മദ്രാസ് ഹൈകോടതി

വഖഫും കത്തോലിക്കാ സഭയും കോടതി വിധികളും

ജീവകാരുണ്യ-സാമൂഹിക-സമുദായ സമുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഗുണപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ വഖഫ്​​ സ്വത്തുക്കളെ ഉന്നമിട്ട്​ പുതിയ നിയമം പടച്ചുണ്ടാക്കുന്നതിലെ സംഘ്​പരിവാർ താൽപര്യം ഏവർക്കുമറിയാം. പക്ഷേ, ആർ.എസ്​.എസ്​ ആചാര്യൻ എം.എസ്​. ഗോൾവാൾക്കർ മുസ്​ലിംകൾക്ക്​ ശേഷമുള്ള ശത്രുവായി ‘വിചാരധാര’യിൽ എണ്ണിപ്പറഞ്ഞ ക്രൈസ്തവ സമൂഹത്തിലെ സഭാ നേതൃത്വങ്ങൾ വഖഫ്​ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള കേന്ദ്രനിയമത്തിന് പരിപൂർണ പിന്തുണയർപ്പിക്കുന്നതിന്​ കാരണമെന്താണ്?

മുനമ്പം വിഷയത്തിൽ ഒരു കുടുംബത്തെപ്പോലും ഇറക്കിവിടാതെയും നിലവിലെ വഖഫ്​ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടും മാനുഷിക പരിഹാരം കാണണമെന്നാണ് മുസ്‍ലിം സംഘടനകൾ ഒന്നടങ്കം ആവശ്യപ്പെട്ടത് എന്നിരിക്കെ, ആ വിഷയം മാത്രം കാരണമായി ക്രൈസ്തവ സഭകൾ പുതിയ വഖഫ്​ ബിൽ അനുകൂല നിലപാട് എടുക്കുമെന്ന് കരുതാനാവില്ല.

പിന്നെ എന്താകും കാരണം?

കാനോൻ നിയമംപോലെയാണ് വഖഫ് നിയമം എന്ന തോന്നലും സ്വത്തുക്കളുടെ മേൽ സഭാ നേതൃത്വത്തിനുള്ളതുപോലെ വഖഫ് സ്വത്തുക്കളുടെ മേൽ വഖഫ് ബോർഡിന് അധികാരമുണ്ടെന്ന തെറ്റിദ്ധാരണയുമാണോ ഇതിന്​ പിന്നിൽ?

അതോ എല്ലാ ഇന്ത്യൻ നഗരങ്ങളിലും കണ്ണായസ്ഥലത്ത് വ്യത്യസ്ത ക്രൈസ്​തവ സഭകൾ കൈയാളുന്ന ഭൂസ്വത്തുക്കൾ കൊളോണിയൽ ഭരണ പിന്തുണയുടെ പ്രത്യുപകാരമായിരുന്നു എന്നതിലേക്കും അതിന്റെ പുനഃപരിശോധനയിലേക്കും സർക്കാറി​ന്റെയും ശ്രദ്ധതിരിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ അമിതാവേശം?

വഖഫ് ബോർഡ് എന്നത് വഖഫ് സ്വത്തുക്കളുടെ കൈകാര്യങ്ങളെ നിയന്ത്രിക്കാനുള്ള ഗവൺമെന്റ് നിയമിത ഏജൻസി മാത്രമാണെന്ന്​ പലകുറി വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഓരോ വഖ്ഫിന്റെയും അവകാശം പ്രാദേശികമായ സ്ഥാപനങ്ങളുടെ (പള്ളി / മദ്റസ / ദർഗ/ സ്കൂൾ / ആശുപത്രി തുടങ്ങി ഏതുമാകാം) കമ്മിറ്റികൾക്കോ മുതവല്ലിക്കോ മാത്രമാണ്. അല്ലാതെ രൂപത / അതിരൂപത / സഭാ നേതൃത്വം/ വത്തിക്കാൻപോലെ ഒരു കേന്ദ്രീകൃത സ്വത്തധികാരം വഖഫ് ബോർഡിനില്ല. കത്തോലിക്കാ സഭക്ക്​ ഇന്ത്യയിലെ നഗരങ്ങളിൽ മാത്രമുള്ള അത്രയും സ്വത്ത് ഇന്ത്യയൊട്ടുക്കുള്ള വഖഫ് ബോർഡുകൾക്ക് ഉണ്ടാകുമോ എന്ന് സംശയമാണ്.

