Madhu and Viswanathan

മനുഷ്യവിരുദ്ധ ലോകത്തെ ആദിവാസി ജീവിതം

ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കായി കേരളത്തിലെ ആദിവാസികൾ നടത്തിയ വേറിട്ട മുന്നേറ്റമായിരുന്നു മുത്തങ്ങ സമരം. ആ ചെറുത്തുനിൽപിനെ ഭരണകൂടം ചോരയിൽ മുക്കി ഇല്ലാതാക്കാൻ ശ്രമിച്ചിട്ട്​ ഇരുപതാണ്ട്​ തികയുന്നു. രണ്ടു​ പതിറ്റാണ്ട്​ പിന്നിടുമ്പോഴും സർക്കാറി​ന്റെയും പൊതുസമൂഹത്തിന്റെയും ആദിവാസിവിരുദ്ധ മനോനില അതിലേറെ ക്രൂരമായി തുടരുന്നുവെന്ന്​ ചൂണ്ടിക്കാട്ടുന്നു മുത്തങ്ങ സമരത്തിന്​ നേതൃത്വം നൽകിയ ആദിവാസി ഗോത്ര മഹാസഭ കോ ഓഡിനേറ്ററായ ലേഖകൻ

മനുഷ്യവിരുദ്ധമായൊരു ലോകത്താണ് കേരളത്തിലെ ആദിവാസികൾ ജീവിക്കുന്നതെന്നാണ് വർത്തമാനകാല അനുഭവങ്ങൾ ഓർമപ്പെടുത്തുന്നത്. അട്ടപ്പാടിയിലെ മധുവിനെപ്പോലെ വയനാട്ടിലെ വിശ്വനാഥനും ആൾക്കൂട്ട വിചാരണക്കു​ പിന്നാലെ ​കൊല്ലപ്പെട്ടു. ചെയ്ത ജോലിക്ക് 100 രൂപ കൂലി കൂടുതൽ ചോദിച്ചതിന് ബാബുവിനെ പട്ടിയെപ്പോലെ തല്ലി പല്ലുപൊഴിച്ചു. ഞങ്ങൾക്ക്​ ജാതിയില്ലെന്നും വർഗീയതയെയും വംശീയതയെയും അകറ്റിനിർത്തുന്നുവെന്നും സ്വയം പുകഴ്​ത്തിപ്പറയുന്ന പുരോഗമന കേരളത്തിലാണ് ആദിവാസികൾക്ക് ഇവ്വിധം ക്രൂരപീഡനം ഏൽക്കേണ്ടിവരുന്നത്. മുത്തങ്ങ സമരം നടന്ന്​ രണ്ടു പതിറ്റാണ്ട് പിന്നിടു​മ്പോഴും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പൊലീസ് സംവിധാനത്തിനും ആദിവാസികളെ മനുഷ്യരായി അംഗീകരിക്കാൻ കഴിയുന്നില്ല. ചരിത്രപരമായി മുഖ്യധാരാ മനസ്സുകളിൽ അടിഞ്ഞുകൂടിയ ജീർണതയാണ് മറനീക്കി പുറത്തുവരുന്നത്.

ഭൂമിക്കും ജീവിക്കാനുള്ള അവകാശത്തിനും സ്വയംഭരണത്തിനുംവേണ്ടി ആദിവാസികൾ സംഘടിച്ച്​ മുന്നോട്ടുവന്ന മുത്തങ്ങ സമരം കേരള ചരിത്രത്തിൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്. സ്വയം സുസ്ഥിരമായ ജനാധിപത്യ ഗ്രാമം എന്ന ആശയമാണ് ആ സമരത്തിലുയർത്തിയത്. ആദിവാസികൾക്ക് പാരമ്പര്യ അവകാശമുള്ള വനഭൂമിയിലാണ് അവർ സമരംചെയ്തത്. അന്ന് വനാവകാശനിയമം പാർലമെന്റിൽ പാസാക്കിയിരുന്നില്ല. 2006ലെ വനാവകാശ നിയമപ്രകാരം മുത്തങ്ങ സമരത്തിൽ പങ്കെടുത്തവരാണ് മുത്തങ്ങ കാടിന്റെ അവകാശികൾ.

