തിരുവനന്തപുരം: പരസ്പര വിശ്വാസം നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ് -മാണി ഗ്രൂപ് പിളര്‍പ്പിലേക്ക്. കെ.എം. മാണിക്കൊപ്പം തോമസ് ഉണ്ണിയാടന്‍ കൂടി രാജിവെച്ചതോടെ ഭിന്നത പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ മറ്റൊരു മന്ത്രിയായ പി.ജെ. ജോസഫ് കൂടി രാജിവെക്കണമെന്ന ആവശ്യം മാണി വിഭാഗം ശക്തമായി ഉന്നയിച്ചെങ്കിലും ജോസഫ് വിഭാഗം തള്ളി. പാര്‍ട്ടി യോഗത്തിനുശേഷവും ജോസഫിന്‍െറ രാജിക്കായി സമ്മര്‍ദമുണ്ടായെങ്കിലും മന്ത്രി കെ.സി. ജോസഫ് നേരില്‍ക്കണ്ട് അതിന് തയാറാകരുതെന്ന് ആവശ്യപ്പെടുകയും കോണ്‍ഗ്രസിന്‍െറ പിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു.
പാര്‍ട്ടി പ്രതിനിധികളുടെ കൂട്ടരാജിയെന്ന നീക്കം പാളിയതോടെ മാണി ഗ്രൂപ്പില്‍ ഉടലെടുത്തിരിക്കുന്നത് അവിശ്വാസവും നേതൃതല പ്രതിസന്ധിയും ആണ്. തല്‍ക്കാലം ഒറ്റപ്പാര്‍ട്ടിയാണെങ്കിലും ദീര്‍ഘകാലം ഇതേപടി തുടരാനാവില്ല. സമീപഭാവിയില്‍തന്നെ പിളര്‍പ്പ് യാഥാര്‍ഥ്യമാകും. ജോസഫ് രാജിവെക്കാത്തതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍പോലും സാധിക്കുന്നില്ല. കോടതി പരാമര്‍ശത്തിന്‍െറ പേരില്‍ മാണി രാജിവെക്കുമ്പോള്‍ അതിന്‍െറ പാപഭാരം ഏറ്റെടുക്കാന്‍ തയാറല്ളെന്ന സന്ദേശമാണ് ജോസഫ് പക്ഷം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഭിന്നത കൂടുതല്‍ ശക്തമാകും. ഈ നീക്കത്തിന് കോണ്‍ഗ്രസ് പരോക്ഷമായെങ്കിലും പിന്തുണ നല്‍കും. മാണിയുടെ രാജി സ്വീകരിച്ചെങ്കിലും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍െറ രാജിയുടെ കാര്യത്തില്‍ കൂടിയാലോചിച്ചശേഷമേ തീരുമാനമെടുക്കൂവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇക്കാര്യത്തില്‍ സമവായം കാണാനാണ് കോണ്‍ഗ്രസിന്‍െറ ശ്രമം. എന്നാല്‍, മാണി വഴങ്ങാന്‍ സാധ്യത കുറവാണ്. മാണിയുടെ രാജിയോടെ അഴിമതി ആരോപണത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫിനും രക്ഷപ്പെടാന്‍ കഴിയുമെന്ന ആശ്വാസമുണ്ട്.രാജിയോടെ ബാര്‍ കോഴക്കേസ് ഇനി ആയുധമാക്കാന്‍ പ്രതിപക്ഷത്തിന് കഴിയുകയുമില്ല. എന്നാല്‍, മാണിപക്ഷം കോണ്‍ഗ്രസിനെ ഏറെ സംശയത്തോടെയാണ് കാണുന്നത്. ബാര്‍ കോഴ ആരോപണത്തില്‍ തുടങ്ങി അവര്‍ ഗൂഢാലോചന സംശയിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പഴയ മാണിപക്ഷം നേതാക്കള്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ത്തിയത്. ഹൈകോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസിലെ ജൂനിയര്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയതിലും അവര്‍ക്ക് അമര്‍ഷമുണ്ട്. പാര്‍ട്ടി നേതാവിനെ അപമാനിച്ച് മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന ആക്ഷേപം മാണിഗ്രൂപ് യോഗത്തിലും ഉയര്‍ന്നിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ് -മാണിഗ്രൂപ് ബന്ധം പഴയപടി ഊഷ്മളമാവില്ളെന്നതിന്‍െറ സൂചനകളാണ്. അത് മുന്നണിയിലും വിള്ളല്‍ സൃഷ്ടിച്ചേക്കും. വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അത് പ്രതിഫലിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.