അഴിമതി വാർത്തകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ജീവൻ ബലി നൽകേണ്ടിവന്ന ബസ്തറിലെ മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രാകറെ എഴുത്തുകാരനും ദ വയർ ഹിന്ദി എഡിറ്ററുമായ അശുതോഷ് ഭരദ്വാജ് ഓർമിക്കുന്നു
അവൻ എന്നെ ദാദാ (ചേട്ടാ) എന്നാണ് വിളിച്ചിരുന്നത്; ഞാൻ ഭായീ എന്നും. സഹയാത്രികരായിരുന്ന ഞങ്ങൾ മാധ്യമ പ്രവർത്തനത്തിന്റെ ആദ്യത്തേതും ഏറ്റവും കരുത്തുറ്റതുമായ പാഠങ്ങൾ പഠിച്ചത് ബസ്തറിലെ കാടുകളിൽനിന്നായിരുന്നു. അന്ന് ഞാൻ ജോലി ചെയ്തിരുന്ന ഇന്ത്യൻ എക്സ് പ്രസ് പത്രം ഇന്ത്യൻ ഹൃദയഭൂമിയിലേക്ക് യാത്ര ചെയ്ത് റിപ്പോർട്ടുകൾ തയാറാക്കാനുള്ള സുപ്രധാന അസൈൻമെന്റ് എന്നെ ഏൽപിച്ചിരുന്നു. എനിക്ക് ഒരു ദേശീയമാധ്യമത്തിന്റെ റിപ്പോർട്ടർ എന്നനിലയിലെ ബലം ഉണ്ടായിരുന്നതുകൊണ്ട് തന്നെ മുകേഷ് ദിവസേന നേരിട്ടിരുന്ന അപകടസാധ്യതകളിൽ പലതിൽനിന്നും ഞാൻ സുരക്ഷിതനായിരുന്നു.
പക്ഷേ, മുകേഷ് ചന്ദ്രാകർ എന്നും ഒരു പര്യവേക്ഷകനായി തുടർന്നു, നിർഭാഗ്യവാനായ എനിക്കാവട്ടെ കാട് ഉപേക്ഷിക്കേണ്ടിവന്നു. പൊരിവെയിലിലും മണ്ണിലുമിറങ്ങി ശരീരത്തിൽ പൊടി പുരണ്ടും ആത്മാവിനെ ചുട്ടുപൊള്ളിച്ചും മാധ്യമപ്രവർത്തനത്തിന്റെ അടിത്തറയായ ഫീൽഡ് റിപ്പോർട്ടിങ്ങിന്റെ ആൾരൂപമായി മുകേഷ് മാറി.
പൊലീസ്-മാവോവാദി സംഘർഷങ്ങളും ദണ്ഡകാരണ്യത്തിലെ ആദിവാസി ജീവിതവും മനസ്സിലാക്കുന്നതിൽ സ്വന്തം ജീവിതാനുഭവങ്ങൾ മുകേഷിനെ ഏറെ സഹായിച്ചു. നക്സൽ പ്രശ്നങ്ങളുടെ തുടക്കകാലത്താണ് ബിജാപൂരിലെ ബസഗുഡ ഗ്രാമത്തിലായിരുന്നു ജനനം. ചെറുപ്പത്തിൽതന്നെ പിതാവിനെ നഷ്ടമായി. സൽവാ ജുദൂം അതിക്രമങ്ങളെത്തുടർന്ന് ഗ്രാമത്തിൽനിന്ന് പിഴുതുമാറ്റപ്പെട്ടു. അങ്കണവാടി ജീവനക്കാരിയായ അമ്മയുമൊത്ത് ഒരു അഭയാർഥി ക്യാമ്പിലായിരുന്നു ജീവിതം. ഒരു പതിറ്റാണ്ടിനുശേഷം അർബുദം ബാധിച്ച് അമ്മയും പോയി.
ബസ്തറിലെ പ്രശ്നബാധിത മേഖലയെക്കുറിച്ച് നന്നായി പറയാൻ കഴിയുന്ന ഒരാളെന്നനിലയിൽ സ്വാഭാവികമായും മുകേഷ് ആ നാടിന്റെ ശ്രദ്ധേയ എഴുത്തുകാരനായി മാറി. മാധ്യമപ്രവർത്തനത്തിന്റെ യൂട്യൂബ് മോഡലിലേക്ക് കടക്കുന്നതിന് മുമ്പ് റായ് പൂർ കേന്ദ്രീകരിച്ചുള്ള നിരവധി മാധ്യമസ്ഥാപനങ്ങളിൽനിന്ന് ഏൽപിക്കപ്പെടുന്ന ജോലികൾ തുച്ഛമായ വേതനം പറ്റി ചെയ്തുപോന്നു.
