അലസമായ ജുഡീഷ്യൽ സംവിധാനത്തിലെ മറ്റേതൊരു കേസും പോലെ ഇതും വർഷങ്ങളോളം ഇഴഞ്ഞുനീങ്ങി. മസ്ജിദ് ധ്വംസനത്തിെൻറ മുഴുനീള ദൃക്‌സാക്ഷി എന്ന നിലയിൽ ഞാൻ കോടതി മുമ്പാകെ മൊഴിനൽകാൻ ചെന്നു. അവിടെ അര ഡസനിലധികം അഭിഭാഷകർ എന്നെ രണ്ടാഴ്ചയോളം ക്രോസ് വിസ്താരം ചെയ്തു. സംഭവം നടന്ന് 22 വർഷമായിരുന്നു അന്ന്. എന്നെപ്പോലെ നൂറുകണക്കിന് സാക്ഷികൾ വേറെയും ഉണ്ടായിരുന്നുവെന്ന് ഓർക്കുക
പതിനാറാം നൂറ്റാണ്ടിൽ അയോധ്യയിൽ നിർമിക്കപ്പെട്ട ബാബരി മസ്ജിദ് ഹിന്ദുത്വ വർഗീയ ശക്തികൾ തകർത്ത് മണ്ണോട് ചേർത്തിട്ട് ഇന്നേക്ക് മുപ്പതാണ്ട്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യത്ത് പലവിധ കലഹങ്ങളും കലാപങ്ങളുമുണ്ടായിട്ടുണ്ട്. എന്നിരിക്കിലും സകല നിയമങ്ങളെയും തകിടം മറിച്ച് ചരിത്രപ്രാധാന്യമുള്ള ഒരു ആരാധനാലയത്തിന് നേരെ ഇത്തരമൊരു ഭീകരകൃത്യം നടക്കുമെന്ന് ഇന്ത്യയിലെ മതേതര സമൂഹം ദുഃസ്വപ്നങ്ങളിൽ പോലും വിശ്വസിച്ചിരുന്നില്ല.
യു.പി തലസ്ഥാനമായ ലഖ്നോവിൽ നിന്ന് കഷ്ടി 130 കിലോമീറ്റർ അകലെയാണ് 1527ൽ മുഗൾ ചക്രവർത്തി ബാബറിന്റെ നാമധേയത്തിൽ പണികഴിപ്പിച്ച പള്ളി നിലനിന്നിരുന്നത്. പള്ളിക്കുമേൽ അധീശത്വം സ്ഥാപിക്കാനുള്ള മുറവിളി '80 കളുടെ അവസാനത്തിൽ അന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയായി വളർന്നുവന്ന ബി.ജെ.പിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്നുമുണ്ടായിരുന്നു.
രാമക്ഷേത്ര നിർമാണം ഉയർത്തിക്കാട്ടി നടത്തിയ പ്രചാരണങ്ങളുടെ ഫലമായി പള്ളി നിലകൊള്ളുന്ന യു.പിയിൽ അധികാരത്തിലേറിയ ബി.ജെ.പി മുഖ്യമന്ത്രി കല്യാൺ സിങ് ബാബരി മസ്ജിദിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ തന്റെ സർക്കാർ ഭരണഘടനാപരമായ ബാധ്യതകൾ നിറവേറ്റുമെന്ന് സുപ്രീംകോടതി മുമ്പാകെ സത്യവാങ്മൂലം നൽകിയിരുന്നതുമാണ്.
എന്നിട്ടോ, 1992 ഡിസംബർ ആറിന് പതിനായിരക്കണക്കിന് ആളുകളെ അയോധ്യയിലേക്ക് കടത്തിവിട്ടു, വൈകാരികമായ പ്രകോപന പ്രസംഗങ്ങൾക്കിടയിൽ മുൻകൂട്ടി പദ്ധതിയിട്ടതിൻ പ്രകാരം ബാബരി പള്ളി പൂർണമായി അടിച്ചു തകർത്തു.
മതേതര ആദർശം ഉയർത്തിപ്പിടിച്ചിരുന്ന ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങൾക്കിടയിൽ സ്വാഭാവികമായും കടുത്ത ഞെട്ടലും നിരാശയുമാണുണ്ടായത്. എന്നാൽ, ഇത് തങ്ങളുടെ 'വിജയം' എന്ന് അഭിമാനപൂർവം ഉദ്ഘോഷിക്കുന്ന ചെറുപറ്റം ഹിന്ദു മതമൗലികവാദികളും ഇവിടെയുണ്ടായിരുന്നു.
