അഴിമതി തടയൽ ലക്ഷ്യമിട്ടെന്ന പേരിൽ നിയമങ്ങൾ പ്രയോഗിച്ച് വിദേശ സംഭാവന സ്വീകരണത്തിന് തടയിടുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് നേരിട്ട് ബോധ്യപ്പെട്ടയാളാണ് ലക്ഷ്മൺ യെമെ. മഹാരാഷ്ട്രയുടെ തീരപ്രദേശത്തുള്ള അഞ്ജൻവേലിലെ ആശുപത്രിയിൽ ഡോക്ടറാണിദ്ദേഹം. സൗകര്യങ്ങളും സജ്ജീകരണങ്ങളുമില്ലാതെ ഏതാണ്ട് ശൂന്യമായ ഒരു കെട്ടിടത്തിൽ വർഷങ്ങളോളം ഏതാണ്ട് ഒറ്റക്കുനിന്ന് പണിപ്പെട്ടു യെമെ. മൂന്നുവർഷം മുമ്പ് ബോംബേ സർവോദയ ഫ്രണ്ട്ഷിപ് സെന്റർ (ബി.എസ്.എഫ്.സി) എന്ന...
അഴിമതി തടയൽ ലക്ഷ്യമിട്ടെന്ന പേരിൽ നിയമങ്ങൾ പ്രയോഗിച്ച് വിദേശ സംഭാവന സ്വീകരണത്തിന് തടയിടുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് നേരിട്ട് ബോധ്യപ്പെട്ടയാളാണ് ലക്ഷ്മൺ യെമെ. മഹാരാഷ്ട്രയുടെ തീരപ്രദേശത്തുള്ള അഞ്ജൻവേലിലെ ആശുപത്രിയിൽ ഡോക്ടറാണിദ്ദേഹം. സൗകര്യങ്ങളും സജ്ജീകരണങ്ങളുമില്ലാതെ ഏതാണ്ട് ശൂന്യമായ ഒരു കെട്ടിടത്തിൽ വർഷങ്ങളോളം ഏതാണ്ട് ഒറ്റക്കുനിന്ന് പണിപ്പെട്ടു യെമെ. മൂന്നുവർഷം മുമ്പ് ബോംബേ സർവോദയ ഫ്രണ്ട്ഷിപ് സെന്റർ (ബി.എസ്.എഫ്.സി) എന്ന സന്നദ്ധ സംഘടന ഡോക്ടറുടെ സഹായത്തിനെത്തി. ഒരു ഓപറേഷൻ തിയറ്റർ നിർമിക്കാനും കൂടുതൽ ജീവനക്കാരുടെ ശമ്പളത്തിനും ശസ്ത്രക്രിയകൾക്കുള്ള സാമ്പത്തിക സഹായത്തിനും അവർ ഫണ്ട് നൽകാമെന്നേറ്റു. പക്ഷേ, വിദേശ സംഭാവനകൾ സ്വീകരിക്കാൻ ബി.എസ്.എഫ്.സിക്കുണ്ടായിരുന്ന ലൈസൻസ് 2021 ഒക്ടോബറിൽ കാലഹരണപ്പെട്ടു, പിന്നീടത് പുതുക്കിയെടുക്കാനുമായില്ല.
