മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ തുടർന്നാണ് പി.ആർ ഏജൻസിയുടെ രംഗപ്രവേശം എന്ന് അറിയാത്തവരോ, ‘ദ ഹിന്ദു’ പോലെ ഏറെ വിശ്വാസ്യതയുള്ള ഒരു മാധ്യമത്തിൽ ഈ പരാമർശങ്ങൾ ആവർത്തിച്ചത് ഒരു പി.ആർ പ്രതിഭാസമാണെന്ന് കരുതാൻ മാത്രം മഠയരോ ആണോ ന്യൂനപക്ഷ വിഭാഗങ്ങൾ? ഈ പരാമർശങ്ങൾ മുതലാക്കുന്നത് ആരൊക്കെയാണെന്ന് അറിയാൻ പാടില്ലാത്ത പ്രസ്ഥാനമാണോ സി.പി.എം?
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ്, യു.പിയിൽ ബി.ജെ.പിക്ക് ഒരു ലോട്ടറിയടിച്ചത്. ഡൽഹിയിൽ നടത്തിയ ഒരു വാർത്തസമ്മേളനത്തിൽ വി.എസ് പറഞ്ഞു, ‘‘കേരളം ഇങ്ങനെ പോയാൽ മൂന്നു പതിറ്റാണ്ടുകൂടി കഴിയുമ്പോൾ ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകു’’മെന്ന്. വാസ്തവവിരുദ്ധവും യുക്തിരഹിതവുമായ ഈ പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക സംഘടനകളും തള്ളിക്കളഞ്ഞെങ്കിലും പിൽകാലത്ത് യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അത് കാര്യമായി ഉപയോഗിച്ചു. ഈ പ്രചാരണത്തിന്റെ ഫലമാണോ എന്ന് വ്യക്തമല്ലെങ്കിലും യോഗി ആദിത്യനാഥ് ആദ്യമായി അവിടെ മുഖ്യമന്ത്രിയായി.
അഖിലേന്ത്യാ തലത്തിൽ സി.പി.എമ്മും ഇടതുപക്ഷവും ഫാഷിസത്തെ ചെറുക്കാൻ നോമ്പെടുത്തു നിൽക്കുന്ന പ്രസ്ഥാനങ്ങളാണെന്നു പറയുന്നത് മുഖവിലക്കെടുക്കാതിരിക്കാനാവില്ല. അക്കാര്യത്തിൽ ഇടതുപക്ഷത്തിന്റെ സംഭാവനകളെ കുറച്ചുകാണാനും സാധിക്കില്ല. എന്നാൽ, ഇത്തരമോരോ പരാമർശങ്ങൾ ഉന്നതനേതാക്കളിൽ നിന്നുണ്ടാകുമ്പോൾ അതു വരുത്തിവെക്കുന്ന പ്രതിഫലനങ്ങൾ ഇക്കാലമത്രയും നൽകിയ സംഭാവനകൾ റദ്ദാക്കുക മാത്രമല്ല, ഫാഷിസത്തിന് അടിത്തറ പണിയുക കൂടിയാണ് ചെയ്യുന്നത്. മുമ്പ് ഒരിക്കൽ മലപ്പുറം ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിന്റെ കാര്യത്തിൽ വി.എസ് പ്രകടിപ്പിച്ച സംശയം ഏറെ ആശയക്കുഴപ്പം സ്രഷ്ടിച്ചു. അതെല്ലാം ഛിദ്രശക്തികൾ മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നത് ചരിത്രം.