2021 ഏപ്രിലിൽ മാവോവാദികൾ ബന്ദിയാക്കിയിരുന്ന സി.ആർ.പി.എഫ് കോബ്രാ യൂനിറ്റിലെ ഒരു കമാൻഡോയെ മുകേഷും മറ്റൊരു അസാധാരണ റിപ്പോർട്ടറായ ഗണേഷ് മിശ്രയുമടങ്ങുന്ന മാധ്യമപ്രവർത്തകരും ചേർന്ന് മോചിപ്പിച്ചിരുന്നു. രാജ്യത്തെ കരുത്തുറ്റ അർധ സൈനിക വിഭാഗങ്ങൾ നിസ്സഹായരായി നിൽക്കെയാണ് ഈ യുവമാധ്യമ പ്രവർത്തകർ നടത്തിയ ദൗത്യം വിജയം കണ്ടത്. മോചിതനായ കമാൻഡോയെ തന്റെ ബൈക്കിന്റെ പിന്നിലിരുത്തി ആഹ്ലാദപൂർവം കാട്ടിൽനിന്ന് പുറത്തുവരുന്ന 14 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഇപ്പോഴും മുകേഷിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പിൻചെയ്ത് വെച്ചിട്ടുണ്ട്.
ഒരു വർഷത്തിനുശേഷം, ഔട്ട്ലുക്ക് മാസികക്കുവേണ്ടി മുകേഷിന്റെ പ്രൊഫൈൽ എഴുതിയപ്പോൾ, മാധ്യമപ്രവർത്തന രീതി മാറ്റാനുള്ള അവന്റെ തീരുമാനത്തെക്കുറിച്ചും വ്യക്തമാക്കിയിരുന്നു. മുകേഷ് പറഞ്ഞു: ‘കമാൻഡോയുടെ മോചനം ഉറപ്പാക്കുന്നതിൽ ഗണേഷ് മിശ്രയും ഞാനും പ്രധാന പങ്കുവഹിച്ചു. ദേശീയ ചാനലുകൾ എന്റെ ബൈറ്റുകളെടുത്തു. പക്ഷേ, നിർഭാഗ്യവശാൽ, എന്റെ സ്വന്തം ചാനലിൽ, എഡിറ്റർ-ആങ്കർ ആ സ്ഥാനം പിടിച്ചെടുത്തു’.
സങ്കടത്തിന്റെ തിരയിളക്കത്തിനിടെ ഞങ്ങളുടെ പഴയ ചാറ്റുകൾ ഞാൻ പരതിനോക്കി. പുതിയ യൂട്യൂബ് ചാനലിന്റെ പേരും രൂപവും എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് 2021ൽ ഞങ്ങൾ നടത്തിയ സംഭാഷണങ്ങളും വിളികളും ഓർമയിലെത്തി.
ബസ്തർ ജങ്ഷൻ എന്ന ചാനൽ അധികം താമസിയാതെ ബസ്തറിന്റെ വിശ്വസനീയ ശബ്ദമായി മാറി. 2021 മേയ് മാസം സുരക്ഷാസേനയുടെ വെടിവെപ്പിൽ മൂന്ന് ആദിവാസികൾ കൊല്ലപ്പെട്ട സിൽഗർ സംഭവത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തവരിൽ ഒരാൾ മുകേഷായിരുന്നു.
വിഡിയോ ജേണലിസത്തിലേക്കുള്ള മാറ്റം അവന് പരമാവധി സന്തോഷവും സംതൃപ്തിയും നൽകി. അവഗണനയുടെ ആശാന്മാരായ പത്രാധിപന്മാർക്ക് സ്റ്റോറി ഐഡിയകൾ അയക്കേണ്ടതില്ലെന്നായി, തന്റെ ബൈലൈനുകൾ മറച്ചുവെക്കപ്പെടുന്നതിന്റെ ആധിയും ഇല്ലാതായി.
