സ്വിറ്റ്സർലണ്ടിലെ ഗ്ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് (ഐ.യു.സി.എൻ) എന്ന ആഗോള സംഘടനയുടെ പ്രഖ്യാപിത നയം മനുഷ്യരും വന്യജീവികളും സഹവസിച്ചു കഴിയണമെന്നതാണ്. ഈ സംഘടനയുടെ കീഴിലുള്ള ടാസ്ക് ഫോഴ്സിന്റെ ചെയർപേഴ്സണാണ് ഡോ. അലക്സാഡ്ര സിമ്മർമാൻ. വന്യജീവികൾ അക്രമകാരികളായാലും അവയുമൊത്ത് കഴിയാനാണ് മനുഷ്യർ ശ്രമിക്കേണ്ടതെന്ന സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതിൽ പ്രത്യേക താൽപര്യമുള്ളവരിൽ പ്രധാനി ലോകബാങ്ക് ആണ്. അവരുടെ ലോക വന്യജീവി പദ്ധതിയുടെ മുതിർന്ന ഉപദേഷ്ടാവ് കൂടിയാണ് സിമ്മർമാൻ. ഏതാണ്ട് 30 രാജ്യങ്ങളിലെ പ്രശ്നങ്ങളിൽ ലോകബാങ്കിന് വേണ്ടി സിമ്മർമാൻ ഇടപെട്ടിട്ടുണ്ട്. യുനൈറ്റഡ് നേഷൻസ് ഡെവലപമെന്‍റ് പ്രോഗ്രാം, ഗ്ലോബൽ എൻവയോൺമെന്‍റ് ഫസിലിറ്റി, ഫുഡ് ആന്‍റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, ഓക്സ്ഫഡ് സർവകലാശാല എന്നിവരും ഇക്കാര്യത്തിൽ ഐ.യു.സി.എന്നിനു ഒപ്പമുണ്ട്. വന്യജീവികളും മനുഷ്യരും തമ്മിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഒരു മാർഗരേഖ 2023ൽ ഐ.യു.സി.എൻ പുറത്തിറക്കിയിരുന്നു. ഇതിൽ പ്രധാനമായും അഞ്ചു കാര്യങ്ങളാണ് പറയുന്നത്. ആക്രമിക്കരുത്/അപകടപ്പെടുത്തരുത്, പ്രശ്നവും സാഹചര്യവും മനസ്സിലാക്കുക, സഹകരിച്ചു പ്രവർത്തിക്കുക, നയവും ശാസ്ത്രവും സംയോജിപ്പിക്കുക, നിലനിർത്താവുന്ന പാതകൾ തയാറാക്കുക എന്നിവയാണവ.
കേരളത്തിന്‍റെ വനാതിർത്തികളിൽ വന്യമൃഗങ്ങളും മനുഷ്യരും തമ്മിൽ സംഘർഷം പതിവായതോടെ പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകിയിരുന്നു. ഇതിൽ നിർണായക സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വിദേശിയായ സിമ്മർമാൻ. വന്യജീവികളും മനുഷ്യരും സഹവസിച്ചുപോകണം എന്ന ആശയം ഐ.യു.സി.എന്നിന്‍റെ ആസ്ഥാനമായ സ്വിറ്റ്സർലൻഡിൽ നടപ്പായിട്ടില്ല. അവിടെ ആടുകളെ കൊന്നുതിന്നുന്നുവെന്ന കാരണത്താൽ അമ്പത് ചെന്നായ്ക്കളെ ഈ വർഷമാദ്യം വെടിവെച്ചു കൊന്നിരുന്നു. ശല്യക്കാരായ ചെന്നായ്ക്കളെ തെരഞ്ഞുപിടിച്ചല്ല, മറിച്ച് അവ ഉൾപ്പെട്ട കൂട്ടത്തെ ഒന്നാകെ നശിപ്പിക്കുകയാണ് ചെയ്തത്. വനം വന്യജീവികൾക്കും നാട് നാട്ടുകാർക്കും എന്ന നിലപാട് എടുത്തിരിക്കുന്ന കേരളത്തിൽ സിമ്മർമാന് എന്തു ചെയ്യാനാവും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അതിനു മുമ്പ് സിമ്മർമാൻ എങ്ങനെ ഈ നിർണായക സമിതിയിൽ എത്തി എന്നത് പരിശോധിക്കണം. വനംവകുപ്പ് ഈയിടെയായി സ്വീകരിക്കുന്ന നടപടികൾ ജനവികാരത്തിന് വിരുദ്ധമായതാണെന്ന് ആരോപണമുയരുന്ന സാഹചര്യത്തിൽ സൂക്ഷ്മപരിശോധന തന്നെ ആവശ്യമാണ്.