ചർച്ചിനും വേണം ബോർഡെന്ന് കോടതി

ഇക്കഴിഞ്ഞ ഒക്ടോബർ 25ന് മദ്രാസ് ഹൈ​കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഇങ്ങനെ: ക്രൈസ്​തവ സ്ഥാപനങ്ങളുടെ ആസ്തികൾ, ഫണ്ടുകൾ, ആശുപത്രികൾ, സ്‌കൂൾ/കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങളെ വഖഫ് ബോർഡിന്റെ മാതൃകയിൽ നിയമപരമായ ബോർഡിന് കീഴിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്ര-തമിഴ്‌നാട് സർക്കാറുകളുടെ അഭിപ്രായം മദ്രാസ് ഹൈകോടതി ആരാഞ്ഞിരിക്കുന്നു.

ഹിന്ദുക്കളുടെയും മുസ്​ലിംകളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റുകൾ നിയമപരമായ നിയന്ത്രണത്തിന് വിധേയമാണെങ്കിലും ക്രൈസ്​തവരുടെ എൻഡോവ്‌മെന്റുകൾക്ക് അത്തരം സമഗ്രമായ ഒരു നിയന്ത്രണവും നിലവിലില്ല. അതിനാൽ, ഈ സ്ഥാപനങ്ങളുടെ കാര്യങ്ങളിൽ സൂക്ഷ്മപരിശോധന / മേൽനോട്ടം സിവിൽ നടപടി ചട്ടത്തിലെ സെക്ഷൻ 92 പ്രകാരം ഒരു സ്യൂട്ട് വഴി മാത്രമാണ് എന്നാണ് ജസ്റ്റിസ് എൻ. സതീഷ് കുമാർ നിരീക്ഷിച്ചത്.

സഭാ ഭരണസംവിധാനങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ജഡ്ജി, ശാശ്വത പരിഹാരം കാണേണ്ട സമയമായെന്ന് നിരീക്ഷിച്ചു. ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവ നടത്തുന്നതുപോലുള്ള നിരവധി പൊതുപ്രവർത്തനങ്ങൾ ഈ സ്ഥാപനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു, അവരുടെ ആസ്തികൾക്കും ഫണ്ടുകൾക്കും സംരക്ഷണം ആവശ്യമാണ്, അവ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നൊക്കെ വിധിന്യായം തുടരുന്നു.

രാജ്യത്തെ കണ്ണായ മുഴുവൻ സ്ഥലങ്ങളിലും ലക്ഷക്കണക്കിന് കോടികളുടെ സ്വത്തുള്ള ഒരു സംവിധാനത്തിന് സ്വാതന്ത്ര്യത്തിന്റെ 77 വർഷങ്ങൾക്കുശേഷവും സമഗ്രമായ ഒരു നിയന്ത്രണവും നിലവിലില്ലെന്നാണ്​ ഹൈകോടതിതന്നെ ചൂണ്ടിക്കാട്ടുന്നത്. അപ്പോൾ ന്നെ അതിന്റെ വരവ് / ചെലവ് / ഉടമാവകാശം എന്നിവയൊക്കെ എങ്ങനെയാണ് നിയന്ത്രിക്കപ്പെടുന്നത്?

എന്തുകൊണ്ട് വഖഫ്​ ബോർഡ് മാതൃകയിൽ ചർച്ചിന് ഒരു നിയന്ത്രണം ആവശ്യമാവുന്നത് എന്ന് കോടതി വിധി തുടരുന്നത് ഇങ്ങനെയാണ്. ‘സഭാഭരണത്തിലുള്ള സ്ഥാപനങ്ങൾക്കുള്ളിലെ ദുരുപയോഗത്തിന്റെ ആവർത്തിച്ചുള്ള സംഭവങ്ങൾ കോടതി നിരീക്ഷിച്ചു, സ്ഥാപനങ്ങളുടെ ദൗത്യത്തിൽ പുനർനിക്ഷേപിക്കുന്നതിനുപകരം ആഭ്യന്തര അധികാര പോരാട്ടങ്ങളിലൂടെ പള്ളി ഫണ്ടുകൾ പലപ്പോഴും ക്ഷയിക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്നു.

