ആർ. ദേവദാസ്
2022-23ൽ ഒരു മത്സ്യത്തൊ ഴിലാളിക്ക് ക്ഷേമപദ്ധതി പ്രകാരം ലഭിച്ച ശരാശരി തുകയുടെ രണ്ടിരട്ടിയിലധികം തുകയാണ് അതേ മാനദണ്ഡമുള്ള മുന്നാക്ക സമുദായ അംഗത്തിന് ലഭിച്ചത്
തീരദേശത്ത് തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളികൾ രാജ്യത്തിന് വലിയതോതിൽ വിദേശനാണ്യം നേടിത്തരുന്നവരും പൊതുസമൂഹത്തിന് ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷണം തീരെ കുറഞ്ഞ ചെലവിൽ പ്രദാനം ചെയ്യുന്നവരുമാണ്. സമുദ്രാതിർത്തികളിൽ ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികൾ രാജ്യസുരക്ഷക്ക് നൽകുന്ന വലിയ സംഭാവന നമ്മുടെ ഭരണാധികാരികൾതന്നെ പലപ്പോഴും സമ്മതിച്ചിട്ടുള്ളതാണ്.
മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ)യുടെ കണക്കനുസരിച്ച് 2022-23 വർഷം 17,35,286 മെട്രിക് ടൺ മത്സ്യം കയറ്റുമതി ചെയ്തതിലൂടെ രാജ്യത്തിന് 63969.14 കോടി രൂപയുടെ വിദേശനാണ്യം ലഭിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിന്റെ പങ്ക് യഥാക്രം 2,18,629 മെട്രിക് ടണ്ണും 8285.03 കോടി രൂപയുമാണ്.
ഇങ്ങനെ രാജ്യസുരക്ഷയിലും സാമ്പത്തിക വളർച്ചയിലും ഭക്ഷ്യസുരക്ഷയിലും പങ്കുവഹിക്കുന്ന ജനവിഭാഗമെന്നനിലയിലും സാമൂഹിക- സാമ്പത്തികാവസ്ഥ കണക്കിലെടുത്തും പ്രത്യേക പരിഗണന ലഭിക്കേണ്ട ഈ സമൂഹത്തിന് യാതൊരു പരിഗണനയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകിയിട്ടില്ല. പൊതുസമൂഹമാകട്ടെ, ‘നാറ്റത്തൊഴിലുകാർ’ എന്ന് വിളിച്ച് പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിർത്തുകയും ചെയ്യുന്നു. പൊതുവിഭവങ്ങളുടെ വിതരണത്തിൽനിന്ന് എല്ലാകാലവും ബോധപൂർവം ഒഴിച്ചുനിർത്തിപ്പെട്ടവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ.
ഐക്യരാഷ്ട്രസഭ വികസന പദ്ധതി (യു. എൻ.ഡി.പി)യുടെ മാനദണ്ഡമനുസരിച്ച് ഒരു സമൂഹം ഉൽപാദിപ്പിക്കുന്ന ജി.ഡി.പിയുടെ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ആ സമൂഹത്തിന്റെ സാമൂഹികക്ഷേമ പദ്ധതികൾക്കായി ഒരു ക്ഷേമരാഷ്ട്രം ചെലവഴിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിലെ കണക്ക് നോക്കൂ: 2019-20 വർഷം മത്സ്യമേഖയിൽനിന്നുള്ള ജി.ഡി.പി 10,73,610 ലക്ഷം രൂപ ആയിരുന്നു. മത്സ്യമേഖലയിലെ സാമൂഹിക ക്ഷേമ പദ്ധതികൾക്കായി ചെലവഴിച്ച തുകയാകട്ടെ 11,112 ലക്ഷം രൂപയും (മത്സ്യമേഖലയിലെ ജി.ഡി.പിയുടെ 1.03 ശതമാനം മാത്രം).
