സാമൂഹിക സേവനത്തിന്റേതായ ഈ രണ്ട് രീതികളും സമൂഹത്തിന് ഗുണമുള്ള കാര്യങ്ങളാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. ചെയ്യുന്ന വ്യക്തികളുടെ ഉദ്ദേശ്യശുദ്ധിയിലും സംശയമില്ല. മേൽസൂചിപ്പിച്ച രണ്ട് സമീപനങ്ങളിൽ ഏതാണ് നല്ലത് എന്നതു സംബന്ധിച്ച് ഒരു അഭിപ്രായം പറയാൻ ഞാൻ ആളുമല്ല‘‘ഒരു മനുഷ്യന് ഒരു മത്സ്യം വാങ്ങിക്കൊടുത്താൽ അയാൾക്ക് ഒരു ദിവസം ഭക്ഷണമാകും. അയാളെ...
സാമൂഹിക സേവനത്തിന്റേതായ ഈ രണ്ട് രീതികളും സമൂഹത്തിന് ഗുണമുള്ള കാര്യങ്ങളാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. ചെയ്യുന്ന വ്യക്തികളുടെ ഉദ്ദേശ്യശുദ്ധിയിലും സംശയമില്ല. മേൽസൂചിപ്പിച്ച രണ്ട് സമീപനങ്ങളിൽ ഏതാണ് നല്ലത് എന്നതു സംബന്ധിച്ച് ഒരു അഭിപ്രായം പറയാൻ ഞാൻ ആളുമല്ല
‘‘ഒരു മനുഷ്യന് ഒരു മത്സ്യം വാങ്ങിക്കൊടുത്താൽ അയാൾക്ക് ഒരു ദിവസം ഭക്ഷണമാകും. അയാളെ മത്സ്യം പിടിക്കാൻ പഠിപ്പിച്ചാൽ ജീവിതകാലം മുഴുവൻ അയാൾക്ക് ഭക്ഷണം സമ്പാദിക്കാൻ കഴിയും.’’ -ഈ ചൈനീസ് പഴമൊഴി എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. പലയിടത്തും ഞാനിത് ഉദ്ധരിക്കാറുമുണ്ട്. ഈ ആശയത്തിന്റെ പ്രസക്തിയെക്കുറിച്ച് ചില നുറുങ്ങുകൾ ഇവിടെ പങ്കുവെക്കട്ടെ.
എനിക്ക് നേരിട്ടറിയാവുന്ന രണ്ട് വ്യക്തികളെക്കുറിച്ച് പറയാം. രണ്ടുപേരും വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായുമെല്ലാം ഉന്നതിയിലെത്തിയവർ.
സമൂഹത്തിലെ താഴേത്തട്ടിലുള്ള മനുഷ്യർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യണമെന്ന ആഗ്രഹവും അഭിലാഷവുമുള്ള നിസ്വാർഥമതികൾ. എന്നാൽ, ഇരുവരുടെയും പ്രവർത്തന രീതി തികച്ചും വ്യത്യസ്തമായിരുന്നു. രണ്ടുപേരുടെയും സേവനപ്രവർത്തനങ്ങൾക്ക് വലിയ സമകാലിക പ്രസക്തിയുണ്ട്. കാരുണ്യത്തിന്റെ നീർച്ചാലുകൾ മഹാസമുദ്രങ്ങളാക്കുക എന്നത് ഓരോ മനുഷ്യനും ഏറ്റെടുക്കേണ്ട ദൗത്യമാണെന്ന് ഓരോ വയനാടുകളും നമ്മെ ഓർമിപ്പിക്കുന്ന ഈ ഘട്ടത്തിൽ വിശേഷിച്ചും.
ഒന്നാമത്തെ ആളെക്കുറിച്ച് പറഞ്ഞുതുടങ്ങാം. അങ്ങേയറ്റം സൗമ്യനും സഹജീവികളോട് അപാരമായ കരുണയുമുള്ള വ്യക്തിത്വം. സാമ്പത്തിക സഹായവും വിഭവങ്ങളും ആവശ്യമുള്ള ആളുകളെ കണ്ടറിഞ്ഞ് എത്തിച്ചുനൽകും, കൂടെയുണ്ട് എന്ന ഉറപ്പ് ആളുകളിൽ അനുഭവവേദ്യമാക്കും. ഇനിയെന്ത് എന്നറിയാതെ ജീവിതത്തിനുമുന്നിൽ പകച്ചുനിന്ന ഒരുപാടൊരുപാട് മുഖങ്ങളിൽ പുഞ്ചിരിയും ആത്മവിശ്വാസവും നിറക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എത്രയോ പേർക്ക് അദ്ദേഹത്തിന്റെ ഈ പിന്തുണ വലിയ ആശ്വാസമാണ്.