ജസ്റ്റിസ് കുമാർ പറയുന്നതനുസരിച്ച്, നേതൃസ്ഥാനത്തുള്ള വ്യക്തികൾ വ്യക്തിപരമായ അധികാരം ഏകീകരിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവഹാരങ്ങളിലേക്ക് വിഭവങ്ങൾ ഇടക്കിടെ വഴിതിരിച്ചുവിടുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ഈ വ്യക്തികളാൽ സംരക്ഷിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, അധികാരത്തർക്കത്തിന് ഇന്ധനം നൽകുന്നതിനായി അവരുടെ ഫണ്ട് വറ്റിക്കുമ്പോൾ, ഭരണപരമായും സാമ്പത്തികമായും അവ പ്രയാസമനുഭവിക്കുകയാണെന്ന് പറഞ്ഞ ജസ്റ്റിസ് കുമാർ ശാശ്വതമായ നിയന്ത്രണ പരിഹാരത്തിന്റെ ആവശ്യകത അടിവരയിട്ട് വ്യക്തമാക്കി.

കത്തോലിക്കാ സഭ മറ്റു സമുദായങ്ങൾക്കില്ലാത്ത പ്രത്യേകമായ പ്രിവിലേജുകൾ കൊളോണിയൽ കാലത്തിന്റെ തുടർച്ചയിൽ അനുഭവിച്ചു വരുന്നതിന്റെ ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ് ചർച്ച് ഇന്ത്യൻ നിയമത്തിനനുസൃതമായ സാമൂഹിക നിയന്ത്രണത്തിന് വിധേയമല്ലെന്നുള്ളത്. അപ്പോൾ പിന്നെ ആർക്കാണ് സഭാ സ്വത്തുക്കളുടെ ഉടമാവകാശം എന്ന് അന്വേഷിക്കുമ്പോഴാണ് ജോസഫ് പുലിക്കുന്നേൽ ആത്മകഥയിൽ സഭാ സ്വത്തുക്കളുടെ ഉടമാവകാശത്തെപറ്റി എഴുതിയത് കാണുന്നത്: ഇന്ത്യൻ സഭ പൗരസ്ത്യ സഭയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 1991ൽ റോമിൽ രൂപം കൊടുത്ത പൗരസ്ത്യ കാനോൻ നിയമം ഭാരത സഭക്കുമേൽ മാർപാപ്പ അടിച്ചേൽപിക്കുകയുണ്ടായി.

പ്രസ്തുത നിയമമനുസരിച്ച് ഇടവകക്കാർക്ക് പള്ളിയുടെയോ പള്ളിയുടെ സ്ഥാപനങ്ങളുടെയോ മേൽ യാതൊരു അധികാരവുമില്ല. ഈ നിയമങ്ങൾ അനുസരിച്ച് ഇന്ത്യയിലെ സീറോ മലബാർ സഭയുടെ എല്ലാ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സമ്പത്തിന്റെയും ഭരണാധികാരിയും കാര്യസ്ഥനും റോമാ മാർപാപ്പയാണ്. ഈ സമ്പത്തുക്കൾ ഭരിക്കുന്നതിന് ഓരോ രൂപതയുടെയും മെത്രാന്മാരെ മാർപാപ്പ നിയോഗിക്കുന്നു.