ഒറ്റരാത്രികൊണ്ട്, ആശുപത്രിയുടെ പ്രവർത്തനങ്ങളെല്ലാം തകിടംമറിഞ്ഞു. യെമെ വീണ്ടും പഴയപടിയായി. ഓപറേഷൻ തിയറ്റർ പ്രവർത്തനം പൂർണമായും നിർത്തി. രോഗികളെ പരിശോധിക്കാൻ എത്തിയിരുന്ന ഡോക്ടർമാരുടെ വരവ് പോലും നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് രോഗികൾക്ക് ആശ്വാസവും പുഞ്ചിരിയും പകർന്ന ആ ആശുപത്രി ഇപ്പോൾ കാണുമ്പോൾതന്നെ സങ്കടം തോന്നും- കിടക്കകൾ ശൂന്യം, എക്സ്റേ മുറിയും ഓപറേഷൻ തിയറ്ററും പൂട്ടിക്കിടക്കുന്നു, കസേരകൾ മുഴുവൻ പൊടിയിലും മാറാലയിലും മുങ്ങി. മഴ നനഞ്ഞ് ചുമരുകളിലെ പെയിന്റ് അടർന്നു തുടങ്ങിയിരിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കുമേൽ നരേന്ദ്ര മോദി സർക്കാർ നിരീക്ഷണം കർശനമാക്കിയ ശേഷം രാജ്യത്തെ ആയിരക്കണക്കിന് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ, വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരം വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള ലൈസൻസുകളാണ് റദ്ദാക്കപ്പെട്ടത്. സന്നദ്ധ സംഘടനകൾ വരുത്തിയ ക്രമക്കേടുകളാണ് ലൈസൻസ് റദ്ദാക്കലിന് കാരണമെന്ന് സർക്കാർ പറയുമ്പോൾ എതിരഭിപ്രായങ്ങൾ തടയുന്നതിനുള്ള അടിച്ചമർത്തൽ നയത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് സിവിൽ സൊസൈറ്റി പ്രവർത്തകർ ആരോപിക്കുന്നു. ലൈസൻസ് റദ്ദാക്കപ്പെട്ട സംഘടനകളുടെ പട്ടികയിൽ ഓക്സ്ഫാം, ആംനസ്റ്റി ഇന്റർനാഷനൽ, വേൾഡ് വിഷൻ തുടങ്ങിയവയും ഉൾപ്പെടുന്നു. തിങ്ക് ടാങ്ക് എന്ന നിലയിൽ പേരെടുത്ത സെന്റർ ഫോർ പോളിസി റിസർച്ചിന്റെ (സി.പി.ആർ) ലൈസൻസ് ജനുവരിയിലാണ് റദ്ദാക്കിയത്.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 230,000ത്തിലധികം രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങളിൽ വളരെ കുറച്ചെണ്ണം മാത്രമേ നിയമപരമായ അടിസ്ഥാന ബാധ്യതകൾ നിറവേറ്റി ഫണ്ടുകൾ ശരിയായി ഉപയോഗിക്കുന്നുള്ളു എന്നതിനാൽ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനുമുള്ള ഉത്തരവാദിത്തം വർധിപ്പിക്കുന്നതിന് നിയമമാറ്റം അനിവാര്യമാണെന്ന് മോദി സർക്കാർ പറയുന്നു.
തുടക്കത്തിൽ പരാമർശിച്ച ബോംബേ സർവോദയ ഫ്രണ്ട്ഷിപ് സെന്ററിനെ സംബന്ധിച്ചിടത്തോളം ലൈസൻസ് റദ്ദാക്കൽ വരുത്തിവെച്ച ആഘാതം ചെറുതല്ല. ‘‘ജീവനക്കാരുടെ എണ്ണം 30ൽ നിന്ന് ഏഴായി കുറക്കാൻ ഞങ്ങൾ നിർബന്ധിതരായി, നടത്തിവന്ന പദ്ധതികളും നിർത്തേണ്ടിവന്നു’’- ബി.എസ്.എഫ്.സി ട്രസ്റ്റി അനിൽ ഹെബ്ബാർ പറയുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈസൻസുള്ള 15,947 സർക്കാറിതര സന്നദ്ധസംഘടന(എൻ.ജി.ഒ)കൾ മാത്രമേ ഇപ്പോൾ സജീവമായിട്ടുള്ളൂ എന്ന് സർക്കാർ രേഖകൾ സൂചിപ്പിക്കുന്നു. 35,488 സംഘടനകളുടെ ലൈസൻസുകൾ റദ്ദാക്കുകയോ കാലഹരണപ്പെട്ട ശേഷം പുതുക്കിനൽകാതിരിക്കുകയോ ചെയ്തിട്ടുണ്ട്.