രണ്ടാമത്തെ വ്യക്തിയുടെ രീതി തീർത്തും വ്യത്യസ്തമാണ്. പണമായോ ദ്രവ്യമായോ നാലാൾ കാൺകെ ആർക്കും സഹായം ചെയ്യില്ല. കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകുക, കുറേക്കൂടി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ സഹായകമായ കേന്ദ്രങ്ങൾ തുടങ്ങുക, സ്വന്തമായി തൊഴിൽ കണ്ടെത്താനുള്ള സംരംഭങ്ങളൊരുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ.
സ്കൂളുകൾക്കും സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കും വനിതകൾക്കുള്ള സ്വയം പര്യാപ്തത കൈവരിക്കാനുള്ള കേന്ദ്രങ്ങൾക്കുമെല്ലാം അദ്ദേഹം നിർലോഭം പിന്തുണ നൽകി. സാങ്കേതിക കാര്യങ്ങളിൽ നൈപുണി കൈവരിക്കാൻ ആ രംഗത്തുള്ള വിദഗ്ധരെയും അദ്ദേഹം ഇത്തരം സ്ഥാപനങ്ങളിൽ എത്തിച്ചുനൽകും. സമയമെടുത്തായാലും സമൂഹത്തെ എങ്ങനെ സ്വയംപര്യാപ്തമാക്കാം എന്നത് സംബന്ധിച്ച് ആഴത്തിലുള്ള ആലോചനയും കാഴ്ചപ്പാടുമായിരുന്നു അദ്ദേഹത്തിന്.
അതേസമയം, ദീർഘകാലാടിസ്ഥാനത്തിലുള്ള ഈ ഇടപെടലുകൾക്ക് പെട്ടെന്നുള്ള ഫലം കണ്ടെത്തുക സാധ്യമല്ലാത്തതിനാൽ അദ്ദേഹം ചെയ്യുന്ന സൽകർമങ്ങൾ പുറംലോകം അറിയുന്നതും കുറവാണ്.
ഒന്നാമത്തെ വ്യക്തി ഒരാളുടെ അടിയന്തരാവശ്യങ്ങൾ നിറവേറ്റാൻ യുദ്ധകാലാടിസ്ഥാനത്തിൽ സഹായങ്ങൾ നൽകുമ്പോൾ രണ്ടാമത്തെ വ്യക്തി വിശപ്പകറ്റാൻ വരും ദിവസങ്ങളിലും മറ്റുള്ളവന്റെ മുന്നിൽ കൈനീട്ടുന്ന അവസ്ഥ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് മുൻതൂക്കം നൽകുന്നു.
വാർധക്യകാലം വരെ മുന്നോട്ടുപോകാൻ ഒരാൾക്ക് അവശ്യം വേണ്ടത് വിദ്യാഭ്യാസവും നൈപുണിയും സ്വഭാവഗുണങ്ങളുമാണ്. എന്നും ഒരേതരത്തിലുള്ള സഹായം ലഭിക്കുന്ന വ്യക്തിക്ക് അവരുടെ ഉള്ളിലെ കഴിവും ശേഷിയും ഉപയോഗപ്പെടുത്താൻ കഴിയാതെ വരും. എല്ലാ അർഥത്തിലും കൂമ്പടഞ്ഞ ഒരു അസ്തിത്വമായി അയാൾ പരിണമിക്കും. ആ മനുഷ്യനും വാർധക്യകാലം വരെ ജീവിക്കേണ്ടതുണ്ട്. അത്രയും കാലം അയാൾക്ക് സമൂഹം ഊന്നുവടിയാവേണ്ടിവരും എന്നതല്ലേ വാസ്തവം?
സാമൂഹിക സേവനത്തിന്റേതായ ഈ രണ്ട് രീതികളും സമൂഹത്തിന് ഗുണമുള്ള കാര്യങ്ങളാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. ചെയ്യുന്ന വ്യക്തികളുടെ ഉദ്ദേശ്യ ശുദ്ധിയിലും സംശയമില്ല. മേൽസൂചിപ്പിച്ച രണ്ട് സമീപനങ്ങളിൽ ഏതാണ് നല്ലത് എന്നതു സംബന്ധിച്ച് ഒരു അഭിപ്രായം പറയാൻ ഞാൻ ആളുമല്ല. എന്നാൽ, നമ്മുടെ നാട്ടിലെ സംഘടനകളും സ്ഥാപനങ്ങളും ഉദാരമതികളും ഗുണഭോക്താക്കളും ഇതുസംബന്ധിച്ച സജീവമായ ആലോചനക്ക് തയാറാകേണ്ടതുണ്ട്.
പ്രശസ്ത ആംഗലേയ എഴുത്തുകാരൻ ഒസ്കാർ വൈൽഡ് ഈ ഒരു ചിന്തയിലേക്ക് സരസമായി വിരൽചൂണ്ടിയത് ഇങ്ങനെ: ‘‘എല്ലാവരും നല്ലവരായിരിക്കണമെന്നില്ല. പക്ഷേ, എന്തെങ്കിലും ഒരു നന്മ എല്ലാവരിലുമുണ്ടാവും’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.