ഘടകകക്ഷികള്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം; മൂന്‍കൂട്ടി തയാറാക്കിയ തിരക്കഥപോലെ

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വം അംഗീകരിച്ച് യു.ഡി.എഫ് ഘടകകക്ഷികള്‍. നേതൃമാറ്റം ആവശ്യപ്പെടാതെ കോണ്‍ഗ്രസിലെ ഗ്രൂപ് വഴക്കിനെതിരെ ശക്തമായി പ്രതികരിച്ച കക്ഷിനേതാക്കള്‍ നിയമസഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയും നല്‍കിയില്ല.
മുന്നണിയിലെ പ്രബല കക്ഷികളായ മുസ്ലിം ലീഗോ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പോ നേതൃമാറ്റം സോണിയക്ക് മുന്നില്‍ ചര്‍ച്ചചെയ്യാന്‍പോലും തയാറായില്ല. സോണിയക്ക് മുന്നില്‍ ഘടകകക്ഷികളെ ഇറക്കിയ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പിഴച്ചില്ളെന്ന് വ്യക്തമാക്കുന്നതായിരുന്നു നാട്ടകം ഗെസ്റ്റ് ഹൗസില്‍ നടന്ന നാടകീയ രംഗങ്ങളെല്ലാം. ഫലത്തില്‍ നേതൃത്വ ചര്‍ച്ചയില്‍ സോണിയയുടെ മനസ്സ് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമാവുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ചക്ക് യു.ഡി.എഫ് നേതാക്കള്‍ക്ക് അവസരമൊരുക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രമാണ് വിജയം കണ്ടത്.
ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ ഒത്തൊരുമ അനിവാര്യമാണെന്നും അല്ലാത്തപക്ഷം ഹൈകമാന്‍ഡ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സോണിയ മറന്നില്ല. യു.ഡി.എഫില്‍ ഐക്യം ഉണ്ടായേ തീരൂ. ഇതിന് തടസ്സം കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലെ പോരാണെന്ന് ഘടകകക്ഷികളുടെ നിലപാട് അംഗീകരിച്ചാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ഇനി രണ്ടുമാസമേയുള്ളൂ. അതിനാല്‍ തെരഞ്ഞെടുപ്പിന് തയാറാകാന്‍ പാര്‍ട്ടി ഒരുങ്ങണമെന്നും മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ളെന്നും സോണിയ നേതാക്കളെ ധരിപ്പിച്ചു. കോണ്‍ഗ്രസ് പുന$സംഘടനയുമായി ബന്ധപ്പെട്ട് പരസ്യവിമര്‍ശം ഉയര്‍ത്തരുതെന്നും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അവര്‍ നിര്‍ദേശിച്ചു.
കോണ്‍ഗ്രസിലെ ഗ്രൂപ് തര്‍ക്കവും പടലപ്പിണക്കവുമാണ് ഭരണത്തുടര്‍ച്ചക്ക് സാധ്യത ഇല്ലാതാക്കുന്നതെന്ന നിലപാടാണ് മുഴുവന്‍ യു.ഡി.എഫ് നേതാക്കളും സോണിയക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍, നേതൃമാറ്റം എന്ന വിഷയം ആരും ചൂണ്ടിക്കാട്ടിയില്ല.
മുസ്ലിം ലീഗ് നേതാക്കളും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി പിന്തുണക്കുന്ന സമീപനമാണ് ചര്‍ച്ചയിലുടനീളം സ്വീകരിച്ചത്. സമീപകാലത്ത് കോണ്‍ഗ്രസിലുണ്ടായ വിവാദങ്ങളാണ് ഭരണത്തിന്‍െറ മാറ്റ് കുറച്ചതെന്നായിരുന്നു ലീഗ് നിലപാട്. കോണ്‍ഗ്രസിലെ ഗ്രൂപ് പ്രശ്നങ്ങള്‍ അതിശക്തമായി ഉന്നയിച്ചത് കെ.എം. മാണി ആണ്. പ്രശ്നപരിഹാരത്തിന് ഹൈകമാന്‍ഡ് ഇടപെടല്‍ അനിവാര്യമാണെന്നും മാണി ചൂണ്ടിക്കാട്ടി. ഇരു പാര്‍ട്ടി നേതാക്കളും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞുമില്ല. എന്നാല്‍, ഐ ഗ്രൂപ്പിനെയും രമേശ് ചെന്നിത്തലയെയും മാണി പരോക്ഷമായി വിമര്‍ശിച്ചു.
മുന്‍കൂട്ടി തയാറാക്കിയ തിരക്കഥപേലെയായിരുന്നു ഘടകകക്ഷികളുടെ വാക്കും പ്രവൃത്തികളും. നേതൃമാറ്റം കോണ്‍ഗ്രസിന്‍െറ ആഭ്യന്തര കാര്യമാണെന്നായിരുന്നു പലരുടെയും പ്രതികരണം. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ജനതാദള്‍ യുവും സി.എം.പിയും ആര്‍.എസ്.പിയും ഇക്കാര്യത്തില്‍ മൗനം പാലിച്ചു. പാലക്കാട്ടെ തോല്‍വിയടക്കമുള്ള വിഷയങ്ങളാണ് ജനതാദള്‍ യുവിന് പറയാനുണ്ടായിരുന്നത്. ഫലത്തില്‍ ഘടകകക്ഷികളാരും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തെ എതിര്‍ക്കുന്നില്ളെന്ന് വ്യക്തം. ഉമ്മന്‍ ചാണ്ടിക്കെതിരെ മാസങ്ങളായി ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസിലെ ഒരുവിഭാഗം നടത്തുന്ന നീക്കങ്ങളിലൊന്നും തങ്ങള്‍ക്ക് പങ്കില്ളെന്ന് ഘടകകക്ഷികള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.