സംഗീതത്തിന്റെ ശുദ്ധി സങ്കൽപം എത്രമാത്രം ന്യായമാണ്? സ്വര വിന്യാസങ്ങളും ശബ്ദ മാധുര്യവും താളലയങ്ങളുമെല്ലാം ഒരേ അച്ചുതണ്ടിലൂടെ കറങ്ങുന്നതാണൊ?. സ്വതസിദ്ധമായ ശൈലിയിലാണ് നഞ്ചിയമ്മ പാടിയത്. തനതു ഭാവത്തിൽ ഫോക്ലോർ സംഗീതത്തിന്റെയും ഗോത്ര സംസ്കൃതിയുടെയും സംഗീത പ്രാതിനിധ്യം അവർ മനോഹരമായി ഏറ്റെടുത്തു. ആസ്വാദകരും അവരെ ഏറ്റെടുത്തു.
മൺ മറഞ്ഞു കൊണ്ടിരിക്കുന്നവയെ വീണ്ടെടുക്കുക എന്നതിനെ സംഗീത ദൗത്യമാക്കിയ സംവിധായകൻ സച്ചിക്ക് സ്നേഹാദരങ്ങൾ. അദ്ദേഹത്തിന്റെ ശരീരസാന്നിധ്യം ഇന്നില്ലെങ്കിലും ഊരിന്റെ പാട്ടിനും പാട്ടുകാരികൾക്കുമായി കലാലോകത്തിന്റെ പ്രവേശനകവാടങ്ങൾ കൂടുതൽ തുറക്കപ്പെടേണ്ടതുണ്ട്. ഒപ്പം സംഗീത ഭാഷയെ സമ്പന്നമാക്കിയ നഞ്ചിയമ്മക്കും രാഗാഭിവാദ്യങ്ങൾ. സംഗീതത്തിന്റെ പ്രഭവ കേന്ദ്രങ്ങൾ വ്യത്യസ്തമാണ്. ഭാഷയുടെ പ്രഭവം പോലെ സാംസ്കാരിക സവിശേഷതകൾ കൊണ്ട് വിവിധമാണത്.
വംശനാശത്തിന്റെ വക്കിലുള്ള പ്രകൃതിയുടെ പാട്ടിനുനേർക്ക് വംശീയ ബോധ്യത്തിന്റെ അപസ്വരങ്ങൾ പൊഴിക്കാതിരിക്കുക. ഭൂമിയുടെ താള വൈവിധ്യങ്ങളെ ഏക ശിലാത്മകമാക്കാതിരിക്കുക. മണ്ണിന്റെ മണമുള്ളതും ജീവിത ഗന്ധിയായതുമായ അരികുവൽക്കരിക്കപ്പെട്ടവളുടെ അനുപമ സംഗീതം. അതിനോട് അസഹിഷ്ണുതപ്പെടുന്നവരെ നയിക്കുന്നത് സംഗീതാനുരാഗം മാത്രമാണെന്ന് എങ്ങനെ പറയാനാവും?. കലയെ നിയമ നിഷ്കർഷതകളിൽ കെട്ടിയിട്ട് നിയന്ത്രിക്കുന്നത് കലയെ യാന്ത്രികമാക്കുന്നതോടൊപ്പം ഒരു വിഭാഗത്തോടുള്ള നിയന്ത്രണമായി മാറുകയാണ്. ഇതിന് സവർണ ബോധ്യങ്ങളുടേതായ ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. നഞ്ചിയമ്മയെ നെഞ്ചേറ്റുവാൻ ചിലർക്കുള്ള തടസ്സം പുതിയ സംഗീത സംവാദങ്ങൾ തുറന്നിടട്ടെ. അങ്ങനെ സമഗീത സംഗീതങ്ങൾ സംഗതിയാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.