ഷായുടെ സിദ്ധാന്തം കൃത്യവും വ്യക്തവുമാണ്: ഇതിനകം മോദിയുടെ സഖ്യ നേതൃത്വത്തെ അംഗീകരിച്ച എൻ.ഡി.എ പങ്കാളികൾ ചോദ്യം ചെയ്യപ്പെടാത്ത തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സൂപ്പർ ബോസ് എന്ന പദവിയെയും അംഗീകരിക്കേണ്ടതുണ്ട്. തനിക്ക് അനുയോജ്യമെന്ന് തോന്നുമ്പോൾ സർക്കാറിന്റെ അജണ്ട തീരുമാനിക്കാനും പ്രഖ്യാപിക്കാനും പ്രധാനമന്ത്രിക്ക് പരിധിയില്ലാത്ത അധികാരമുണ്ടായിരിക്കണം
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ചേരാൻ അനുവാദം, വഖഫ് ബില്ലിലെ മാറ്റങ്ങൾ, ബ്രോഡ്കാസ്റ്റ് ബിൽ, ലാറ്ററൽ എൻട്രി, ‘സെക്കുലർ സിവിൽ കോഡ്’ എന്നിങ്ങനെയുള്ള തീരുമാനങ്ങളുടെ ഒരു നിരയാണ് എൻ.ഡി.എ പങ്കാളികളെ അവഗണിച്ചുകൊണ്ട് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ മുന്നോട്ടുവെച്ചത്.
അധികാരം നിലനിർത്തുന്നതിനായി ഭരണഘടന ജനാധിപത്യത്തിൽ മാറ്റത്തിരുത്തൽ വരുത്തുന്നതിൽ വിദഗ്ധരാണ് 21ാം നൂറ്റാണ്ടിലെ സ്വേച്ഛാധിപതികൾ. 2018ൽ തുർക്കിയയിലെ റജബ് ത്വയ്യിബ് ഉർദുഗാൻ ഭരണഘടന ഭേദഗതിയിലൂടെ പ്രസിഡൻഷ്യൽ ഭരണസമ്പ്രദായം നടപ്പാക്കി. ഇത് കൂടുതൽ അധികാരങ്ങളോടെ ആധിപത്യം തുടരാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. ഇപ്പോൾ ഇവിടെയിതാ, നരേന്ദ്ര മോദിയുടെ ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ നിർദേശത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായിരിക്കുന്നു. വ്യവസ്ഥാപിതമായ ലംഘനങ്ങളെന്തെങ്കിലും നടന്നതായി പുറമെ കാണാത്ത വിധത്തിൽ അധികാരം നിലനിർത്താനുള്ള അതിസമർഥമായ നീക്കമാണിത്.
അഞ്ചുവർഷം കൂടുമ്പോൾ ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ നിർദേശിക്കുന്ന കോവിന്ദ് പാനൽ റിപ്പോർട്ടിന് സെപ്റ്റംബർ 18നാണ് കേന്ദ്ര മന്ത്രിസഭ ഔപചാരിക അനുമതി നൽകിയത്. വികസന പ്രക്രിയയിൽ അടിക്കടിയുണ്ടാവുന്ന തടസ്സങ്ങൾ ഒഴിവാക്കുന്നതിനും പാഴ് ചെലവുകൾ തടയുന്നതിനും ഇത് സഹായകമാകുമെന്നാണ് അവകാശവാദം. ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതുകൊണ്ടുള്ള നേട്ടങ്ങളെ പ്രകീർത്തിച്ചും ഓരോ തെരഞ്ഞെടുപ്പിലും ചെലവിട്ടുകൊണ്ടിരിക്കുന്ന അമൂല്യമായ ദേശീയ സമ്പത്തിന്റെ ആധിക്യം എടുത്തുകാട്ടിയുമുള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്കാണ് വരുംദിവസങ്ങളിൽ നമ്മൾ കാണാനിരിക്കുന്നത്. എന്നാൽ, നിലവിലെ രാഷ്ട്രീയ രൂപം വെച്ച് തരണം ചെയ്യാവുന്നതിലുമപ്പുറമാണ് ഈ നിർദേശം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ കടമ്പകളെന്ന് സൂക്ഷ്മ പരിശോധനയിൽ വ്യക്തമാവും.
