കൊച്ചി: സംസ്ഥാനത്ത് തിയറ്ററുകളിലെ സിനിമാ പ്രദർശനം വൈകിയേക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, അമ്പത് ശതമാനം കാണികളെ ഇരുത്തി സിനിമ പ്രദർശിപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് തിയറ്റർ ഉടമകളുടെ കരുതുന്നത്.
നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്തശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു. നിർമാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റർ ഉടമകൾ ചർച്ച നടത്തും. വിനോദ നികുതിയും വൈദ്യുതി ഫിക്സ്ഡ് ചാർജും ഒഴിവാക്കണമെന്നാണ് ആവശ്യം. സിനിമാ പ്രദർശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകുമെന്ന് തിയറ്റർ ഉടമകൾ വ്യക്തമാക്കി.
മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്ക് വലിയ തുക മുടക്കേണ്ടിവരും. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബവുമായി തിയേറ്ററുകളിൽ എത്തുന്നവർ കുറവായിരിക്കുമെന്നാണ് കരുതുന്നത്. തിയറ്ററുകൾ തുറന്ന ഉടൻ തന്നെ സിനിമകൾ റിലീസ് ചെയ്യാൻ നിർമാതാക്കൾ തയാറാകുമോ എന്നും സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.