വനംവന്യജീവി വകുപ്പിലെ 2729155ാം നമ്പർ കമ്പ്യൂട്ടറിൽ 2024 മാർച്ച് ഏഴിന് തുറന്ന എഫ്.ഡബ്ല്യു.എൽ.ഡി-ഡി2/61/2024 നമ്പർ ഫയലിലാണ് മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിടുന്നത്. തലേന്ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ച നടന്നിരുന്നു. മാർച്ച് 12ന് വനംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നോട്ടിന്‍റെ അടിസ്ഥാനത്തിൽ മേൽനടപടികൾ സ്വീകരിക്കാനും മാർച്ച് ഏഴിന് ഇറങ്ങിയ ജി.ഒ(എം.എസ്)12/2024 ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് 14ന് മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിങ് നടത്താൻ നിർദേശിക്കുന്നു. ഈ യോഗത്തിനുള്ള നോട്ട് മാർച്ച് 13ന് സമർപ്പിക്കുന്നു. 2024 ഫെബ്രുവരി 12നും 15നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ 15ാം നിർദേശം വന്യജീവി സംഘർഷം ഒഴിവാക്കുന്നതിന് വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നായിരുന്നു. അതനുസരിച്ച് ഏപ്രിൽ രണ്ടിന് വനംമേധാവി 24 പേരുടെ പട്ടിക തയാറാക്കി വനംവകുപ്പിന് സമർപ്പിച്ചു. ഈ പട്ടികയിൽനിന്ന് 10 അല്ലെങ്കിൽ 11പേരടങ്ങുന്ന സമിതിയെ നിശ്ചയിക്കാൻ അന്നുതന്നെ വനംമന്ത്രി നിർദേശിച്ചു.
തൊട്ടുപിന്നാലെ ഐ.യു.സി.എന്നിലെ താർഷ്, യുനെസ്കോയുടെ ഇന്ത്യൻ മേധാവി ഡോ. ബെനോ ബോയർ, ഐ.ഐ.എഫ്.എം ഡയറക്ടർ എന്നിവരെക്കൂടി പട്ടികയിൽപെടുത്തണമെന്ന് വനംവകുപ്പിലെ ജെ.എസ്(ഡി) പ്രമോദ് യു.ആർ നിർദേശിക്കുന്നു. അധികമായി നിദേശിച്ചവർ ഉൾപ്പെടുന്ന 27 അംഗ പട്ടികയിൽനിന്ന് പത്തംഗ സമതിയെ നിശ്ചയിക്കാൻ ഏപ്രിൽ നാലിനു വനംമന്ത്രി ഉത്തരവിടുന്നു. അന്നുതന്നെ വനം-വന്യജീവി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടി കെ.ആർ. ജ്യോതിലാലിന്‍റെ മുറിയിൽ യോഗം ചേർന്ന് വനംമേധാവി ചെയർമാനും അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പുകഴേന്തി ഐ.എഫ്.എസ് കൺവീനറുമായി പത്തംഗ സമിതിയെ തീരുമാനിക്കുന്നു. പട്ടിക പുറത്തിറങ്ങിയപ്പോൾ അതുവരെ ചർച്ചയിലൊരിടത്തുമില്ലാതിരുന്ന ഡോ. അലക്സാഡ്ര സമ്മർമാൻ ഒന്നാം നമ്പറുകാരനായി സമിതിയിൽ ഇടം പിടിച്ചു. ഇദ്ദേഹത്തിനൊപ്പം 27 അംഗ പട്ടികയിൽ ഇല്ലാത്ത ഒ.പി. കാലർ എന്ന മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനും സമിതിയിൽ എത്തിയിട്ടുണ്ട്.
വിദഗ്ധ സമതി നിർണയ തീരുമാനവും അന്തിമ പട്ടികയും മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ ഏപ്രിൽ അഞ്ചിന് വനംമന്ത്രി നിർദേശിക്കുന്നു (നോട്ട് നമ്പർ 61). ഏപ്രിൽ 16ന് മുഖ്യമന്ത്രി അനുവദം നൽകുന്നു (നോട്ട് നമ്പർ 62). ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ. രാമൻ സുകുമാറിനെ കൂടി ഉൾപ്പെടുത്താൻ മുഖ്യമന്ത്രി നിദേശിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 17ന് ജി.ഒ 192/2024 എന്ന നമ്പറിൽ വനംവകുപ്പ് ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് ഇറക്കി. ഏപ്രിൽ 20ന് 86 ാം നമ്പർ നോട്ടിൽ കേരളത്തിലെ വന്യജീവി സംഘർഷ വിഷയങ്ങൾ ഏകോപിപ്പിക്കാനുള്ള നോഡൽ ഓഫിസറായി ചീഫ് വൈൽഡ് ലൈഫ് വാർഡനെ നിയമിച്ചിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെയും വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്താൻ വനംമന്ത്രിക്ക് ഫയൽ അയക്കണമെന്ന് വനം-വന്യജീവി വകുപ്പിലെ ജെ.എസ്(ഡി) പ്രമോദിന്‍റെ നിർദേശവും വനംവകുപ്പിന്‍റെ മുന്നിലെത്തി.
എന്നിട്ടും കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കേണ്ട നിർണായക സമിതിയിൽ സിമ്മർമാൻ എങ്ങനെ കടന്നുകൂടിയെന്നതിനും ആര് നിർദേശിച്ചുവെന്നതിനും വ്യക്തമായ വിശദീകരണം നൽകാൻ വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ടവർക്ക് സാധിക്കുന്നില്ല. അപകടകാരികളായ വന്യജീവികൾ ജനവാസ മേഖലയിലിറങ്ങിയാൽ വെടിവെച്ചുകൊല്ലണമെന്ന് ഇടതുമുന്നണി നേതാക്കൾ തന്നെ ആവശ്യപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധ നിലപാടുള്ള വിദേശികൾ കേരളത്തിന്‍റെ ജനകീയ പ്രശ്നത്തിൽ തീരുമാനമെടുക്കാനുള്ള നിർണായ സമിതിയിൽ ഇടംപിടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.