അടിസ്ഥാന സ്ഥിതിവിവരക്കണക്കുകൾ മാത്രം നോക്കുക: ഇതിനായി പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ അഞ്ച് ഭരണഘടന ഭേദഗതികളെങ്കിലും ആവശ്യമാണ്. 16 സീറ്റുള്ള ടി.ഡി.പി, 12 സീറ്റുള്ള ജെ.ഡി.യു, ആറ് സീറ്റുള്ള ചിരാഗ് പാസ്വാന്റെ പാർട്ടി എന്നിവയടക്കം 293 ആണ് ലോക്സഭയിലെ എൻ.ഡി.എ അംഗസംഖ്യ. ആഭ്യന്തരമന്ത്രി അമിത് ഷാ 69 എം.പിമാരുടെകൂടി പിന്തുണ എങ്ങനെയാണ് സമാഹരിക്കാൻ പോകുന്നതെന്ന് ആർക്കെങ്കിലും ഊഹമുണ്ടോ? രാജ്യസഭയിലും സ്ഥിതി സമാനമാണ്.
‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി ഈ സർക്കാറിന്റെ കാലയളവിൽത്തന്നെ നടപ്പാക്കുമെന്ന് ഒരു മുതിർന്ന ബി.ജെ.പി ഭാരവാഹി അവകാശപ്പെട്ട് ദിവസങ്ങൾക്കകമാണ് മന്ത്രിസഭായോഗ തീരുമാനം വന്നത്. നയപരമായ കാര്യങ്ങൾ പുനഃപരിശോധിക്കണമെന്ന സഖ്യകക്ഷികളുടെ സമ്മർദത്തിലാണ് ബി.ജെ.പിയെന്ന ഊഹാപോഹങ്ങൾ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഈ ആശയക്കുഴപ്പം ഇവിടെ അവസാനിപ്പിക്കണം... ഈ സർക്കാർ പറഞ്ഞതുപോലെത്തന്നെ പ്രവർത്തിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിൽ, നയപരമായ തീരുമാനങ്ങളും തുടർനടപടികളും മാറ്റത്തിലേക്ക് നയിക്കാത്ത ഒരു മേഖലയുമില്ല.’’ ഈ പ്രസ്താവനകൾ മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു. സർക്കാറിന്റെ കാതലായ നയങ്ങളിലൊന്നും ഒരു മൃദുസമീപനവും പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു ഈ പ്രസ്താവനയുടെ സന്ദേശം. “ഈ സർക്കാർ മൃദുസമീപനങ്ങൾ കൈക്കൊള്ളുമെന്നും സഖ്യകക്ഷികളുടെ സമ്മർദമുണ്ടെന്നും പറയുന്നത് വിവരക്കേടാണ്.’’ സുതാര്യത കൊണ്ടുവരാൻ വേണ്ടിയാണ് വഖഫ് ബോർഡ് പരിഷ്കരണം പോലുള്ള കടുത്ത തീരുമാനങ്ങൾക്ക് തുടക്കംകുറിച്ചതെന്നും ഇത് ‘പ്രീണന രാഷ്ട്രീയത്തിന് പ്രഹര’മാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പ്രീണനം’ പോലുള്ള വാക്കുകളുടെ പ്രയോഗവും മറച്ചുവെക്കാത്ത മുന്നറിയിപ്പ് സ്വരവുമൊന്നും കാണാതെപോകരുത്. സഖ്യകക്ഷികളെ ഭയപ്പെടുത്താനും ഏകപക്ഷീയമായ നയപരിപാടികൾക്കനുകൂലമായി മെരുക്കാനുമുള്ള മോദി-ഷാ ഭരണകൂടത്തിന്റെ അത്യാചാരത്തിന്റെ തുടക്കമാണിത്. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വഖഫ് ബോർഡ് ബിൽ പാസാക്കുമെന്ന് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ശിപാർശക്ക് അംഗീകാരം നൽകുന്നതിന്റെ തലേനാൾതന്നെ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ബില്ലിപ്പോൾ സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നിലാണ്. എൻ.ഡി.എ സഖ്യകക്ഷികൾ മൗനം പാലിച്ചപ്പോൾ കമ്മിറ്റി അംഗങ്ങൾ ഷായുടെ ഇടപെടലിനെ എതിർത്തു. ജാതി സെൻസസ് വിഷയത്തിൽ തുറന്ന മനസ്സ് നിലനിർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
മോദിയുടെ 100 ദിന ഗാരന്റികളിൽ ഒന്നായ ഒരേസമയം തെരഞ്ഞെടുപ്പ് എന്ന നിർദേശം നടപ്പാക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചത് ‘ഐകകണ്ഠ്യേന’യാണ്. നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, ചിരാഗ് പാസ്വാൻ എന്നീ സഖ്യനേതാക്കൾ അതിനെ പിന്തുണച്ചു. വഖഫ് ബില്ലിലെന്നപോലെ ഇക്കാര്യത്തെ പിന്തുണക്കുന്നതിലും നായിഡു ഒരു ഉപസിദ്ധാന്തം മുന്നോട്ടുവെച്ചു. കോവിന്ദ് സമിതി റിപ്പോർട്ടിൽ മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നത് സമവായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഇക്കാര്യത്തിൽ നായിഡു എത്രമാത്രം ഗൗരവ സമീപനം പുലർത്തുമെന്നറിയില്ല. 2019ൽ കോവിന്ദ് പാനൽ സംബന്ധിച്ച് മോദി വിളിച്ചുചേർത്ത യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു നായിഡു.
ഷായുടെ സിദ്ധാന്തം കൃത്യവും വ്യക്തവുമാണ്: ഇതിനകം മോദിയുടെ സഖ്യ നേതൃത്വത്തെ അംഗീകരിച്ച എൻ.ഡി.എ പങ്കാളികൾ ചോദ്യം ചെയ്യപ്പെടാത്ത തീരുമാനങ്ങളെടുക്കാൻ അധികാരമുള്ള സൂപ്പർ ബോസ് എന്ന പദവിയെയും അംഗീകരിക്കേണ്ടതുണ്ട്. തനിക്ക് അനുയോജ്യമെന്ന് തോന്നുമ്പോൾ സർക്കാറിന്റെ അജണ്ട തീരുമാനിക്കാനും പ്രഖ്യാപിക്കാനും പ്രധാനമന്ത്രിക്ക് പരിധിയില്ലാത്ത അധികാരം ഉണ്ടായിരിക്കണം. സഖ്യകക്ഷികളുമായി മുൻകൂർ കൂടിയാലോചനകൾക്കോ ചർച്ചകൾക്കോ ഇടമില്ല. സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളെപ്പോലെ എല്ലാ തീരുമാനങ്ങളെയും എതിർപ്പില്ലാതെ പിന്തുണക്കുന്ന ആർപ്പുവിളിക്കാരായി നിലകൊള്ളണം സഖ്യകക്ഷികൾ. ഭരണത്തുടർച്ചയുടെയും സുസ്ഥിരതയുടെയും പേരിൽ, എല്ലാ ഘടകകക്ഷികളും ബി.ജെ.പിയുടെ പ്രകടന പത്രികയും കാലാകാലങ്ങളിൽ മോദി പ്രഖ്യാപിക്കുന്ന നയങ്ങളും എൻ.ഡി.എയുടേതായി അംഗീകരിക്കണം.
