മുമ്പത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യത്തിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ജനത ആർക്കൊപ്പമെന്ന് പ്രവചിക്കുക പ്രയാസമാകും. അസാധാരണ കൂട്ടുകെട്ടുകൾക്കും പാർട്ടി പിളർപ്പുകൾക്കും ഒന്നിലേറെ തവണ ഭരണമാറ്റങ്ങൾക്കും സാക്ഷ്യംവഹിച്ച അഞ്ചുവർഷമാണ് കടന്നുപോയത്. ഇതിനിടയിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷ സഖ്യം മഹാവികാസ് അഘാഡി (എം.വി.എ)ക്ക് 48ൽ 31 സീറ്റുകൾ നേടാനായത് സഖ്യത്തിന് വലിയ ആത്മവിശ്വാസം നൽകുന്നു. ബി.ജെ.പി നയിക്കുന്ന ഭരണ മുന്നണി മഹായുതിക്ക് 17 സീറ്റുകളേ ലഭിച്ചുള്ളു.
എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് പോലെയാകില്ല നിയമസഭ തെരഞ്ഞെടുപ്പെന്നാണ് നിരീക്ഷണം. ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ.സി.പി എന്നിവരാണ് മഹായുതിയിലെ മറ്റ് സഖ്യകക്ഷികൾ. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നൽകിയ ആശങ്കയിൽ പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്ന ലഡ്കി ബെഹൻ പദ്ധതി അടക്കമുള്ള ജനങ്ങളെ ആകർഷിക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചാണ് മഹായുതി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. 4.69 കോടി വരുന്ന സ്തീ വോട്ടർമാരെ സ്വാധീനിച്ച് തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷക രോഷം തുടങ്ങി ഭരണവിരുദ്ധ വികാരങ്ങളെ മറികടക്കുകയാണ് ലക്ഷ്യം. അധികാരത്തിൽ തിരിച്ചെത്തിയാൽ തുക 2,200 ആക്കി ഉയർത്തുമെന്ന് പ്രകടനപത്രികയിൽ വാക്കും നൽകി.
അതേസമയം, പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ വാഗ്ദാനം ചെയ്ത് എം.വി.എയും പ്രകടനപത്രിക ഇറക്കി. കർഷകർക്ക് അനുകൂലമായ വാഗ്ദാനങ്ങൾക്കൊപ്പം ജാതിസെൻസസ് എന്ന അസ്ത്രവും എം.വി.എ തൊടുത്തു. ഇതോടെ, ‘എക് ഹേ തോ സേഫ്ഹേ’, ഭാട്ടേൻഗ തോ കാട്ടേൻഗ’ എന്ന മുദ്രാവാക്യങ്ങളിലൂടെ ജാതി, സമുദായം മറന്ന് ഹിന്ദുക്കൾ ഒന്നിക്കണമെന്ന പ്രചാരണത്തിലേക്ക് ബി.ജെ.പി വഴിമാറി. ബി.ജെ.പിയിലെ തന്നെ പങ്കജ മുണ്ടെ, അശോക് ചവാൻ എന്നിവരും സഖ്യ കക്ഷി ഷിൻഡെ ശിവസേനയും അജിത് പവാർ എൻ.സി.പിയും അത് തള്ളി രംഗത്തുവന്നു. സംവരണ ആവശ്യവുമായി മറാത്തകൾ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തെ മറികടക്കുകകൂടി ബി.ജെ.പിയുടെ മുദ്രാവാക്യ ലക്ഷ്യങ്ങളിൽ പെടും.
മറാത്തകൾക്കും ഒ.ബി.സിക്കാർക്കുമിടയിൽ സാരമായ വിടവുവീണിട്ടുണ്ട്. ഇത് വിദർഭ മറാത്ത്വാഡ മേഖലയിൽ പ്രതിഫലിക്കുമെന്നാണ് നിരീക്ഷണം. ഒപ്പം സോയാബീൻ, പരുത്തി കർഷകരുടെ രോഷവും ഈ മേഖലകളിൽ പുകയുന്നുണ്ട്. ഇത് കോൺഗ്രസ് സഖ്യത്തിന് അനുകൂലമാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഞായറാഴ്ച പ്രിയങ്ക ഗാന്ധി നാഗ്പൂരിൽ നടത്തിയ റോഡ്ഷോയിലെ ജനബാഹുല്യവും ആവേശവും എം.വി.എക്ക് പ്രതീക്ഷ നൽകുന്നു.
ഇത് സംസ്ഥാനത്തെ 288ൽ 62 സീറ്റുകളുള്ള വിദർഭയിലാകെ പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്. വിദർഭയിൽ ജയിച്ചാൽ മഹാരാഷ്ട്ര ഭരിക്കാമെന്നാണ് ചൊല്ല്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന വിദർഭയിൽ ശിവസേനയുടെ സഹായത്തോടെയാണ് ബി.ജെ.പി ഇതുവരെ മുന്നേറ്റം നടത്തിയത്. അതേ ശിവസേനയെ ഒപ്പം കൂട്ടി കോൺഗ്രസ് വിദർഭ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നു.
