ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം തദ്ദേശീയമായി സാങ്കേതികവിദ്യകൾ വികസിപ്പിക്കണമെന്നതായിരുന്നു ഗവേഷണ മേഖലയിൽ ശ്രീചിത്രയെ മുന്നിലെത്തിച്ച ഡോ.വല്യത്താന്റെ കാഴ്ചപ്പാട്. ‘ആരോഗ്യശാസ്ത്രത്തെക്കാളും ആരോഗ്യ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താൽപര്യം. ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ഗവേഷണ സമിതിയുടെ ചെയർമാനായിരിക്കെ രാജ്യത്തെ മികച്ച ശാസ്ത്രജ്ഞന്മാരെ സമിതിയുടെ ഭാഗമാക്കി. പലയിടത്തുമുള്ള മികച്ച ശാസ്ത്രജ്ഞരെ ശ്രീചിത്രയിലെത്തിച്ചു. മൂന്നുമാസം കൂടുമ്പോൾ ചേരുന്ന യോഗങ്ങളിൽ സ്ഥിരമായെത്തി നിർദേശങ്ങൾ നൽകി.
വല്യത്താൻ പ്രവർത്തനം ഏറ്റെടുക്കുന്നതുവരെ ശ്രീചിത്രപോലൊരു സ്വതന്ത്രമായ സർക്കാർ ആശുപത്രിയുടെ മാതൃക കേരളത്തിലില്ലായിരുന്നു. മെഡിക്കൽ കോളജിന്റെയോ ആരോഗ്യവകുപ്പിന്റെയോ കീഴിലല്ലാത്ത ഗവേഷണ സ്ഥാപനമെന്ന കാഴ്ചപ്പാട് രൂപവത്കരിച്ചതും ഏറ്റെടുത്ത് നടത്തിയതും വല്യത്താനായിരുന്നു. അതോടെ ആശുപത്രിയുടെ മികവിന്റെ പേരിൽ രോഗികൾ അങ്ങോട്ടേക്കെത്തി. ഡോക്ടർമാർക്ക് മികച്ച വേതനവ്യവസ്ഥ നൽകിക്കൊണ്ട് പ്രൈവറ്റ് പ്രാക്ടീസ് നടത്താതെ, മുഴുവൻ സമയവും രോഗികൾക്കായി ചെലവഴിക്കുന്ന സങ്കൽപം നടപ്പാക്കി. അക്കാലത്ത് അതും നൂതന ആശയമായിരുന്നു. അമേരിക്കയിലെ പഠനശേഷം ചെന്നൈ പെരുമ്പത്തൂരിലെ ആശുപത്രിയിൽ ഡോ. ചെറിയാന്റെ അസിസ്റ്റന്റായി ജോലി ചെയ്തുവരുന്ന വേളയിൽ മുഖ്യമന്ത്രി ആയിരുന്ന സി. അച്യുതമേനോനാണ് ഡോ. വല്യത്താനെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് നിയമിച്ചത്. അദ്ദേഹമെത്തുമ്പോൾ ചുരുക്കം കെട്ടിടങ്ങളും വിരലിലെണ്ണാവുന്ന ജീവനക്കാരും മാത്രമാണ് അവിടെയുണ്ടായിരുന്നത്. വല്യത്താന്റെ ദീർഘ വീക്ഷണത്തോടെയുള്ള ഇടപെടലുകളാണ് ശ്രീചിത്രയെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലൊന്നായി വളർത്തിയത്. രാജ്യത്ത് മെഡിക്കൽ വ്യവസായ മേഖല ഇല്ലായിരുന്നു. അതിനു തുടക്കമിട്ടത് വല്യത്താനാണ്. ഹൃദയ വാൽവിന്റെ ഗവേഷണം 76ൽ ശ്രീചിത്ര ആരംഭിച്ചു. എൺപതുകളുടെ അവസാനത്തോടെ വാൽവ് വികസിപ്പിക്കുക മാത്രമല്ല അതിനെ വിപണിയിലെത്തിക്കാനും മാതൃകയുണ്ടാക്കി. ഇന്ത്യയിലില്ലാത്ത ഉൽപന്നം നിർമിച്ച് ലോകത്തിനു വല്യത്താൻ കേരളത്തിന്റെ മികവ് കാട്ടിക്കൊടുത്തു.
ആയുർവേദവും ആധുനികശാസ്ത്രവുമായി സംയോജിപ്പിച്ച് ആയുർവേദ ബയോളജി എന്ന പുതിയ മേഖലക്ക് വല്യത്താൻ തുടക്കമിട്ടു. . വിരമിച്ചശേഷം ആയുർവേദ ആചാര്യൻ രാഘവൻ തിരുമൽപാടിന്റെ അടുത്തുപോയി പഠിച്ചു. മണിപ്പാൽ യൂനിവേഴ്സിറ്റി രൂപവത്കൃതമായപ്പോൾ അദ്ദേഹത്തെ അവർ ക്ഷണിച്ചു. സ്ഥലം ഇഷ്ടപ്പെട്ടതിനെ തുടർന്ന് അവിടെ തുടർന്നു. വിരമിച്ചശേഷം കേന്ദ്ര സർക്കാർ നാഷനൽ പ്രഫസർ എന്ന അപൂർവമായ പദവി വല്യത്താന് നൽകി. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ചെയര്‍മാനായിരുന്നു.
(ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻറ് ടെക്നോളജിയിൽ പ്രഫസറും അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് മേധാവിയുമായിരുന്നു ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.