നഷ്ടമാകുന്നത് കേരള കോൺഗ്രസിെൻറ അസ്​തിത്വം

കോട്ടയം: ബാർ കോഴക്കേസിൽ കോടതി വിധിയെ തുടർന്ന് കെ.എം. മാണി മന്ത്രി സ്ഥാനം രാജിവെക്കുന്നതോടെ കേരള കോൺഗ്രസിെൻറ അസ്തിത്വം തന്നെ ചോദ്യംചെയ്യപ്പെടും. പാർട്ടിയിലും നേതൃസ്ഥാനങ്ങളിലും രൂക്ഷ കലഹം ഉയരുമെന്നുറപ്പ്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസുകളുടെ ചരിത്രം മാണിയുടെ രാജിയിലൂടെ ഒരിക്കൽകൂടി ആവർത്തിക്കപ്പെടുകയാണ്. മാണി പടിയിറങ്ങുന്നതോടെ പാർട്ടിയിൽ മന്ത്രി പി.ജെ. ജോസഫ് ശക്തനാകും. ഇതംഗീകരിക്കാൻ മാണിയുടെ അടുത്ത വിശ്വസ്തർ തയാറാകുന്നില്ലെങ്കിൽ പാർട്ടി ചെന്നെത്തുക വലിയ പ്രതിസന്ധിയിലേക്കാകും. ജോസ് കെ. മാണിയെ പിൻഗാമിയാക്കാനുള്ള ശ്രമത്തിൽ കലഹിച്ചാണ് പി.സി. ജോർജ് പുറത്തുപോയത്.

ഈസാഹചര്യത്തിൽ മാണിയുടെ പിൻഗാമിയെ ചൊല്ലിയുള്ള തർക്കം രാജിക്ക് മുമ്പുതന്നെ പാർട്ടിയിൽ രൂക്ഷമായ ഭിന്നതയും സൃഷ്ടിച്ചു. തെൻറ പിൻഗാമി ആരെന്നതിലെ തർക്കമാണ് രാജിവെക്കുന്നതിനെക്കാൾ മാണിയെ വിഷമിപ്പിക്കുന്നതെന്ന് വിശ്വസ്തരും പറയുന്നു. പാർട്ടിയിലെ സീനിയറും അടുത്ത വിശ്വസ്തനുമായ സി.എഫ്. തോമസിനെ മന്ത്രിയാക്കാനാണ് മാണിയുടെ തീരുമാനം. സുപ്രധാനമായ ധനകാര്യവും നിയമവും സി.എഫ്. തോമസിനെ ഏൽപിക്കും. ഇതിൽ പഴയ ജോസഫ് വിഭാഗവും മന്ത്രി പി.ജെ. ജോസഫും അതൃപ്തിയിലാണ്. മാണിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും അമർഷമുണ്ടെന്നാണ് വിവരം. കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ. ജയരാജ്, മുൻ മന്ത്രിമാരായ ടി.യു. കുരുവിള, മോൻസ് ജോസഫ് എന്നിവരെല്ലാം പകരക്കാരാകാൻ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്.

ഈ സാഹചര്യത്തിൽ തനിക്കൊപ്പം മന്ത്രി പി.ജെ. ജോസഫിനെയും ചീഫ് വിപ്പ് ഉണ്ണിയാടനെയും യു.ഡി.എഫിൽനിന്ന് ലഭിച്ച സ്ഥാനമാനങ്ങളിൽ ഇരിക്കുന്നവരെയും രാജിവെപ്പിക്കാൻ മാണി ശ്രമിക്കുന്നത്. എന്നാൽ, ജോസഫും കൂട്ടരും ഇതിന് തയാറായിട്ടില്ല. മകെൻറ രാഷ്ട്രീയ ഭാവിയും മാണിയെ അലട്ടുകയാണ്. വിജിലൻസ് കോടതി വിധിയോടെ തന്നെ കേരള കോൺഗ്രസിൽ പൊട്ടിത്തെറി ഉടലെടുത്തിരുന്നു. ജോസഫ് ഗ്രൂപ് നേതാക്കളാണ് മാണിക്കെതിരെ ആദ്യം രംഗത്ത് വന്നത്.

ഹൈകോടതി വിധിയും എതിരായതോടെ ജോസഫ് വിഭാഗം പാർട്ടിയിൽ ശക്തരായി. മാണി രാജിവെക്കേണ്ടി വന്നാൽ മുന്നണി വിടണമെന്ന അഭിപ്രായം കേരള കോൺഗ്രസിലെ ഒരു വിഭാഗത്തിനുണ്ട്. മാണിയെ കുരുക്കിയത് കോൺഗ്രസിലെ ഒരു വിഭാഗമാണെന്നാണ് ഇക്കൂട്ടരുടെ വാദം. ഇതിനിടെ കെ.എം. മാണി ഒഴികെയുള്ള കേരള കോൺഗ്രസുകാരെ ഇടതു മുന്നണിയിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ക്ഷണിച്ചു. അതിനാൽ മാണിയുടെ രാജി യു.ഡി.എഫിന് കൂടുതൽ തലവേദനയാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽ.ഡി.എഫുമായി ചേർന്ന് പി.സി. ജോർജ് നടത്തിയ ചരടുവലികളാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് കേരള കോൺഗ്രസ് നേതാക്കൾ കരുതുന്നു.

ഇതിന് പിന്നിലെ ഗൂഢാലോചന വരും നാളുകളിൽ പുറത്ത് വരുമെന്നും അവർ പറയുന്നു. എല്ലാ കണ്ണുകളും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിലേക്കാണ് പതിക്കുന്നത്. എന്നാൽ, ആരും ഇത് ഇപ്പോൾ തുറന്നുപറയാൻ തയാറാകുന്നില്ല. ബാർ കോഴയിൽ കുടുങ്ങിയതോടെ കോൺഗ്രസ് ഉള്ളാലെ സന്തോഷിച്ചുവെന്നും മാണി വിഭാഗക്കാർ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.