ഇനിയെങ്കിലും ആലോചിക്കണ്ടേ, ഈ ആസുരതയുടെ അന്ത്യത്തെക്കുറിച്ച്

രാജ്യം മുഴുവന്‍ നടുങ്ങിയ ഒരു ഞായറിന്‍െറ മധ്യാഹ്നത്തില്‍ അടിയന്തിര നടപടികളെക്കുറിച്ച് ആലോചിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനിടക്ക് ദൃശ്യമാധ്യമങ്ങളിലൂടെ ഏതോ മാധ്യമ പ്രവര്‍ത്തകന്‍െറ ചോദ്യം കേട്ടു; ‘ഓരോ തവണ അപകടം ഉണ്ടാവുമ്പോഴും ഇത്തരം നടപടികള്‍ വരും. ഇപ്പോള്‍ ഏറ്റവും വലിയ ദുരന്തം കണ്ടു. ഇനിയെങ്കിലും ഇതൊക്കെ നിരോധിക്കേണ്ടതല്ളേ’.
മദ്യശാലകള്‍ പൂട്ടുകയും മദ്യ നിരോധമാണ് ലക്ഷ്യമെന്ന് ആര്‍ജവത്തോടെ പറയുകയും ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ ചോദ്യത്തിന് ഉത്തരം പറയാന്‍ അല്‍പ്പമൊന്ന് ശങ്കിച്ചു; പിന്നെ പറഞ്ഞു. ‘ആചാരത്തിന്‍േറയും പാരമ്പര്യത്തിന്‍േറയും കാര്യമാവുമ്പോള്‍ നിരോധം ബുദ്ധിമുട്ടാണ്. ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് പ്രത്യേക അനുമതി ചോദിച്ച് അപേക്ഷകള്‍ കൂടുതല്‍ വരികയാണ്. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വേണ്ടത് ചെയ്യും. അധികമായി എന്തെങ്കിലും വേണോ എന്ന് പരിശോധിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്’.
അതാണ്. കോടികളുടെ വരുമാനം സര്‍ക്കാരിന് ഉണ്ടാക്കിക്കൊടുത്ത മദ്യ വില്‍പന അവസാനിപ്പിക്കുന്നതിനേക്കാള്‍ പ്രയാസമാണ്, ഒരുപക്ഷെ അസാധ്യമാണ് ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടും ആനയും വേണ്ടെന്ന് വെക്കുന്നത്. അതിന് മതങ്ങളുടെ, സമുദായങ്ങളുടെ, അവയെ താലോലിക്കുന്ന രാഷ്ട്രീയത്തിന്‍െറ പിന്‍ബലമുണ്ട്. അത്തരം പിന്‍ബലവുമായി എത്തുന്നവര്‍ക്ക് മുന്നില്‍ വാതിലടച്ചാല്‍ ആരുടെയൊക്കെയോ വികാരം വ്രണപ്പെടുമെന്ന ആകുലത നമ്മുടെ രാഷ്ട്രീയ-ഭരണ സംവിധാനങ്ങള്‍ മുതല്‍ നീതിപീഠങ്ങള്‍ക്കു വരെയുണ്ട്. അതുകൊണ്ടാണ് ഇന്നേവരെ ആരും ഉറപ്പിച്ച് ആ ചോദ്യം ചോദിക്കാത്തത്; ‘ഉത്സവങ്ങള്‍ക്ക് കരിയും (ആന) കരിമരുന്നും അനിവാര്യമാണെന്ന് ഏത് മതമാണ് പറഞ്ഞത്’ എന്ന്.

