തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനു സമീപത്തെ പഴവങ്ങാടി തോട് എന്ന് അറിയപ്പെടുന്ന ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് നിയോഗിക്കപ്പെട്ട ജോയ് എന്ന തൊഴിലാളി ദാരുണമായി മുങ്ങിമരിച്ചത്, ജലാശയങ്ങളുടെ മോശം മാനേജ്മെന്റും മാലിന്യ നിർമാർജന പ്രക്രിയകളുടെ പാളിച്ചകളും തൊഴിലാളികളുടെ സുരക്ഷയോടുള്ള ക്രൂരമായ അവഗണനയും എടുത്തുകാണിക്കുന്നു.തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ഈ തോട് ഒരു നിർണായക ജലപാതയാണ്. ജലസേചന വകുപ്പിന്റെ...
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനു സമീപത്തെ പഴവങ്ങാടി തോട് എന്ന് അറിയപ്പെടുന്ന ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് നിയോഗിക്കപ്പെട്ട ജോയ് എന്ന തൊഴിലാളി ദാരുണമായി മുങ്ങിമരിച്ചത്, ജലാശയങ്ങളുടെ മോശം മാനേജ്മെന്റും മാലിന്യ നിർമാർജന പ്രക്രിയകളുടെ പാളിച്ചകളും തൊഴിലാളികളുടെ സുരക്ഷയോടുള്ള ക്രൂരമായ അവഗണനയും എടുത്തുകാണിക്കുന്നു.
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ഈ തോട് ഒരു നിർണായക ജലപാതയാണ്. ജലസേചന വകുപ്പിന്റെ 2021ലെ വെള്ളപ്പൊക്ക റിപ്പോർട്ട് തമ്പാനൂർ പ്രദേശത്തെ ഏക ജലനിർഗമന സംവിധാനമാണിതെന്ന് പറയുന്നു. സെൻട്രൽ റെയിൽവേ സ്റ്റേഷനടിയിലൂടെ കടന്നുപോകുന്ന തുരങ്കത്തിലുണ്ടാവുന്ന തടസ്സമാണ് പ്രദേശത്തെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിച്ച റിപ്പോർട്ടിൽ റെയിൽവേ കോമ്പൗണ്ടിലൂടെ ഒരു പുതിയ തുരങ്കം നിർമിക്കണമെന്ന ശിപാർശക്കൊപ്പം കനാലിന്റെ ‘ദൈനംദിന’ ശുചീകരണത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞിരുന്നു. മുന്നറിയിപ്പുകളൊക്കെയുണ്ടായിട്ടും ജലസേചന വകുപ്പോ നഗരസഭയോ റെയിൽവേയോ ആവശ്യമായ നടപടികളൊന്നും തന്നെ സ്വീകരിച്ചില്ല. മൺസൂണിന് മുമ്പ് നടത്തുന്ന നാമമാത്ര ശുചീകരണത്തിനുപിന്നാലെ, മഴവെള്ളവും അതോടൊപ്പം വരുന്ന മാലിന്യവും വന്നടിഞ്ഞ് തോട് അടഞ്ഞുപോകുന്നതും പതിവാണ്. അതുകൊണ്ടുതന്നെ തമ്പാനൂർ മേഖലയിൽ വെള്ളക്കെട്ട് പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി തുടരുന്നു.
റെയിൽവേയുടെ അലംഭാവം, നഗരസഭയുടേയും
കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക്, മനുഷ്യ വിസർജ്യം, സാനിറ്ററിപാഡുകൾ എന്നിവയുൾപ്പെട്ട മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനാണ് ദിവസക്കൂലി തൊഴിലാളിയായ ജോയിയെയും സഹപ്രവർത്തകരെയും ദക്ഷിണ റെയിൽവേ തോട്ടിലിറക്കിയത്. വിഷമയമായ സാഹചര്യത്തിൽ വെറുംകൈകൊണ്ട് ചെയ്യുന്ന ഈ ജോലി സാധാരണഗതിയിൽത്തന്നെ തികച്ചും അപകടംപിടിച്ച ഒന്നാണ്. അതിനുപുറമെ, കനത്ത മഴയിൽ വെള്ളമൊഴുക്ക് വർധിക്കുകയും ഉയർന്ന പ്രദേശങ്ങളിൽ നിന്ന് കൂടുതൽ മാലിന്യങ്ങൾ വന്നടിയുകയും ചെയ്തു. ഇതിനിടയിലാണ് ജോയി മുങ്ങിപ്പോയത്. ദേശീയ ദുരന്ത നിവാരണ സേന, ഫയർ ആൻഡ് റെസ്ക്യൂ ടീമുകൾ, കോർപറേഷൻ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് തിരച്ചിൽ നടത്തി. തോട്ടിലും തുരങ്കത്തിലും അടിഞ്ഞുകൂടിയ മാലിന്യത്തിന്റെ ആധിക്യം മൂലം ഏകദേശം മൂന്ന് ദിവസത്തെ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവന്നു അദ്ദേഹത്തിന്റെ ഉയിരറ്റ ശരീരം കണ്ടെടുക്കാൻ.
