എല്ലാറ്റിനും ഉപരിയായി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിമർശന ചിന്തകനെന്ന നിലയിലും ഏറ്റവും അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന പുതുകാല ബഹുജന സൂപ്പർസ്റ്റാർ എന്ന നിലയിലുമുള്ള ഡോ. ബി.ആർ. അംബേദ്കറിന്റെ പ്രസക്തി രാജ്യാന്തരീയ അതിർത്തികൾ ഭേദിച്ച് സാർവദേശീയ തലത്തിലേക്ക് ഉയരുന്നു എന്നതാണ് എല്ലാവരെയും ആഹ്ലാദിപ്പിക്കുന്നത്.
2024 ജനുവരി മാസം നടന്ന ബി.ജെ.പിയുടെ കേന്ദ്ര നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, വരാൻപോകുന്ന 50 വർഷക്കാലം കേന്ദ്ര ഭരണം ഹിന്ദുത്വ ശക്തികളുടേതായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ദീർഘകാലയളവ് മുന്നിൽ കണ്ടുള്ള നയങ്ങളും പരിപാടികളും ആവിഷ്കരിക്കാൻ സ്വയം സജ്ജരാകാനും അദ്ദേഹം സഹപ്രവർത്തകരെ ഉദ്ബോധിപ്പിച്ചു. നടക്കാൻപോകുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുമെന്നും എൻ.ഡി.എ ഘടകകക്ഷികളടക്കം ചേരുമ്പോൾ അത് 450ന് മേലെയായിരിക്കുമെന്നും അദ്ദേഹം കണക്കുകൾ നിരത്തി യോഗത്തെ അറിയിച്ചു.
ഇത്തരത്തിലുള്ള വലിയ പ്രതീക്ഷ അദ്ദേഹം ഉയർത്തിയത്, അയോധ്യയിലെ രാമക്ഷേത്ര നിർമാണം പൂർത്തീകരിച്ചതിലൂടെ ബി.ജെ.പിക്ക് ഹിന്ദു ജനസാമാന്യത്തിനകത്ത് അഭൂതപൂർവമായ മുന്നേറ്റമുണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു. പ്രാണപ്രതിഷ്ഠ ചടങ്ങിന് നേരിട്ട് നേതൃത്വം നൽകിയതിലൂടെ ‘ഹിന്ദു ഹൃദയ സമ്രാട്ട്’ എന്ന മിത്തിക്കൽ സ്ഥാനത്തേക്ക് താനുയരുമെന്നും അദ്ദേഹം പ്രത്യാശിച്ചിരുന്നു.
നരേന്ദ്ര മോദിയുടെ ഈ കണക്കുകൂട്ടലിന് ചേരുംവിധത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിച്ചത്. തുടർന്ന് ഹിന്ദുത്വത്തെ പിന്തുണക്കുന്ന സകല ദേശീയ-പ്രാദേശിക മാധ്യമങ്ങളും തെരഞ്ഞെടുപ്പ് ഫല പ്രവചന വിദഗ്ധരും സർവേ ഏജൻസികളും എൻ.ഡി.എക്ക് 400ന് മേൽ സീറ്റുകൾ കിട്ടുമെന്ന പ്രചണ്ഡമായ പ്രചാരണമഴിച്ചുവിട്ടു.
എന്നാൽ, തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടവും രണ്ടാം ഘട്ടവും പിന്നിട്ടതോടെ സംഘ്പരിവാറിനുതന്നെ ചില കാര്യങ്ങൾ ബോധ്യപ്പെട്ടു. രാമക്ഷേത്രം ഇന്ത്യയിലെ ഹിന്ദുക്കളെ ആകമാനം ഏകീകരിക്കുന്ന ഒരു ചിഹ്നമോ പ്രതീകമോ ആയി മാറിയിട്ടില്ലെന്നതാണ് ആദ്യത്തെ കാര്യം. 400ലധികം സീറ്റ് കിട്ടുമെന്ന പ്രചാരണം ബി.ജെ.പി മുന്നണിക്ക് തിരിച്ചടിയായി മാറിയെന്നതാണ് രണ്ടാമത്തെ കാര്യം. അതു സംഭവിച്ചാൽ അവർ ഭരണഘടനയെ മാറ്റുമെന്ന പ്രതിപക്ഷ പ്രചാരണം ബഹുജനങ്ങൾക്കിടയിൽ വമ്പിച്ച അമ്പരപ്പും ചലനവുമുണ്ടാക്കി. അതോടെ പ്രചാരണതന്ത്രത്തിൽ മാറ്റംവരുത്താൻ നിർബന്ധിതരായ മോദിയും കൂട്ടരും ഭരണഘടനയെ സംരക്ഷിക്കുമെന്നും അതിൽ ഒരുതരത്തിലുമുള്ള മാറ്റം വരുത്തുകയില്ലെന്നും ആവർത്തിച്ചുപറയാൻ തുടങ്ങി.