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് മത്സരിച്ച് വെടിക്കെട്ട് നടത്തിയപ്പോളുണ്ടായ അപകടത്തില്‍ 110 പേര്‍ മരിച്ചുവെന്നാണ് ഈ കുറിപ്പ് തയാറാക്കുമ്പോഴത്തെ കണക്ക്. മരിച്ചത് ഒന്നായാലും നൂറായാലും അതിന് മുകളിലായാലും മരിക്കുന്നവന്‍െറ നഷ്ടം മാത്രമേ പൊതുസമൂഹം ഒരു നിമിഷത്തേക്ക് ആലോചിക്കുന്നുള്ളു. അവനെ, അല്ളെങ്കില്‍ അവരെ ആശ്രയിച്ച് കഴിയുന്ന കുറേപ്പേരുണ്ട്. അവരുടെ ജീവിതത്തില്‍ പിന്നെ ഇരുട്ടു മാത്രമേയുള്ളൂ. കരാറുകാരന് ലാഭത്തിന്‍െറ പ്രശ്നമാണെങ്കില്‍ അവരുടെ ജോലിക്കാര്‍ക്ക് അന്നത്തിന്‍േറതാണ്. വെടിക്കെട്ടപകടത്തില്‍ മരിച്ച കരിമരുന്ന് പണിക്കാരന്‍െറ കുടുംബത്തോട് കുഷ്ഠരോഗികളോട് കാണിക്കുന്ന അയിത്തമാണ് സമൂഹത്തിന്. അപകടമുണ്ടാക്കാത്ത കരിമരുന്ന് പ്രയോഗം ആസ്വാദകനെ ആഹ്ളാദിപ്പിക്കും, അതിന്‍െറ മുഖത്തുചെന്ന് കാണും. ഒരു ചെറിയ പൊട്ടിത്തെറിയുണ്ടായാലോ, എല്ലാം കുറ്റമായി.
‘പൂരങ്ങളുടെ പൂരം’ എന്ന് മാധ്യമങ്ങള്‍ പട്ടം ചാര്‍ത്തിയ തൃശൂര്‍ പൂരമാണ്, അടുത്ത ഞായറാഴ്ച. വെടിക്കെട്ടില്‍ തൃശൂര്‍ പൂരത്തെ വെല്ലുന്ന പല ആഘോഷങ്ങളുണ്ടാവാം. പക്ഷെ, ആള്‍ക്കൂട്ടം തൃശൂരില്‍ വലുതാണ്. ഒരു ചെറിയ പൊരി മതി, അനേകരുടെ ജീവനെടുക്കാന്‍. അനുഭവങ്ങളുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴാണ് പരവൂരില്‍നിന്ന് നമ്മുടെ കണ്ണു തുറപ്പിക്കാനെന്ന പോലെ ദുരന്ത വാര്‍ത്ത എത്തിയിരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ വലുതും ചെറുതുമായി 750 വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായെന്നാണ് ഏകദേശ കണക്ക്. അതിനു മുമ്പും കേരളം വെടിക്കെട്ട് ദുരന്തങ്ങളില്‍ വിറങ്ങലിച്ചതാണ് ചരിത്രം. 1952 ജനുവരി 14ന് ശബരിമലയില്‍ 68 പേര്‍, 78ല്‍ തൃശൂര്‍ പൂരത്തിന് എട്ട്, 84ല്‍ തൃശൂര്‍ കണ്ടശ്ശാംകടവ് പള്ളിപ്പെരുന്നാളിന് 20, 87ല്‍ തൃശൂര്‍ വേലൂര്‍ വെള്ളാറ്റഞ്ഞൂരില്‍ 20, അതേ വര്‍ഷം തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തില്‍ വെടിക്കെട്ട് കാണാന്‍ റെയില്‍ പാളത്തിലിരുന്ന് 27, 88ല്‍ തൃപ്പൂണിത്തുറയില്‍ 10, 1990ല്‍ കൊല്ലം മലനട പോരുവഴി പെരുവിരുത്തി ക്ഷേത്രത്തില്‍ 26, 97ല്‍ തൃശൂര്‍ ചിയ്യാരത്തെ പടക്കശാലയലില്‍ ആറ്, ‘99ല്‍ പാലക്കാട്ട് ചാമുണ്ടിക്കാവ് താലപ്പൊലിക്ക് എട്ട്, 2006ല്‍ തൃശൂര്‍ പൂരത്തിനിടെ ഏഴ്, 2013ല്‍ പാലക്കാട് പന്നിയംകുറിശ്ശിയിലെ പടക്കശാലയില്‍ ആറ്.....എണ്ണമെടുത്താല്‍ എത്രയായി?. ഇതിനിടക്ക് എണ്ണപ്പെടാതെ പോയത് എത്രയെത്ര?
ഒരുകാലം വരെ ക്ഷേത്രോത്സവത്തിനാണ് വെടിക്കെട്ടും ആനയും നിര്‍ബന്ധമായിരുന്നതെങ്കില്‍ ആ ഒരു കാര്യത്തില്‍ കേരളം വല്ലാതെ ‘മതസൗഹാര്‍ദ്ദം’ കാണിക്കുന്നതാണ് പിന്നീടുള്ള അനുഭവം. ഇപ്പോള്‍ എണ്ണം പറഞ്ഞ മുസ്ലിം, ക്രിസ്ത്യന്‍ പള്ളിപ്പെരുന്നാളുകള്‍ക്കും വേണം ദിഗന്തം വിറക്കുന്ന വെടിക്കെട്ടും നിരത്തി നിര്‍ത്താന്‍ കുറേ ആനകളും. പല ദുരന്തങ്ങളുടേയും പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കാന്‍ വൈകിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. തലേന്നു വരെ അനുമതിയില്ല. വെടിക്കെട്ട് ഉപേക്ഷിച്ചു, ഉത്സവം ചടങ്ങു മാത്രമാക്കും എന്നൊക്കെ സംഘാടകര്‍ ‘ഭീഷണി’പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, പതിനൊന്നാം മണിക്കൂറില്‍ അനുമതിപത്രം ‘പറന്നു വരും’. അതിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ ഉന്നത രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ തന്നെയും റെഡിയാണ്.