ഇതിനിടെ, ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർക്ക് എന്നതിനെ ചൊല്ലി തർക്കവും കുറ്റപ്പെടുത്തലുകളും ആരംഭിച്ചിരുന്നു. തുരങ്കം സ്റ്റേഷന് താഴെയായതിനാൽ റെയിൽവേയാണ് അത് വൃത്തിയാക്കേണ്ടിയിരുന്നത് എന്ന് നഗരസഭക്കുവേണ്ടി മേയറും മുതിർന്ന സംസ്ഥാന മന്ത്രിമാരും വാദിച്ചു. അതിന് തെളിവായി ശുചീകരണം ആവശ്യപ്പെട്ട് 2024 മേയ് മാസത്തിൽ റെയിൽവേക്ക് അയച്ച കത്തുകളും അവർ പുറത്തുവിട്ടു. തുരങ്കം വൃത്തിയാക്കാൻ മേയ് മാസം തന്നെ ജില്ല കലക്ടർ ഉത്തരവിട്ടിരുന്നുവെങ്കിലും മഴ കനക്കുന്നതുവരെ റെയിൽവേ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ അലംഭാവം തീർച്ചയായും ശിക്ഷ അർഹിക്കുന്ന ക്രിമിനൽ കുറ്റമാണ്. പരിശീലനമോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ തൊഴിലാളികളെ അങ്ങേയറ്റം മലിനമായ തോട് വൃത്തിയാക്കാൻ നിയോഗിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം സിറ്റി കോർപറേഷൻ കൗൺസിലിനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. 1994ലെ കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരവും 2016ലെ ഖരമാലിന്യ സംസ്കരണ ചട്ടമനുസരിച്ചും മാലിന്യ സംസ്കരണം നിയമപരമായി അവരുടെ ഉത്തരവാദിത്തമാണ്. ഈ സംഭവമൊക്കെ നടക്കുമ്പോൾ തന്നെ പ്രധാന റോഡിന് സമീപം കനാലിന്റെ വടക്കുഭാഗത്ത് കണ്ട മാലിന്യത്തിന്റെ അളവ് സംഭവം നടന്ന റെയിൽവേ വശത്ത് കണ്ടെത്തിയതിനെക്കാൾ വലുതായിരുന്നു. കനാലുകളിലേക്കും അരുവികളിലേക്കും അനധികൃതമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടസ്സമില്ലാതെ തുടരുകയാണെന്ന് നഗരസഭക്ക് നന്നായി അറിയാം. അത്തരം ലംഘനങ്ങൾ തടയിടാനും അങ്ങനെ വലിച്ചെറിയുന്നവരെ ശിക്ഷിക്കാനും അവർക്ക് കഴിഞ്ഞിട്ടില്ല. നഗരത്തിൽ നടക്കുന്ന വിവിധങ്ങളായ പരിപാടികളിൽ ഉണ്ടാവുന്ന മാലിന്യങ്ങളും ഈ തോട്ടിലാണ് വലിച്ചെറിയുന്നത് അധികൃതർക്കൊക്കെ അറിയാവുന്ന കാര്യമാണ്. തോട്ടിൽ വലിയ അളവിൽ കാണുന്ന മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് സഞ്ചികളും ഫ്ലോട്ടിങ് തെർമോകോളും വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം നിലവിലില്ലാത്തതോ ഫലപ്രദമല്ലാത്തതോ ആണെന്ന് തെളിയിക്കുന്നു. ഈ ദാരുണമായ സംഭവത്തിലേക്ക് നയിച്ച ഈ പരാജയത്തിന്റെ ഉത്തരവാദിത്തം മേയറും കോർപറേഷൻ കൗൺസിലും ഏറ്റെടുക്കേണ്ടതുണ്ട്.
