പൊലീസ് നിർദേശ പ്രകാരം പേര് രണ്ട് തവണ മാറ്റിയ ചായക്കടയുടെ ബോർഡുകൾ

ഇത്​ അയിത്തമാണ്

പടിഞ്ഞാറൻ യു.പി മുസഫർ നഗർ ജില്ലയിലുള്ള വെഹെൽനാ ചൗക്കിൽ രണ്ടു പതിറ്റാണ്ടായി ചെറിയൊരു ബീഡി-മുറുക്കാൻ കട നടത്തി സമാധാനമായി ജീവിച്ചുവരുകയാണ്​ മുഹമ്മദ്​ അസീം എന്ന നാൽപത്തിരണ്ടുകാരൻ. ഈ മാസം ഒമ്പതിന്​ യു.പി പൊലീസെത്തി കാവടി​ യാത്രക്കാലത്ത്​ കടയുടെ മുന്നിൽ പേരെഴുതി പ്രദർശിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടതായി അസീം പറയുന്നു. അത്​ പാലിക്കാനായി 1200 രൂപ മുടക്കി കടക്കു​മുന്നിൽ പേരെഴുതിയ ബാനർ സ്ഥാപിച്ചു അദ്ദേഹം. മൺസൂൺ കാലത്ത്​ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ലക്ഷക്കണക്കിന്​ യുവാക്കൾ ഹിന്ദുക്കളുടെ പുണ്യനഗരിയായ ഹരിദ്വാറിലേക്ക്​ കാൽനടയായാണ്​ കാവടി​ യാത്ര നടത്തുന്നത്​. ജൂലൈ 22 മുതൽ ആഗസ്​റ്റ്​ ആറു വരെയാണ്​ ഈ വർഷത്തെ തീർഥാടന കാലം. രണ്ടരക്കോടി തീർഥാടകർ യു.പിയിലൂടെ കടന്നുപോകുമെന്നാണ്​ കണക്ക്​. കഴിഞ്ഞ വർഷങ്ങളിലെല്ലാം മുറുക്കാൻ വാങ്ങാനായി ഒട്ടനവധി തീർഥാടകരാണ്​ കടയിലെത്തിയിരുന്നത്​. എന്നാൽ, പേര്​ പ്രദർശിപ്പിക്കുന്നതോടെ ഇക്കുറി അതിൽ മാറ്റം വന്നേക്കുമോ എന്ന ആശങ്കയുണ്ട്​ അസീമിന്​.

മുഹമ്മദ്‌ അസീം പേരെഴുതിയ ബോർഡ് സ്ഥാപിച്ച മുറുക്കാൻ കടയിൽ

കടയുടെ മുന്നിലെ പേര്​ കണ്ട്​ ചിലപ്പോൾ ആളുകൾ കയറാതെ പോയേക്കും. എന്തെങ്കിലും സാമുദായിക പ്രശ്​നങ്ങളുണ്ടായാൽ മുസ്‍ലിംകളുടെ സ്ഥാപനം ഏതൊ​ക്കെയെന്ന്​ എളുപ്പത്തിൽ തിരിച്ചറിയാനും ഇതു കാരണമാവും -അദ്ദേഹം ആശങ്ക തുറന്നുപറയുന്നു.

മനുഷ്യാവകാശ പ്രവർത്തകർ സമർപ്പിച്ച ഹരജികൾ പരിഗണിച്ച സുപ്രീംകോടതി ജൂലൈ 22ന്​ കാവടി​ യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടലുകളും ഭക്ഷണശാലകളും ഉടമയുടെ പേര്​പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാർ ഉത്തരവ്​ മരവിപ്പിച്ചു​. ജസ്​റ്റിസ്​ ഋഷികേശ്​ റായ്​, എൻ.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്​ വിൽക്കുന്ന ഭക്ഷണസാധനങ്ങളെന്താണ്​ എന്ന്​ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന്​ നിർദേശിച്ചു.