മസ്ജിദ് തകർത്തതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അക്രമാസക്തമായ വർഗീയ ഉന്മാദത്തിലേക്ക് നീങ്ങുകയും ഇരുവശത്തുനിന്നും നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുന്നതിൽ കലാശിക്കുകയും ചെയ്തു. വിഷയം സി.ബി.ഐ അന്വേഷിക്കുകയും യു.പിയിലെ പ്രത്യേക കോടതി ഏറ്റെടുക്കുകയും ചെയ്തു, അലസമായ ജുഡീഷ്യൽ സംവിധാനത്തിലെ മറ്റേതൊരു കേസും പോലെ ഇതും വർഷങ്ങളോളം ഇഴഞ്ഞുനീങ്ങി.
മസ്ജിദ് ധ്വംസനത്തിന്റെ മുഴുനീള ദൃക്‌സാക്ഷി എന്ന നിലയിൽ ഞാൻ കോടതി മുമ്പാകെ മൊഴിനൽകാൻ ചെന്നു. അവിടെ അര ഡസനിലധികം അഭിഭാഷകർ എന്നെ രണ്ടാഴ്ചയോളം ക്രോസ് വിസ്താരം ചെയ്തു. സംഭവം നടന്ന് 22 വർഷമായിരുന്നു അന്ന്. എന്നെപ്പോലെ നൂറുകണക്കിന് സാക്ഷികൾ വേറെയും ഉണ്ടായിരുന്നുവെന്ന് ഓർക്കുക.
പള്ളി തകർത്ത ക്രിമിനൽ കുറ്റം സംബന്ധിച്ച വിചാരണ പ്രത്യേക കോടതികളിൽ തുടരവെ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് ലഖ്നോ ഹൈകോടതിയുടെ മൂന്നംഗ ബെഞ്ച് 2009ൽ ഒരു ഭിന്നവിധി പറഞ്ഞു. അതോടെ വിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തുകയും 2019ൽ ക്ഷേത്രത്തിനനുകൂലമായി വിധി വരുകയും ചെയ്തു. മസ്ജിദ് നിലകൊണ്ട ഭൂമിയിലിപ്പോൾ പടുകൂറ്റൻ രാമക്ഷേത്രത്തിന്റെനിർമാണം പുരോഗമിക്കുന്നു.
മറ്റു മാർഗങ്ങളൊന്നുമില്ലാതെ, കനത്ത വിഷമത്തോടെ രാജ്യത്തെ മുസ്‍ലിംകൾ വിധി അംഗീകരിച്ചു. ഹിന്ദു- മുസ്‍ലിം സമൂഹങ്ങൾ തമ്മിലെ വർധിച്ചുവരുന്ന ഭിന്നതകൾക്ക് ഇതോടെ അറുതിയാകുമെന്ന് ന്യൂനപക്ഷ സമുദായത്തിലെ വലിയൊരു വിഭാഗം പ്രതീക്ഷിച്ചു.
ആരാധനാലയങ്ങളുടെ പദവി സംരക്ഷിക്കാൻ 1991ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയമം നിലവിലുള്ളതിനാൽ, തീവ്രനിലപാടുകാരുടെ കുത്തിത്തിരിപ്പുകൾ ഭയക്കാതെ ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാനാകുമെന്ന് രാജ്യത്തെ മുസ് ലിംകൾക്കൊപ്പം മതേതര ചിന്താഗതിക്കാരായ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും പ്രതീക്ഷിച്ചു.
എന്നാൽ, വിധിയുടെ പരിണിതി മറ്റൊന്നായിരുന്നു. ഹിന്ദുത്വ ശക്തികൾ അതിനെ ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലെ ഭിന്നത മൂർച്ഛിപ്പിക്കുന്നതിനുള്ള ഉപായമാക്കി. ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക വഴിത്തിരിവാണ്. അധികാരം പിടിച്ചെടുക്കാൻ വർഗീയ ധ്രുവീകരണത്തേക്കാൾ വിജയകരമായ ഫോർമുലയില്ലെന്ന് ഹിന്ദുത്വ വർഗീയശക്തികൾ സ്ഥാപിച്ചെടുത്തത് ഈ ഹീനകൃത്യത്തിലൂടെയാണ്.
ഹിന്ദുക്കളെയും മുസ്‍ലിംകളെയും മാത്രമല്ല, പിന്നാക്ക സമുദായങ്ങളെയും പല വഴിയിലേക്ക് ഭിന്നിപ്പിക്കുന്നതിൽ അവർ വിജയം കണ്ടു. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കിയതിനെ തുടർന്ന് രാഷ്ട്രീയവും സാമൂഹികവുമായ ഉണർവ് കൈവരിച്ച ദലിത് പിന്നാക്ക ബഹുജൻ സമൂഹം ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു.