ഈ പരാജയം ഒരു മുന്നറിയിപ്പ്
2011ൽ വിലപ്പിൽശാല മാലിന്യസംസ്കരണ പ്ലാന്റ് പൊതുജന പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടിയ ശേഷം മാലിന്യസംസ്കരണം സംബന്ധിച്ച സമീപനം പുനർവിചിന്തനം ചെയ്യാൻ തിരുവനന്തപുരം കോർപറേഷൻ നിർബന്ധിതമായിരുന്നു. 2015ൽ അന്നത്തെ മേയർ വി.കെ. പ്രശാന്തിന്റെ കീഴിൽ നഗരം വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിലേക്ക് മാറി. ബോധവത്കരണം, സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കൽ, എയ്റോബിക് ബിന്നുകൾ, കമ്യൂണിറ്റി ബയോഗ്യാസ്, അടുക്കള ബിന്നുകൾ, റിസോഴ്സ് റിക്കവറി സൗകര്യങ്ങൾ, മെറ്റീരിയൽ ശേഖരണ സൗകര്യങ്ങൾ, ഹരിത കർമ സേനകൾ, തുടങ്ങിയ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നാല് വർഷത്തെ പ്രയത്നം കൊണ്ട് റോഡുകളിലെ മാലിന്യങ്ങൾ തള്ളൽ കുറക്കാനും കൂടുതൽ ആളുകൾ പുതിയ സംവിധാനങ്ങൾ സ്വീകരിക്കാനും തുടങ്ങിയിരുന്നു. പ്രവർത്തനങ്ങളുടെ നടത്തിപ്പ് സാധ്യമാക്കുന്നതിന് ഗ്രീൻ ആർമി എന്ന പേരിൽ ധാരാളം യുവ സന്നദ്ധപ്രവർത്തകരുമുണ്ടായിരുന്നു. എന്നാൽ, 2020ൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ കൗൺസിൽ ഈ ശ്രമങ്ങളിൽ നിന്ന് പിന്നോട്ട് പോയി. ഗ്രീൻ ആർമി സന്നദ്ധപ്രവർത്തകരെ നിരുത്സാഹപ്പെടുത്തുകയും കാലക്രമേണ അവരുടെ ആവശ്യം വേണ്ടെന്നു വെക്കുകയും ചെയ്തു. കമ്പോസ്റ്റിങ്ങിനായി സാങ്കേതിക പിന്തുണ നൽകുന്നതും കോർപറേഷൻ നിർത്തി, ഇത് കാരണം നിരവധി നഗരവാസികൾ ഈ സംരംഭം ഉപേക്ഷിക്കുകയുണ്ടായി .
തോട്ടിപ്പണി മനുഷ്യത്വരഹിതം
അധാർമികവും മനുഷ്യത്വരഹിതവുമായ തോട്ടിപ്പണിക്ക് മനുഷ്യരെ നിയോഗിക്കുന്നത് രാജ്യം നിയമം മൂലം നിരോധിച്ചതാണ്. എന്നാൽ, അതിന്നും നിർബാധം തുടരുന്നുവെന്ന് ജോയിയുടെ ദാരുണ മരണത്തിലൂടെ നാം വീണ്ടും അംഗീകരിക്കേണ്ടിവരുന്നു. ബാൻഡികൂട്ട് റോബോട്ടുകൾ പോലുള്ള നൂതന സാങ്കേതികവിദ്യകൾ ലഭ്യമായിരിക്കെ, കനാലുകളും ഡ്രെയിനേജ് കുഴികളും വൃത്തിയാക്കാൻ കോർപറേഷനും റെയിൽവേയും താൽക്കാലിക തൊഴിലാളികളെ ഇറക്കുന്നത് തുടരുന്നു. അതും ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ഇത്തരം പണികൾ ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്ന മനുഷ്യരെ. ഈ സമ്പ്രദായം തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുക മാത്രമല്ല, ഏറ്റവും ദുർബലരായവരെ ചൂഷണം ചെയ്യുന്ന ഒരു മനുഷ്യത്വരഹിത സംവിധാനത്തെ നിലനിർത്തുകയും ചെയ്യുന്നു. കേരളം പുരോഗമനപരമായ വിജ്ഞാന സമൂഹമാണെന്നും മറ്റുമുള്ള അവകാശ വാദങ്ങളെ ദുർബലപ്പെടുത്തുന്നു ഇത്തരം ക്രൂരതകൾ.
മുന്നോട്ടുള്ള വഴിയെന്ത്?
ഈ ഹൃദയഭേദകമരണം അധികാരികൾക്കുള്ള ഒരു താക്കീതാണ്. ജലാശയങ്ങളെയും മാലിന്യ സംസ്കരണ സംവിധാനത്തെയും ബാധിക്കുന്ന പ്രശ്നങ്ങളും ശുചീകരണ തൊഴിലാളികളുടെ സുരക്ഷക്കും ക്ഷേമത്തിനും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം എടുത്തുകാണിക്കുന്നു.