അക്കാലത്ത് മുസ്ലിം സമുദായം, സി.പി.എമ്മിലെ ഒരു വെള്ളിവെളിച്ചമായി കണ്ടിരുന്നത്, പിണറായി വിജയനെ ആയിരുന്നു. വി.എസ് അരങ്ങൊഴിഞ്ഞ ശേഷം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും മറന്ന് ആ സമുദായം പലപ്പോഴും ഇടതുപക്ഷത്തോടൊപ്പം നടന്നു. പല തെരഞ്ഞെടുപ്പുകളിലും അതിന്റെ ഗുണഫലങ്ങൾ പിണറായി വിജയനും സി.പി.എമ്മും വലിയ തോതിൽത്തന്നെ അനുഭവിച്ചു. കേരള രാഷ്ട്രീയത്തിൽ പതിവില്ലാത്ത ഭരണത്തുടർച്ച സ്വന്തമാക്കാൻ സാധിച്ചതുപോലും ഈ ന്യൂനപക്ഷപിന്തുണ കൊണ്ടാണെന്ന് മറ്റാരേക്കാൾ നന്നായി മനസ്സിലാക്കുന്നയാളാണ് പിണറായി വിജയൻ.
ന്യൂനപക്ഷങ്ങൾ പിന്തുണക്കുന്ന മുന്നണി ജയിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ എക്കാലവും കണ്ടുവരുന്ന ഒരവസ്ഥാ വിശേഷമാണ്. ദേശീയതലത്തിൽ ഫാഷിസ്റ്റു ശക്തികളെ ചെറുക്കാൻ കഴിവുള്ള പാർട്ടികളെയും സഖ്യങ്ങളെയും ന്യൂനപക്ഷങ്ങൾ പിന്തുണക്കുന്നത് അവരുടെ അരക്ഷിതബോധം കൊണ്ടാണെന്നതും ഇടതുപക്ഷ പ്രസ്ഥാനത്തിന് അറിയാം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇത് സംഭവിക്കുകയും ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടുകയും ചെയ്തു. പക്ഷേ അതുകൊണ്ടമാത്രമല്ല, ഇടതുപക്ഷം വലിയ തിരിച്ചടി നേരിട്ടത്. ദുർഭരണവും അഴിമതിയോരോപണങ്ങളും ഇടതുപക്ഷാനുയായികളെ പോലും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അവരുടെ അടിസ്ഥാന വോട്ടുകൾ പോലും ഒലിച്ചുപോയെങ്കിൽ അത് അവർ പരിശോധിക്കേണ്ട കാര്യം തന്നെയാണ്. അതിനുപകരം ന്യൂനപക്ഷ വിഭാഗങ്ങളുടെ മേൽ പുതിയ ചാപ്പകുത്തുന്നത് കേരളത്തിന്റെ മതേതര - ജനാധിപത്യ ഫാബ്രിക്കിന് എത്രമേൽ ദോഷം ചെലുത്തുമെന്ന് സി.പി.എമ്മിനെ പോലൊരു പാർട്ടിക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
മലപ്പുറം ജില്ലയെയും കരിപ്പൂർ വിമാനത്താവളത്തെയും സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചത്, തീരെ നിർദോഷകരമെന്നു കാണാൻ പറ്റാത്തത് ഈ പശ്ചാത്തലത്തിലാണ്. അതിനുപിന്നിൽ പി.ആർ ഏജൻസിയാണോ അല്ലയോ എന്നതല്ല പ്രശ്നം. ഒരിക്കൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ തുടർന്നാണ്, പി.ആർ ഏജൻസിയുടെ രംഗപ്രവേശം എന്ന് അറിയാത്തവരോ ‘ദ ഹിന്ദു’ പോലെ ഏറെ വിശ്വാസ്യതയുള്ള ഒരു മാധ്യമത്തിൽ ഇതേ പരാമർശങ്ങൾ ആവർത്തിച്ചതും ഒരു പി.ആർ പ്രതിഭാസമാണെന്നും കരുതാൻ മാത്രം മഠയരോ ആണോ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ? ഈ പരാമർശങ്ങൾ മുതലാക്കുന്നത് ആരൊക്കെയാണെന്ന് അറിയാൻ പാടില്ലാത്ത പ്രസ്ഥാനമാണോ സി.പി.എം?