പട്ടിണി കിടന്ന്​ മരിക്കാതിരിക്കാൻ

ആദിവാസികളുടെ ജീവിതം വലിയ പ്രതിസന്ധി നേരിട്ടിരുന്ന കാലത്താണ് മുത്തങ്ങ സമരം നടന്നത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടിയുള്ള ചെറിയ പ്രക്ഷോഭങ്ങൾ 1990കളിൽ ആരംഭിച്ചിരുന്നു. 1999ൽ നിയമസഭ നിയമഭേദഗതി പാസാക്കിയതോടെ അഞ്ചേക്കർ വരെയുള്ള ഭൂമിയിൽ കൈവശക്കാർക്ക് ഉടമസ്ഥാവകാശം നൽകി. അഞ്ചേക്കറിനു താഴെ ഭൂമി നഷ്ടപ്പെട്ട ആദിവാസികൾക്ക് തത്തുല്യവും കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി നൽകാമെന്ന് നിയമത്തിൽ ഉറപ്പുനൽകിയെന്നല്ലാതെ രണ്ടര പതിറ്റാണ്ടോളമായിട്ടും സർക്കാർ അത്​ പാലിച്ചില്ല. കൈയേറ്റക്കാർ ആദിവാസി ഭൂമി സ്വന്തമാക്കുകയും ചെയ്തു. ഇതേ കാലത്ത് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ആദിവാസികൾ ഭൂപ്രക്ഷോഭം ആരംഭിച്ചിരുന്നു. അതിനു സമാന്തരമായി ദലിത് ഗ്രൂപ്പുകളും കേരളത്തിൽ ഉയർന്നുവന്നു. കോട്ടയത്ത് കുറിച്ചി ശ്രീധരൻ ആത്മാഹുതിയുമായി ബന്ധപ്പെട്ട ആത്മാഭിമാന പ്രക്ഷോഭം നടന്നു.

നിരവധി സമരങ്ങളിലൂടെ ആദിവാസി സമൂഹവും ദലിത് ഗ്രൂപ്പുകളും തമ്മിലുണ്ടായ ഐക്യത്തെ തുടർന്നാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ആദിവാസികൾ സമരം ആരംഭിക്കുന്നത്. പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ച ആദിവാസികളാണ് സമരത്തിനെത്തിയത്. 1999-2000 കാലത്ത് നൂറിലധികം ആദിവാസികൾ കേരളത്തിന്റെ പല ഭാഗത്തുമുള്ള ഊരുകളിൽ പട്ടിണി കിടന്നു മരിച്ചിരുന്നു. അജ്ഞാത രോഗത്താൽ മരിച്ചുവെന്നാണ് അന്നത്തെ വകുപ്പുമന്ത്രി എം. എ. കുട്ടപ്പൻ ഈ മരണങ്ങളെ വിശദീകരിച്ചത്. സമരത്തിനു നൽകിയ പേര് അഭയാർഥി ക്യാമ്പ് എന്നായിരുന്നു. ആദ്യം ഒരു ചെറുന്യൂനപക്ഷം ആദിവാസികളാണ് സമരരംഗത്ത് വന്നതെങ്കിലും ക്രമേണ അതൊരു വലിയ ജനമുന്നേറ്റമായി.

എ.കെ. ആന്റണി സർക്കാർ ആദിവാസികളെ ചർച്ചക്കു വിളിക്കാൻ തയാറായി. ആദിവാസികൾ ഉന്നയിച്ച വിഷയങ്ങൾ സർക്കാറിനു നിഷേധിക്കാനാകുമായിരുന്നില്ല. കേരള ചരിത്രത്തിൽ ആദ്യമായി സർക്കാർ ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരാറുണ്ടാക്കുകയും മാസ്റ്റർ പ്ലാൻ തയാറാക്കുകയും ചെയ്തു. എന്നാൽ, ഈ കരാർ നടപ്പാക്കാൻ സർക്കാർ തയാറായില്ല. കരാറിനെ അട്ടിമറിക്കാനും ദുർബലപ്പെടുത്താനുമാണ് ഇടതുപക്ഷവും ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് മുത്തങ്ങ പ്രക്ഷോഭം ആരംഭിക്കുന്നത്. മുത്തങ്ങ പ്രക്ഷോഭശേഷം ആദിവാസി പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്.

ഇരകൾക്ക് അവകാശം നിഷേധിച്ചു

സമരങ്ങളുടെ ഫലമായി ഏതാണ്ട് 8000ത്തിലധികം ഭൂരഹിതർക്ക് ആറളം ഫാമിൽ ഉൾപ്പെടെ ആദിവാസി പുനരധിവാസ മിഷൻ വഴി ഭൂമി കൊടുത്തു. ഇതേ കാലത്താണ് സി.പി.എം ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) രൂപവത്​കരിച്ച് ഭൂമി കൈയേറ്റ സമരം നടത്തിയത്. ആദിവാസികളിൽ ഒരു വിഭാഗത്തിന് ഭൂമി ലഭിച്ചെങ്കിലും മുത്തങ്ങ സമരത്തിന് നേതൃത്വം കൊടുത്ത, അതിന്റെ ഇരകളായ ആദിവാസി വിഭാഗങ്ങളെ സർക്കാർ ക്രൂരമായി അവഗണിച്ചു. സാമൂഹികമാറ്റത്തിന് ഹേതുവായ ആദിവാസി വിഭാഗങ്ങളെയാണ് ഒഴിച്ചുനിർത്തിയത്.

