ചര്‍ച്ചയുമില്ല, യോഗവുമില്ല; സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങി കെ.എം. മാണി

കോട്ടയം: യു.ഡി.എഫിലെ ഘടകകക്ഷികളെല്ലാം തിരക്കിട്ട സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ മുഴുകുമ്പോള്‍ ഒൗദ്യോഗിക യോഗങ്ങളൊന്നുമില്ലാതെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകളെന്ന തീരുമാനത്തിലത്തെിയിട്ടും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ പാര്‍ട്ടി കമ്മിറ്റികളൊന്നും ഇതുവരെ ചേര്‍ന്നിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി, മകന്‍ ജോസ് കെ. മാണി എം.പി എന്നിവരെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ഇതിനെതിരെ പാര്‍ട്ടിയിലൊരു വിഭാഗം രംഗത്തുണ്ട്.

പാര്‍ട്ടി വിട്ടുപോയ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ ഉയര്‍ത്തിയ കുടുംബാധിപത്യമെന്ന ആരോപണം ശക്തിപ്പെടുന്ന തരത്തിലാണ് തീരുമാനങ്ങളെന്നും ഇവര്‍ പറയുന്നു. തിങ്കളാഴ്ച സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇനിയെന്നാണ് മറ്റ് നേതാക്കളെ വിശ്വാസത്തിലെടുക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.

ഒൗദ്യോഗിക പ്രഖ്യാപനമായിട്ടില്ളെങ്കിലും നിലവിലെ എം.എല്‍.എമാരെല്ലാം പ്രചാരണം തുടങ്ങി. ഇതിനൊപ്പം പാര്‍ട്ടിയില്‍ തര്‍ക്കവും മുറുകുകയാണ്. ചങ്ങനാശേരിയില്‍ സിറ്റിങ് എം.എല്‍.എ സി.എഫ്. തോമസിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോബ് മൈക്കിള്‍ രംഗത്തുണ്ട്. ജോസ് കെ. മാണിയുടെ പിന്തുണയോടെയാണ് നീക്കം.

മണ്ഡലത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ ജോബ് മൈക്കിളിനായി വോട്ട് അഭ്യര്‍ഥിച്ച് വ്യാപകമായി ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, കെ.എം. മാണി സി.എഫ് മതിയെന്ന നിലപാടിലാണ്. തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ജോസ് കെ. മാണി സമ്മര്‍ദം ചെലുത്തിവരികയാണ്. ഇതിനിടെ കുട്ടനാട്ടില്‍ ജോബ് മൈക്കിളെന്ന പരിഹാര ഫോര്‍മുല ഒരുവിഭാഗം മുന്നോട്ടുവെച്ചെങ്കിലും ഇതിനെതിരെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് രംഗത്തത്തെി. കഴിഞ്ഞ തവണ ജോസഫിനൊപ്പം നിന്ന ഡോ. കെ.സി. ജോസഫ് മത്സരിച്ച കുട്ടനാട ്സീറ്റ് തനിക്കൊപ്പം എത്തിയവര്‍ക്ക് തന്നെ നല്‍കണമെന്ന നിലപാടിലാണ് അദ്ദേഹം. ഇതോടെ പഴയ ജോസഫ് ഗ്രൂപ്പുകാരനായ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജേക്കബ് എബ്രഹാം സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതായാണ് വിവരം. സഭയുടെ പിന്തുണയും ജേക്കബ് എബ്രഹാമിനായിരുന്നു.

പൂഞ്ഞാറിനായി യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്‍റടക്കം നിരവധി സ്ഥാനാര്‍ഥി മോഹികള്‍ ഇടിക്കുന്നുണ്ടെങ്കിലും ഇവിടെ അപ്രതീക്ഷിത സ്ഥാനാര്‍ഥി എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പഴയകാല നേതാവ് ജോര്‍ജുകുട്ടി അഗസ്തിയുടെ പേരിനാണ് മുന്‍തൂക്കം. ഏറ്റുമാനൂര്‍, തിരുവല്ല സീറ്റുകളില്‍ കഴിഞ്ഞതവണ മത്സരിച്ചവരെ മാറ്റിയേക്കുമെന്നാണ് വിവരം. ഏറ്റുമാനൂരില്‍ മുന്‍ എം.എല്‍.എ കൂടിയായ തോമസ് ചാഴികാടനു പകരം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് പ്രിന്‍സ് ലൂക്കോസിനെയാണ് പരിഗണിക്കുന്നത്.

തിരുവല്ല സീറ്റിനെച്ചൊല്ലിയാണ് കടുത്ത തര്‍ക്കം നിലനില്‍ക്കുന്നത്. കഴിഞ്ഞതവണ മത്സരിച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വിക്ടര്‍ ടി. തോമസ് വീണ്ടും സ്ഥാനാര്‍ഥിത്വത്തിനായി കിണഞ്ഞുശ്രമിക്കുമ്പോള്‍ ജോസഫ് എം. പുതുശേരിയും രംഗത്തുണ്ട്. എന്നാല്‍, പുതുശേരിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും തിരുവല്ലയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഇവരില്‍ ആരു മത്സരിച്ചാലും കാലുവാരലുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ മറ്റൊരാളെ പാര്‍ട്ടി തേടുന്നതായും സൂചനകളുണ്ട്.

ഓര്‍ത്തഡോക്സ് സഭാ നേതൃത്വവും പുതുശേരിക്കായി രംഗത്തുണ്ട്. മാര്‍ത്തോമ സഭക്കാരായ പി.ജെ. കുര്യനും വിക്ടര്‍ ടി. തോമസും ചേര്‍ന്ന് ഓര്‍ത്തഡോക്സ് സഭക്കാരനായ തന്നെ വെട്ടാനാണ് ശ്രമമെന്നാണ് പുതുശേരി പ്രചരിപ്പിക്കുന്നത്. പേരാമ്പ്ര മണ്ഡലത്തില്‍ കഴിഞ്ഞതവണ പരാജയപ്പെട്ട ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ ഇത്തവണയും മത്സരിക്കും. വിജയസാധ്യത കുറഞ്ഞ മലബാറിലെ മൂന്ന് സീറ്റുകള്‍ക്കായി പാര്‍ട്ടിയില്‍ കാര്യമായ കടിപിടിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.