തിരുവനന്തപുരം: സംഘ്പരിവാറിന്‍െറ പുതിയ രാഷ്ട്രീയ പരീക്ഷണത്തിലെ നായകനായ വെള്ളാപ്പള്ളി നടേശന്‍െറ നാക്ക് പിഴയില്‍ അടിതെറ്റി ബി.ജെ.പി. ഒരു നൂറ്റാണ്ടിലേറെ മതേതര പാരമ്പര്യമുള്ള എസ്.എന്‍.ഡി.പിയോഗത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ വോട്ട് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാനുള്ള ബി.ജെ.പിയുടെ നീക്കത്തിനാണ് വെള്ളാപ്പള്ളിയുടെ തുടര്‍ച്ചയായ നാവ് പിഴ തിരിച്ചടിയാവുന്നത്. ഇതില്‍ ഒടുവിലത്തേതാണ് ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിവാദം.
വെള്ളാപ്പള്ളിയുണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് പിഴ നല്‍കേണ്ട സ്ഥിതിയിലേക്ക് ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ എത്തിച്ചവയായിരുന്നു മുന്‍ വിവാദങ്ങളെങ്കില്‍ പുതിയ സംഭവത്തില്‍ ദേശീയ നേതൃത്വം കൂടിയാണ് സംശയത്തിന്‍െറ നിഴലിലുള്ളത്. വിവാദത്തിന്‍െറ അകമ്പടിയോടെയാണ് സംഘ്പരിവാര്‍ പാളയത്തിലേക്ക് വെള്ളാപ്പള്ളി കടന്നുവന്നതുതന്നെ.
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പ്രസ്താവിച്ചത് കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച പൂര്‍ത്തിയായെന്നാണ്.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിരോധം ഇല്ലാത്ത അവസ്ഥയിലാക്കുന്നതായിരുന്നു ഇത്. മനുഷ്യത്വത്തിന്‍െറ പ്രതീകമായി മാറിയ നൗഷാദിനെ അപകീര്‍ത്തിപ്പെടുത്തി നടത്തിയ പ്രസ്താവനയുടെ ക്ഷതം ഏറ്റത് ബി.ജെ.പിക്കായിരുന്നു. ഇത് മാറ്റാന്‍ വി. മുരളീധരന് ഏറെ പ്രയത്നിക്കേണ്ടി വന്നു.
യാത്രയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നവര്‍ ഒടുവില്‍ വിട്ടുപോയതും തിരിച്ചടിയായി. അസ്ഥാനത്ത് വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകള്‍ ന്യായീകരിക്കേണ്ട ബാധ്യത തങ്ങള്‍ക്ക് വന്നുചേരുന്നതില്‍ ബി.ജെ.പി നേതൃത്വത്തിനും കടുത്ത അതൃപ്തിയാണുള്ളത്.
എന്നാല്‍, ദേശീയ നേതൃത്വം മുന്‍കൈ എടുത്ത് ആരംഭിച്ച രാഷ്ട്രീയ പരീക്ഷണത്തെ തള്ളിപ്പറയാന്‍ കഴിയാത്ത അവസ്ഥയിലായി ഇവര്‍.
വെള്ളാപ്പള്ളിയെ ഉപയോഗിച്ച് സംസ്ഥാനത്തെ സാമുദായിക ഐക്യം കലക്കാനും അതില്‍നിന്ന് തങ്ങള്‍ക്ക് നേട്ടം കൊയ്യാമെന്നുമുള്ള കണക്ക് കൂട്ടലിലായിരുന്നു സംഘ്പരിവാര്‍. എന്നാല്‍, വെള്ളാപ്പള്ളിയുടെ ഓരോ പ്രസ്താവനക്കും പൊതുസമൂഹത്തില്‍ മറുപടി പറയേണ്ട സ്ഥിതിയിലായി ബി.ജെ.പി. പ്രധാനമന്ത്രിയുടെ ശിവഗിരി സന്ദര്‍ശനവുമായി ഉണ്ടായ വിവാദവും വെള്ളാപ്പള്ളിയും ശിവഗിരി മഠവും തമ്മിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്. ഇതിന്‍െറ ഭാരം പ്രധാനമന്ത്രിക്ക് മേല്‍ പതിച്ചതില്‍ ബി.ജെ.പി നേതൃത്വത്തിന് അമര്‍ഷമുണ്ട്.
അതേസമയം, മുന്‍മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായിരുന്ന ആര്‍. ശങ്കറെ സമുദായ നേതാവ് മാത്രമാക്കി സ്വന്തമാക്കാനുള്ള സംഘ്പരിവാര്‍ തന്ത്രമാണ് അണിയറിയില്‍ ഒരുങ്ങിയതെന്ന ആക്ഷേപവും ഉണ്ട്. ഈഴവ സമുദായത്തിനുള്ളില്‍ പോലും വെള്ളാപ്പള്ളിയുടെ നടപടിക്ക് എതിരെ കടുത്ത അമര്‍ഷമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.