മുത്തങ്ങയിൽ വെടിയും അടിയും ഏറ്റുവാങ്ങിയ കുടുംബങ്ങൾക്കുവേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. ഇരകളോടുള്ള മനുഷ്യാവകാശലംഘനം തുടരുകയാണ്. ജയിലിൽ അടക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും നഷ്ടപരിഹാരം നൽകിയിട്ടില്ല. സമരം നടത്തിയവർക്കെതിരെ ക്രിമിനൽ കേസുകൾ ശക്തമായി തുടരുകയും ചെയ്തു. പ്രതിരോധം എന്ന നിലയിലാണ് 2014ൽ നിൽപുസമരം നടത്തിയത്. അന്ന് മുത്തങ്ങയിലെ ഇരകൾക്ക് ഭൂമി നൽകാമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പുനൽകി. 445 കുടുംബങ്ങൾക്ക് ഭൂമി നൽകാൻ ഉത്തരവിറക്കി. വയനാട്ടിൽ 1229 ഹെക്ടർ നിക്ഷിപ്ത വനഭൂമി അതിനായി നൽകാമെന്നായിരുന്നു ഉറപ്പ്. ആ വാക്ക് ഇന്നും പാലിച്ചിട്ടില്ല.

ഭൂവിതരണത്തിന് നാഥനില്ലാത്ത അവസ്ഥ

മുത്തങ്ങ പാക്കേജ് പ്രകാരം ഭൂമി നൽകാൻ ആദ്യഘട്ടത്തിൽ 283 പേരെയാണ് സെലക്ട് ചെയ്തത്. മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ച 800ലധികം പേരിൽ 624 കുടുംബങ്ങളുടെ അപേക്ഷ ഗോത്ര മഹാസഭ നൽകിയിരുന്നു. എന്നാൽ, ഒരു സെന്റുപോലും ഭൂമിയില്ലാത്തവരുടെ പട്ടികയാണ് പട്ടികവർഗ വകുപ്പ് വീണ്ടും തയാറാക്കിയത്. അതു പ്രകാരം ലിസ്റ്റിൽ 325 പേർ മാത്രമേ പട്ടികയിൽ ഉൾപ്പെട്ടുള്ളൂ. അതിൽ ബത്തേരി താലൂക്കിലെ പണിയ, അടിയ വിഭാഗങ്ങൾ മാത്രമേയുള്ളൂ. ആ ലിസ്റ്റിനെ ഗോത്ര മഹാസഭ എതിർത്തു.

മുത്തങ്ങയിൽ കുടിൽകെട്ടി പാർത്ത ഏറെപ്പേരും അഞ്ചു സെന്റിൽ താഴെ ഭൂമിയുള്ളവരായിരുന്നു. നിരവധി കേസുകളിൽ അടിയും വെടിയുംകൊണ്ട കുടുംബങ്ങളെ ഒഴിവാക്കി ലിസ്റ്റ് ഉണ്ടാക്കാൻ കഴിയില്ല എന്ന് ഗോത്രമഹാസഭ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനുള്ള ഒരു ലിസ്റ്റുകൂടി ഗോത്രമഹാസഭ ഉണ്ടാക്കിക്കൊടുത്തു. ഒടുവിൽ പട്ടികവർഗ വകുപ്പ് 624 പേരുടെയും ലിസ്റ്റ് അംഗീകരിച്ചു.

മരിയനാട് എസ്റ്റേറ്റ് ലിസ്റ്റിലുണ്ടായിരുന്നുവെങ്കിലും അളക്കാൻ ചെന്നപ്പോൾ തൊഴിലാളികൾ തടഞ്ഞു. 250ഓളം പേർക്കുവേണ്ടി ഇതുവരെ പട്ടയമേള നടത്തി. മേപ്പാടി അഴി ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ളതോ വാസയോഗ്യമല്ലാത്തതോ ആയ ഭൂമിയാണ് ആദിവാസികൾക്കായി നിശ്ചയിച്ചിരിക്കുന്നത്​. മരിയനാട് എസ്റ്റേറ്റ് ഒഴികെ പലയിടത്തും ഭൂമി കൃഷിയോഗ്യവുമല്ല. അതിനാൽ ആദിവാസികൾ അവിടെ പ്രവേശിച്ചിട്ടില്ല. ഭൂ വിതരണത്തിന് നാഥനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിൽകൂടിയാണ് 2006ൽ വനാവകാശ നിയമം പാർലമെന്റിൽ പാസാക്കിയത്​. നിയമപ്രകാരം മുത്തങ്ങ ആദിവാസികൾക്ക് പാരമ്പര്യ അവകാശമുള്ള ഭൂമിയാണ്.