ഒന്നുകിൽ ചെറുത്തുനിന്ന് തങ്ങളുടെ സ്വതന്ത്ര മതേതര സ്വത്വവും ന്യൂനപക്ഷ അടിത്തറയും നിലനിർത്തുക, അല്ലെങ്കിൽ മോദിയുടെ ജയ്വിളിക്കാരാവുക എന്നിങ്ങനെ രണ്ട് വഴികൾ മാത്രമാണ് എൻ.ഡി.എ ഘടകകക്ഷികൾക്ക് മുന്നിലുള്ളത്. മോദിയുടെ മുൻ സഖ്യകക്ഷികളായിരുന്ന ശിരോമണി അകാലിദൾ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, തെലങ്കാനയിലെ ബി.ആർ.എസ്, പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നിവയെല്ലാം ശവക്കോട്ട കണക്കെ തകർന്നടിഞ്ഞു കിടക്കുന്നത് ഓർക്കുക.
ശേഷി കുറയുകയും സർക്കാറിന്റെ നിലനിൽപിനായി സഖ്യകക്ഷികളെ ആശ്രയിക്കുകയും ചെയ്യുമ്പോഴും ബി.ജെ.പിയിലെ രണ്ടു വമ്പന്മാർ കൂടിയാലോചനകളിൽ വിശ്വസിക്കുന്നില്ല എന്നത് മൂന്നാമൂഴം ലഭിച്ച ശേഷമുള്ള സംഭവവികാസങ്ങളിൽനിന്ന് വ്യക്തമാണ്.
വീണ്ടും അധികാരത്തിലേറി ഒരു മാസത്തിനകം, ജൂലൈ 21ന് സർക്കാർ ജീവനക്കാർ ആർ.എസ്.എസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് 58 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി. രണ്ടാഴ്ച കഴിഞ്ഞതും വഖഫ് ബിൽ വന്നു, പ്രതിപക്ഷത്തിന്റെ നിർബന്ധത്തെത്തുടർന്നു മാത്രമാണ് അതിപ്പോൾ സംയുക്ത പാർലമെന്ററി സമിതി സമക്ഷം അയച്ചിരിക്കുന്നത്.
അതിനിടയിലാണ് ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കാനുള്ള കഠോരമായ ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട് പുറത്തിറങ്ങിയത്. മാധ്യമപ്രവർത്തകരിൽനിന്നും, സർക്കാറിന്റെ സൗഹൃദപ്പട്ടികയിലുള്ള മാധ്യമ സ്ഥാപനങ്ങളിൽനിന്നുപോലും ശക്തമായ വിമർശനം നേരിട്ട ബിൽ പിന്നീട് പിൻവലിച്ചു.
ലാറ്ററൽ എൻട്രി വഴി സിവിൽ സർവിസിലേക്ക് ജോയന്റ് സെക്രട്ടറി തലത്തിൽ വരെ ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള ഏകപക്ഷീയ തീരുമാനം ആഗസ്റ്റ് 17ന് മോദി സർക്കാർ പ്രഖ്യാപിച്ചു. പട്ടികജാതി-വർഗ സംവരണം പരസ്യമായി തട്ടിയെടുക്കാനും പിൻവാതിലിലൂടെ ആർ.എസ്.എസ് കേഡറിനെ സിവിൽസർവിസിൽ നിറക്കാനുമുള്ള ശ്രമമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജെ.ഡി.യുവിന്റെയും ചിരാഗിന്റെ പാർട്ടിയുടെയും അടിത്തറയെ നേരിട്ടു ബാധിക്കുന്നതാണ് സംവരണ വിഷയം. പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യങ്ങളെ വഞ്ചിച്ചതിന് ആർ.ജെ.ഡി അവർക്കെതിരെ രൂക്ഷ പരിഹാസം അഴിച്ചുവിടുകകൂടി ചെയ്തത് സഖ്യകക്ഷികളെ പ്രതിഷേധിക്കാൻ നിർബന്ധിതരാക്കി, ഈ നിർദേശം ഉടൻ പിൻവലിക്കപ്പെട്ടു. ഇങ്ങനെ ചില തീരുമാനങ്ങളിൽ പിന്നോട്ടടിക്കേണ്ടി വന്നിട്ടും തന്റെ അജണ്ടയുമായി അക്ഷീണം മുന്നോട്ടുനീങ്ങുകയാണ് മോദി. ചെങ്കോട്ടയുടെ കൊത്തളത്തിൽനിന്ന് അദ്ദേഹം പുത്തനൊരു മതേതര സിവിൽ കോഡും (അതിന്റെ അർഥമെന്തുതന്നെയായാലും) കോവിന്ദ് പാനൽ റിപ്പോർട്ട് നടപ്പാക്കലും പ്രഖ്യാപിച്ചു. ‘അഴിമതിക്കെതിരായ യുദ്ധം’ തുടരുമെന്നും മോദി ഉറച്ചുപറഞ്ഞു.