10 വർഷത്തെ ഭരണകാലത്തും അതിനു മുമ്പത്തെ ഹിന്ദുത്വ വളർച്ചയുടെ ഘട്ടത്തിലും ഭരണഘടനയെ പരമാവധി ഇടിച്ചുതാഴ്ത്തിയും ഭരണഘടന ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറെ വിസ്മരിച്ചുമാണ് സംഘ്പരിവാർ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. അവരെ സംബന്ധിച്ച് ഭാരതീയ സംസ്കൃതിയുടെ ശാശ്വത മാതൃകയായ മനുസ്മൃതിയെ അവലംബമാക്കാത്ത ഇന്ത്യൻ ഭരണഘടന സ്വീകാര്യമേയല്ല. അതേപോലെ, ബ്രാഹ്മണ്യത്തിന്റെ മേന്മാവാദങ്ങളെ ജീവിതംകൊണ്ടും ചിന്തകൊണ്ടും പ്രതിരോധിച്ചിരുന്ന ഡോ. അംബേദ്കറെ ഉൾക്കൊള്ളുന്നതിൽ പ്രത്യയശാസ്ത്രപരമായിത്തന്നെ വിലക്കുമുണ്ട്.
ഇന്ത്യൻ ഭരണഘടന രൂപവത്കൃതമായ ഘട്ടത്തിൽ രാഷ്ട്രീയ പ്രാമുഖ്യത്തിലേക്ക് ഉയർന്നുവന്നത് മൂന്നു ധാരകളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പിന്തുടർച്ചയുള്ളതും പിൽക്കാലത്ത് ഇന്ത്യയിലെ മതേതര ഭരണവർഗത്തെ പ്രതിനിധാനം ചെയ്തതുമായ കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയവാദികളാണ് ആദ്യത്തേത്. രണ്ടാമത്തേത് മാർക്സിസ്റ്റ് ചിന്താ പദ്ധതിയുടെ അടിസ്ഥാനത്തിൽ വർഗവിപ്ലവത്തിലൂടെ രാഷ്ട്രീയാധികാരം സ്ഥാപിക്കാനായി നിലകൊണ്ട വിവിധതരത്തിലുള്ള കമ്യൂണിസ്റ്റുകളാണ്. ഇന്ത്യയിലെ പൗരാണികവും മിത്തോളജിക്കലുമായ ഭൂതകാലം പുനഃസ്ഥാപിക്കണമെന്ന് വാദിച്ച ഹിന്ദുത്വ ആശയഗതിക്കാരാണ് മൂന്നാമത്തെ വിഭാഗം.
മൂന്നുകൂട്ടരും ഭരണഘടനയെയും ഡോ. അംബേദ്കറെയും അവഗണിക്കുകയോ പാർശ്വികമായി അംഗീകരിക്കുകയോ മാത്രമാണ് ചെയ്തിരുന്നത്. അതിനാൽതന്നെ, കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരണം നടത്തിയിരുന്ന സുദീർഘ കാലയളവിൽ ഭരണഘടനയാണ് ഇന്ത്യയിലെ ജനങ്ങളെ ഏകീകരിച്ചുനിർത്തുന്നതെന്ന ബോധ്യം ബഹുജനങ്ങൾക്കകത്ത് ആഴത്തിൽ വേരോടിയിരുന്നില്ല. ഡോ. അംബേദ്കറുടെ ജാതിവിരുദ്ധവും ഹൈന്ദവ ആദർശാത്മകതയോട് വിയോജിക്കുന്നതുമായ ചിന്തകൾ ദേശീയവാദികൾക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. മാർക്സിസ്റ്റുകളെ സംബന്ധിച്ചാകട്ടെ, ബൂർഷ്വാ പരിഷ്കരണ വാദം ഉള്ളടങ്ങിയ ഭരണഘടന ‘ടാറ്റ-ബിർള കോൺസ്റ്റിറ്റ്യൂഷൻ’ മാത്രമായിരുന്നു.