രാഷ്ട്രീയ നേട്ടങ്ങൾക്കായി ന്യൂനപക്ഷങ്ങളെ ചിലപ്പോൾ ചേർത്തുപിടിക്കുകയും പലപ്പോഴും േദ്രാഹിക്കുകയും ചെയ്യുന്ന അവസരവാദ സമീപനം സി.പി.എമ്മിൽ നിന്ന് പണ്ടും ഉണ്ടായിട്ടുണ്ട്. എൺപതുകളുടെ തുടക്കത്തിൽ ഇ.എം.എസ് തുടങ്ങിവെച്ച ശരീഅത്ത് വിവാദം ആരും മറന്നിട്ടില്ല. അതുവരെ കൂടെ നിന്ന അഖിലേന്ത്യാ ലീഗിനെയും അക്ഷരാർഥത്തിൽ ചവിട്ടിപ്പുറത്താക്കി. നിയമസഭയിൽ അഖിലേന്ത്യാ ലീഗിന്റെ കക്ഷിനേതാവായിരുന്ന പി.എം. അബൂബക്കർ നിരുദ്ധകണ്ഠനായി നടത്തിയ ഇടതുപക്ഷത്തുനിന്നുള്ള വിടവാങ്ങൽ പ്രസംഗം ആരും മറന്നിട്ടുമില്ല. ആവശ്യം വരുമ്പോൾ കൂടെ നിർത്തുകയും അതുകഴിഞ്ഞാൽ ചവിട്ടിവീഴ്ത്തുകയും ചെയ്യുന്ന അവസരവാദ സമീപനം പിന്നെയും പലപ്പോഴും ഉണ്ടായി. അത് പലപ്പോഴും ഗുണം ചെയ്തത്, തീർച്ചയായും മതനിരപേക്ഷ സമൂഹത്തിനല്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തു സംഭവിച്ചു എന്ന സംശയം എതിർപക്ഷങ്ങൾക്കു മാത്രമല്ല, ഇടതുപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.െഎക്കും ഉണ്ട്. അതിന്റെ കാരണം കണ്ടെത്താൻ ഏറ്റവും സഹായകമായത്, ഒരു ജുഡീഷ്യൽ അന്വേഷണമാണെന്നതിൽ ആർക്കും തർക്കമില്ല. അതിനുപകരം അരോപണവിധേയരെത്തന്നെ ചുമതല ഏൽപിക്കുന്നത്, എല്ലാം മറച്ചുപിടിക്കാനും ജനത്തിെൻറ കണ്ണിൽ പൊടിയിടാനുമാണെന്ന സംശയം ഉയരുന്നത്, സ്വാഭാവികമാണ്. തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥിയുടേത് സ്വാഭാവികമായ വിജയമാണെന്ന് സി.പി.ഐക്കാർക്കുപോലും കരുതാനാകുന്നില്ല. മുന്നണിക്കുള്ളിൽ നിന്ന് പറയാവുന്നതിെൻറ പരിധിയിൽ നിന്ന് അവർ ഈ സംശയം പ്രകടിപ്പിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലൊരു അന്തർധാര അവിടെ ഉണ്ടായിരുന്നുവെന്ന് മറ്റു കക്ഷികളും കരുതുന്നുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുസമുദായാംഗങ്ങൾ ഉള്ള രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാനെത്ത ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ സി.പി.എമ്മാണ്. ആ സമൂഹത്തെ മതേതരപക്ഷത്ത് ഉറച്ചുനിർത്താനും അങ്ങനെ ഫാഷിസ്റ്റു ശക്തികൾ ഇവിടെ കൈകടത്താതിരിക്കാനും സി.പി.എമ്മിന്റെ നിലപാടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതെന്ന സി.പി.എം ഏതെങ്കിലും തരത്തിൽ ഫാഷിസ്റ്റ് - മുതലാളിത്ത പ്രീണന സമീപനം കൈക്കൊള്ളുന്ന പക്ഷം താലക്കാലിക നേട്ടം ഉണ്ടായേക്കാം, പക്ഷേ പാർട്ടി നിലനിൽക്കില്ല എന്ന് പ്രഫ. എം.എൻ. വിജയനെപോലെ ദീർഘദൃഷ്ടിയുള്ള പ്രതിഭാധനർ പണ്ടേ പറഞ്ഞിട്ടുണ്ട്. തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന്റെ ചേതം പാർട്ടിക്കുതന്നെയാകുമെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.