തിരുവനന്തപുരം കോർപറേഷൻ ഈ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. ഒന്നാമതായി, കോർപറേഷൻ ശരിയായ വികേന്ദ്രീകൃത മാലിന്യ സംസ്കരണ മാതൃകയിലേക്കുള്ള ശ്രമങ്ങൾ പുനരുജ്ജീവിപ്പിക്കണം, ഉറവിടത്തിൽ വേർതിരിക്കൽ, ജൈവ മാലിന്യങ്ങളുടെ ഗാർഹിക, സാമൂഹിക തലത്തിലുള്ള സംസ്കരണം, മറ്റെല്ലാ മാലിന്യങ്ങളുടെയും വേർതിരിച്ചുള്ള ശേഖരണം, കമ്യൂണിറ്റി ഇടപെടൽ, അതിനുള്ള സാങ്കേതിക പിന്തുണ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. തുറന്ന സ്ഥലങ്ങളിൽ, അഴുക്കുചാലുകളിൽ, ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനുള്ള നിയമങ്ങൾ കോർപറേഷൻ കർശനമായി നടപ്പാക്കുകയും ലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തുകയും വേണം. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഒഴുകുന്ന ഒരു തോടിലും കനാലിലും പുഴകളിലും ഇനി ആരും നഗര മാലിന്യം നിക്ഷേപിക്കില്ല എന്ന് ഉറപ്പാക്കണം. അതു പോലെ തന്നെ വഴിയോരങ്ങളിലും തുറന്ന സ്ഥലങ്ങളിലും.
രണ്ടാമതായി, തിരുവനന്തപുരത്തെ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ഓപറേഷൻ അനന്ത പദ്ധതി പുനരുജ്ജീവിപ്പിക്കുകയും പൂർത്തിയാക്കുകയും വേണം. ആമയിഴഞ്ചാൻ തോട്ടിലെ ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിന് സെൻട്രൽ റെയിൽവേ സ്റ്റേഷന് കീഴിൽ ഒരു പുതിയ തുരങ്കം നിർമിക്കുന്നതുൾപ്പെടെ 2021ലെ വെള്ളപ്പൊക്ക റിപ്പോർട്ടിൽ നിന്നുള്ള ജലസേചന വകുപ്പിന്റെ ശിപാർശകൾ കാലതാമസം കൂടാതെ നടപ്പാക്കണം. നഗരത്തിലെ ജലപാതകളുടെ തുടർച്ചയായ നിരീക്ഷണത്തിനും പരിപാലനത്തിനും മുൻഗണന നൽകണം.
ശുചീകരണത്തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതും അതിപ്രധാനമാണ്. ഈ തൊഴിലാളികൾക്ക് ശരിയായ പരിശീലനവും ഉപകരണങ്ങളും മേൽനോട്ടവും നൽകുന്നതിന് ബന്ധപ്പെട്ട എല്ലാ ഏജൻസികളും ഉടൻ നടപടികൾ സ്വീകരിക്കണം. മനുഷ്യരെക്കൊണ്ട് തോട്ടിപ്പണി ചെയ്യിക്കുന്നത് അവസാനിപ്പിച്ച് ബാൻഡികൂട്ട് റോബോട്ടുകൾ പോലുള്ള നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം.
തിരുവനന്തപുരത്ത് മാത്രമല്ല, കേരളത്തിലാകെയും മാലിന്യ സംസ്കരണത്തിലെയും നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലെയും പാളിച്ചകളും വീഴ്ചകളും പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ചുള്ള വ്യക്തമായ ഓർമപ്പെടുത്തലാണ് ഈ ദാരുണമായ സംഭവം. നഷ്ടപ്പെട്ട മകനെ ഓർത്ത് ആ അമ്മയുടെ കണ്ണീരും നമ്മുടെ ജലാശയങ്ങളെ മൂടി കൊല്ലാക്കൊല ചെയ്യുന്ന വലിയ മാലിന്യക്കൂമ്പാരങ്ങളും, ശുചീകരണത്തൊഴിലാളികളും രക്ഷാപ്രവർത്തകരും നേരിടുന്ന അപകടസാധ്യതകളും നിലനിൽക്കുവോളം നമ്പർ വൺ കേരളത്തിലേക്കുള്ള വഴിദൂരം ഏറെ വലുതാണെന്ന് മറക്കരുത്.
(എൻജിനീയറും പരിസ്ഥിതി പ്രവർത്തകനുമാണ് ലേഖകൻ)
sridhar.keralam@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.