ്പോൾ ന്യൂനപക്ഷങ്ങളിൽ മാത്രമല്ല അധീശവിഭാഗങ്ങളിൽപോലും അശാന്തിയും അരക്ഷിതത്വവും പടരുന്നു. വൃദ്ധരും സ്ത്രീകളും കുട്ടികളുമടക്കം പൈശാചികമായ ഉന്മാദത്തിനിരയായി കൂട്ടക്കൊല ചെയ്യപ്പെടുന്നു. ഭൂമിയുടെ ശ്രദ്ധാകേന്ദ്രങ്ങളിൽ മാത്രമല്ല, നോട്ടമെത്താത്ത തുരുത്തുകളിലും വിദ്വേഷക്കൊല നിത്യസംഭവമാകുന്നു. ഹിംസ നടത്തുന്നത് ആയുധങ്ങളും കൈകളുമാണെങ്കിൽ അവയെ നിയന്ത്രിക്കുന്ന മനസ്സുകളാണ്, ആ മനസ്സുകളിലെ അപരവിദ്വേഷ മാലിന്യമാണ്, അയൽക്കാരനെപ്പോലും സംശയിക്കുന്ന പതനത്തിലേക്ക് മനുഷ്യരെ എത്തിച്ചത്. മനസ്സുകളെയും ആശയങ്ങളെയും സംസ്കരിച്ചെടുക്കുകയെന്ന ദൗത്യമാണ് യഥാർഥ മതം എക്കാലവും നിർവഹിച്ചിട്ടുള്ളത്. വത്തിക്കാനിലെ ഗുരുസാന്നിധ്യം ഉണർത്തിവിട്ട ആശയങ്ങളെ മാനവിക ഐക്യമെന്ന വിശാലഭൂമികയിൽ ഏറ്റുപിടിച്ചു, അവിടെ ഒത്തുകൂടിയ ഹൈന്ദവ, ക്രൈസ്തവ, മുസ്ലിം, സിഖ്, യഹൂദ മതങ്ങളുടെ പ്രതിനിധികൾ.
മനുഷ്യൻ അവനറിയാത്തതിന്റെ ശത്രുവാണ്. മറ്റാരെങ്കിലും പരത്തുന്ന വ്യാജങ്ങൾ വെച്ച് നിത്യമനുഭവിക്കുന്ന അയൽക്കാരെപ്പോലും അളക്കുന്നിടത്തോളം മനസ്സുകളിൽ അവിശ്വാസം വളരുന്നത് ഏറെയും അജ്ഞതയിൽനിന്നാണ്. പരസ്പരമറിയാൻ ലഭിക്കുന്ന ഏതു സന്ദർഭവും അമൂല്യമാണ്. സർവമത സമ്മേളനത്തിന്റെ യുക്തിയും സന്ദേശവും ഇതുതന്നെ. ത്രിദിന സമ്മേളനത്തിൽ മാർപാപ്പ ചെയ്ത ആശീർവാദ പ്രഭാഷണവും ഇക്കാര്യം ഊന്നിപ്പറഞ്ഞു. വിവിധ മതക്കാർ വ്യതിരിക്തതയുടെ പേരിൽ വിവേചനം നേരിടുന്ന സാഹചര്യമുണ്ടെന്നും പരസ്പരം ആത്മീയസത്യങ്ങളും മൂല്യങ്ങളും കൈമാറുകയാണുവേണ്ടതെന്നും ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. ദിവ്യപാഠങ്ങളോടുള്ള ബഹുമാനക്കുറവ് ഇന്നു ലോകം അനുഭവിക്കുന്ന പ്രതിസന്ധിയുടെ ഒരു കാരണമാണ്. ജാതി സമ്പ്രദായത്തെയും അനാചാരങ്ങളെയും തുറന്നെതിർത്ത ശ്രീനാരായണഗുരു, ഓരോ സമൂഹവും ഏറ്റെടുക്കേണ്ട ആത്മപരിശോധനയുടെയും തിരുത്തലിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നുണ്ട്. അന്യരുടെ ജീവനും സ്വത്തും മാത്രമല്ല അന്തസ്സും സംരക്ഷിക്കേണ്ട ചുമതല ഓരോരുത്തർക്കുമുണ്ട്. മറിച്ചാകുമ്പോൾ അശാന്തിപരക്കും. അഹന്തയുടെതന്നെ മറുവശമാണ് പരനിന്ദ. അന്യരെ അറിയുകയും സ്വന്തത്തെ തിരിച്ചറിയുകയുമാണ് ശാന്തിയിലേക്കുള്ള മാർഗമെന്ന് ലോകം കണ്ട മഹാഗുരുക്കളെല്ലാം ആവർത്തിച്ചിട്ടുണ്ട്. ആനിലക്ക് ആശയങ്ങളും മതങ്ങളും തമ്മിലുള്ള പാരസ്പര്യവും ക്രിയാത്മക സംവാദങ്ങളുംതന്നെയാണ് ഇന്നു ലോകം ആഗ്രഹിക്കുന്ന സമാധാനത്തിന്റെ വഴി. 