ഒരു സംഘർഷ മേഖലയിൽനിന്നുള്ള റിപ്പോർട്ടിങ് സദാ അപകടസാധ്യതകൾ നിറഞ്ഞതാണ്; ബസ്തറിൽ, മറ്റൊരു ദുരന്തഘടകം കൂടിയുണ്ട്. ദേശീയ, അന്തർദേശീയ മാധ്യമങ്ങളിലോ അക്കാദമിയിലോ ഈ മേഖലയിൽനിന്നുള്ള ഒരു പ്രതിനിധി പോലുമില്ല. ഉദാഹരണത്തിന്, കശ്മീരിന്റെ ശബ്ദം കേൾപ്പിക്കാൻ അവർക്ക് നിരവധി പ്രശസ്ത മാധ്യമസ്ഥാപനങ്ങളും അക്കാദമിക് സ്ഥാപനങ്ങളും സംഭാഷകരുണ്ട്. തികച്ചും വിപരീതമായി, സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽപോലും ബസ്തറിന് ശബ്ദമില്ല. ഈ മേഖലയിൽ മുമ്പ് പ്രവർത്തിച്ചിട്ടുള്ള, നാടിനോടും കാടിനോടും വൈകാരികവും ബൗദ്ധികവുമായ അടുപ്പം പുലർത്തുന്ന ചുരുക്കം ചില ആക്ടിവിസ്റ്റുകളോ മാധ്യമപ്രവർത്തകരോ അല്ലാതെ അവരുടെ കഥകളെഴുതാൻ ആരുമില്ല .
ഏതാനും വർഷം മുമ്പ് ബിജാപൂരിൽവെച്ചാണ് മുകേഷിനെ അവസാനമായി കാണുന്നത്. ഒരു പ്രഭാതം മുഴുവൻ വർത്തമാനം പറഞ്ഞും പരസ്പരം ഫോട്ടോകളെടുത്തും ഞങ്ങൾ ചെലവിട്ടു. ഒരു പാർക്കിലെ ബെഞ്ചിൽ പുഞ്ചിരി തൂവി ഇരിക്കുന്ന മുകേഷനിന്റെ ചിത്രം ഇപ്പോഴും എന്റെ ഫോണിലുണ്ട്.
മുകേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധമുയർന്നതിനെതുടർന്ന് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കയാണ് ഛത്തിസ്ഗഢിലെ ബി.ജെ.പി സർക്കാർ. കഴിഞ്ഞ ആഗസ്റ്റിൽ മുകേഷും സുക്മയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ രാജാ റാത്തോഡും ചേർന്ന് ‘ദ വയർ ഹിന്ദി പതിപ്പിൽ എഴുതിയ ലേഖനത്തിൽ ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട അനധികൃത ഖനനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ബസ്തറിലെ നാല് മാധ്യമപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ഛത്തിസ്ഗഢ് പൊലീസ് തെളിവുകൾ കെട്ടിച്ചമച്ചതിനെക്കുറിച്ച് വിവരിച്ചിരുന്നു.
പിറ്റേന്ന് ഒരു വാട്സ്ആപ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് മുകേഷ് എനിക്കയച്ചു. മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ അസന്തുഷ്ടി അറിയിച്ചുകൊണ്ട് ഒരു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ അയച്ച മെസേജായിരുന്നു അത്. ‘കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ അല്ലേ’ എന്ന് ഫോണിലൂടെ ചോദിക്കുമ്പോൾ ആ ശബ്ദത്തിൽ ഭീതി നിഴലിച്ചിരുന്നു. ഏതാനും മാസങ്ങൾ പിന്നിടവെ, മുകേഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു, ഒരു കരാറുകാരന്റെ വളപ്പിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ബസ്തറിലെ മാധ്യമപ്രവർത്തകർക്ക് ഭരണ-ക്രിമിനൽ കൂട്ടുകെട്ടിന്റെ കാരുണ്യത്തിൽ മാത്രമേ നിലനിൽക്കാൻ കഴിയൂ എന്ന പറച്ചിൽ കൂടുതൽ ബലപ്പെട്ടിരിക്കുന്നു. മാധ്യമ പ്രവർത്തനത്തിന്റെ ശവപ്പറമ്പായി അവിടം മാറിയിരിക്കുന്നു.
വാർത്ത റിപ്പോർട്ട് ചെയ്ത കാരണത്തിന് കൊല്ലപ്പെട്ടേക്കാം എന്നത് പലരെയും ഈ ജോലിയിൽനിന്ന് പിന്തിരിപ്പിക്കും. ബസ്തറിൽ, അത് ശാശ്വതമായി തളർന്നുപോയേക്കാം. തീർത്തും അവഗണിക്കപ്പെട്ട ഒരു മേഖലയെ രാജ്യത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാൻ ബസ്തറിലെ മാധ്യമപ്രവർത്തകർ സ്വജീവൻതന്നെ നൽകിയിരിക്കുന്നു. മുകേഷ് മുഴക്കിയ ശബ്ദം കേൾക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഇനി മറ്റുള്ളവരുടെ കടമയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.