8.2 ലക്ഷം ഗുണഭോക്താക്കൾക്കായാണ് ഈ തുക ചെലവഴിച്ചിട്ടുള്ളത് എന്നുകൂടി അറിയുക. അതായത് ഒരു ഗുണഭോക്താവിന് ശരാശരി ലഭിച്ചത് വെറും 1354 രൂപ മാത്രം.
(അവലംബം: പതിനാലാം പഞ്ചവത്സര പദ്ധതി: മത്സ്യമേഖല വർക്കിങ് ഗ്രൂപ് റിപ്പോർട്ട് -പേജ് 38).
സാമൂഹിക സുരക്ഷാ പദ്ധതികൾ നിർലോഭം നടപ്പിലാക്കുന്നുവെന്ന് ഊറ്റം കൊള്ളുന്ന ഒരു സർക്കാറിന്റെ കാലഘട്ടത്തിലാണിത്.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് 2023-24 വർഷത്തിൽ (31.08.2023 വരെ) വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, കോവിഡ്-19 ധനസഹായം എന്നിങ്ങനെ ഇനങ്ങളിലായി, സർക്കാർ സഹായത്തോടെയുള്ള ക്ഷേമ പദ്ധതികളിൽ 68562 ഗുണഭോക്താക്കൾക്കായി 65,71,30,282 രൂപയും മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള സഹായങ്ങൾ, മാരകരോഗങ്ങൾക്കുള്ള ചികിത്സാ സഹായം, മത്സ്യത്തൊഴിലാളികളുടെ പെണ്മക്കൾക്ക് വിവാഹത്തിന് ധനസഹായം, മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴുണ്ടാകുന്ന മരണത്തിനുള്ള ധനസഹായം, ചെയർമാന്റെ ക്ഷേമനിധി ഫണ്ടിൽനിന്നുള്ള സഹായം തുടങ്ങിയ ഇനങ്ങളിലായി ബോർഡ് നടപ്പിലാക്കിയ പദ്ധതികളിലൂടെ 4739 ഗുണഭോക്താക്കൾക്കായി 5,07,80,930 രൂപയും ഇൻഷുറൻസ് കോമ്പൻസേഷൻ -മരണം, ഇൻഷുറൻസ് കോമ്പൻസേഷൻ- അംഗവൈകല്യം (സ്ഥിരം, താൽക്കാലികം), ഇൻഷുറൻസ് കോമ്പൻസേഷൻ- ആശുപത്രി ചെലവ് തുടങ്ങിയ ഇനങ്ങളിലായി ഗ്രൂപ് ഇൻഷുറൻസ് (കോമ്പൻസേഷൻ) പദ്ധതിയിലൂടെ 76 ഗുണഭോക്താക്കൾക്കായി 3,90,81,875 രൂപയും ഉൾപ്പെടെ ആകെ 73377 ഗുണഭോക്താക്കൾക്കായി 74,69,93,087 രൂപയും വിതരണം ചെയ്തിട്ടുണ്ട്.
ഇത് 2022-23ൽ യഥാക്രമം 1,28,923 ഗുണഭോക്താക്കളും 148,71,67,131 രൂപയും 2021-22ൽ യഥാക്രമം 4,91,946 ഗുണഭോക്താക്കളും 163,46,42,505 രൂപയുമായിരുന്നു.
(അവലംബം: സാമ്പത്തിക അവലോകനം 2021, 2022, 2023.
-കേരള സംസ്ഥാന ആസൂത്രണ ബോർഡ്).
അതായത്, കേരള ക്ഷേമനിധി ബോർഡ് നടപ്പാക്കിയ ക്ഷേമപദ്ധതികളിലൂടെ അപേക്ഷിച്ച് അർഹതപ്പെട്ട ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരി തുക 2023-24 (31.08.23 വരെ)ൽ 10180.2 രൂപയാണ്. 2022-23ൽ ഇത് ശരാശരി 11535.31 രൂപയും 2021-22ൽ ഇത് ശരാശരി 3323 രൂപയുമായിരുന്നു.