2019ൽ അബൂദബി ഗ്രാൻഡ് ഇമാമിനോട് ചേർന്ന് ഒപ്പുവെച്ച സമാധാനരേഖയെപ്പറ്റി ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. ശ്രീനാരായണഗുരു നൂറ്റാണ്ടുമുമ്പ് പറഞ്ഞുവെച്ചപോലെ വാദിച്ചും കലഹിച്ചും തോൽപിക്കാനല്ല, സ്വയം അറിയാനും ലോകത്തെ അറിയിക്കാനുമാണ് നാം ജീവിക്കേണ്ടത്. പരസ്പരം മനസ്സിലാക്കാനും. സർവമത സമ്മേളനത്തിന്റെ സംഘാടകരായ ശിവഗിരി മഠവും സ്വാമി വീരേശ്വരാനന്ദ അടക്കമുള്ള സംഘാടകരും ആ സന്ദേശം ഉൾക്കൊണ്ടതിന്റെ ഫലം കൂടിയാണ് വത്തിക്കാൻ സമ്മേളനം.
ഉദാത്തമായ ആശയങ്ങൾ സമ്മേളനങ്ങളിലും പ്രസംഗങ്ങളിലും ഒതുങ്ങേണ്ടതല്ല എന്നും ജീവിതത്തെ പരിവർത്തിപ്പിക്കാനും സമൂഹത്തെ സംസ്കരിക്കാനും അവ ഉതകണമെന്നും സ്വജീവിതംകൊണ്ട് പഠിപ്പിച്ചു ശ്രീനാരായണഗുരു. വത്തിക്കാൻ സമ്മേളനംവഴി അതു ലോകത്തോട് പ്രക്ഷേപണം ചെയ്യുന്നതോടെ തീരുന്നതല്ല സംഘാടകരുടെയും അതിൽ പങ്കെടുത്ത വിവിധ മത പ്രതിനിധികളുടെയും ദൗത്യം. ആ മാനവിക മൂല്യങ്ങൾ പ്രായോഗിക ആശയങ്ങളായും സാമൂഹിക കർമപദ്ധതികളായും പരിവർത്തിപ്പിക്കേണ്ട ചുമതല അവർക്കുണ്ട്. മതങ്ങളെപ്പോലും തിന്മയുടെ ആശയങ്ങൾ വിഴുങ്ങുന്ന ഇക്കാലത്ത് സ്നേഹത്തിന്റെ ഭാഷ സംസാരിക്കാൻ മാത്രമല്ല അതു നടപ്പാക്കാൻകൂടി കഴിയുക എന്നത് ചെറിയ കാര്യമല്ല. കാലങ്ങൾ തോറും മനുഷ്യരിലെ മനുഷ്യത്വത്തെ കാർന്നുകാർന്ന് നശിപ്പിക്കുന്ന ദുഷ്ട ആശയങ്ങൾ മതത്തിന്റെ മേലങ്കിയണിഞ്ഞുതന്നെ മനുഷ്യരെ കീഴടക്കുമ്പോൾ സ്നേഹത്തിന്റെ തിരുത്തുമായി മഹത്തുക്കളും പ്രസ്ഥാനങ്ങളും എത്താറുണ്ട്. തിന്മ എല്ലാറ്റിനെയും ആവേശിക്കുന്ന മഹാഭ്രാന്തായി മതങ്ങളുടെ വിലാസത്തിൽ സംഹാരം നടത്തുന്ന വർത്തമാനകാല സന്ദർഭത്തിൽ യഥാർഥ മനുഷ്യനെയും നന്മയുടെ മതത്തെയും കണ്ടെത്താനുള്ള ശ്രമം അനിവാര്യമായിരിക്കുന്നു. അതിന്റെ പുതിയതുടക്കം കൂടിയാകട്ടെ ആലുവയിൽനിന്ന് വത്തിക്കാനോളമെത്തിയ ശാന്തിമന്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.