ന്യൂനപക്ഷ വിരുദ്ധമായി കാണപ്പെടുന്ന വഖഫ് ബില്ലിനെ ചൊല്ലിയുള്ള ബഹളം വർധിച്ച ഘട്ടത്തിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ സഖ്യകക്ഷികളെ കണ്ട് സമാശ്വസിപ്പിച്ചു. ആഗസ്റ്റ് 16ന് നടന്ന യോഗത്തിൽ എൻ.ഡി.എ കക്ഷികളുടെ പ്രതിമാസ ഏകോപന യോഗങ്ങൾ വിളിക്കാമെന്നും ബി.ജെ.പി സമ്മതിച്ചു. ഏതെങ്കിലും തരത്തിലുള്ള ഔപചാരികമായ ഏകോപനത്തോട് ബി.ജെ.പിക്ക് എല്ലായ്പോഴും വൈമുഖ്യമാണ്. ചന്ദ്രബാബു നായിഡുവിന്റെ നിർദേശത്തിന് മോദി വഴങ്ങിയെങ്കിലും നഡ്ഡയുടെ നേതൃത്വത്തിലെ ഏകോപനംകൊണ്ട് കാര്യമായ അർഥമൊന്നുമില്ല. മുൻകാലങ്ങളിലെ സഖ്യകക്ഷി പ്രധാനമന്ത്രിമാർ -എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൽ, ഡോ. മൻമോഹൻ സിങ് എന്നിവരെല്ലാം ഏകോപന സമിതികൾ വിളിച്ചുചേർക്കുകയും സർക്കാർ നയങ്ങളിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തിരുന്ന മൻമോഹൻ സിങ് അവിടെ കാത്തുനിൽക്കുന്ന മാധ്യമ പ്രവർത്തകരോട് അവയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുമായിരുന്നു. കോഓഡിനേഷൻ കമ്മിറ്റിയില്ലായിരുന്നുവെങ്കിലും സഖ്യകക്ഷികളെ കേൾക്കാൻ സദാ സന്നദ്ധനായിരുന്നു വാജ്പേയി. തന്റെ വസതിയിലെ അത്താഴ യോഗങ്ങളിൽ എൻ.ഡി.എ ഘടകകക്ഷികളുടെയും ആർ.എസ്.എസ്-ബി.ജെ.പിയുടെയും നേതാക്കളുമായി വെവ്വേറെയോ കൂട്ടമായോ അദ്ദേഹം പതിവായി കൂടിക്കാഴ്ച നടത്തി. ഒരു അസ്സൽ സ്വേച്ഛാധിപതിയെന്ന നിലയിൽ, താൻ തുല്യരായി പരിഗണിക്കാത്ത നേതാക്കൾക്കൊപ്പമിരിക്കാൻ മടിയാണ് മോദിക്ക്.
(വിവിധ ദേശീയ ദിനപത്രങ്ങളുടെ മുൻ പൊളിറ്റിക്കൽ എഡിറ്ററും ശ്രദ്ധേയ രാഷ്ട്രീയ വിശകലന ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.