പൊലീസിന്റെ കരുതൽ​ ഉത്തരവ്​

ജൂലൈ 17ന്​ യു.പി പൊലീസ്​ ട്വിറ്ററിലൂടെ ഒരു നിർദേശം പുറപ്പെടുവിച്ചതോടെയാണ്​ വിവാദങ്ങളുടെ തുടക്കം. വിശുദ്ധ ശ്രാവണ മാസത്തിൽ, പല ആളുകളും, വിശിഷ്യാ കാവടി​ യാത്രികർ, ചില ആഹാര പദാർഥങ്ങൾ കഴിക്കുന്നത്​ ഒഴിവാക്കാറുണ്ടെന്നും ഭക്ഷണശാലകളുടെ പേരുകൾ പലപ്പോഴും ആശയക്കുഴപ്പം സൃഷ്​ടിക്കാറുണ്ടെന്നും പറഞ്ഞാണ്​ ഹിന്ദിയിലിറക്കിയ നിർദേശം ആരംഭിക്കുന്നത്​.

“അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്​ ഒഴിവാക്കാനും ഭക്തജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനുമായി, കാവടി​ യാത്രാവഴിയിൽ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഹോട്ടൽ, ധാബ, കട ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ സ്വമേധയാ പ്രദർശിപ്പിക്കാൻ അഭ്യർഥിക്കുന്നു.”

“ഏതെങ്കിലും തരത്തിലെ മതപരമായ വിവേചനം സൃഷ്ടിക്കുകയല്ല, മറിച്ച് മുസഫർ നഗർ ജില്ലയിലൂടെ കടന്നുപോകുന്ന ഭക്തർക്ക് സൗകര്യം ഒരുക്കിയും, ആരോപണങ്ങൾ തടഞ്ഞും, ക്രമസമാധാനം നിലനിർത്തുക മാത്രമാണ് ഈ ഉത്തരവിന്റെ ഉദ്ദേശ്യം. ഈ സമ്പ്രദായം മുമ്പും പ്രചാരത്തിലുണ്ടായിരുന്നു’’- ഉത്തരവ്​ പറയുന്നു.

പിന്നാലെ, ഉത്തരാഖണ്ഡിലെ ഹരിദ്വാർ പൊലീസും മധ്യപ്രദേശിലെ ഉജ്ജയിൻ നഗരസഭയും സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചു.

“ഞങ്ങൾ ഭക്ഷണശാലകളോട് അവരുടെ ഉടമകളുടെ പേരുകൾ എഴുതിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്, ഇല്ലാത്ത പക്ഷം അവർക്കെതിരെ ഞങ്ങൾ നിയമനടപടി സ്വീകരിക്കും. പലപ്പോഴും തർക്കമുണ്ടാകാറുള്ളതിനാലാണ്​ ഞങ്ങൾ ഈ തീരുമാനമെടുത്തത്​." ഹരിദ്വാർ പൊലീസ് സൂപ്രണ്ട് (എസ്.എസ്‌.പി), പത്മേന്ദ്ര ഡോബൽ, ജൂലൈ 19ന് മാധ്യമങ്ങളോട് പറഞ്ഞു.

“ഉജ്ജയിൻ മതപരമായി ഒരു വിശുദ്ധ നഗരമാണ്. മതവിശ്വാസം കൊണ്ടാണ് ആളുകൾ ഇവിടെ വരുന്നത്. അവർ സേവനം തേടുന്ന കടയുടമയെക്കുറിച്ച്​ അറിയാൻ അവർക്ക് അവകാശമുണ്ട്. ഉപഭോക്താക്കൾ അതൃപ്തരാവുകയോ വഞ്ചിക്കപ്പെടുകയോ ചെയ്താൽ, പരിഹാരം തേടാൻ ഇതവരെ സഹായിക്കും. ഉത്തരവ്​ പാലിക്കുന്നതിൽ വീഴ്​ച വരുത്തുന്നവർക്ക് 2000 രൂപ പിഴ ചുമത്തും. എന്നിട്ടും ആവർത്തിച്ചാൽ 5000 രൂപ ഈടാക്കും’’- ജൂലൈ 21ന്​ ഉജ്ജയിൻ മേയർ തത്​ വാൽ പറഞ്ഞു. ഈ നടപടി വംശീയ വിവേചനമാണെന്നും മതപരമായ പ്രൊഫൈലിങ് നടത്തുകയാണെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

