ചെന്നൈ: ദിനകരൻപക്ഷത്തെ 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവെച്ച മദ്രാസ് ഹൈകോടതിവിധിയോടെ തമിഴകം തെരഞ്ഞെടുപ്പ് കളത്തിലേക്ക്. കോടതിവിധിക്കെതിരെ എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിക്കാത്തപക്ഷം ഇൗ മണ്ഡലങ്ങളിലേക്ക് ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണം. കരുണാനിധിയുടെ തിരുവാരൂർ, എ.കെ. ബോസിെൻറ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തിരുപ്പറകുൺറം എന്നീ മണ്ഡലങ്ങളുൾപ്പെടെ 20 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം നിയമസഭ മണ്ഡലങ്ങൾ ഒഴിഞ്ഞു കിടക്കുന്നത്.
അപ്പീലിനു പോകാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് വ്യക്തിപരമായ നിലപാടെന്നും എന്നാൽ, എം.എൽ.എമാരുമായി കൂടിയാലോചിച്ച് അവരുടെ താൽപര്യപ്രകാരമാണ് അന്തിമ തീരുമാനം ൈകക്കൊള്ളുകയെന്നും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരൻ പ്രസ്താവിച്ചു. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയാൽ കേസ് തീർപ്പാവാൻ മാസങ്ങളോളം കാത്തിരിക്കണം. അതിനകം ലോക്സഭ തെരഞ്ഞെടുപ്പ് കടന്നുവരും. കഴിഞ്ഞ 14 മാസമായി 18 നിയമസഭ മണ്ഡലങ്ങളിലും എം.എൽ.എമാരില്ലാത്ത അവസ്ഥയാണ്.
അപ്പീൽ വിഷയത്തിൽ ദിനകരൻ വിഭാഗം സ്വീകരിക്കുന്ന തീരുമാനത്തെ തമിഴകം ഉറ്റുനോക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നേരിടാൻ തയാറാണെന്ന് അണ്ണാ ഡി.എം.കെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ എസ്. തിരുനാവുക്കരസർ, ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ, ഡി.എം.ഡി.കെ നേതാവ് പ്രേമലത, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ, വിടുതലൈ ശിറുതൈകൾ നേതാവ് തിരുമാവളവൻ തുടങ്ങിയവർ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.