തനിക്ക് ഭരമേൽപിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിർമാണ (legislative), ഭരണനിർവഹണ (Executive), നീതിന്യായ (Judicial) അധികാരത്തോടും കൂടി രൂപതാ മെത്രാൻ ഭരിക്കുന്നു. അതായത് ലോകത്ത് ഒരു ഭരണകർത്താവിനുമില്ലാത്ത അധികാരത്തോട് കൂടിയാണ് രൂപതാ മെത്രാൻ പള്ളി സമ്പത്ത് ഭരിക്കുന്നത്. ഇത് ക്രിസ്തുവിന്റെയും അപ്പോസ്തലന്മാരുടെയും കൽപനകൾക്കും ജീവിത മാതൃകകൾക്കും വിരുദ്ധമാണ്.

 

എം.എസ്. ഗോൾവാൾക്കർ ,ജോസഫ് പുലിക്കുന്നേൽ

ജോസഫ് പുലിക്കുന്നേൽ സഭാ വിമതനാണ് എന്ന് പറഞ്ഞ് തള്ളാൻ വരട്ടെ. അദ്ദേഹം ഉന്നയിച്ചിരിക്കുന്ന വിമർശനത്തെക്കുറിച്ച് എന്താണ് സഭക്ക്​ പറയാനുള്ളത്​?. അദ്ദേഹം ഉയർത്തിയ അതേ പ്രശ്നങ്ങൾതന്നെ ഉയർത്തി ചർച്ച് സ്വത്തുക്കളുടെ കൈകാര്യ നിയന്ത്രണത്തിനുവേണ്ടി നിയമം കൊണ്ടുവരണമെന്നാണ് ഇപ്പോൾ മദ്രാസ് ഹൈകോടതി സർക്കാറിനോട് ആവശ്യപ്പെടുന്നത്.

ഹിന്ദുക്കളുടെയും മുസ്​ലിംകളുടെയും കാര്യത്തിലെന്നപോലെ ചർച്ച് സ്വത്തുക്കളും സംസ്ഥാന നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ദക്ഷിണേന്ത്യൻ കോടതിയുടെ നിർദേശത്തിൽ സഭാനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു എന്നാണ് ആഗോളതലത്തിലെ ക്രൈസ്​തവ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ucanews.com ഒക്ടോബർ 30ന് റിപ്പോർട്ട് ചെയ്തത്. ഹിന്ദു എൻഡോവ്‌മെന്റോ മുസ്‌ലിം വഖഫ് ബോർഡോപോലെ സംഭാവന ചെയ്യപ്പെട്ടവയല്ല ചർച്ച് സ്വത്തുക്കൾ എന്നും വില കൊടുത്ത് വാങ്ങിയവയാണ് അവയെന്നും മധുര കോടതിയിൽ അഭിഭാഷകനായ ജെസ്യൂട്ട് പുരോഹിതൻ ഫാദർ എ. സന്താനം പറഞ്ഞു എന്നതും പോർട്ടൽ ഉദ്ധരിക്കുന്നു.

രാജ്യത്തെ രണ്ടുശതമാനം മാത്രം വരുന്ന ഒരു ജനസമൂഹത്തിലെ പുരോഹിതന്മാരുടെ നിയന്ത്രണത്തിൽ മാത്രമായി (നിയന്ത്രണങ്ങൾക്ക് ഒരു സമഗ്ര നിയമവുമില്ല എന്നാണ് കോടതി പറയുന്നത്; പ്രാദേശിക വിശ്വാസികൾക്ക് ഉടമാവകാശമോ കൈമാറ്റാധികാരമോ ഇല്ലെന്ന് വിശ്വാസി സമൂഹം പറയുന്നു) ശതകോടികളുടെ സ്വത്തുക്കൾ വന്നത് എങ്ങനെ, കഴിഞ്ഞ 200 കൊല്ലത്തിനുള്ളിൽ ഇത്രയധികം സ്വത്തുക്കൾ വിലകൊടുത്തു വാങ്ങാൻ മാത്രം പണം കത്തോലിക്കാ സഭക്ക്​ എവിടെനിന്ന് കിട്ടി എന്നീ കാര്യങ്ങളാലോചിച്ചാൽ മതി മേൽ പ്രസ്താവന ശരിയോ എന്ന് മനസ്സിലാക്കാൻ.

(തുടരും)

Tags:    
News Summary - Waqf, Catholic Church and Court Judgments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT