വിപുലീകൃത സംസ്ഥാന സമിതി: സി.പി.എം സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: സംഘടനാസംവിധാനം ശക്തിപ്പെടുത്താന്‍ സംസ്ഥാനങ്ങളില്‍ വിപുലീകൃത സംസ്ഥാന സമിതിയോ പ്ളീനമോ വിളിക്കണമെന്ന കൊല്‍ക്കത്ത പ്ളീനം തീരുമാനം സംബന്ധിച്ച പി.ബി നിര്‍ദേശം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷന്മാരെ നിയമിക്കുന്നതില്‍ സംസ്ഥാന നേതൃത്വം ധാരണയിലത്തെി. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കേരളത്തില്‍ വിപുലീകൃത സംസ്ഥാന സമിതി വിളിക്കേണ്ടതുണ്ടോ എന്ന കാര്യം സംസ്ഥാന സമിതിക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത്.

സംഘടനയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുകയാണ് കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. കേരളത്തില്‍ 2014ല്‍ പാലക്കാട്ട് പ്ളീനം നടത്തിയിരുന്നു. എന്നാല്‍, അഖിലേന്ത്യാ തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളാണ് പുതുതായി ചര്‍ച്ച ചെയ്യേണ്ടത്. വിപുലീകൃത സംസ്ഥാന സമിതി വിളിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് സംസ്ഥാന നേതൃത്വത്തിന്. എന്നാല്‍, സംസ്ഥാന സമിതിയിലാവും അന്തിമ തീരുമാനം. വെള്ളിയാഴ്ചയിലെ സംസ്ഥാന സമിതിയില്‍ പി.ബി തീരുമാനം റിപ്പോര്‍ട്ട് ചെയ്യും.

ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ പി.ബിയില്‍ നടന്ന ചര്‍ച്ചയും നിര്‍ദേശവും റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷപദവി സംബന്ധിച്ച് സി.പി.എമ്മില്‍ ധാരണയായി. ജില്ലാ സെക്രട്ടറി പദവി ഒഴിഞ്ഞ മൂന്ന് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ടെന്നാണ് സൂചന. സി.ബി. ചന്ദ്രബാബു (ആലപ്പുഴ), കെ. രാജഗോപാല്‍ (കൊല്ലം), അനന്തഗോപന്‍ (പത്തനംതിട്ട) എന്നിവര്‍ പ്രധാന ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാനാവും. എം.വി. ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, കെ. വരദരാജന്‍, സി.എം. ദിനേശ്മണി, സി.എന്‍. മോഹനന്‍, സുജാ സൂസന്‍ ജോര്‍ജ്, തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവരും പട്ടികയിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.