തിരുവനന്തപുരം: പ്രതിപക്ഷനേതാവ് സ്ഥാനം നഷ്ടപ്പെട്ടാൽ വി.എസ്. അച്യുതാനന്ദൻ വെറും അച്ചാണെന്നും പദവിയുടെ അടിസ്ഥാനത്തിൽ കിട്ടിയ വിലയേ അദ്ദേഹത്തിനുള്ളൂവെന്നും വെള്ളാപ്പള്ളി നടേശൻ. വി.എസും വി.എം. സുധീരനും കുലംകുത്തികളാണ്. സമത്വ മുന്നേറ്റ ജാഥയുടെ സമാപനചടങ്ങ് ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി.എസിെൻറ നിലയ്ക്കും വിലയ്ക്കും ചേർന്നതല്ല ചെയ്യുന്നതും പറയുന്നതും. പ്രതിപക്ഷനേതാവ് സ്ഥാനം ദുരുപയോഗം ചെയ്യുകയാണ്. കാണുന്ന കേസുകൾക്കെല്ലാം കടിച്ചുതൂങ്ങുകയാണ്. ഇതിനൊക്കെ കോടതിയിൽ പോകാൻ കോടികൾ എവിടെനിന്നാണെന്നത് വ്യക്തമാക്കണം. ആർ. ബാലകൃഷ്ണപിള്ളക്കെതിരെ കേസ് നടത്തി വിജയിച്ചെങ്കിലും വി.എസും പിള്ളയും ഇപ്പോൾ അണ്ണനും തമ്പിയുമാണ്. മൈക്രോഫിനാൻസിലൂടെയുള്ള വായ്പാത്തുക തട്ടിയെന്ന് പറയുന്ന ഈ മഹാപാപിക്ക് വിവരം വഴിക്കുകൂടി പോയിട്ടുണ്ടോ. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാമെന്ന് കരുതരുത്.
വി.എം. സുധീരൻ കോൺഗ്രസിന് ശവക്കല്ലറ പണിയാൻ ശ്രമിക്കുകയാണ്. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ആദരവ് അർഹിക്കുന്നതും മാന്യന്മാർക്കുള്ളതുമാണ്. ആപ്പക്കും ഈപ്പക്കുമുള്ളതല്ല. വിവരമില്ലാത്തവർക്ക് അത് നൽകരുത്. ഉള്ളവർക്ക് വീണ്ടും വാരിക്കോരി കൊടുക്കുന്നതിനെയാണ് എതിർക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ നൽകിയ പട്ടയങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ സർക്കാർ പുറത്തുവിടണം. അപകടസഹായം നൽകിയവരുടെ പേരുവിവരവും വെളിപ്പെടുത്തണം. നൗഷാദിന് സഹായം ചെയ്തതിന് താൻ എതിരല്ല.
എന്നാൽ, ഇതിനൊക്കെ മാനദണ്ഡം വേണമെന്നേ പറഞ്ഞിട്ടുള്ളൂ. സംവരണം നിലനിർത്തുകയും മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരെ കൂടി ഇതിൽ ഉൾപ്പെടുത്തുകയും വേണം. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങാനാണ് പുതിയ രാഷ്ട്രീയപാർട്ടി ഉദ്ദേശിക്കുന്നത്. അസത്യം പ്രചരിപ്പിച്ച് വർഗീയത ഇളക്കിവിടാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.