വെടിക്കെട്ടും ആനയും കാഴ്ചക്കാര്‍ക്ക് കണ്ണിനും കാതിനും കുളിരാണെങ്കില്‍ അതിനു പിന്നില്‍ വലിയ കരാര്‍ ലോബിയുടെ താല്‍പര്യങ്ങളാണ് യഥാര്‍ഥ പ്രശ്നം. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും ബസുടമകള്‍ മാത്രമല്ല, ആന മുതലാളിമാര്‍ കൂടിയാണ്. ആനയെ മാത്രം കെട്ടിയൊരുക്കി നിര്‍ത്തിയാല്‍ ഉത്സവങ്ങളും പെരുന്നാളുകളും കേമമാവില്ല, അതിന് വെടിക്കെട്ടും വേണമെന്ന ചിന്ത പരത്തുന്നവരില്‍ ഈ മുതലാളിമാരും അവരുടെ കരാറുകാരുമുണ്ട്. ഇന്ന് പേരെടുത്ത എല്ലാ ഉത്സവങ്ങളും വലിയ ബിസിനസ് കൂടിയാണ്. അവരാണ് ‘കരിയും കരിമരുന്നുമില്ലാതെ എന്തുത്സവം’ എന്ന ചിന്ത വളര്‍ത്തുന്നരില്‍ മുന്നില്‍.
പരവൂര്‍ ദുരന്തത്തില്‍ വേദനിച്ച് ഒരു ‘നല്ല വിശ്വാസി’ വാട്സ്ആപ്പില്‍’ വിലപിച്ചത് ഇങ്ങനെ: ‘അപായപ്പെട്ടവന്‍െറ കുടുംബത്തിനേറ്റ നഷ്ടത്തിന് ഏത് ദൈവവും വിശ്വാസിയും പകരം കൊടുക്കുമെന്നറിയില്ല. വിശ്വാസത്തിന്‍െറ പേരില്‍ ആരാധനാലയങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന വെടിക്കെട്ടും ആനപ്പുറത്തെഴുന്നെള്ളിപ്പും അന്ധതയും അറിവില്ലായ്മയുമാണ്. മതങ്ങളെ (?) പേടിച്ച് ആരാണ് ഇത് ഉറക്കെപ്പറയുക?’

ഇവിടെയാണ് പ്രശ്നം. ലഹരിദായകമായ മദ്യംപോലും ഒരുപക്ഷെ നമ്മള്‍ ഉപേക്ഷിക്കും. എന്നാല്‍ ഉത്സവത്തിന് ആനയും വെടിക്കെട്ടും അനിവാര്യമാണെന്ന് പറയുന്നവരാണ് ഏറെയും. ഇതൊന്നും പാടെ നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും നമുക്ക് ശേഷിയില്ല. പ്ളീസ്, ഈ പറയുന്നതൊന്നും മതദ്രോഹമായി കാണരുത്. മനുഷ്യ ജീവനെക്കാള്‍ വലുതല്ലല്ളോ ഒന്നും. ശബ്ദത്തിനു പകരം വര്‍ണ്ണം എന്നൊക്കെ പറഞ്ഞ് വെടിക്കെട്ടിന് വളഞ്ഞ വഴിക്ക് അനുമതി കൊടുക്കുന്ന രീതിയും ഇന്ന് വ്യാപകമാണ്. കാര്യം നടക്കുമ്പോള്‍ വര്‍ണ്ണം, മായും കാതടപ്പിക്കുന്ന ശബ്ദമുയരും. തികച്ചും കച്ചവടത്തിന്‍െറ കാര്യം മാത്രമാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്‍െറ പിന്നിലുള്ളവരോടാണ് അപേക്ഷ; ദയവായി വിലപ്പെട്ട മനുഷ്യ ജീവന്‍െറ വര്‍ണ്ണം കെടുത്തരുത്. നമുക്ക് ഉത്സവത്തിനും പെരുന്നാളിലും കൂടിച്ചേരാം. ആവോളം മേളം കേള്‍ക്കാം. ചാന്തും കമ്മലും ബലൂണും വാങ്ങിക്കൊടുക്കാം. വിശ്വാസം ഉറക്കാന്‍ ആനകളെ നിരത്തണമെന്നും വെടിമരുന്ന് കത്തണമെന്നും ഇനിയെങ്കിലും പറയാതിരിക്കുക. ഇക്കാര്യത്തിലെങ്കിലും ചേരികളില്ലാതെ ചിന്തിക്കാനാവട്ടെ. വന്യമായതെല്ലാം വനത്തിനു പറഞ്ഞതാണ്. മനുഷ്യന് അവന്‍െറ നാടിനും പ്രകൃതത്തിനും ചേരുന്നതു മാത്രം പോരേ?

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.