പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി മാണിയുടെ നിലപാട്

കോട്ടയം: യു.ഡി.എഫ് വിട്ടശേഷം ഇടത്തോട്ടും വലത്തോട്ടുമില്ളെന്ന കെ.എം. മാണിയുടെ പ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുന്നു. ബി.ജെ.പി മുന്നണിയിലേക്ക് ഇല്ളെന്ന് മാണിയും നേതാക്കളും പലതവണ വ്യക്തമാക്കിയെങ്കിലും കേരള കോണ്‍ഗ്രസിന്‍െറ നീക്കം ഇനി എങ്ങോട്ടെന്നതിനാണു രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
കേരള കോണ്‍ഗ്രസിനെ ഇടതു മുന്നണിയില്‍ എടുക്കില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇടത്തോട്ട് ചായുക അത്ര എളുപ്പമല്ല. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ മാണിയെ മുന്നണിയിലേക്കു ക്ഷണിക്കാനും ഇടതുമുന്നണിക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ല. മാണിയുടെ തീരുമാനത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കടന്നാക്രമിക്കുകയെന്നതു മാത്രമാകും ഇടതു മുന്നണി ചെയ്യുക. മാത്രമല്ല ഇടതുമുന്നണിയില്‍ പോകുന്നതിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇടതു മുന്നണിയില്‍ പോകാനുള്ള ശ്രമം കേരള കോണ്‍ഗ്രസിനെ മറ്റൊരു പിളര്‍പ്പിലേക്ക് എത്തിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
മുന്നണി വിടാനുള്ള തീരുമാനം ഐകകണ്ഠ്യേനയാണെന്ന് മാണിയും പ്രമുഖ നേതാക്കളും പറയുമ്പോഴും ജോസഫിന്‍െറ മൗനം പലരും ഗൗരവമായി കാണുന്നുണ്ട്. മുന്നണി വിടലിനെക്കുറിച്ച് ജോസഫ് ഒന്നും പ്രതികരിച്ചുമില്ല. തന്നെ കാണാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരോട് ജോസഫ് ദേഷ്യത്തോടെ പ്രതികരിച്ചതും ശ്രദ്ധേയമാണ്. എന്നാല്‍, മുന്നണി വിടാനുള്ള തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പ്രതികരിക്കാനില്ളെന്ന് ജോസഫ് ചരല്‍ക്കുന്നില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മാണിയുടെ തീരുമാനത്തെ എം.എല്‍.എമാര്‍ പലരും സ്വാഗതം ചെയ്തെങ്കിലും പാര്‍ട്ടി ഇനി എങ്ങോട്ട് എന്ന കാര്യത്തില്‍ പലരും ആശങ്കയിലാണ്. എന്നാല്‍, ഇക്കാര്യം തുറന്നുപറയാന്‍ പലരും ഇപ്പോള്‍ തയാറല്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചു ശക്തമായ പ്രതികരണമാകും ഉണ്ടാകുക. അതേസമയം, മാണി എന്‍.ഡി.എയിലേക്കു പോകാനാണു സാധ്യതയെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളും ഈസൂചനകളാണ് നല്‍കുന്നത്. ജോസ് കെ. മാണിക്കു കേന്ദ്രമന്ത്രിപദം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ആന്‍റണി രാജു ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവിച്ചു കഴിഞ്ഞു. ഇതിനിടെ ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണം നിലനില്‍ക്കുകയാണെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ഇതോടെ എന്‍.ഡി.എയിലേക്കുള്ള വഴിയും തല്‍ക്കാലം അടച്ചു കഴിഞ്ഞതിനു തുല്യമാണ്. മാത്രമല്ല മാണി ഗ്രൂപ്പിനെ ഉള്‍ക്കൊള്ളാന്‍ ബി.ജെ.പി തയാറായാല്‍ കേരള കോണ്‍ഗ്രസിന്‍െറ അടിത്തറയായ കത്തോലിക്കസഭ ഈ നീക്കത്തെ പിന്തുണക്കുമോ എന്നതും നീക്കത്തിനു തിരിച്ചടിയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.