സർക്കാറിനു മുന്നിലുള്ള പ്രധാന വിഷയങ്ങൾ പെസ നിയമം, സുപ്രീംകോടതി അനുമതി നൽകിയ 19,000 ഏക്കർ വനഭൂമിയുടെ വിതരണം, വനാവകാശ നിയമം നടപ്പാക്കുക, ആദിവാസികളുടെ അന്യാധീനപ്പെട്ട അഞ്ചേക്കറിനു താഴെയുള്ള ഭൂമിക്കു പകരം ഭൂമി നൽകുക എന്നിവയാണ്. ആദിവാസികൾക്ക് ലഭിക്കേണ്ട ജനാധിപത്യ അവകാശങ്ങളെല്ലാം സർക്കാർ അട്ടിമറിക്കുകയാണ്. പെസ നിയമം നടപ്പാക്കുന്നതിന് കേന്ദ്ര പട്ടികവർഗ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ സമയബന്ധിതമായി നൽകാൻ കേരള സർക്കാറിനു കഴിഞ്ഞിട്ടില്ല. വനാവകാശനിയമം പ്രത്യേകിച്ച് സാമൂഹിക വനാവകാശം നടപ്പാക്കുന്നതിൽ വനംവകുപ്പ് പരാജയമാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമത്തെക്കുറിച്ച് പഠിപ്പിക്കണമെന്നാണ് എ.ജി (അക്കൗണ്ടന്റ് ജനറൽ) പരിശോധന റിപ്പോർട്ട് നൽകിയത്. സുപ്രീംകോടതി ഭൂരഹിതരായ ആദിവാസികൾക്ക് അനുവദിച്ച 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ 10,000 ഏക്കറോളം ഇപ്പോഴും വിതരണം ചെയ്തിട്ടില്ല.

സാമൂഹികമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആദിവാസികൾക്ക് അടിയന്തരമായി നിക്ഷിപ്ത വനഭൂമി നൽകണമെന്ന് 2009ൽ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ ഉത്തരവിട്ടിരുന്നു. അതും കടലാസിലൊതുങ്ങി. കൃഷിയോഗ്യവും വാസയോഗ്യവുമായ നിക്ഷിപ്ത വനഭൂമി കണ്ടെത്താൻ വനംവകുപ്പ് തയാറായിട്ടില്ല. ആദിവാസികളുടെ ജനാധിപത്യ അവകാശം സർക്കാറിനു മുന്നിലില്ല. പെസ നിയമവും വനാവകാശവും സ്വയംഭരണവും നടപ്പാക്കിയാൽ ആദിവാസികൾ സ്വന്തം കാലിൽ സ്വതന്ത്ര സമൂഹമായി നിലകൊള്ളും.

അതിന് അവരെ അനുവദിക്കാതെ സൗജന്യ റേഷൻ നൽകി ഇരകളാക്കി, അടിമകളാക്കി നിലനിർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ആദിവാസികൾ കൂടുതലുള്ള സ്ഥലങ്ങൾ പട്ടികവർഗപ്രദേശമായി പ്രഖ്യാപിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഭയമാണ്. അവിടെ വ്യക്തിഗത അവകാശങ്ങളും സാമൂഹികാവകാശങ്ങളും വിഭവങ്ങൾക്കുമേലുള്ള അവകാശവും വികസന പദ്ധതികൾ തീരുമാനിക്കാനുള്ള അവകാശവും ആദിവാസികൾക്കു ലഭിക്കും. ആദിവാസികളുടെ ഭരണഘടനാപരമായ അവകാശമാണ് ഏതാണ്ട് കഴിഞ്ഞ ഏഴു വർഷമായി സംസ്ഥാന സർക്കാറിന്റെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. സ്വയംഭരണത്തിനായി, പെസ നടപ്പാക്കാനായി ഇനിയും ആദിവാസികൾ ശക്തമായ സമരങ്ങൾ തുടരും.

(എഴുത്ത്: ആർ. സുനിൽ)

Tags:    
News Summary - Tribal life in a hostile world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.