ഇത് പല സംഘടനകളുടെയും നിലനിൽപ് പരിതാപകരമാക്കുകയും 140 കോടി ജനങ്ങളുള്ള രാജ്യത്തെ അവശ്യസേവനങ്ങൾ ലഭിക്കേണ്ട ദുർബലരായ മനുഷ്യർക്ക് അവ നഷ്ടമാക്കുകയും ചെയ്തു.സർക്കാറിതര സന്നദ്ധ സംഘടനാ പ്രവർത്തന മേഖല ഭാവിയിൽ അട്ടിമറിക്കപ്പെട്ടേക്കുമെന്നും ഭാവിയിൽ സർക്കാർ പിന്തുണയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിലേക്കെത്തിച്ചേക്കുമെന്നും പറഞ്ഞ സി.പി.ആർ ഫെലോ മുക്ത നായിക് ആളുകൾക്ക് ശരിക്കും എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാനുള്ള ഈ ഇടത്തെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കരുതെന്നും കൂട്ടിച്ചേർത്തു.
1976ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വിദേശ സംഭാവന നിയന്ത്രണ നിയമം കൊണ്ടുവന്നത് പൗരാവകാശ ലംഘനത്തെ വിമർശിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു. 2020ൽ വിദേശ സംഭാവന ലഭിച്ച സംഘടനകൾ ആ തുകയിൽനിന്ന് സമാന ലൈസൻസുള്ള മറ്റ് സന്നദ്ധ സംഘടനകൾക്ക് പണം കൈമാറുന്നത് നിരോധിച്ചും സ്റ്റാഫ്, ഓഫിസ് എന്നിവയുൾപ്പെടെയുള്ള ഭരണ ചെലവുകൾക്കായി ചെലവാക്കാവുന്ന തുകയുടെ 20 ശതമാനമായി പരിമിതപ്പെടുത്തിയും നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
‘‘എഫ്.സി.ആർ.എ ലൈസൻസുള്ള പല ചെറുകിട സംഘങ്ങൾക്കും ഫണ്ട് സ്വരൂപിക്കാൻ ശേഷിയില്ലാത്തതിനാൽ സ്വാഭാവികമായും വലിയ സംഘടനകളെ ആശ്രയിക്കും’’- എഫ്.സി.ആർ.എ ലംഘനങ്ങൾ നടത്തിയെന്ന സർക്കാർ ആരോപണത്തെത്തുടർന്ന് 2020ൽ രാജ്യത്തെ പ്രവർത്തനം അവസാനിപ്പിച്ച ആംനസ്റ്റി ഇന്ത്യയുടെ മുൻ മേധാവി അവിനാഷ് കുമാർ പറയുന്നു. തൃണമൂലതലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളെ ധനസഹായം കിട്ടാതെ സമ്പൂർണമായി ശ്വാസം മുട്ടിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയതാണ് 2020ലെ ഭേദഗതികളെന്നാണ് അവിനാഷ് കുമാറിന്റെ പക്ഷം. മോദി സർക്കാർ ഭരണത്തുടർച്ച നേടിയതോടെ ഇത്തരം അടിച്ചമർത്തൽ തുടർന്നേക്കുമെന്ന ആശങ്കയിലാണ് പൗരസംഘടനകൾ.
സ്വീഡനിലെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം 2013ൽ 0.84 ഉണ്ടായിരുന്ന ഇന്ത്യയുടെ സിവിൽ സൊസൈറ്റി പങ്കാളിത്ത സൂചിക 2023 ആയപ്പോളേക്ക് 0.61-ലേക്ക് താഴ്ന്നു- 47 വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കനത്ത ഇടിവാണിത്. ഇതിനകം തന്നെ നിരവധി സന്നദ്ധസംഘടനകൾ ഒന്നുകിൽ പ്രവർത്തനം പൂർണമായും നിർത്തുകയോ നാമമാത്രമായി വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുണ്ട്. തൽഫലമായി നിരവധി ആളുകൾക്ക് ജോലിയും നഷ്ടപ്പെട്ടു.
ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു എൻ.ജി.ഒയുടെ അർബൻ കോഓഡിനേറ്റർ എന്ന നിലയിൽ 14 വർഷമായി നഗരത്തിലെ ചേരികളിലും അനൗപചാരിക താമസകേന്ദ്രങ്ങളിലും സാമൂഹിക പ്രവർത്തനം നടത്തുകയായിരുന്നു മീനാക്ഷി എന്ന 39കാരി. അവരുടെ സേവനം ലഭിച്ചുവന്നിരുന്ന ജനങ്ങൾക്ക് മാത്രമല്ല, ഏറെ വർഷങ്ങൾക്കുമുമ്പ് തന്നെ ഭർത്താവ് മരണപ്പെട്ട മീനാക്ഷിക്ക് രണ്ട് മക്കളെ വളർത്തുന്നതിനും ആ ജോലി പരമപ്രധാനമായിരുന്നു. മീനാക്ഷി പ്രവർത്തിച്ചിരുന്നതുൾപ്പെടെ അഞ്ച് സന്നദ്ധ സംഘടനകളുടെ വിദേശസംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് ഇക്കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ റദ്ദാക്കി. അതോടെ ആ സംഘടനയുടെ നിലനിൽപുതന്നെ അവതാളത്തിലാവുകയും 250 ജീവനക്കാരിൽ മീനാക്ഷി ഉൾപ്പെടെ 220 പേരെ ഉടൻ ജോലിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.
കൗമാരക്കാരായ രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തേണ്ടതുള്ളതുകൊണ്ട് ജോലിയില്ലാത്ത ജീവിതം അവർക്ക് അചിന്ത്യമായിരുന്നു. സന്നദ്ധ സംഘടനയിൽ പ്രതിമാസം 45000 രൂപ ലഭിച്ചിരുന്ന മീനാക്ഷി ഡൽഹിയിലെ ഒരു ഹാർഡ് വെയർ കടയിൽ 5000 രൂപ ശമ്പളത്തിന് ജോലി ചെയ്യുകയാണിപ്പോൾ. തൊഴിലില്ലായ്മ കടുത്ത ആശങ്കയായി നിൽക്കുന്ന ഒരു രാജ്യത്ത് ഇങ്ങനെ ഒരു ജോലിയെങ്കിലും ലഭിച്ചത് ഭാഗ്യമാണെന്ന് അവർക്കറിയാം.
അഞ്ജൻവേലിലെ ആളുകൾക്കിപ്പോൾ വൈദ്യപരിരക്ഷ തേടുന്നതിന് 50 കിലോമീറ്റർ യാത്ര ചെയ്യണം. ‘‘കഴിഞ്ഞ ദിവസം ഇവിടെ ഒരു ബൈക്ക് അപകടമുണ്ടായി, രണ്ട് പേരുടെ കാലുകൾക്ക് പരിക്കേറ്റിരുന്നു, മെഷീൻ പ്രവർത്തിപ്പിക്കാൻ മാർഗമില്ലാഞ്ഞതിനാൽ അവരുടെ എക്സ്റേ എടുക്കാൻ പോലും സാധിച്ചില്ല. ആ പരിക്കും വെച്ച് അവരെ ഒന്നേ കാൽ മണിക്കൂർ യാത്ര ചെയ്തെത്തേണ്ട എക്സ്റേ സൗകര്യമുള്ള മെഡിക്കൽ സെന്ററിലേക്ക് പറഞ്ഞുവിടേണ്ടിവന്നു.’’-ഡോ. യെമെ പറയുന്നു.
(പ്രമുഖ മാധ്യമ പ്രവർത്തകനും ഗ്രന്ഥകർത്താവുമായ ലേഖകൻ തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ www.context.newsൽ എഴുതിയത്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.