ഇപ്രകാരം, വിസ്മൃതിക്കോ പാർശ്വവത്കരണത്തിനോ വിധേയമായി നിലനിന്നിരുന്ന ഇന്ത്യൻ ഭരണഘടനയാണ് ദേശത്തിന്റെ വൈവിധ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന യഥാർഥ ചിഹ്നമെന്ന തിരിച്ചറിവാണ് ഹിന്ദുത്വവാഴ്ച 50 വർഷം തുടരുമെന്ന ഹിന്ദുത്വ പ്രചാരണഘട്ടത്തിൽ ബഹുജനങ്ങളിൽ ഉളവായത്. അതായത്, 50 വർഷം ഹിന്ദുത്വവാഴ്ച തുടർന്നാൽ ഇന്ത്യയിലെ കീഴാള -ന്യൂനപക്ഷ ജനതകൾ സുദീർഘ പോരാട്ടങ്ങളിലൂടെ ദേശത്തിനകത്ത് സംസ്ഥാപിച്ച എല്ലാ കരാർ വ്യവസ്ഥകളും റദ്ദാക്കപ്പെടുമെന്ന് ഉറപ്പാണ്. ആധുനിക ഇന്ത്യയെന്ന ദേശരാഷ്ട്രം തിരോഭവിക്കുകയാണ് ഇതിന്റെ ഫലമായി ഉണ്ടാവുക. മാത്രമല്ല, നാസി മോഡലിലുള്ള വലിയ ദേശീയ പ്രത്യാഘാതങ്ങൾ ഉളവാക്കിക്കൊണ്ട് മാത്രമേ ഹിന്ദുത്വവാഴ്ചക്ക് ദീർഘകാലം തുടരാനാവൂ.
ഈ സന്ദിഗ്ധാവസ്ഥയിൽ ഭരണഘടനയും ഡോ. അംബേദ്കറും ചിഹ്നപരമായി പുനഃസ്ഥാപിക്കപ്പെട്ടു എന്നതാണ് വസ്തുത. ചിഹ്നമെന്നത് കേവലാർഥത്തിലുള്ള പ്രതീകമല്ല. പ്രതീകങ്ങൾ പലപ്പോഴും ഔദ്യോഗികമായി സ്ഥാപിക്കപ്പെടുന്നതും ചില മേധാവിത്വ വിഭാഗങ്ങളുടെ താൽപര്യത്തിന്റെ ഫലമായി ഉയർത്തപ്പെടുന്നവയുമാണ്. അതേസമയം, ചിഹ്നങ്ങൾ ബഹുജനാവബോധത്തിൽ ആഴത്തിൽ മറഞ്ഞുനിൽക്കുന്നവയാണ്. രാഷ്ട്രീയമായും സാമൂഹികമായുമുള്ള വമ്പിച്ച ഗതിമാറ്റങ്ങളുടെയോ പരിവർത്തനങ്ങളുടെയോ ഘട്ടത്തിൽ മാത്രമേ ചിഹ്നങ്ങളുടെ വൈരുധ്യം വ്യക്തമാവുകയുള്ളൂ. ഈ അർഥത്തിൽ ദേശീയമായൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യൻ ഭരണഘടനയും ഡോ. അംബേദ്കറും ചിഹ്നങ്ങളായി പുനർരൂപവത്കരിക്കപ്പെട്ടതെന്ന് വ്യക്തമാണ്.
ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ നടത്തിയ സമാപന പ്രസംഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, അംബേദ്കർ എന്ന പേര് ഫാഷൻപോലെ ആവർത്തിക്കുകയാണെന്നും അതിനുപകരം ഭഗവാന്റെ പേര് ഉച്ചരിച്ചാൽ ഏഴ് തലമുറക്കുവരെ പുണ്യം ലഭിക്കുമെന്നും പറഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ദേശീയ-പ്രാദേശിക പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും വിവിധ സംസ്ഥാനങ്ങളിലെ ബഹുജന പ്രസ്ഥാനങ്ങളും പ്രതിഷേധത്തിലണിനിരന്നു. പ്രതിഷേധങ്ങളുടെ ആഴവും മൂർച്ചയും വ്യക്തമായതോടെ അമിത് ഷാ വാർത്തസമ്മേളനം വിളിച്ചുചേർത്ത് വിശദീകരണം നടത്തി.
ഈ വിശദീകരണത്തിനു പിന്നാലെ, കോൺഗ്രസ്-ബി.ജെ.പി കക്ഷികൾ പരസ്പരം പഴിചാരിക്കൊണ്ട് തങ്ങളാണ് ഡോ. ബി.ആർ. അംബേദ്കറെ അംഗീകരിച്ചതെന്ന് വരുത്തിത്തീർക്കാൻ ഏറെ പണിപ്പെട്ടു. ഇവിടെ വിസ്മരിക്കപ്പെട്ട പ്രശ്നം, ഡോ. അംബേദ്കർക്ക് ചിഹ്നപരമായ പുനഃസ്ഥാപനമുണ്ടായത് വി.പി. സിങ്ങിന്റെ ഭരണകാലത്താണെന്നതാണ്. ഇന്ത്യയിലെ കീഴാള രാഷ്ട്രീയധാരകളുടെ ഉണർവും മണ്ഡൽ കമീഷൻ രാഷ്ട്രീയവും ഉയർന്നുവന്ന പശ്ചാത്തലത്തിൽ മേൽപറഞ്ഞ ഘടകങ്ങളുടെ പ്രതിഫലനവും കൂടിച്ചേർന്നു എന്നതാണ് വി.പി. സിങ്ങിന്റെ ഭരണകാലത്തിന്റെ സവിശേഷത. ഇതിനർഥം, ദേശീയമായ ഇളകിമറിയലിന്റെ ഘട്ടങ്ങളിലാണ് ഡോ. അംബേദ്കർ ചിഹ്നപരമായി ഉയിർത്തെഴുന്നേൽക്കുന്നതെന്നാണ്.
ഡോ. അംബേദ്കറിന്റെ പേരിനെയും ഓർമകളെയും അപചയപ്പെടുത്താനുള്ള ഹിന്ദുത്വവാദികളുടെ കടന്നാക്രമണം താൽക്കാലികമായി പത്തിതാഴ്ത്തി എന്നത് വസ്തുതയാണ്.
എന്നാൽ, എല്ലാറ്റിനും ഉപരിയായി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിമർശന ചിന്തകനെന്ന നിലയിലും ഏറ്റവും അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന പുതുകാല ബഹുജന സൂപ്പർസ്റ്റാർ എന്ന നിലയിലുമുള്ള ഡോ. ബി.ആർ. അംബേദ്കറിന്റെ പ്രസക്തി രാജ്യാന്തരീയ അതിർത്തികൾ ഭേദിച്ച് സാർവദേശീയ തലത്തിലേക്ക് ഉയരുന്നു എന്നതാണ് എല്ലാവരെയും ആഹ്ലാദിപ്പിക്കുന്നത്.
ഡോ. ഗോപാൽ ഗുരു എഴുതുന്നു: ‘‘അംബേദ്കർ ബഹിഷ്കൃത ഭാരത് എന്നതിൽനിന്ന് പ്രബുദ്ധ ഭാരത് എന്നതിലേക്കും ലോക വിഗർഗയിൽനിന്ന് (അസ്പൃശ്യത) ലോക സംഗ്രഹ (ജാതിനിർമൂലനം) എന്നതിലേക്കും നീങ്ങുന്നുണ്ട്. ഈ ആദർശങ്ങളുടെ സംസ്ഥാപനത്തിനായി ഒരു സവിശേഷചിന്തയും ധനാത്മകമായ ഭാഷയും സ്വീകരിക്കുന്നുണ്ട്.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.