(2022-23 വർഷത്തിൽ വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ എന്നിവയുടെ വർധിപ്പിച്ച തുക വിതരണം ചെയ്തതാണ് ആളോഹരി തുക വർധിക്കാൻ കാരണം). അതേസമയം, കേരള സംസ്ഥാന മുന്നാക്ക വിഭാഗ ക്ഷേമ കോർപറേഷൻ 2023-24 വാർഷിക പദ്ധതിയിൽപ്പെടുത്തി (31/08/2023വരെ) സ്കോളർഷിപ്, കോച്ചിങ് സഹായം, ഗഡു വായ്പാ സഹായം, നൈപുണ്യ സംരംഭകത്വ വികസനം (127 കൂട്ടുത്തരവാദിത്ത സംഘങ്ങൾക്കും 26 വ്യക്തികൾക്കും), അഗ്രഹാരങ്ങളുടെ നവീകരണം, മംഗല്യ സമുന്നതി എന്നീ പദ്ധതികളിലായി 1452 ഗുണഭോക്താക്കൾക്ക് 3,40,06,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.
2022-23ൽ മേൽ ഇനങ്ങളിലായി 25398 ഗുണഭോക്താക്കൾക്ക് 22,56,57,000 രൂപ വിതരണം ചെയ്തിട്ടുണ്ട്.
(അവലംബം: സാമ്പത്തിക അവലോകനം 2022-കേരള സംസ്ഥാന ആസൂത്രണ ബോർഡ്, കേരള സ്റ്റേറ്റ് വെൽഫയർ കോർപറേഷൻ ഫോർ ഫോർവേഡ് കമ്യൂണിറ്റി ലിമിറ്റഡ് -2023).
2023-24ൽ കേരള സംസ്ഥാന മുന്നാക്ക വികസന കോർപറേഷൻ വാർഷിക പദ്ധതിയിൽപെടുത്തി പദ്ധതിക്ക് അപേക്ഷിച്ച ഒരു മുന്നാക്ക സമുദായ അംഗത്തിന് ശരാശരി 23420.1 രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. അതായത്, 2022-23ൽ (31/08/2023വരെ) ഒരു മത്സ്യത്തൊഴിലാളിക്ക് ക്ഷേമപദ്ധതി പ്രകാരം ശരാശരി ലഭിച്ച തുക 10,180.2 രൂപയും അതേ മാനദണ്ഡമുള്ള ഒരു മുന്നാക്ക സമുദായ അംഗത്തിന് ലഭിച്ച ശരാശരി തുക 23,420.1 രൂപയും ആയിരുന്നു.
മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരി തുകയുടെ രണ്ടിരട്ടിയിലധികം തുക അതേ മാനദണ്ഡമുള്ള മുന്നാക്ക സമുദായ അംഗത്തിന് ലഭിച്ചു. 2021-22ൽ ഒരു മത്സ്യത്തൊഴിലാളിക്ക് പദ്ധതി വിഹിതത്തിൽപ്പെടുത്തി സാമൂഹിക ക്ഷേമത്തിനുവേണ്ടി 3,323 രൂപ മാത്രം നൽകിയപ്പോൾ അതേ മാനദണ്ഡമുള്ള ഒരു മുന്നാക്ക സമുദായക്കാരന് നൽകിയ ശരാശരി പദ്ധതി വിഹിതം 10194.89 രൂപയായിരുന്നു. മത്സ്യത്തൊഴിലാളി ക്ഷേമത്തിന് നൽകുന്നതിന്റെ മൂന്നിരട്ടിയിലധികം തുക മുന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിന് നൽകിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മുകളിൽ സൂചിപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ, നമ്മളെ അവഗണിക്കുന്ന കേരളമല്ല, നമ്മുടെ അവകാശങ്ങളെ അംഗീകരിക്കുന്ന കേരളം സൃഷ്ടിക്കാനും പൊതുവിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിന് ഭരണകൂടത്തെ നിർബന്ധിതമാക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹം സ്വയം സംഘടിക്കുകയും വലിയ പ്രക്ഷോഭങ്ങൾ നടത്തുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.