ഉത്തരവ്​ ഭരണഘടന വിരുദ്ധം

കാവടി​ യാത്രാ വഴിയിലുള്ള കച്ചവടശാലകളിൽ നിന്ന്​ തീർഥാടന കാലയളവിൽ മുസ്‍ലിം ജീവനക്കാരെ ഒഴിവാക്കണമെന്ന ആവശ്യമുയർത്തി മുസഫർ നഗർ ​കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വാമി യശ്​ വീർ ഒരു വർഷമായി കാമ്പയിൻ നടത്തിവരുകയാണ്​. ഈ സ്വാമിയെ കാണാൻ അദ്ദേഹത്തി​ന്റെ ആശ്രമത്തിൽ ചെന്നപ്പോൾ ഗേറ്റ്​ അടച്ചിട്ടിരിക്കുകയായിരുന്നു. ഞങ്ങളുമായി സംസാരിക്കാൻ അദ്ദേഹം കൂട്ടാക്കിയതുമില്ല.

ഭക്ഷണത്തിൽ തുപ്പി തീർഥാടകരുടെ വിശുദ്ധിക്ക്​ വിഘാതം വരുത്താനും രോഗം പടർത്താനും മുസ്‍ലിംകൾ ശ്രമിക്കുമെന്നാരോപിച്ച്​ ജൂലൈ ഒമ്പതു മുതൽ വർഗീയ ശക്തികൾ വിഡിയോകളും കാരിക്കേച്ചറുകളും ചിത്രങ്ങളുമുയോഗിച്ച്​ വ്യാപക പ്രചാരണങ്ങളുമാരംഭിച്ചു.

പൊലീസ്​ പുറത്തിറക്കിയ നിർദേശങ്ങൾ തനി അവകാശ ലംഘനമാണെന്നും എന്ത് അധികാരത്തി​ന്റെ ബലത്തിലാണ് ഇതു പുറപ്പെടുവിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകൻ ഷാരൂഖ് ആലം ​​പറയുന്നു.

ചിലർ നിയമവിരുദ്ധമായ ആവശ്യങ്ങളുന്നയിച്ചാലുടൻ ഇതുപോലുള്ള ഉത്തരവിറക്കി ക്രമസമാധാന പ്രശ്‌നങ്ങൾ തടയാനാണെന്ന്​ ന്യായീകരിക്കുന്നത്​ ശരിയായ നടപടിയല്ല. ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതക്കുള്ള അവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നിവയുടെ ലംഘനമാണ്​ ഈ ഉത്തരവ്​-ആലം ചൂണ്ടിക്കാട്ടുന്നു.

മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിവയുടെ പേരിൽ നടത്തുന്ന വിവേചനങ്ങളെ ഭരണഘടനയുടെ 15-ാം വകുപ്പ്​ പ്രകാരം നിരോധിച്ചിട്ടുണ്ട്​. അയിത്തം നിരോധിക്കുന്നതാണ്​ പതിനേഴാം വകുപ്പ്​. എല്ലാ പൗരജനങ്ങൾക്കും ഏതുജോലിയും കച്ചവടവും വ്യാപാരവും നടത്താൻ 19 വകുപ്പ്​ പ്രകാരം അവകാശമുണ്ട്​. ഭരണഘടനയുടെ 21-ാം വകുപ്പ്​ ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനും സംരക്ഷണം വാഗ്​ദാനം ചെയ്യുന്നു.

നിർദേശത്തിനെതിരെ ഇടപെടൽ തേടി പൗരാവകാശ പ്രവർത്തകരും തൃണമൂൽ കോൺഗ്രസ്​ എം.പി മഹുവ മൊയ്ത്രയും ജൂലൈ 20ന് സുപ്രീംകോടതിയെ സമീപിച്ചു. യു.പി സർക്കാർ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങളെ ഉന്നമിടുന്നതാണെന്നും ഹരജിക്കാരിലൊരാളായ ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ ഘടകം മുൻ അധ്യക്ഷൻ ആകാർ പട്ടേൽ ചൂണ്ടിക്കാട്ടുന്നു. കടകളിൽ പേര് ​പ്രദർശിപ്പിക്കണമെന്ന ആശയം ഒരു സമുദായത്തെ, അതായത്​ മുസ്‍ലിംകളെ ബഹിഷ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ്. ഒരു പരിഷ്കൃത രാജ്യമെന്ന നിലയിൽ നാം അത്​ അനുവദിക്കരുത്​"