2019 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ 15ൽ പിടിച്ചുകെട്ടി ബി.ജെ.പി മേഖലയിൽ 30 സീറ്റുകൾ നേടിയിരുന്നു. ആ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ 10ൽ അഞ്ച് സീറ്റും പിടിച്ച ബി.ജെ.പി കോൺഗ്രസിനെ ഒന്നിലൊതുക്കി. എന്നാൽ, ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷ ശിവസേനയുടെ പിൻബലത്തിൽ 10ൽ അഞ്ച് കോൺഗ്രസ് തിരിച്ചുപിടിച്ചു. ബി.ജെ.പി രണ്ടിലൊതുങ്ങി. ദലിത്, ആദിവാസി, മുസ്ലിംകൾ കോൺഗ്രസിലേക്ക് തിരിച്ചുവന്നതിന്റെ ഫലമായിരുന്നു അത്. ഇതോടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് ആദിവാസി, ദലിത് മേഖലയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നു.
ഉത്തര മഹാരാഷ്ട്രയിൽ സോയാബീൻ, പരുത്തി കർഷകർക്കൊപ്പം സവാള കർഷകരും പ്രതിഷേധത്തിലാണ്. കൊങ്കൺ മേഖല റാണെ കുടുംബത്തിന്റെ സ്വാധീനത്തിലാണ് എപ്പോഴും. ഭരണത്തിലെത്തിയാൽ രത്നഗിരിയിലെ എണ്ണ ശുദ്ധീകരണ പദ്ധതി റദ്ദാക്കുമെന്ന ഉദ്ധവ് ശിവസേനയുടെ വാഗ്ദാനം എങ്ങനെ പ്രതിഫലിക്കുമെന്ന് പ്രവചിക്കാനാകില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ മേഖലയിൽ വലിയ മേന്നേറ്റമുണ്ടാക്കാൻ ഉദ്ധവിന് കഴിഞ്ഞിട്ടില്ല. 36 മണ്ഡലങ്ങളുള്ള മുംബൈയും കൊങ്കണിന്റെ ഭാഗമാണ്.
മഹായുതി സർക്കാർ അദാനിക്ക് നൽകിയ മുംബൈ നഗരത്തിലെ ധാരാവി പുനർനിർമാണ പദ്ധതിയും റദ്ദാക്കുമെന്ന് ഉദ്ധവ് പറഞ്ഞു. ഇതിനെ തിങ്കളാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ രാഹുൽ ഗാന്ധി പിന്തുണച്ചു. ‘എക് ഹേ തോ സേഫ് ഹേ’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുദ്രാവാക്യത്തിന് ഒരേയൊരാളാണ് സേഫ്, അത് അദാനിയാണെന്നുപറഞ്ഞ രാഹുൽ, അദാനിയും മോദിയും നിൽക്കുന്ന ചിത്രമുയർത്തിക്കാട്ടി. മറുകൈയിൽ ധാരാവിയുടെ ചിത്രമായിരുന്നു.
മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യമായാണ് ആറ് പാർട്ടികൾ രണ്ടുചേരിയിൽ നിന്ന് പൊരുതുന്നത്. യഥാർഥ എൻ.സി.പി, യഥാർഥ ശിവസേന ആരുടേതെന്ന വിധിയെഴുത്തുകൂടിയാകും തെരഞ്ഞെടുപ്പ്. ഒപ്പം ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ഉദ്ധവ് താക്കറെ, ശരദ് പവാർ എന്നിവർക്കും നിർണായകമാണ്. പാർട്ടി പിളർപ്പുകൾക്കും ഭരണ അട്ടിമറിക്കും മറാത്ത സംവരണ അട്ടിമറിക്കും ചുക്കാൻ പിടിച്ചതായി സംശയിക്കപ്പെടുന്ന ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസിനും ഫലം നിർണായകമാകും.
ബി.ജെ.പിയും (148) ഷിൻഡെ ശിവസേനയും (80), അജിത് എൻ.സി.പിയും (53) 281 സീറ്റിൽ മത്സരിക്കുന്നു. കോൺഗ്രസും (102), ഉദ്ധവ് ശിവസേനയും (90), പവാർ എൻ.സി.പിയും (86) 278 സീറ്റുകളിലും മത്സരിക്കുന്നു. സമാജ്വാദി പാർട്ടി, സി.പി.എം എന്നിവർക്ക് രണ്ട് സീറ്റുകൾ വീതവും പി.ഡബ്ല്യു.പിക്ക് മൂന്ന് സീറ്റും എം.വി.എ നൽകി. ഇരു മുന്നണികൾക്കുപുറമെ, മജ്ലിസ് പാർട്ടി 16 സീറ്റിലും എം.എൻ.എസ് 135ലും പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി 200 സീറ്റിലും മത്സരിക്കുന്നു. ഇരുവിഭാഗത്തിലെയും സഖ്യകക്ഷികൾ തമ്മിലെ സൗഹൃദ മത്സരവും വിമതരും ഫലനിർണയത്തിൽ നിർണായകമാകും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലപ്രഖ്യാപനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.