ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച വിവാദം കൂടുതൽ ആളിക്കത്തുകയാണ്. അട്ടിമറി നടന്നിട്ടുണ്ടെന്നും പൊലീസ് അന്വേഷണം വേണമെന്നും തുടക്കം മുതലേ ആവശ്യമുയർത്തിയിരുന്നു തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുൻമന്ത്രിയുമായ സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. സംഘ്പരിവാർ പിന്തുണയോടെ പ്രവർത്തിക്കുന്ന വരാഹി അനലറ്റിക്സ് എന്ന ഏജൻസി ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിക്കുവേണ്ടി തയാറാക്കിയ തിരക്കഥയാണ്...
ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച വിവാദം കൂടുതൽ ആളിക്കത്തുകയാണ്. അട്ടിമറി നടന്നിട്ടുണ്ടെന്നും പൊലീസ് അന്വേഷണം വേണമെന്നും തുടക്കം മുതലേ ആവശ്യമുയർത്തിയിരുന്നു തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മുൻമന്ത്രിയുമായ സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. സംഘ്പരിവാർ പിന്തുണയോടെ പ്രവർത്തിക്കുന്ന വരാഹി അനലറ്റിക്സ് എന്ന ഏജൻസി ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിക്കുവേണ്ടി തയാറാക്കിയ തിരക്കഥയാണ് പൂരം അലങ്കോലപ്പെടുത്തൽ എന്ന നിലക്കുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നുകഴിഞ്ഞു. പൂരം കലക്കിയത് സംബന്ധിച്ച് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അന്വേഷിച്ച് സമർപ്പിച്ച 1200 പേജ് വരുന്ന റിപ്പോർട്ട് സർക്കാർ തള്ളുകയും പുതിയ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിൽ വി.എസ്. സുനിൽ കുമാർ ‘മാധ്യമ’ത്തോട് നിലപാട് വ്യക്തമാക്കുന്നു.
വി.എസ്. സുനിൽ കുമാർ, പിണറായി വിജയൻ, സുരേഷ് ഗോപി, കെ. മുരളീധരൻ, ആനി രാജ
- വാസ്തവത്തിൽപൂരദിവസം എന്താണ് തൃശൂരിൽ നടന്നത്?
ഞാൻ പൂരപ്പറമ്പിൽനിന്ന് മാറിനിന്നിട്ടേയില്ല. മുഴുസമയം അവിടെയുണ്ടായിരുന്നു. പതിവുപോലെ കൊടിയേറ്റം മുതലുള്ള എല്ലാ ചടങ്ങിലും പങ്കെടുത്തു. 18 വർഷമായി എന്റെ പതിവാണത്. ഇത്തവണ മിക്കയിടത്തും യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനും കൂടെയുണ്ടായിരുന്നു. വൈകുന്നേരമായപ്പോൾ ഞാൻ സി.പി.ഐ ഓഫിസിലെത്തി. കുടുംബവും വെടിക്കെട്ട് കാണാൻ എത്തിയിരുന്നു. രാത്രി ഒന്നരക്കാണ് പൂരം സ്ഥലത്ത് എന്തോ വിഷയമുണ്ടെന്ന വിവരം അറിയുന്നത്. ഉടനേ റവന്യൂ മന്ത്രി രാജനെ ബന്ധപ്പെട്ടു. ചെറിയ പ്രശ്നമുണ്ടെന്നും കലക്ടർ ഇടപെട്ട് പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തെതുടർന്ന് കേന്ദ്ര ഏജൻസിയായ പെസോ വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതത് വർഷങ്ങളിൽ അവരുമായി സംസാരിച്ച് ഇളവ് വരുത്തിയാണ് പൂരം സുഗമമായി നടത്തിപ്പോന്നിരുന്നത്. ഇതിന്റെ ആവശ്യത്തിന് ഞാൻ മന്ത്രിയായിരിക്കെ ഡൽഹിയിൽ പോയി കേന്ദ്രമന്ത്രി നിർമല സീതാരാമനെവരെ കണ്ടിട്ടുണ്ട്. ഈ പ്രാവശ്യവും അതൊക്കെ സാധ്യമായിരുന്നു. പെസോ നിയമം കർശനമാക്കിയതോടെ പുലർച്ച വെടിക്കെട്ടിന് മുമ്പ് 100 മീറ്റർ അകലേക്ക് ആളുകളെ ബാരിക്കേഡ് കെട്ടി മാറ്റിനിർത്തുകയായിരുന്നു പതിവ്. ഇക്കുറി രാവിലെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് പൊലീസ് രാത്രി പത്ത് മണിക്കുതന്നെ നിയന്ത്രണങ്ങൾ തുടങ്ങി.