പൊതുജന രോഷവും പ്രതിപക്ഷ പ്രതിഷേധവും ഉയർന്നതോടെ, ഏതെങ്കിലും പ്രത്യേക സമുദായത്തോട്​ പേരെഴുതി വെക്കാൻ നിർബന്ധിച്ചിട്ടില്ലെന്നും “സ്വമേധയാ” ചെയ്യാനാണ് നിദേശിച്ചതെന്നുമുള്ള വിശദീകരണം പൊലീസ്​ പുറത്തിറക്കി.

എന്നാൽ, “സുപ്രീംകോടതിയിൽ സംരക്ഷണം തേടിയാൽപ്പോലും കസ്റ്റഡിയിൽ ആളുകൾ കൊല്ലപ്പെ​ട്ടേക്കാവുന്ന ഒരു സംസ്ഥാനത്ത് പൊലീസുകാർ വന്ന്​ നിങ്ങളുടെ വാതിലിൽ മുട്ടി എന്തെങ്കിലും ചെയ്യാൻ പറയുന്നതിനെ സ്വമേധയാ എന്ന്​ വിളിക്കാനാവില്ലെന്ന്​ ആകാർ പ​ട്ടേൽ പരിഹസിക്കുന്നു.

31 വർഷമായി കുടുംബം നടത്തിവരുന്ന സസ്യാഹാര ശാലയിൽ ദിവസേന വന്ന്​ പേര്​ പ്രദർശന ഉത്തരവ്​ പാലിക്കുന്നുണ്ടോ എന്ന്​ പൊലീസ്​ പരിശോധിച്ചിരുന്നതായി ആദിൽ എന്ന ധാബ ഉടമ പറയുന്നു. എ​ന്റെ പേര്​ ബാനറിൽ വേണമെന്ന്​ പറഞ്ഞ്​ പൊലീസ് ഭീഷണിപ്പെടുത്തിയതായും ആദിൽ വെളിപ്പെടുത്തി.

മുസഫർ നഗർ എസ്​.എസ്​.പി അഭിഷേക്​ സിങ്ങിനോട്​ പ്രതികരണം ആരാഞ്ഞെങ്കിലും പ്രസ്​താവന ട്വിറ്ററിലുണ്ടെന്നും കൂടുതൽ ചോദ്യങ്ങൾക്ക്​ ഉത്തരം പറയാനില്ലെന്നുമായിരുന്നു മറുപടി.

ഒരു സമുദായത്തിന്​ മാത്രം ബാധകം

ഉത്തരവ്​ നടപ്പാക്കുന്നത്​ കർശനമായാണെങ്കിലും അത്​ തുല്യമായല്ലെന്നാണ്​ സപ്രീംകോടതിയുടെ സ്​റ്റേ വരുന്നതിന്​ മൂന്നു ദിവസം മുമ്പ്​ മുസഫർ നഗർ സന്ദർശിച്ച ഞങ്ങൾക്ക്​ ബോധ്യമായത്​.

​െവഹെ​ൽനാ ചൗക്കിൽ മുസ്‍ലിം കച്ചവടക്കാർ മാത്രമാണ്​ പേരെഴുതിയ ബോർഡുകൾ സ്ഥാപിച്ചിരുന്നത്​. പേരെഴുതിയ ബോർഡ്​ വെക്കാൻ അസീമിനെ നിർബന്ധിച്ച പൊലീസ്​ തൊട്ടപ്പുറത്തെ പച്ചക്കറിക്കടക്കാരന്​ അത്തരമൊരു നിർദേശം നൽകിയിട്ടില്ല. ‘‘അവർ എന്തിന്​​ എ​ന്റെ പേര്​ എഴുതിവെക്കാൻ പറയണം? എല്ലാവർക്കും എന്നെ അറിയാം, എ​ന്റെ വിലാസമറിയാം- പച്ചക്കറിക്കട നടത്തുന്ന രാഹുൽ എന്ന യുവാവ്​ പറയുന്നു. മുസഫർ നഗറിലെ മുഖ്യ ക​മ്പോളമായ ശാസ്ത്രി മാർക്കറ്റിലും ഇതു തന്നെയായിരുന്നു സ്ഥിതി.

