കേരള പൊലീസിൽ താടി വെക്കാൻ അനുവാദം നൽകണമെന്ന എന്‍റെ സുഹൃത്ത് കൂടിയായ ടി.വി ഇബ്രാഹിം എം.എൽ.എ നിയമസഭയിൽ ചെയ്ത പ്രസംഗത്തിൽ നടത്തിയ പരാമർശത്തിന് ഞാൻ നൽകിയ മറുപടി ചില കേന്ദ്രങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്നത് എന്‍റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഒരു ഇസ് ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം താടി വളർത്തൽ നിർബന്ധമല്ലെന്നും അത് കൊണ്ടാണ് ഞാനോ മുസ് ലിം ലീഗ് എം.എൽ.എമാരോ താടിവെക്കാത്തതെന്നും അതിനാൽ തന്നെ പൊലീസിൽ താടി വെക്കാൻ അനുവദിക്കണമെന്ന അഭിപ്രായം അപ്രസക്തമാണെന്നുമാണ് ഞാൻ പറഞ്ഞത്.

വിശ്വാസമുള്ളവരും ഇല്ലാത്തവരും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുന്നതും വെക്കാത്തതും നാം ദിനേന കാണുന്നത് കൊണ്ടാണ് താടിക്ക് മത ബന്ധമില്ലെന്നും അതൊരു മതാവകാശമല്ലെന്നും ഞാൻ പറഞ്ഞത്. ഇസ്ലാമിക മതാചാരപ്രകാരം തന്നെ താടി വെക്കല്‍ സുന്നത്ത് മാത്രമാണ്. മത പണ്ഡിതൻമാരോ താൽപര്യമുള്ളവരോ താടി വെക്കുന്നതിനെ ഞാൻ വിമർശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. ഇതേ അഭിപ്രായം കേരളത്തിലെ മുസ് ലിംകളുടെ പരിഷ്കരണം സ്വപ്നം കണ്ട സി.എച്ച്. മുഹമ്മദ് കോയ സാഹിബിന് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാകും അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരായ മുസ് ലിംകൾക്കോ മറ്റു മതസ്ഥർക്കോ താടി വെക്കാനുള്ള അവകാശം നൽകാതിരുന്നതെന്നും ഞാൻ അഭിപ്രായപ്പെട്ടിരുന്നു.

ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. അതിലെ സുന്നത്ത് ചർച്ച ചെയ്യലായിരുന്നില്ല നിയമസഭയിലെ അഭിപ്രായ പ്രകടനങ്ങൾ. പൊതുവെ സി.എച്ചിനോളവും സീതി സാഹിബിനോളവും ഇസ് ലാമിനോടും മുസ് ലിം സമുദായത്തോടും പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതാക്കൾ കേരളത്തിൽ വേറെ ഉണ്ടായിട്ടുണ്ടാവില്ല. അവരാരും തന്നെ പൊലീസില്‍ താടിവെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് പറയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം. 'വര്‍ത്തമാന കാലത്ത്' ആ നിലപാടേ മുസ് ലിം ലീഗ് തുടരാവൂ എന്നതാണ് ഇപ്പോള്‍ ലീഗുക്കാരനല്ലെങ്കിലും എന്‍റെ സുവ്യക്തമായ അഭിപ്രായം.

ഇസ് ലാമികമായി താടി വെക്കൽ നിർബന്ധമില്ലാത്തത് കൊണ്ടു തന്നെയാണ് മഹാഭൂരിഭാഗം മുസ് ലിംകളും താടി വെക്കാതിരുന്നത്. എന്‍റെ പിതാവുൾപ്പെടെ പലരും താടി വെക്കുന്നുണ്ടാകാം. അവരിലാരെങ്കിലും പൊലീസിൽ ചേർന്നിരുന്നുവെങ്കിൽ പൊലീസ് സേവന കാലത്ത് അവർക്കും താടി വെക്കാൻ അനുവാദം ഉണ്ടാകരുതെന്നേ ഞാൻ പറഞ്ഞുള്ളൂ. പൊലീസിന് 'പൊലീസ്' എന്ന ഒരു 'ഐഡന്‍റിറ്റിയെ' ഉണ്ടാകാവൂ. അതിനപ്പുറം മറ്റൊരു ഐഡന്‍റിറ്റി ഉണ്ടാകുന്നത് ഭൂഷണമാകില്ല. ഇതാണ് അന്നും ഇന്നും എന്നും എന്‍റെ അഭിപ്രായം.

"നിങ്ങൾ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങൾ കൽപിക്കുന്നത്. അതിനേക്കാൾ വലിയ പാപം വേറെയില്ല" (വിശുദ്ധ ഖുർആൻ)

Tags:    
News Summary - wakf minister dr. kt jaleel respond beard issues and religious faith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.