പൊലീസ് കെട്ടിയ വടം അഴിച്ചുമാറ്റാൻ തിരുവമ്പാടി ദേവസ്വം സമിതിയിലെ ചിലർ ശ്രമിച്ചു. പൊലീസും ഇവരും തമ്മിൽ സംഘർഷമായി. തിരുവമ്പാടി വിഭാഗം അപ്രതീക്ഷിതമായി വിളക്കുകൾ അണച്ചു. യാതൊരു ചർച്ചക്കും തയാറാകാതെ വെടിക്കെട്ട് നടത്തുന്നില്ലെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. കലക്ടറും എസ്.പിയും സംഭവസ്ഥലത്തു വന്നില്ലെന്ന് തിരുവമ്പാടി പറയുന്നു. അതേസമയം, രാത്രിതന്നെ ചർച്ചക്ക് വിളിച്ചിട്ട് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തയാറായില്ലെന്ന് കലക്ടറും പറയുന്നു. സംഭവസ്ഥലത്ത് സംഘ്പരിവാർ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ടെന്നും മന്ത്രി സ്ഥലത്തുവന്നാൽ സംഘർഷം ഉണ്ടാക്കാനാണ് അവരുടെ പദ്ധതിയെന്നും കലക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ എനിക്കും മന്ത്രി രാജനും ഏറെ പരിമിതികൾ ഉണ്ടായിരുന്നു. മനഃപൂർവം സംഘർഷത്തിന് ശ്രമമുണ്ടെന്ന് ഉറപ്പായി. എന്നിട്ടും ജനങ്ങൾക്കിടയിലൂടെ നടന്ന് ഞാനും കെ. രാജനും രണ്ട് ദിക്കിൽനിന്ന് പുലർച്ച 3.55ന് സംഭവസ്ഥലത്തെത്തി. അപ്പോഴേക്കും അവിടെ ആംബുലൻസിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി വന്നു. സകല മാധ്യമങ്ങളും അവിടെയുണ്ട്. പൂരം നിർത്തിയതായി തിരുവമ്പാടി വിഭാഗം മാധ്യമപ്രവർത്തകരെ അറിയിച്ചു.
- സംഭവദിവസത്തെ മാധ്യമങ്ങളുടെ സമീപനം എങ്ങനെയായിരുന്നു?
എല്ലാം ഒരു തിരക്കഥപോലെയാണ് അനുഭവപ്പെട്ടത്. പൊലീസും തിരുവമ്പാടി ദേവസ്വം ഭരണസമിതിയിലെ ചിലരും ചേർന്നാണ് സംഘർഷം സൃഷ്ടിച്ചത്. പൂരം നിർത്തിവെക്കാൻ മാത്രമുള്ള സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ, തിരുവമ്പാടി അതു ചെയ്തു. തെരഞ്ഞെടുപ്പ് ഏജൻസി പ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകരും മുഴുവൻ അവിടെയെത്തി. ആംബുലൻസിൽ ചീറിപ്പാഞ്ഞ് ബി.ജെ.പി സ്ഥാനാർഥി വരുന്നു. സംസ്ഥാന സർക്കാർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചതായും സുരേഷ് ഗോപി ഇടപെട്ടതായും എല്ലാ മാധ്യമങ്ങളിലും വാർത്ത വരുന്നു. എന്നാൽ, അവിടെയെത്തിയ എന്നോടോ മന്ത്രി രാജനോടോ ഒന്ന് തിരക്കാൻപോലും മാധ്യമപ്രവർത്തകർ തയാറായില്ല. എൻ.ഡി.എ സ്ഥാനാർഥിക്ക് വലിയ ഹൈപ്പ് കൊടുക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. പാറമേക്കാവ് തിരുവമ്പാടിക്കൊപ്പം ചേർന്നില്ല. അവർ പൂരം നിർത്തുന്നതിന് എതിരായിരുന്നു. പൂരം നിർത്തിവെക്കാൻ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ നിർബന്ധിച്ചതായി പാറമേക്കാവ് വിഭാഗം അറിയിച്ചു. ഇതിനു പിന്നിൽ ആരാണെന്ന് അറിയേണ്ടതുണ്ട്.