മുസ്‍ലിം കച്ചവടക്കാരോട്​ മാത്രമാണ്​ പേര് പ്രദർശിപ്പിക്കാൻ നിർദേശിച്ചതെന്ന്​ ശാസ്ത്രി മാർക്കറ്റിലെ പുരാതനമായ ന്യൂബാബ സ്വീറ്റ്​സ്​ ഉടമ സലീം അഹ്​മദ്​ പറയുന്നു.

സലീം അഹ്മദ് മുസഫർ നഗർ ശാസ്ത്രി മാർക്കറ്റിലെ പലഹാരക്കടയിൽ

മഹാമാരിക്കാലത്ത്​ ഹിന്ദുത്വവാദികളും ബി.ജെ.പി നേതാക്കളും ടി.വി ചാനലുകളും പടച്ചുവിട്ട കൊറോണ ജിഹാദ് വ്യാജ പ്രചാരണത്തിനുശേഷം ഹിന്ദു ഉപഭോക്താക്കൾ തന്റെ കടയിലേക്ക് വരുന്നത് നിർത്തിയതായും അദ്ദേഹം പറഞ്ഞു.

വസ്തുത പരിശോധന വെബ്‌സൈറ്റായ BOOM പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കോവിഡ്-19 മായി ബന്ധപ്പെട്ട്​ 2020 ജനുവരി മുതൽ മേയ് വരെ ഉയർന്നുവന്ന 178 പ്രചാരണങ്ങൾ വസ്തുത പരിശോധനക്ക്​ വിധേയമാക്കി. 35ശതമാനം തെറ്റായ പ്രചാരണങ്ങളും മുസ്‍ലിം കച്ചവടക്കാരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ആ പഠനം വെളിപ്പെടുത്തുന്നു.

വക്കീൽ അഹ്​മദിന്റെ കട

വക്കീൽ അഹ്​മദും സഹോദരനും ചേർന്ന്​ ദേശീയ പാത 58ൽ ടീ ലവേഴ്​സ്​ പോയൻറ്​ എന്ന പേരിൽ ഒരു ചായക്കട നടത്തിവന്നിരുന്നു. പിന്നീട്,​ വക്കീൽ സാഹബ്​ ടീ സ്​റ്റാൾ എന്ന്​ പേര്​​ മാറ്റി. എന്നാൽ, പൊലീസ്​ എത്തി പേര്​ കുറച്ചു കൂടി വ്യക്തമാക്കണമെന്ന്​ ആവശ്യപ്പെട്ടതോടെ വക്കീൽ അഹ്​മദ്​ ടീ സ്​റ്റാൾ എന്ന്​ മാറ്റിയതായി സഹോദരൻ ഫഹീം അഹ്​മദ്​ പറയുന്നു. സാധാരണ കാവടി​ യാത്രവേളയിൽ കച്ചവടം ഇരട്ടിക്കാറാണ്​. എന്നാൽ, ഇത്തവണത്തെ കാര്യം ആശങ്കയാണ്​. "

തീർഥാടന കാലയളവിൽ പാചകക്കാരും വിളമ്പുകാരും ഉൾപ്പെടെയുള്ള മുസ്‍ലിം ജീവനക്കാരെ അവധിക്ക് വിടാൻ പൊലീസ് ആവശ്യപ്പെട്ടതായി കഠൗലിയിലെ അഞ്ച്​ ഭോജനശാല ഉടമകൾ ഈ ലേഖകരോട്​ പറഞ്ഞു. പലരും അത്​ പാലിക്കുകയും ചെയ്​തു.

(സ്വതന്ത്ര മാധ്യമ പോർട്ടലായ article-14.com പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടി​ന്റെ സംഗ്രഹ വിവർത്തനം)

Tags:    
News Summary - Kavadi Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.