പരമ്പരാഗതമായി കോൺഗ്രസിനെ സഹായിച്ചു പോന്നിരുന്ന മുസ്‍ലിം സമൂഹവും ബഹുജൻ മുന്നേറ്റങ്ങൾക്ക് തുറന്ന പിന്തുണ നൽകി. ബഹുജൻ പിന്നാക്ക ഐക്യം നിലനിൽക്കുവോളം തങ്ങളുടെ അജണ്ടകൾ ലക്ഷ്യം കാണില്ലെന്ന് ബി.ജെ.പിക്കും അവരുടെ ആശയകേന്ദ്രമായ ആർ.എസ്.എസിനും നന്നായറിയാം., യു.പിയിൽ കൈകോർത്ത് നിന്ന മുലായം സിങ് യാദവിന്റെ സമാജ് വാദി പാർട്ടിയെയും കൻഷിറാമിന്റെ ബഹുജൻ സമാജ് പാർട്ടിയെയും ഭിന്നിപ്പിച്ച് രണ്ട് തട്ടിലാക്കിയതോടെ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമായി.
അവരുടെ വിഷമയമായ രാഷ്ട്രീയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രധാന ഉപകരണമായി മാറി. ഓരോ തവണ വിജയം നേടുമ്പോഴും അവർ വെറുപ്പിന്റെ മൂർച്ച കൂട്ടി. 200 വർഷം രാജ്യത്തെ അടിമത്വത്തിൽ വെച്ച ബ്രിട്ടീഷുകാരുടെ 'ഭിന്നിപ്പിച്ച് ഭരിക്കൽ' നയത്തിന്റെ നേരവകാശികളായി മാറിയിരിക്കുന്നു ബി.ജെ.പി എന്നു പറഞ്ഞാൽ തെറ്റില്ല.
'വികസനം' എന്ന വാഗ്ദാനത്തിന്റെയും 'ഗുജറാത്ത് മോഡൽ' എന്ന വ്യാജനിർമിതിയുടെയും പട്ടിൽ പൊതിഞ്ഞ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വിജയപതാക ഉയർന്ന തെരഞ്ഞെടുപ്പാണ് 2014ൽ നടന്നത്. ആ ഫോർമുല പിന്നീട് പല നിയമസഭ തെരഞ്ഞെടുപ്പുകളിലും 2019ലെ പൊതു തെരഞ്ഞെടുപ്പിലും കൂടുതൽ മാരകമായ രീതിയിൽ ഉപയോഗിച്ച് ഫലിപ്പിച്ചു.
ഹിന്ദുത്വ ശക്തികൾ തങ്ങളുടെ നേട്ടപ്പട്ടികയുടെ ആദ്യ അധ്യായമായി അഭിമാനപൂർവം അവതരിപ്പിക്കുന്നത് ബാബരി മസ്ജിദ് ധ്വംസനമാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുക്കൾക്ക് നൽകുന്ന സമ്മാനമായും അവർ വിശേഷിപ്പിക്കുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബാബരി മസ്ജിദിനെയും അയോധ്യയെയും കുറിച്ച് നടത്തുന്ന ഓരോ പരാമർശവും ബി.ജെ.പിക്ക് രാഷ്ട്രീയ മുതലെടുപ്പുണ്ടാക്കുന്നതിനും മുസ്‍ലിംകളുടെ മൗലികാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയ പാർട്ടികളെ "ഹിന്ദു വിരുദ്ധർ" എന്ന് മുദ്രകുത്താനും ലക്ഷ്യമിടുന്നവയാണ്.
ബാബരി മസ്ജിദ് തകർക്കുക വഴി ഇത്ര വലിയ രാഷ്ട്രീയ ലാഭവിഹിതം കൈവന്നതിനാൽ വാരാണസിയിലും മഥുരയിലും അതേ തന്ത്രം ആവർത്തിക്കാൻ ഹിന്ദുത്വ ശക്തികൾ തയാറായിക്കഴിഞ്ഞു. അവിടം കൊണ്ടും അവസാനിക്കുന്നില്ല. എല്ലാ മത ആരാധനാലയങ്ങൾക്കും സംരക്ഷണം ഉറപ്പാക്കിയിരുന്ന 1991ലെ നിയമം നേർപ്പിക്കാനോ അസാധുവാക്കാനോ ഉള്ള ശ്രമവും അവർ നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.