- തിരുവമ്പാടി ദേവസ്വത്തിന്റെ സമീപനം എങ്ങനെയായിരുന്നു?
വളരെ രൂക്ഷമായാണ് അവർ പ്രതികരിച്ചത്. പൊലീസിന്റെ സമയക്രമം തിരുവമ്പാടിക്ക് മാത്രം പാലിക്കാൻ കഴിയാതെപോയത് എങ്ങനെയെന്ന് അറിയില്ല. സംഘർഷമറിഞ്ഞ് ഞാൻ വിളിച്ചിട്ട് ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ ഫോൺ എടുത്തില്ല. പൂരം നിർത്തിവെക്കുന്നു, വെടിക്കെട്ട് നടത്തില്ല എന്നീ നിലപാടിൽ അവർ ഉറച്ചുനിന്നു. പിന്നീട് പകൽ പൂരത്തിന് ഒപ്പം വെടിക്കെട്ട് നടത്താമെന്നാണ് അവർ നിർദേശം വെച്ചത്. 6000 കിലോ വെടിമരുന്ന് നിറച്ചുവെച്ചിട്ട് പിന്നീട് പകൽപൂരത്തിന് ഒപ്പം പൊട്ടിക്കാമെന്ന് പറയുന്നത് അങ്ങേയറ്റം അപകടസാധ്യത നിറഞ്ഞതാണ്. ഇതിന് അനുമതി കിട്ടില്ലെന്ന് അവർക്കറിയാം. പകൽപൂരവും പൊലീസ് തടഞ്ഞെന്ന് വരുത്തുകയായിരുന്നു ശ്രമം.
- ചില ഗൂഢാലോചനയുണ്ട്. കരുതൽ വേണമെന്ന് മന്ത്രി കെ. രാജൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ഒരു ദേവസ്വം ഭാരവാഹി പറയുന്നു. താങ്കൾക്ക് അങ്ങനെ വല്ല സൂചനയും നേരത്തേ ലഭിച്ചിരുന്നോ?
അങ്ങനെ സൂചനയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ, പൂരം ബി.ജെ.പി തെരഞ്ഞെടുപ്പിനായി ദുരുപയോഗം ചെയ്യുമെന്ന് ഒരാശങ്ക ഞങ്ങൾക്ക് ഉണ്ടായിരുന്നു. എഴുന്നെള്ളത്തിന് മുന്നോടിയായി തിരുവമ്പാടിയുടെ വിളക്ക് കൊളുത്തലിന് മാത്രമാണ് സുരേഷ് ഗോപി പങ്കെടുത്തത്. പിന്നീടുള്ള ഒന്നിലും പങ്കെടുത്തില്ല. പിന്നെ അയാളെ കാണുന്നത് പാതിരാക്കാണ്. ഇത് യാദൃശ്ചികമല്ല. മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. പകൽ വെളിച്ചത്തിൽ പൂരത്തിന്റെ ഒരു വേദിയിലും ഇല്ലാതിരുന്ന ബി.ജെ.പി സ്ഥാനാർഥി പാതിരാത്രി വന്ന് സോഷ്യൽ മീഡിയക്കും മാധ്യമങ്ങൾക്കുമുള്ള വിഭവം ഉണ്ടാക്കിക്കൊടുത്തു മടങ്ങി.
- ആർ.എസ്.എസ് അനുകൂല ഏജൻസിയായ വരാഹി അനലറ്റിക്സ് ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തേ അറിഞ്ഞിരുന്നോ?
നേരത്തേ അറിഞ്ഞിരുന്നില്ല. ബി.ജെ.പി സ്ഥാനാർഥി ആംബുലൻസിൽ വന്നിറങ്ങുമ്പോൾ വരാഹിയുടെ ആളാണ് വാതിൽ തുറന്നുകൊടുക്കുന്നത്. ഈ ഏജൻസി തൃശൂരിലെ മാധ്യമപ്രവർത്തകരെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം പൂർത്തിയായിട്ട് പറയാം.
- എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ നടന്ന അന്വേഷണത്തിൽ പൊലീസ് താങ്കളിൽനിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നോ?
പൊലീസ് ഇന്നുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല. പുതിയ അന്വേഷണസംഘം ബന്ധപ്പെടുമായിരിക്കും.
- 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയിച്ചത്. കേവലം ഒരു പൂരം കലക്കിയാൽ ലഭിക്കുന്ന ഭൂരിപക്ഷമാണോ ഇത്?
ബി.ജെ.പി ജയിച്ചത് പൂരം കലക്കി മാത്രമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. പല ഘടകങ്ങളുണ്ട്. അതിലൊന്ന് പൂരം കലക്കലാണ്. പൂരത്തിനിടയിൽ സൃഷ്ടിച്ച സംഘർഷം ബി.ജെ.പിക്ക് വലിയതോതിൽ ഗുണം ചെയ്തിട്ടുണ്ട്.
- 412338 വോട്ടുകൾ സുരേഷ് ഗോപി തൃശൂരിൽ നേടി. ബി.ജെ.പിയുടെ ഈ വളർച്ചയെ തിരിച്ചറിയുന്നതിൽ ഇടതുപക്ഷ മുന്നണി അടക്കം സംഘ്പരിവാർ വിരുദ്ധ പക്ഷത്തുള്ളവർ പരാജയപ്പെട്ടില്ലേ?
ബി.ജെ.പിക്ക് വോട്ട് കൂടുതൽകിട്ടി എന്നത് സത്യമാണ്. പലതും പരിശോധിക്കണം. ഇടതുമുന്നണിക്ക് 2019ൽ കിട്ടിയതിനേക്കാൾ 18000 വോട്ട് അധികം കിട്ടി. കഴിഞ്ഞ തവണ വിജയിച്ച യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. വോട്ട് ചോർന്ന വഴികൾ ഇരുപക്ഷവും പരിശോധിക്കണം. തൃശൂരിലെ ഭൂരിപക്ഷം ജനങ്ങളും ബി.ജെ.പി ജയിക്കരുത് എന്നാണ് ആഗ്രഹിച്ചത്. ഏഴ് ലക്ഷത്തിലധികം വോട്ട് ഇടതു-വലത് മുന്നണികൾ നേടി. പൂരം, പണം, രാഷ്ട്രീയശക്തി എന്നിവയൊക്കെ ബി.ജെ.പി ഉപയോഗപ്പെടുത്തി. മാധ്യമങ്ങൾ ഏകപക്ഷീയമായി ബി.ജെ.പിയെ പിന്തുണച്ചു. ബി.ജെ.പി അക്കൗണ്ട് തുറന്നത് സംബന്ധിച്ച് എല്ലാവരും വിശദ പരിശോധന നടത്തണം.
- ബി.ജെ.പിക്കുവേണ്ടി തൃശൂർ പൂരം കലക്കി എന്ന് ഇടതു-വലതു മുന്നണികളും മാധ്യമങ്ങളും ആവർത്തിച്ചു പറഞ്ഞിട്ടും എന്തായിരിക്കും ആഭ്യന്തരവകുപ്പ് വേണ്ട രീതിയിൽ ഇടപെടാതിരുന്നത്?
പൂരം സംബന്ധിച്ച അന്വേഷണം പൊലീസ് നീട്ടിക്കൊണ്ടുപോയത് വളരെ മോശമായി. അന്നേ റിപ്പോർട്ട് പുറത്തുവിടേണ്ടതായിരുന്നു. അഞ്ച് മാസം അനാവശ്യമായി വിഷയം ആഭ്യന്തരവകുപ്പ് നീട്ടിവലിച്ചു. ജനങ്ങളിൽ സംശയം ഉയർത്താൻ ഈ നടപടി ഇടവെച്ചു. ആഭ്യന്തരവകുപ്പിനും സർക്കാറിനും ഈ വിഷയത്തിൽ പിഴവുപറ്റി. അത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
- സി.പി.ഐയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുപ്പമുള്ള വ്യക്തികളിൽ ഒരാളാണ് താങ്കൾ. ആ നിലക്ക് തൃശൂരിൽ സംഭവിച്ചത് എന്തെന്ന് താങ്കൾ സ്വകാര്യമായെങ്കിലും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ?
തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ട്. പൂരവുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ അത് ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല. എൽ.ഡി.എഫ് സർക്കാറിൽനിന്ന് വിഷയത്തിൽ നീതി കിട്ടുമെന്ന് വിശ്വസിക്കുന്നു. അന്വേഷണ റിപ്പോർട്ടിൽ യഥാർഥ വസ്തുതകളല്ല ഉള്ളതെങ്കിൽ രാഷ്ട്രീയമായ ഇടപെടൽ നടത്തേണ്ടിവരും. അത് നടത്താതിരിക്കാൻ പറ്റില്ല. ഇടതുപക്ഷം എന്നത് ഏതെങ്കിലും ഒരു വ്യക്തിയല്ല. അതൊരു രാഷ്ട്രീയമാണ്. അത് അധികാരത്തിലുള്ള എല്ലാവർക്കും ഓർമവേണം.
- കേരള പൊലീസിൽ ആർ.എസ്.എസ് ഒളിസംഘം ഉണ്ടെന്ന് ആദ്യം പ്രതികരിച്ചത് താങ്കളുടെ പാർട്ടിയുടെ ദേശീയ നേതാവ് ആനി രാജയാണ്. സി.പി.എം അവരെ വിരട്ടി. സി.പി.ഐ സംസ്ഥാന നേതൃത്വം ദേശീയ നേതാവെന്ന പരിഗണനപോലും കൊടുക്കാതെ ആനി രാജയെ തള്ളിപ്പറഞ്ഞു. താങ്കൾക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത്?
പുതിയ വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ കേരള പൊലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ലാഘവത്തോടെ ഇതിനെ സമീപിക്കരുത്. ആനി രാജ പറഞ്ഞതിന് എന്തെങ്കിലും കാരണമുണ്ടാകാം. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച നടന്ന പശ്ചാത്തലത്തിൽ സംഭവം പരിശോധിക്കേണ്ടത് അനിവാര്യമാണ്.
- കഴിഞ്ഞ എട്ടുവർഷം കേരളത്തിലെ പൊലീസ് തൃപ്തികരമായാണ് പ്രവർത്തിച്ചതെന്ന് കരുതുന്നുണ്ടോ?
പൊലീസിന്റെ പൊതു സംവിധാനത്തോട് മതിപ്പുള്ള ആളാണ് ഞാൻ. പൊലീസിനെ കൈകാര്യം ചെയ്യുന്നവരുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പൊലീസ്, ഉദ്യോഗസ്ഥ രംഗങ്ങളിലെ താക്കോൽ സ്ഥാനങ്ങളിൽ തങ്ങളുടെ ആളുകളെ കൊണ്ടുവന്നിരുത്താൻ ആരെങ്കിലുമൊക്കെ ശ്രമം നടത്തുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവരാണ് ശ്രദ്ധിക്കേണ്ടത്.
- വരുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കായി ബി.ജെ.പി കളമൊരുക്കി തുടങ്ങിയിട്ടുണ്ട്. വലിയൊരു വിഭാഗത്തെ റാഡിക്കലൈസ് ചെയ്യുന്നതിൽ ബി.ജെ.പി വിജയിച്ചിരിക്കുന്നു. ഇത് അങ്ങേയറ്റം കേരളത്തിന് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. ഇതിനിടയിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം സംഘ്ബന്ധം ആരോപിച്ച് രാഷ്ട്രീയം കളിക്കുന്നത് ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ നിരാശപ്പെടുത്തുകയല്ലേ ചെയ്യുക?
ബി.ജെ.പിയുടെ സംവിധാനങ്ങൾ നമ്മൾ ഊഹിക്കുന്നതിനും അപ്പുറമാണ്. രാജ്യത്തിന്റെ ഭരണം, അധികാരം, പണം, ധിക്കാരം, അടിച്ചമർത്തൽ ഇതെല്ലാം അവർ ഉപയോഗിക്കും. ജയിലിലിടും. ഇതിനൊന്നും മടിയില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുസംഘടനയെ വിജയിപ്പിക്കണമെന്ന് ധരിച്ചിരുന്ന ന്യൂനപക്ഷങ്ങളെ അടക്കം മാറിചിന്തിപ്പിക്കുന്നതിൽ ചില സംഘടനകൾ വഹിച്ച പങ്കെന്താണെന്നുകൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.